• HOME
 • »
 • NEWS
 • »
 • sports
 • »
 • Euro Cup | ഗോള്‍ മഴയില്‍ മുങ്ങി കോപ്പന്‍ഹേഗന്‍; ത്രില്ലര്‍ പോരാട്ടത്തില്‍ ക്രൊയേഷ്യയെ മറികടന്ന് സ്പെയ്ന്‍ ക്വാര്‍ട്ടറില്‍

Euro Cup | ഗോള്‍ മഴയില്‍ മുങ്ങി കോപ്പന്‍ഹേഗന്‍; ത്രില്ലര്‍ പോരാട്ടത്തില്‍ ക്രൊയേഷ്യയെ മറികടന്ന് സ്പെയ്ന്‍ ക്വാര്‍ട്ടറില്‍

ഗോളുകളുടെ പേമാരി പെയ്ത മത്സരത്തില്‍ മൊത്തം എട്ട് ഗോളുകളാണ് പിറന്നത്. 5-3 എന്ന സ്‌കോറിനാണ് സ്‌പെയ്ന്‍ വിജയം നേടിയത്.

സ്‌പെയ്ന്‍ ടീമംഗങ്ങള്‍

സ്‌പെയ്ന്‍ ടീമംഗങ്ങള്‍

 • Share this:
  യൂറോയിലെ സൂപ്പര്‍ പോരാട്ടത്തിന് ചേര്‍ന്ന തിരക്കഥ രചിച്ച് സ്‌പെയ്ന്‍. പ്രീക്വാര്‍ട്ടര്‍ ഘട്ടത്തിലേക്ക് കടന്നതോടെ ആവേശം ഇരട്ടിയായ മത്സരങ്ങളിലേക്ക് വീണ്ടും ആവേശം കുത്തിക്കയറ്റി ടീമുകള്‍. യൂറോ കപ്പിലെ ത്രില്ലര്‍ പോരാട്ടത്തില്‍ ക്രൊയേഷ്യ ഉയര്‍ത്തിയ ശക്തമായ വെല്ലുവിളി മറികടന്ന് ലൂയി എന്റിക്വെയുടെ സ്‌പെയ്ന്‍ ക്വാര്‍ട്ടറില്‍.

  ഗോളുകളുടെ പേമാരി പെയ്ത മത്സരത്തില്‍ മൊത്തം എട്ട് ഗോളുകളാണ് പിറന്നത്. 5-3 എന്ന സ്‌കോറിനാണ് സ്‌പെയ്ന്‍ വിജയം നേടിയത്. റെഗുലര്‍ ടൈമില്‍ 3-3 എന്ന നിലയില്‍ ആയിരുന്ന മത്സരത്തില്‍ എക്‌സ്ട്രാ ടൈമില്‍ നേടിയ രണ്ട് ഗോളുകളുടെ ബലത്തിലാണ് സ്‌പെയ്ന്‍ മത്സരം സ്വന്തമാക്കിയത്.

  പാബ്ലോ സരാബിയ, സെസാര്‍ അസ്പിലിക്വെറ്റ, ഫെറാന്‍ ടോറസ്, അല്‍വാരോ മൊറാട്ട, മൈക്കല്‍ ഒയര്‍സബാല്‍ എന്നിവര്‍ സ്പാനിഷ് ടീമിനു വേണ്ടി സ്‌കോര്‍ ചെയ്തപ്പോള്‍ മിസ്ലാവ് ഓര്‍സിച്ചും മാരിയോ പസാലിച്ചുമാണ് ക്രൊയേഷ്യക്കായി ഗോളുകള്‍ നേടിയത്. ഒരെണ്ണം സപെയ്ന്‍ ഗോളിയുടെ വക സെല്‍ഫ് ഗോള്‍ ആയിരുന്നു.

  രണ്ട് കരുത്തുറ്റ ടീമുകള്‍ തമ്മില്‍ നേര്‍ക്കുനേര്‍ വന്ന മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ സ്ഥിരം കളിയായ പോസെഷന്‍ ഗെയിം കളിച്ചു കൊണ്ട് ഇരു ടീമുകളും കളി നിയന്ത്രണത്തിലാക്കി. പന്ത് കാലില്‍ വച്ച് കളിച്ച സ്പാനിഷ് ടീം ഒരുപാട് അവസരങ്ങളും തുറന്നെടുത്ത് കൊണ്ട് ക്രൊയേഷ്യന്‍ ഗോള്‍മുഖത്ത് ആക്രമണം നടത്തിക്കൊണ്ടിരുന്നു. ക്രൊയേഷ്യന്‍ താരങ്ങള്‍ക്ക് വളരെ ചുരുങ്ങിയ സമയം മാത്രമാണ് പന്ത് കിട്ടിയത്. 16ാം മിനിറ്റില്‍ ഗോളെന്നുറച്ച അവസരം കോക്കെ നഷ്ടപ്പെടുത്തി. ഗോള്‍കീപ്പര്‍ മാത്രം മുന്നില്‍നില്‍ക്കേ താരത്തിന് ലക്ഷ്യം കാണാനായില്ല. 19ാം മിനിറ്റില്‍ അല്‍വാരോ മൊറാട്ടയും അവസരം നഷ്ടപ്പെടുത്തി. ഇടക്ക് മറുഭാഗത്ത് ക്യാപ്റ്റന്‍ മോഡ്രിച്ചിന്റെ വക ഒരു മുന്നേറ്റം ഉണ്ടായെങ്കിലും ഗോള്‍ മാത്രം അകന്ന് നിന്നു.

  എന്നാല്‍ കളിയുടെ ഒഴുക്കിന് നേരെ വിപരീതമായി 20ാം മിനിറ്റില്‍ ക്രൊയേഷ്യയാണ് ആദ്യം മുന്നില്‍ എത്തിയത്. സ്പാനിഷ് ഗോള്‍കീപ്പര്‍ ഉനായ് സൈമണിന്റെ പിഴവാണ് ക്രൊയേഷ്യക്ക് കളിയില്‍ ലീഡ് നല്‍കിയത്. മൈതാന മധ്യത്തു നിന്ന് സ്പാനിഷ് മിഡ്ഫീല്‍ഡര്‍ പെഡ്രി നല്‍കിയ ബാക്ക് പാസ് പിടിച്ചെടുക്കുന്നതില്‍ സ്പാനിഷ് ഗോളിക്ക് സംഭവിച്ച അബദ്ധമാണ് ഗോളിന് കാരണമായത്. അലക്ഷ്യമായി പന്ത് കൈകാര്യം ചെയ്ത താരത്തിന്റെ കാലില്‍ തട്ടി പന്ത് വലയില്‍ കയറുകയായിരുന്നു.

  ഗോള്‍ വഴങ്ങിയതോടെ ഒന്ന് പിന്നാക്കം പോയെങ്കിലും പെട്ടെന്ന് തന്നെ സ്‌പെയ്ന്‍ കളിയിലേക്ക് തിരിച്ചു വന്നു. 38ാം മിനിറ്റില്‍ പാബ്ലോ സരാബിയ നേടിയ ഗോളില്‍ അവര്‍ സമനില പിടിച്ചു. ഗോളിലേക്ക് സ്പാനിഷ് വിംഗര്‍ ജോസഫ് ഗയ തൊടുത്ത ഷോട്ട് ക്രൊയേഷ്യന്‍ ഗോളി ലിവകോവിച്ച് തടഞ്ഞെങ്കിലും പന്ത് നേരെ ചെന്നത് സരാബിയയുടെ മുന്നിലേക്ക് ആയിരുന്നു. പന്ത് കാലില്‍ കിട്ടിയ താരം സമയം കളയാതെ എടുത്ത ഷോട്ട് ലിവാകോവിച്ചിന്റെ തലയില്‍ തട്ടിയാണ് വലയില്‍ കയറിയത്.

  രണ്ടാം പകുതിയിലും സ്‌പെയ്ന്‍ മികച്ച രീതിയില്‍ തന്നെയാണ് തുടങ്ങിയത്. മുന്നേറ്റങ്ങള്‍ നടത്തി കളം പിടിച്ച അവര്‍ 57ാം മിനിറ്റില്‍ കളിയില്‍ ലീഡെടുത്തു. ഫെറാന്‍ ടോറസിന്റെ മികച്ചൊരു ക്രോസില്‍ നിന്ന് ഒരു ഹെഡറിലൂടെ അസ്പിലിക്വെറ്റ പന്ത് വലയിലെത്തിക്കുകയായിരുന്നു. 77ാം മിനിറ്റില്‍ പാവു ടോറസിന്റെ ബുദ്ധിപരമായ മുന്നേറ്റം സ്പാനിഷ് ടീമിന് മൂന്നാം ഗോള്‍ സമ്മാനിച്ചു. പാവു ടോറസിന്റെ പാസ് സ്വീകരിച്ച ഫെറാന്‍ ടോറസ് കലേറ്റ കാറിനെ വെട്ടിച്ച് പന്ത് വലയിലെത്തിക്കുകയായിരുന്നു. കളി സ്‌പെയ്ന്‍ സ്വന്തമാക്കും എന്ന ഘട്ടത്തിലാണ് ക്രൊയേഷ്യ രണ്ട് ഗോളുകള്‍ അടിച്ച് മത്സരം വീണ്ടും സമനിലയാക്കിയത്.

  ഇതോടെ എക്‌സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തില്‍ 100ാം മിനിറ്റില്‍ അല്‍വാരോ മൊറാട്ട സ്പാനിഷ് ടീമിന് വീണ്ടും ലീഡ് നല്‍കി. പകരക്കാരനായി വന്ന ഡാനി ഒല്‍മോയുടെ ക്രോസില്‍ നിന്നായിരുന്നു ഗോള്‍. 103ാം മിനിറ്റില്‍ മൈക്കല്‍ ഒയര്‍സബാലിലൂടെ അഞ്ചാം ഗോളും നേടി പിന്നാലെ ഗോള്‍ ഒന്നും വഴങ്ങാതെ മത്സരം പൂര്‍ത്തിയാക്കുകയും ചെയ്തു. ഇന്ന് നടക്കുന്ന ഫ്രാന്‍സ്- സ്വിറ്റ്‌സര്‍ലന്‍ഡ് മത്സരത്തിലെ വിജയികളെയാകും സ്‌പെയ്ന്‍ നേരിടുക.
  Published by:Sarath Mohanan
  First published: