• HOME
  • »
  • NEWS
  • »
  • sports
  • »
  • മേഴ്സിക്കുട്ടൻ രാജിവച്ചു; മുൻ ഇന്ത്യൻ ഫുട്ബോൾ താരം യു. ഷറഫലി സ്പോർട്സ് കൗൺസിൽ പ്രസിഡന്റാകും

മേഴ്സിക്കുട്ടൻ രാജിവച്ചു; മുൻ ഇന്ത്യൻ ഫുട്ബോൾ താരം യു. ഷറഫലി സ്പോർട്സ് കൗൺസിൽ പ്രസിഡന്റാകും

പത്തു വര്‍ഷത്തോളം തുടര്‍ച്ചയായി ഇന്ത്യന്‍ ടീമിനെ പ്രതിനിധീകരിച്ചിട്ടുള്ള യു ഷറഫലി 5 തവണ നെഹ്‌റുകപ്പിലും 3 തവണ സാഫ് കപ്പിലും ഒരു തവണ ഏഷ്യാ കപ്പിലും ദേശീയ ടീമിനായി കളിച്ചു

  • Share this:

    തിരുവനന്തപുരം: മേഴ്സിക്കുട്ടന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. പ്രസിഡന്റിനൊപ്പം സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളും രാജിവെച്ചിട്ടുണ്ട്. രാജി കായിക മന്ത്രി സ്വീകരിച്ചു. മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം യു. ഷറഫലിയെ പുതിയ പ്രസിഡന്റായി സർക്കാർ നാമനിർദേശം ചെയ്തു.

    പത്തു വര്‍ഷത്തോളം തുടര്‍ച്ചയായി ഇന്ത്യന്‍ ടീമിനെ പ്രതിനിധീകരിച്ചിട്ടുള്ള യു ഷറഫലി 5 തവണ നെഹ്‌റുകപ്പിലും 3 തവണ സാഫ് കപ്പിലും ഒരു തവണ ഏഷ്യാ കപ്പിലും ദേശീയ ടീമിനായി കളിച്ചു. ലെബനണില്‍ നടന്ന പ്രീവേള്‍ഡ് കപ്പ് മത്സരത്തിലും ഇന്ത്യയ്ക്കായി കളിച്ചു. മലപ്പുറം അരീക്കോട് തെരട്ടമ്മല്‍ സ്വദേശിയായ ഷറഫലി കലിക്കറ്റ് യുണിവേഴ്‌സിറ്റി, കേരളാ പൊലീസ് ടീമുകളിലൂടെയാണ് ശ്രദ്ധേയനായത്.

    ഒൻപത് തവണ കേരളത്തിനായി സന്തോഷ് ട്രോഫിയിലും 2 തവണ ദേശീയ ഗെയിംസിലും കളിച്ചു.  കേരളാ പൊലീസില്‍ 36 വര്‍ഷത്തെ സേവനത്തിനു ശേഷം എം എസ് പി കമാണ്ടന്റായാണ് വിരമിച്ചത്. തുടര്‍ന്ന് ഫുട്‌ബോള്‍ പരിശീലകന്‍ എന്ന നിലയിലും സംഘാടകനായും സജീവമാണ്.

    മേഴ്സിക്കുട്ടന്റെ രാജി

    സ്പോര്‍ട്സ് കൗണ്‍സിലില്‍ കുറച്ചുനാളായി തുടരുന്ന ആഭ്യന്തര തര്‍ക്കങ്ങളെത്തുടര്‍ന്ന് സര്‍ക്കാര്‍ മേഴ്സിക്കുട്ടന്റെ രാജി ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് മേഴ്സിക്കുട്ടനെ മാറ്റാന്‍ തീരുമാനമായത്. ഇതോടൊപ്പം സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളായ വൈസ് പ്രസിഡന്റ് ഒ കെ വിനീഷ്, അംഗങ്ങളായ ജോര്‍ജ് തോമസ്, ഐ എം വിജയന്‍, റഫീഖ്, ഒളിമ്പിക് അസോസിയേഷന്‍ പ്രതിനിധികളായ വി സുനില്‍കുമാര്‍, എസ് രാജീവ്, എം ആര്‍ രഞ്ജിത് എന്നിവരോടും സ്ഥാനമൊഴിയാന്‍ പാര്‍ട്ടി നിര്‍ദേശിച്ചിരുന്നു.

    Also Read- Kerala Blasters | സഞ്ജു സാംസണ്‍ കേരള ബ്ലാസ്റ്റേഴ്സ് ബ്രാന്‍ഡ് അംബാസഡര്‍

    2019ല്‍ ടി പി ദാസന്റെ പിന്‍ഗാമിയായാണ് മേഴ്സിക്കുട്ടന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റാകുന്നത്. 2024 ഏപ്രില്‍വരെ അധ്യക്ഷസ്ഥാനത്ത് തുടരാമായിരുന്നു. നേരത്തേതന്നെ കായികമന്ത്രി അബ്ദുറഹ്‌മാനും മേഴ്സിക്കുട്ടനും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്ന ആരോപണമുയര്‍ന്നിരുന്നു. കൗണ്‍സിലിനും പ്രസിഡന്റിനുമെതിരേ മുന്‍ അന്താരാഷ്ട്ര താരങ്ങളും പരാതിയുന്നയിച്ചു.

    ഇവരില്‍ പലരും കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട് പരാതിപറഞ്ഞു. ഈ സാഹചര്യത്തില്‍ കൗണ്‍സിലിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് മന്ത്രി അബ്ദുറഹ്‌മാന്‍ റിപ്പോര്‍ട്ട് തേടിയിരുന്നു. ഇതിനുപിന്നാലെ കൗണ്‍സിലുമായി ബന്ധപ്പെട്ട ഫയലുകള്‍ മുഖ്യമന്ത്രിയും ആവശ്യപ്പെട്ടിരുന്നു.

    Published by:Rajesh V
    First published: