• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ലോക ബാഡ്മിൻറൻ ഫൈനലിൽ വീണ്ടും സിന്ധുവിന്റെ കണ്ണുനീർ


Updated: August 6, 2018, 7:25 AM IST
ലോക ബാഡ്മിൻറൻ ഫൈനലിൽ വീണ്ടും സിന്ധുവിന്റെ കണ്ണുനീർ

Updated: August 6, 2018, 7:25 AM IST
നാൻജിങ്: ലോക ബാഡ്മിന്റൻ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ പി.വി സിന്ധുവിന് മറ്റൊരു തോൽവി കൂടി. ഇത്തവണ സ്പെയിനിന്റെ കരോലിന മരിനോടാണ് സിന്ധു പരാജയപ്പെട്ടത്. ആദ്യ ഗെയിമിൽ ഇഞ്ചോടിഞ്ച് പോരാടിയ ശേഷമായിരുന്നു സിന്ധുവിന്റെ കീഴടങ്ങൽ. സ്കോർ 21–19, 21–10.തുടർച്ചയായ രണ്ടാം തവണയാണ് ലോക ബാഡ്മിന്റൻ ചാമ്പ്യൻഷിപ് ഫൈനലിൽ സിന്ധു പരാജയപ്പെടുന്നത്.

2017ൽ ഗ്ലാസ്കോയിൽ നടന്ന ഫൈനലിൽ ജപ്പാന്റെ നോസോമി ഒക്കുഹാരയാണ് സിന്ധുവിനെ തോൽപിച്ചത്. 2013, 2014 വർഷങ്ങളിലെ ലോക ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയ സിന്ധുവിന് ഇവിടെ സ്വർണം കിട്ടാക്കനിയായി തുടരുകയാണ്.


Loading...

ഫൈനലിലെ വിജയത്തോടെ മൂന്നുതവണ ലോക ബാഡ്മിന്റൻ കിരീടം സ്വന്തമാക്കിയ ഏക വനിതാ താരമെന്ന റെക്കോർഡ് 25കാരിയായ മരിൻ സ്വന്തമാക്കി. 2014, 2015 വർഷങ്ങളിലാണ് ഇതിനു മുൻപ് മരിൻ കിരീടം നേടിയത്. ജയത്തോടെ സിന്ധുവിനെതിരായ നേർക്കുനേർ പോരാട്ടങ്ങളിൽ 6–6ന് ഒപ്പമെത്താനും മരിനായി. റിയോ ഒളിംപിക്സ് ഫൈനലിനുശേഷം 2016 ലോക സൂപ്പർ സീരിസ് ഗ്രൂപ്പ് ഘട്ടത്തിലും 2017 ഇന്ത്യൻ ഓപ്പണിലും ഈ വർഷം മലേഷ്യൻ ഓപ്പണിലും ഇരുവരും ഏറ്റുമുട്ടിയപ്പോൾ സിന്ധുവിനായിരുന്നു ജയം. എന്നാൽ നാൻജിങിൽ മരിനെയാണ് ഭാഗ്യം തുണച്ചത്.

 

മത്സരത്തിന്റെ തുടക്കത്തിൽ പവർ ഷോട്ടുകളിലൂടെ ആധിപത്യം നേടിയ സിന്ധു ആദ്യ ഗെയിമിൽ 9–14 ലീഡ് നേടി ഗെയിം സ്വന്തമാക്കുമെന്ന് തോന്നിച്ചിടത്തു നിന്നാണ് മരിൻ തിരിച്ചടിച്ചത്. പ്ലേസിങ് ഷോട്ടുകൾക്കൊപ്പം പവർ ഗെയിമിലേക്കു കൂടി മരിൻ ചുവടുമാറ്റിയതോടെ സിന്ധുവിനെ അമ്പരപ്പിച്ചുകൊണ്ട് 20–18 സ്കോറിൽ രണ്ടു ഗെയിം പോയിന്റ് മരിന്. ആദ്യത്തേതു സിന്ധു രക്ഷപ്പെടുത്തിയെങ്കിലും രണ്ടാമത്തെ പോയിന്റ് നേടി മാരിൻ ആദ്യ ഗെയിം സ്വന്തമാക്കി. വ്യക്തമായ ലീഡ് നേടിയശേഷം ആദ്യ ഗെയിം നഷ്ടപ്പെടുത്തിയതിന്റെ നിരാശ രണ്ടാം ഗെയിമിനിറങ്ങിയ സിന്ധുവിന്റെ ശരീരഭാഷയിൽ പ്രകടമായിരുന്നു. രണ്ടാം ഗെയിമിൽ പൊരുതാതെ സിന്ധു കീഴടങ്ങിയതോടെ ലോക ബാഡ്മിന്റൻ ചാംപ്യൻഷിപ്പിൽ ഒരു വെള്ളി മെഡലിന്റെ തിളക്കത്തോടെ ഇന്ത്യയുടെ പോരാട്ടത്തിനും അവസാനമായി.

പുരുഷ സിംഗിൾസിൽ ചൈനയുടെ ഷി യൂക്വിയെ 21–11, 21–13ന് തകർത്ത് കെന്റോ മോമോട്ട സ്വർണത്തോടൊപ്പം ലോക ബാഡ്മിന്റൻ പുരുഷ സിംഗിൾസ് കിരീടം നേടുന്ന ആദ്യ ജാപ്പനീസ് താരം എന്ന റെക്കോർഡും സ്വന്തമാക്കി.

 
First published: August 6, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍