ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ മെന്ററായി മുന്‍ നായകന് എം എസ് ധോണിയെ ബിസിസിഐ നിയോഗിച്ചതിന് പിന്നാലെ ക്രിക്കറ്റ് ലോകം ചൂടേറിയ ചര്‍ച്ചയിലാണ്. പ്രിയ നായകന് ഒരിക്കല്‍ കൂടി ടീമിന്റെ ഭാഗമാകുന്നതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. ടീം ഇന്ത്യയുടെ നിര്‍ണായക ചുമതലയിലേക്ക് ധോണിയുടെ മടങ്ങിവരവിനെ നിരവധി പേര് സ്വാഗതം ചെയ്തെങ്കിലും മുന്‍താരങ്ങളില്‍ ചിലര്‍ വിമര്‍ശനങ്ങളും ഉന്നയിച്ചിരുന്നു.
ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും മികച്ച ഏടുകള്‍ എഴുതിച്ചേര്‍ത്ത കാലഘട്ടമാണ് ധോണി ഇന്ത്യന്‍ നായകനായിരുന്ന കാലം. ട്വന്റി 20 ലോകകപ്പ്, ഏകദിന ലോകകപ്പ്, ചാമ്പ്യന്‍സ് ലീഗ് കിരീടം അങ്ങനെ ലോകത്തെ ഏത് നായകനേയും അസൂയപ്പെടുത്തുന്ന നേട്ടങ്ങള്‍ സ്വന്തം പേരിനൊപ്പം എഴുതിച്ചേര്‍ത്തിട്ടാണ് 2017 ജനുവരി അഞ്ചിന് ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനത്ത് നിന്ന് ധോണി പടിയിറങ്ങിയത്.
വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ധോണിയെ ഉള്‍പ്പെടുത്തിയതിന്റെ കാരണം എല്ലാ വിമര്‍ശനങ്ങള്‍ക്കും മറുപടിയായി ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുകയാണ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. 'ലോകകപ്പില്‍ ടീമിനെ സഹായിക്കാന്‍ വേണ്ടിയാണ് ധോണിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്. ടീം ഇന്ത്യക്കായും ചെന്നൈ സൂപ്പര്‍ കിംഗ്സിനായും ടി20 ഫോര്‍മാറ്റില്‍ മികച്ച റെക്കോര്‍ഡ് ധോണിക്കുണ്ട്. ഏറെ ആലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷമാണ് ധോണിയെ നിയമിക്കാന്‍ തീരുമാനിച്ചത്. 2013ന് ശേഷം ഐസിസി കിരീടം നേടാന്‍ ടീം ഇന്ത്യക്കായിട്ടില്ല. ഇംഗ്ലണ്ടില്‍ കഴിഞ്ഞ ആഷസില്‍ 2-2ന് സമനില നേടിയപ്പോള്‍ സ്റ്റീവ് വോ സമാന ചുമതലയില്‍ ഓസീസ് ടീമിനൊപ്പമുണ്ടായിരുന്നു എന്നോര്‍ക്കുക. ഇത്തരം കരുത്തരുടെ സാന്നിധ്യം വമ്പന്‍ ടൂര്‍ണമെന്റുകളില്‍ ഗുണകരമാണ്' എന്നും ഗാംഗുലി ദ് ടെലഗ്രാഫിനോട് പറഞ്ഞു.
ഇന്ത്യന്‍ ടീം അവസാനമായി ഒരു ഐസിസി കിരീടം നേടിയത് 2013ല്‍ എം എസ് ധോണിക്ക് കീഴില്‍ ചാമ്ബ്യന്‍സ് ട്രോഫിയാണ്. ടി20, ഏകദിന ലോകകപ്പുകളും ചാമ്ബ്യന്‍സ് ട്രോഫിയും നേടിയ ഏക നായകന് കൂടിയാണ് ധോണി. ധോണിക്ക് ശേഷം നായകനായി എത്തിയ വിരാട് കോഹ്ലി ടീമിനെ മികച്ച രീതിയില്‍ നയിക്കുന്നുണ്ടെങ്കിലും ഐസിസിയുടെ പ്രധാന ട്രോഫികളെല്ലാം തന്നെ കിട്ടാക്കനിയാണ്. 2007 മുതല്‍ 2016 വരെയുള്ള ആറ് ലോകകപ്പുകളില്‍ ഇന്ത്യയെ ധോണി നയിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം ധോണി ഒരു ദേശീയ ടീമുമായി സഹകരിക്കുന്നത് ഇതാദ്യമാണ്.
സുനില്‍ ഗാവസ്കറിനെയും കപില്‍ ദേവിനേയും പോലുള്ള ഇതിഹാസങ്ങള്‍ ബിസിസിഐ തീരുമാനം സ്വാഗതം ചെയ്തപ്പോള്‍ അജയ് ജഡേജയും ഗൗതം ഗംഭീറും വിമര്‍ശിച്ചിരുന്നു. എന്നാല്‍ ബിസിസിഐയുടെയും ടീം ഇന്ത്യയുടേയും പൂര്‍ണ പിന്തുണ ധോണിക്കുണ്ട്. ബിസിസിഐയിലെ മറ്റ് ഭാരവാഹികളോട് സംസാരിച്ചപ്പോള്‍ ധോണിയുടെ കാര്യത്തില്‍ എല്ലാവര്ക്കും അനുകൂല അഭിപ്രായമായിരുന്നു.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.