ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക(സിഎസ്എ)യെ സൗത്ത് ആഫ്രിക്കൻ സ്പോർട്സ് കോൺഫെഡറേഷൻ ആന്റ് ഒളിമ്പിക് കമ്മിറ്റി(എസ്എഎസ്സിഒസി) സസ്പെൻഡ് ചെയ്തു. സിഎസ്എയിലെ അഴിമതിയും കെടുകാര്യസ്ഥതയും ചൂണ്ടിക്കാട്ടിയാണ് നടപടി. ഒരു മാസത്തേക്കാണ് സസ്പെൻഷൻ. അഴിമതി അന്വേഷണത്തിനും ഒളിമ്പിക് കമ്മിറ്റി ഉത്തരവിട്ടിട്ടുണ്ട്. ക്രിക്കറ്റിന്റെ ഭരണം ഒളിമ്പിക് കമ്മിറ്റി ഏറ്റെടുത്തു.
അടുത്തിടെ സിഎസ്എ പ്രസിഡന്റ് ക്രിസ് നെസ്നാനി, സിഇഒ ജാക്വസ് ഫോൾ എന്നിവർ ചുമതലകളിൽ നിന്ന് ഒഴിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ബോർഡിലെ ഭരണചുമതലയിലുള്ള മുഴുവൻ പേരും മാറി നിൽക്കണമെന്നാവശ്യപ്പെട്ട് ഒളിമ്പിക് കമ്മിറ്റി ഭരണം ഏറ്റെടുത്തത്.
ക്രിക്കറ്റ് ബോർഡിലെ ഭരണ പ്രശ്നങ്ങളും തെറ്റായ പ്രവണതകളും ഇല്ലാതാക്കാനാണ് നടപടിയെന്ന് ഒളിമ്പിക് കമ്മിറ്റി ആക്ടിങ് ചീഫ് എക്സിക്യൂട്ടീവ് രവി ഗോവന്ദർ വ്യക്തമാക്കി. 2019 ഡിസംബര്‍ മുതല്‍ സിഎസ്എയിലെ അഴിമതിയെ കുറിച്ച് എസ്എഎസ്സിഒസിയുടെ പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് വരാനിരിക്കെയാണ് നടപടി.
ഇതോടെ വൻ പ്രതിസന്ധിയാണ് സൗത്ത് ആഫ്രിക്കൻ ക്രിക്കറ്റിൽ ഉണ്ടായിരിക്കുന്നത്. ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിനെ ഐസിസി സസ്പെൻഡ് ചെയ്തേക്കുമെന്നും സൂചനയുണ്ട്. ഐസിസി നിയമപ്രകാരം ക്രിക്കറ്റ് ബോര്‍ഡില്‍ സര്‍ക്കാര്‍ ഇടപെടല്‍ പാടില്ല. സസ്പെൻഷൻ നടപടിയോട് സിഎസ്എയോ ഐസിസിയോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
സിഎസ്എയുടെ ഭരണപരമായ കാര്യങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച് സ്പോൺസർമാർ രംഗത്തെത്തിയിരുന്നു. കഴിഞ്ഞയാഴ്ച പുരുഷന്മാരുടെയും വനിതകളുടെയും ദേശീയ ടീമുകളിൽ നിന്നുള്ള 30 പ്രമുഖ കളിക്കാർ സെപ്റ്റംബർ 5 ന് നിശ്ചയിച്ചിരുന്ന സിഎസ്എയുടെ വാർഷിക പൊതുയോഗം മാറ്റിവച്ചതിന് ബോർഡിനെ വിമർശിക്കുന്ന കത്തിൽ കത്തിൽ ഒപ്പിട്ടിരുന്നു.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.