HOME /NEWS /Sports / Euro Cup | 707 പാസുകള്‍, ഒരു പെനാല്‍റ്റി നഷ്ടം! സ്വന്തം തട്ടകത്തില്‍ പോളണ്ടിനോട് സമനില വഴങ്ങി സ്‌പെയിന്‍

Euro Cup | 707 പാസുകള്‍, ഒരു പെനാല്‍റ്റി നഷ്ടം! സ്വന്തം തട്ടകത്തില്‍ പോളണ്ടിനോട് സമനില വഴങ്ങി സ്‌പെയിന്‍

Lewandowski

Lewandowski

കളിയുടെ തുടക്കം മുതലേ സെവിയ്യയിലെ സ്റ്റേഡിയത്തില്‍ ആതിഥേയരായ സ്‌പെയിന്‍ ആധിപത്യം പുലര്‍ത്തിയിരുന്നു. 707 പാസുകളാണ് മത്സരത്തിലുടനീളം സ്പെയിന്‍ കളിച്ചത്.

  • Share this:

    യൂറോ കപ്പില്‍ ഇന്ന് സെവിയ്യയില്‍ നടന്ന മത്സരത്തില്‍ ആതിഥേയരായ സ്‌പെയിനെ സമനിലയില്‍ തളച്ച് പോളണ്ട്. ഗ്രൂപ്പ് ഈയില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോളുകള്‍ വീതം നേടി സമനിലയില്‍ പിരിയുകയായിരുന്നു. ആദ്യ പകുതിയില്‍ തന്നെ ലീഡ് നേടിയ സ്‌പെയിനെ രണ്ടാം പകുതിയിലായിരുന്നു ലെവന്‍ഡോസ്‌കിയും സംഘവും ഒപ്പം പിടിച്ചത്. 57ആം മിനിട്ടില്‍ ലഭിച്ച ഒരു പെനാല്‍റ്റി അവസരം നഷ്ടപ്പെടുത്തിയതാണ് സ്പെയിന് മത്സരത്തില്‍ തിരിച്ചടിയായത്. സ്‌പെയിന് വേണ്ടി ആല്‍വരോ മൊറാറ്റയും പോളണ്ടിന് വേണ്ടി റോബര്‍ട്ട് ലെവന്‍ഡോസ്‌കിയുമാണ് ഗോള്‍ നേടിയത്. നിലവില്‍ രണ്ട് കളികളില്‍ നിന്ന് രണ്ട് സമനിലയുമായി സ്‌പെയിന്‍ ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്തും ഒരു സമനിലയും ഒരു തോല്‍വിയുമായി പോളണ്ട് നാലാം സ്ഥാനത്തുമാണ്.

    സ്ലോവാക്യയോട് ഒരു ഗോളിന് പരാജയപ്പെട്ടെത്തിയ പോളണ്ടിനും സ്വീഡനോട് ഗോള്‍ രഹിത സമനില വഴങ്ങിയെത്തിയ സ്‌പെയിനും ടൂര്‍ണമെന്റിലെ മുന്നോട്ടുള്ള കുതിപ്പിന് ഇന്നത്തെ മത്സര ജയം തീര്‍ത്തും അനിവാര്യമായിരുന്നു. പ്ലേ ഓഫ് നില നിര്‍ത്താന്‍ ഇരു ടീമുകള്‍ക്കും ഇന്നത്തെ മത്സരത്തിലെ മൂന്ന് പോയിന്റ് വളരെ നിര്‍ണായകമായിരുന്നു. കളിയുടെ തുടക്കം മുതലേ സെവിയ്യയിലെ സ്റ്റേഡിയത്തില്‍ ആതിഥേയരായ സ്‌പെയിന്‍ ആധിപത്യം പുലര്‍ത്തിയിരുന്നു. 707 പാസുകളാണ് മത്സരത്തിലുടനീളം സ്പെയിന്‍ കളിച്ചത്. സൂപ്പര്‍ താരം ലെവന്‍ഡോസ്‌കിയെ മുന്നില്‍ നിര്‍ത്തിക്കൊണ്ട് 3-4-2-1 എന്ന ഫോര്‍മേഷനിലാണ് പോളണ്ട് ഇന്നിറങ്ങിയത്. 25ആം മിനിട്ടില്‍ ആല്‍വരോ മൊറാറ്റ സ്‌പെയിനിന് മത്സരത്തില്‍ ലീഡ് നേടിക്കൊടുത്തു. സൈഡ് റെഫറി ആദ്യം ഓഫ് സൈഡ് വിളിച്ചുകൊണ്ട് ഗോള്‍ നിഷേധിച്ചെങ്കിലും പിന്നീട് വാറിന്റെ സഹായത്തോടെ ഗോള്‍ അനുവദിക്കുകയായിരുന്നു. റൈറ്റ് ഫ്‌ലാങ്കില്‍ നിന്നും ജെറാര്‍ഡ് മൊറീനോ നല്‍കിയ ക്രോസ് മൊറാറ്റ അനായസം ഗോള്‍ വര കടത്തുകയായിരുന്നു.

    ആദ്യ പകുതി അവസാനിക്കാന്‍ മൂന്ന് മിനിട്ട് മാത്രം ശേഷിക്കേ പോളണ്ട് താരം സ്വിഡെസ്‌കി ബോക്‌സിന് വെളിയില്‍ നിന്ന് ഒരു ബുള്ളറ്റ് ഷോട്ടിലൂടെ സമനില ഗോളിനായി ശ്രമിച്ചെങ്കിലും അത് പോസ്റ്റില്‍ തട്ടിയകന്നു. തൊട്ടു പിന്നാലെ ലെവന്‍ഡോസ്‌കി ആ പന്ത് റീബോണ്ടിന് ശ്രമിച്ചപ്പോള്‍ സ്‌പെയിന്‍ ഗോള്‍ കീപ്പര്‍ രക്ഷകനായെത്തുകയും ചെയ്തു. രണ്ടാം പകുതിയുടെ തുടക്കത്തിലും ബോള്‍ കൂടുതല്‍ കയ്യടക്കം വച്ചിരുന്നത് സ്പെയിന്‍ ആണെങ്കിലും ആദ്യ പത്തു മിനിട്ടില്‍ തന്നെ ലെവന്‍ഡോസ്‌കിയിലൂടെ പോളണ്ട് സമനില പിടിച്ചു. വലതു വിങ്ങില്‍ നിന്നും ബോക്‌സിനുള്ളിലേക്ക് ലഭിച്ച ക്രോസ് ലെവന്‍ഡോസ്‌കി തകര്‍പ്പന്‍ ഹെഡറിലൂടെ സ്‌പെയിന്റെ ഗോള്‍ വല കുലുക്കുകയായിരുന്നു. സ്പെയിന്‍ ഗോള്‍ കീപ്പര്‍ ഒരു ഫുള്‍ ഡൈവിലൂടെ അത് തടയാന്‍ ശ്രമിച്ചെങ്കിലും പന്ത് വലയ്ക്കുള്ളിലെത്തി.

    തൊട്ടടുത്ത മിനിട്ടില്‍ മൊറീനോയെ ഫൗള്‍ ചെയ്തതിന് സ്‌പെയിന് ഒരു പെനാല്‍റ്റിയും ലഭിച്ചു. മൊറീനോയെടുത്ത പെനാല്‍റ്റി കിക്ക് പോസ്റ്റില്‍ തട്ടി തിരിച്ചുവന്നു. മൊറാറ്റ ഒരു സെക്കന്റ് ചാന്‍സിന് ശ്രമിച്ചു നോക്കിയെങ്കിലും അതും ലക്ഷ്യത്തിലെത്തിയില്ല. മത്സരത്തിന്റെ അവസാന നിമിഷങ്ങളിലും വിജയഗോളിനായി സ്പെയിന്‍ താരങ്ങള്‍ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഫലം വിപരീതമായിരുന്നു.

    First published:

    Tags: Euro cup, Euro cup 2020, Poland, Spain Football