#വിഎസ് കൃഷ്ണരാജ്
കലാശം കാണാതെ ടീം ഇന്ത്യ മടങ്ങുമ്പോള്‍ പല ചോദ്യങ്ങളുയരുന്നുണ്ട്. അതില്‍ പ്രധാനം ഒരു കംപ്ലീറ്റ് ടീമിനെയാണോ കോഹ്ലി നയിച്ചത് എന്നതാണ്. അല്ല എന്നാണ് ഉത്തരമെങ്കില്‍ സെമി വരെയെത്തിയത് ടീമായി കളിച്ചല്ല എന്ന് പറയേണ്ടിവരും.
ലോകകപ്പെന്നാല്‍ വല്ലാത്തൊരു കിനാവാണ്. കപ്പുയര്‍ത്തിയാലും മിടിച്ചുതീരാത്ത ഒരിത്. അതനുഭവിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു നിങ്ങള്‍ക്ക്. പക്ഷെ നിങ്ങളില്‍ പല കുറവുണ്ടായിരുന്നു, ചിലരുടെ അധികപ്രതിഭകൊണ്ടളന്നാലും പരിഹരിക്കപ്പെട്ടാത്ത കുറവുകള്‍. അതിനിയും പറഞ്ഞില്ലെങ്കില്‍ അതൊരു കുറവായിപ്പോകും.
Also Read: തോറ്റത് നിങ്ങളല്ല.... നമ്മളാണ്.. ചോദ്യങ്ങൾ ഉയർത്തി ഇന്ത്യൻ ടീം മടങ്ങുന്നു
നിങ്ങള്‍ പലപ്പോഴും രോഹിത്തിലേക്കും ബൂമ്രയിലേക്കും ചെറുതായിപ്പോയി. അതുകൊണ്ടാണ് കോഹ്ലിയെന്ന പേരുപോലും പതിവുച്ചത്തില് കേള്‍ക്കാതെ പോയത്. ധോണി മതിയാക്കാറായെന്ന് പലരും അടക്കം പറഞ്ഞത്. ധവാന് പോയാല്‍പ്പിന്നെ ആരെന്ന ചോദ്യമുയര്‍ന്നത്. രാഹുല്‍ സെഞ്ച്വറിയടിച്ചിട്ടും തൃപ്തി വരാത്തത്. വിക്കറ്റെടുത്തിട്ടും ഷമി പുറത്തിരുന്ന് കളികണ്ടത്. ഒറ്റവിക്കറ്റിന്റെ ആനുകൂല്യത്തില്‍
കുല്‍ദീപ് കളിച്ചുകൊണ്ടേയിരുന്നത്.
ഇതുവരെ നാലാമിടം കണികണ്ടിട്ടില്ലാത്ത വിജയ് ശങ്കറെ അവിടെത്തന്നെ പ്രതിഷ്ഠിച്ച് പരിക്കുണ്ടാക്കി തിരിച്ചയച്ചത്. ഭുവിയില്ലാതെ പറ്റില്ലെന്ന് തീരുമാനിച്ചുറപ്പിച്ചത്. ജഡേജയില്‍ വിശ്വാസമില്ലാതെ പുറത്തിരുത്തി തണുപ്പുകൊള്ളിച്ചത്. പാണ്ഡ്യയെ പിടിവിട്ടയച്ചതും പന്തിനെ വീട്ടിലിരുത്തി വിമാനം കയറിപ്പോയതും അതുകൊണ്ടാണ്. തിരുത്തപ്പെടാത്തപ്പെടാത്ത തീരുമാനങ്ങളില്‍ തെറ്റുണ്ടെന്ന് നിങ്ങളാരൊക്കെയോ തിരിച്ചറിയാതെ പോയതും അതുകൊണ്ടാണ്.
അഥവാ നിങ്ങളുടെ കൂടുതലുകളില്‍ ചിലതെങ്കിലും ഞങ്ങളുടെ കുറവായിരുന്നു. എന്നിട്ടും കപ്പുയര്‍ത്തുമെന്ന് മനസിനെ പഠിപ്പിച്ചെടുത്തത് നിങ്ങളോടുള്ള ഇഷ്ടംകൊണ്ടാണ്. കുറ്റങ്ങളെണ്ണിപ്പറയാന് ഇങ്ങനെ തോല്‍ക്കുംവരെ കാത്തിരുന്നത് ഉള്ളില്‍ നിങ്ങളാകെ പതിഞ്ഞുപോയതുകൊണ്ടാണ്. ഞങ്ങളുടെ ഹൃദയങ്ങളിപ്പോഴും നീലഗ്യാലറിയാണ്. കാരണം തോറ്റത് നിങ്ങളല്ലല്ലോ. നമ്മളല്ലേ..!
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.