• HOME
  • »
  • NEWS
  • »
  • sports
  • »
  • Dale steyn | ദക്ഷിണഫ്രിക്കന്‍ പേസ് ഇതിഹാസം ഡെയ്ല്‍ സ്റ്റെയ്ന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു

Dale steyn | ദക്ഷിണഫ്രിക്കന്‍ പേസ് ഇതിഹാസം ഡെയ്ല്‍ സ്റ്റെയ്ന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു

2008 മുതല്‍ 2014 വരെ തുടര്‍ച്ചയായി 263 ആഴ്ചകള്‍ ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം സ്റ്റെയ്ന്‍ നിലനിര്‍ത്താന്‍ സ്റ്റെയ്ന് കഴിഞ്ഞിട്ടുണ്ട്.

News18

News18

  • Share this:
    ദക്ഷിണാഫ്രിക്കന്‍ സ്റ്റാര്‍ പേസ് ബൗളര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുന്നതായി ട്വിറ്ററിലൂടെയാണ് സ്റ്റെയ്ന്‍ ലോകമെമ്പാടുമുള്ള ആരാധകരെ അറിയിച്ചത്. പതിനേഴ് വര്‍ഷം നീണ്ട കരിയറിനാണ് സ്റ്റെയ്ന്‍ വിരാമമിടുന്നത്. 93 ടെസ്റ്റുകളും 125 ഏകദിനങ്ങളും 47 ട്വന്റി-20യും ഈ മുപ്പത്തിയെട്ടുകാരന്‍ ഇതുവരെ കളിച്ചിട്ടുണ്ട്. 2019ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ച സ്റ്റെയ്ന്‍ ഇപ്പോള്‍ ഏകദിന, ടി20 ഫോര്‍മാറ്റുകളില്‍ നിന്നുമാണ് തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

    ട്രെയിനിങ്ങ്, മത്സരങ്ങള്‍, യാത്രകള്‍, ജയങ്ങള്‍, പരാജയങ്ങള്‍, പരിക്കുകള്‍, സാഹോദര്യം. നീണ്ട 20 വര്‍ഷങ്ങളില്‍ ഒട്ടനവധി ഓര്‍മ്മകളാണുള്ളത്. നന്ദി പറയാന്‍ ഒരുപാട് മുഖങ്ങളാണുള്ളത്. ഞാന്‍ അത്രമേല്‍ ഇഷ്ടപ്പെടുന്ന കളിയില്‍ നിന്നും വിരമിച്ചതായി പ്രഖ്യാപിക്കുന്നു. ഏവര്‍ക്കും നന്ദി.' സ്റ്റെയ്ന്‍ ട്വിറ്ററില്‍ കുറിച്ചു.


    സ്റ്റെയിന്റെ വിരമിക്കല്‍ പ്രഖ്യാപനം വന്നതിന് പിന്നാലെ നിരവധി വ്യക്തികള്‍ അദ്ദേഹത്തിന് ആശംസകളുമായി രംഗത്തെത്തി. അന്താരാഷ്ട്ര ക്രിക്കറ്റിന് പുറമേ ഇംഗ്ലണ്ട്, ഇന്ത്യ, ആസ്‌ട്രേലിയ, പാകിസ്ഥാന്‍, വെസ്റ്റിന്‍ഡീസ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിലെ ലീഗുകളിലും സ്‌റ്റെയ്ന്‍ മിന്നും താരമായിരുന്നു. ഐ പി എല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ താരമായിരുന്ന സ്‌റ്റെയ്ന്‍ ഇക്കുറി ലീഗില്‍ കളിക്കില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. 2021ലെ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗാണ് അവസാനമായി കളിച്ച ടൂര്‍ണമെന്റ്.

    2004ല്‍ ഇംഗ്ലണ്ടിനെതിരെ രാജ്യാന്തര അരങ്ങേറ്റംകുറിച്ച സ്റ്റെയ്ന്‍ 17 വര്‍ഷം നീണ്ട കരിയറില്‍ 93 ടെസ്റ്റുകളിലും 125 ഏകദിനങ്ങളിലും 47 ടി20 മത്സരങ്ങളിലും ദക്ഷിണാഫ്രിക്കക്കായി പന്തെറിഞ്ഞു. ടെസ്റ്റില്‍ 439 വിക്കറ്റും ഏകദിനത്തില്‍ 196 വിക്കറ്റും ടി20യില്‍ 64 വിക്കറ്റും നേടിയിട്ടുണ്ട്. തുടര്‍ച്ചയായി പരിക്കുകള്‍ അലട്ടിയതിനെ തുടര്‍ന്നാണ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് 2019ല്‍ സ്റ്റെയ്ന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ നാനൂറ് വിക്കറ്റ് തികച്ച റെക്കോഡ് സ്റ്റെയിന്റെ പേരിലാണ്. ദക്ഷിണാഫ്രിക്കക്കായി ടെസ്റ്റില്‍ കൂടുതല്‍ വിക്കറ്റ് നേടിയ താരവും സ്റ്റെയ്ന്‍ തന്നെയാണ്.

    മണിക്കൂറില്‍ 150 കിലോമീറ്ററിന്‍ മുകളില്‍ സ്ഥിരതയോടെ പന്തെറിയുന്ന താരമാണ് സ്റ്റെയ്ന്‍. 2008 മുതല്‍ 2014 വരെ തുടര്‍ച്ചയായി 263 ആഴ്ചകള്‍ ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം സ്റ്റെയ്ന്‍ നിലനിര്‍ത്താന്‍ സ്റ്റെയ്ന് കഴിഞ്ഞിട്ടുണ്ട്. ഇടതടവില്ലാതെ ഇത്രമാത്രം കൃത്യതയോടെ ഔട്ട് സ്വിങ്ങറും ഇന്‍സ്വിങ്ങറും റിവേഴ്‌സ് സ്വിങ്ങും അപാരമായ സീം പൊസിഷനും റിസ്റ്റും ഉപയോഗിച്ച് പന്തെറിയുന്ന സ്റ്റെയ്‌ന് വെറുതെയല്ല 400 ടെസ്റ്റ് വിക്കറ്റുകള്‍ നേടാന്‍ വെറും 16334 പന്തുകള്‍ മാത്രം വേണ്ടി വന്നത്.

    മാരകമായ പേസില്‍ പന്തിനെ ഇഷ്ടാനുസരണം ഇരുവശത്തേക്കും ചലിപ്പിച്ച് ബാറ്റ്‌സ്മാന്റെ ക്ഷമയും സമചിത്തതയും ചങ്കുറപ്പും പരീക്ഷിക്കുന്ന ഡെലിവറികളുടെ ഉടമയായതു കൊണ്ട് തന്നെയാണ് സ്വന്തം നാട്ടുകാരായ അലന്‍ഡൊണാള്‍ഡും ഷോണ്‍ പൊള്ളോക്കും അടങ്ങുന്ന വന്‍നിരയെ മറികടന്ന് അവരെക്കാള്‍ മുകളില്‍ സ്റ്റെയ്ന്‍ പ്രതീഷ്ഠിക്കപ്പെടുന്നത്. എല്ലാ ടെസ്റ്റ് രാജ്യങ്ങള്‍ക്കെതിരെയും 5 വിക്കറ്റുകള്‍ കുറിച്ച് ഒരേയൊരു ബൗളര്‍ എന്ന അവിശ്വസനീയമായ നേട്ടം സ്റ്റെയ്ന്‍ ഉണ്ടാക്കിയ ഇംപാക്ടിന്റെ തെളിവാണ്.

    പരിക്കുകള്‍ നിരന്തരം അലട്ടിയിരുന്നില്ലെങ്കില്‍ 100 ടെസ്റ്റുകളും 500 വിക്കറ്റുകളും എന്ന വമ്പന്‍ നേട്ടം അനായാസം കൈവരിക്കുമായിരുന്ന സ്റ്റെയ്‌ന് അവസാന കാലത്ത് ബൗളിങ്ങ് ആക്ഷന്‍ മാറ്റം വരുത്തേണ്ടി വന്നത് സ്പീഡിന്റെയും സ്വിങ്ങിന്റെയും താളം തെറ്റിച്ചു.
    Published by:Sarath Mohanan
    First published: