HOME » NEWS » Sports » SPAIN BEAT SWITZERLAND IN PENALTY SHOOTOUT AND REACHES SEMI FINAL OF EUROCUP

Euro Cup|യൂറോ കപ്പ്: അട്ടിമറി വീരൻമാരായ സ്വിറ്റ്സർലൻഡിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തി സ്പെയിൻ സെമിയിൽ

രണ്ട് വീതം അവസരങ്ങൾ ഇരു ടീമുകളും നഷ്ട്ടപ്പെടുത്തിയ ഷൂട്ടൗട്ടിൽ 3-1 എന്ന സ്കോറിന് ആയിരുന്നു സ്പാനിഷ് ടീം വിജയം സ്വന്തമാക്കിയത്.

News18 Malayalam | news18-malayalam
Updated: July 3, 2021, 1:11 AM IST
Euro Cup|യൂറോ കപ്പ്: അട്ടിമറി വീരൻമാരായ സ്വിറ്റ്സർലൻഡിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തി സ്പെയിൻ സെമിയിൽ
വിജയം ആഘോഷിക്കുന്ന സ്‌പെയിൻ ടീമംഗങ്ങൾ
  • Share this:


യൂറോ കപ്പിലെ ആദ്യ ക്വാർട്ടർ ഫൈനലിൽ അട്ടിമറി വീരന്മാരായ സ്വിറ്റ്സർലൻഡിനെ തകർത്ത് സ്പെയിൻ സെമി ഫൈനലിൽ പ്രവേശിച്ചു. അത്യന്തം ആവേശകരമായി മാറിയ മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിലാണ് സ്പാനിഷ് ടീം വിജയം നേടിയത്. രണ്ട് വീതം അവസരങ്ങൾ ഇരു ടീമുകളും നഷ്ട്ടപ്പെടുത്തിയ ഷൂട്ടൗട്ടിൽ 3-1 എന്ന സ്കോറിന് ആയിരുന്നു സ്പാനിഷ് ടീം വിജയം സ്വന്തമാക്കിയത്. ഗോൾകീപ്പർ ഉനായി സിമോണിൻ്റെ തകർപ്പൻ സേവുകളാണ് ആദ്യം അവസരം നഷ്ടപ്പെടുത്തിയിട്ടും സ്പെയിനിന് കളി സ്വന്തമാക്കാൻ സഹായിച്ചത്. സ്വിസ് ഗോളി സോമറും ഒരു സേവ് നടത്തി. സ്പെയിനിനായി ഡാനി ഓൽമോ, ജെറാർഡ് മൊറേനോ, മികേൽ ഒയാർസബാൽ എന്നിവർ സ്കോർ ചെയ്തപ്പോൾ സ്വിസ് ടീമിനായി മരിയോ ഗാവ്രനോവിച്ചിന് മാത്രമാണ് ലക്ഷ്യം കാണാനായത്. ഫാബിയാൻ ഷാർ, മാനുവേൽ അകാൻജി, റൂബൻ വർഗാസ് എന്നിവർക്ക് ലക്ഷ്യം കാണാനായില്ല. സ്പെയിൻ ക്യാപ്റ്റൻ സെർജിയോ ബുസ്കെറ്റ്‌സ് എടുത്ത ആദ്യ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങിയിരുന്നു.

നേരത്തെ നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഇരു ടീമുകൾ തമ്മിലുള്ള സമനിലപ്പൂട്ട് പൊട്ടാതിരുന്നതോടെയാണ് കളി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. പത്ത് പേരുമായി ചുരുങ്ങിയിട്ടും കളി ഷൂട്ടൗട്ട് വരെ നീട്ടിയെടുക്കാൻ സ്വിസ് ടീമിന് സാധിച്ചു. തോറ്റെങ്കിലും മികച്ച കളി പുറത്തെടുത്ത അവർക്ക് തല ഉയർത്തി തന്നെ മടങ്ങാം.

നിർണായക മത്സരത്തിൽ മാറ്റങ്ങളുമായാണ് ഇരുടീമുകളും ഇറങ്ങിയത്. സ്പെയിൻ രണ്ട് മാറ്റങ്ങൾ വരുത്തിയപ്പോൾ ഒരു മാറ്റമാണ് സ്വിറ്റ്സർലൻഡ് കൊണ്ടുവന്നത്. തുടക്കം മുതൽ തന്നെ പന്ത് കൈവശം വെച്ച് മികച്ച പാസിംഗ് ഗെയിം ആണ് സ്പാനിഷ് നിര പുറത്തെടുത്തത്. 

തുടക്കത്തിൽ ആധിപത്യം പുലർത്തിയതിൻ്റെ ഫലമായി അവർ കളിയിൽ ആദ്യം തന്നെ ലീഡ് നേടി. സ്വിസ് താരമായ സാക്കറിയയുടെ സെൽഫ് ഗോളിൽ സ്പാനിഷ് ടീം കളിയിൽ മുന്നിലെത്തി. എട്ടാം മിനിറ്റിൽ സ്പെയിനിന് അനുകൂലമായി ലഭിച്ച മത്സരത്തിലെ ആദ്യ കോർണറാണ് അവരുടെ ഗോളിലേക്കുള്ള വഴി തുറന്ന് കൊടുത്തത്. സ്പാനിഷ് താരം കോക്കെ എടുത്ത കോർണർ കിക്ക് കാലിൽ എടുത്ത് ജോർഡി ആൽബ തൊടുത്ത ലോങ്റേഞ്ചർ സ്വിസ് താരം സാക്കറിയയുടെ കാലിൽ തട്ടിയ ശേഷം അവരുടെ ഗോൾകീപ്പറായ സോമറിനെ കാഴ്ചക്കാരനാക്കി വലയിലെത്തുകയായിരുന്നു. തൊട്ടുപിന്നാലെ 17ാം മിനിറ്റിൽ അവർക്ക് വീണ്ടും അവസരം ലഭിച്ചു.സ്വിസ് ബോക്സിന് മുന്നിൽ വെച്ച് മൊറാട്ടയെ ഫൗൾ ചെയ്തതിന് സ്പെയിനിന് അനുകൂലമായി ലഭിച്ച ഫ്രീകിക്കിൽ പക്ഷേ കോക്കെയുടെ ഷോട്ട് ക്രോസ്ബാറിന് മുകളിലൂടെ പറന്നു.

23ാം മിനിറ്റിൽ സ്വിസ് മുന്നേറ്റതാരം ബ്രീൽ എംബോളോക്ക് പരുക്ക് പറ്റി കളം വിടേണ്ടി വന്നത് അവർക്ക് തിരിച്ചടിയായി. 25ാം മിനിറ്റിൽ സ്പാനിഷ് ടീമിന് വീണ്ടും ഒരു അവസരം ലഭിച്ചെങ്കിലും ആസ്പ്ലിക്വേറ്റയുടെ ഹെഡ്ഡർ സ്വിസ് ഗോൾകീപ്പർ സോമർ അനായാസം കൈയ്യിലൊതുക്കി. മറുവശത്ത് സ്വിസ് ടീമിനും ഒരുപിടി അവസരം ലഭിച്ചെങ്കിലും ഗോൾ നേടാൻ അവർക്കായില്ല.ഒരു ഗോളിൻ്റെ ലീഡിൽ രണ്ടാം പകുതി തുടങ്ങിയ സ്പാനിഷ് ടീം ഒരു മാറ്റവുമായാണ് ഇറങ്ങിയത്. സരാബിയക്ക് പകരം വന്ന ഡാനി ഓൾമോക്ക് ഇറങ്ങിയപ്പോൾ തന്നെ മികച്ച ഗോളവസരം ലഭിച്ചെങ്കിലും താരത്തിന്റെ ദുർബലമായ ഷോട്ട് സ്വിസ് ഗോൾകീപ്പർ സോമർ കൈയ്യിലൊതുക്കി. മറുഭാഗത്ത് സമനില ഗോൾ നേടാനായി സ്വിസ് ടീം ആക്രമണത്തിലേക്ക് ഗിയർ മാറ്റി. മികച്ച മുന്നേറ്റങ്ങൾ തന്നെ അവരുടെ ഭാഗത്ത് നിന്നും വന്നു കൊണ്ടിരുന്നു. 56ാം മിനിറ്റിൽ സ്വിസ് താരം സാക്കറിയയുടെ ഗോളെന്നുറച്ച ഹെഡ്ഡർ സ്പെയിൻ പോസ്റ്റിലുരുമ്മിയാണ് പുറത്തേക്ക് പോയത്. 64ാം മിനിറ്റിൽ സ്വിസ് താരം സ്യൂബറുടെ ഗോൾവലയിലേക്കുള്ള ഷോട്ട് തട്ടിയകറ്റി ഗോൾകീപ്പർ സിമോൺ സ്പാനിഷ് നിരക്ക് രക്ഷ നൽകി. പക്ഷേ പിന്നാലെ തന്നെ സ്വിസ് ടീം അവരുടെ സമനില ഗോൾ നേടിയെടുത്തു.

68ാം മിനിറ്റിൽ സ്വിസ് നായകൻ ഷെർദാൻ ഷാക്കിരിയാണ് കളിയിൽ അവർക്ക് സമനില നേടിക്കൊടുത്തത്. സ്പെയിൻ പ്രതിരോധ നിരയുടെ പിഴവ് മുതലെടുത്തായിരുന്നു അവർ സമനില ഗോൾ നേടിയത്. ബോക്സിനുള്ളിലേക്ക് വന്ന പന്ത് ക്ലിയർ ചെയ്യാൻ ലാപോർട്ടക്കും പാവു ടോറസിനും കഴിഞ്ഞില്ല. ഇരുവരും തമ്മിലുണ്ടായ ആശയക്കുഴപ്പമായിരുന്നു ഇതിനുകാരണം. ഈ പിഴവ് മുതലെടുത്ത് പന്ത് പിടിച്ചെടുത്ത സ്വിസ് താരം ഫ്ര്യൂലർ തൻ്റെ നായകനായ ഷാക്കിരിയ്ക്ക് പാസ് നൽകി. കൃത്യമായി പാസ് സ്വീകരിച്ച ഷാക്കിരി അനായാസം പന്ത് വലയിലെത്തിച്ചു. സമനിലയായതോടെ കളി വീണ്ടും ആവേശത്തിലായി.

കളിയിൽ ഒപ്പമെത്തിയ സ്വിറ്റ്സർലൻഡിന് പക്ഷേ പിന്നാലെ തിരിച്ചടി നേരിടേണ്ടി വന്നു. സ്വിസ് ഗോളിന് വഴിയൊരുക്കിയ റെമോ ഫ്ര്യൂലർ അപകടകരമായ ടാക്കിൾ നടത്തിയതിന് ചുവപ്പുകാർഡ് കണ്ട് പുറത്തായതോടെ ടീം പത്തുപേരായി ചുരുങ്ങി. ഇതോടെ കളി സ്പെയിൻ സ്വന്തമാക്കും എന്ന് എല്ലാവരും കരുതിയെങ്കിലും കളിയുടെ നിശ്ചിത സമയം തീരുന്നത് വരെ അവർ സ്പാനിഷ് നിരയെ ഗോൾ നേടാൻ അനുവദിക്കാതെ തടഞ്ഞു നിർത്തി.നിശ്ചിത സമയത്ത് കളി സമനിലയിൽ ആയതിനെ തുടർന്ന് എക്സ്ട്രാ ടൈമിലേക്ക് നീണ്ട കളിയിൽ പത്ത് പേരുമായി ചുരുങ്ങിയ സ്വിസ് ടീം സ്പാനിഷ് നിരയുടെ മുന്നേറ്റങ്ങൾ പ്രതിരോധിച്ച് നിൽക്കുക എന്ന തന്ത്രമാണ് പുറത്തെടുത്തത്. ഇടയ്ക്ക് വല്ലപ്പോഴും കിട്ടുന്ന അവസരത്തിൽ മാത്രമാണ് അവർ മുന്നേറിയതെങ്കിലും അതിൻ്റെ മുനയൊടിക്കാൻ സ്പാനിഷ് പ്രതിരോധത്തിന് കഴിഞ്ഞു. മറുവശത്ത് സ്പാനിഷ് ടീം തുടർമുന്നേറ്റങ്ങൾ നടത്തി സ്വിസ് പ്രതിരോധ നിരയെ മറികടന്ന് പല തവണ ഗോളിന് അരികിൽ എത്തിയെങ്കിലും തകർപ്പൻ ഫോമിൽ നിൽക്കുകയായിരുന്ന സ്വിസ് ഗോളി സോമറിനെ കടന്ന് പന്ത് വലയിലെത്തിക്കാൻ സ്പാനിഷ് ടീമിന് കഴിഞ്ഞില്ല. സ്പാനിഷ് താരങ്ങളുടെ ഗോളെന്ന് ഉറച്ച നിരവധി അവസരങ്ങളാണ് സോമറുടെ കൈകളിൽ തട്ടി നിഷ്പ്രഭമായത്. താരത്തിൻ്റെ മികവിൽ 30 മിനിറ്റ് നീണ്ട എക്സ്ട്രാ ടൈം ഗോളൊന്നും വഴങ്ങാതെ പിടിച്ച് നിൽക്കാൻ അവരെ സഹായിച്ചു.

ഒടുവിൽ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ സ്വിസ് ടീമിനെ കീഴടക്കി സ്പാനിഷ് ടീം സെമിയിൽ സ്ഥാനം ഉറപ്പിച്ചു.Summary

Spain beat Switzerland in the Euro Cup quarter final in penalty shootout by 3-1
Published by: Naveen
First published: July 3, 2021, 1:11 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories