തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ- ശ്രീലങ്ക ഏകദിനം മത്സരത്തിൽ കാണികൾ കുറഞ്ഞ സംഭവത്തിൽ കെസിഎക്കെതിരെ കായിക മന്ത്രി വി അബ്ദുറഹ്മാൻ. നിരക്ക് തീരുമാനിച്ചത് ക്രിക്കറ്റ് അസോസിയേഷനാണെന്ന് മന്ത്രി പറഞ്ഞു.
മറ്റ് നഗരങ്ങളിൽ കുറഞ്ഞ നിരക്കാണ്. ഇത് സമ്മതിക്കാൻ KCA തയ്യറാവുന്നില്ല. കാണികള്‍ കുറഞ്ഞതിന് പ്രധാന കാരണം സംഘാടകരുടെ പിടുപ്പുകേടാണ്. പാവപ്പെട്ടവർ കളി കാണേണ്ടെന്നാകും കെസിഎ നിലപാടെന്നാണ് താൻ പറഞ്ഞത്. ആ വാക്കുകൾ വളച്ചൊടിച്ച് പട്ടിണിക്കാര്‍ കളി കാണണ്ട എന്നു മന്ത്രി പറഞ്ഞുവെന്ന് പ്രചരിപ്പിക്കുകയും ചെയ്തു.
അബദ്ധം മനസ്സിലായപ്പോള്‍ ക്രിക്കറ്റ് അസോസിയേഷനും കുറ്റം മന്ത്രിക്കു മേല്‍ ചാരി തടിതപ്പാന്‍ നോക്കുകയാണെന്നും സര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ യഥാര്‍ത്ഥ പ്രതികളെ വെള്ളപൂശുകയാണെന്നും മന്ത്രി ആരോപിച്ചു. Also Read- ‘പട്ടിണി കിടക്കുന്നവർ കളികാണേണ്ട എന്ന പരാമർശം വരുത്തിവെച്ച വിന ഇന്നലെ നേരിൽകണ്ടു’: പന്ന്യൻ രവീന്ദ്രൻ
കാണികൾ കുറഞ്ഞതിന് കായികമന്ത്രിയെ പരോക്ഷമായി വിമർശിച്ച് മുതിർന്ന സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ രംഗത്തെത്തിയിരുന്നു. കളിയെ പ്രോത്സാഹിപ്പിക്കേണ്ടവർ നടത്തിയ അനാവശ്യ പരാമർശങ്ങൾക്ക് ഈ ദുസ്ഥിതിക്ക് കാരണമായിട്ടുണ്ടെന്നും നഷ്ടം കെഎസിഎക്ക് മാത്രമല്ല, സർക്കാരിന് കൂടിയാണെന്ന് ഇത്തരം പരാമർശം നടത്തുന്നവർ മനസിലാക്കണമെന്നുമായിരുന്നു പന്ന്യൻ ഫെയ്സ്ബുക്കിൽ കുറിച്ചത്.
2000, 1000, വിദ്യാർഥികൾക്ക് 500 എന്നിങ്ങനെയാണ് കാര്യവട്ടം ഏകദിനത്തിന് ടിക്കറ്റ് നിരക്ക് നിശ്ചയിച്ചത്. ഇതു കൂടാതെ 30 ശതമാനം നികുതിയും ഈടാക്കുന്നുണ്ട്. 18 ശതമാനം ജി.എസ്.ടിക്കുപുറമെ കോർപറേഷൻ വിനോദനികുതി 12 ശതമാനമാക്കിയതാണ് വിവാദമായത്. മറ്റിടങ്ങളിൽ അഞ്ച് ശതമാനം മാത്രമാണ് വിനോദ നികുതി. ചിലയിടങ്ങളിൽ വിനോദനികുതി പൂർണമായി ഒഴിവാക്കി നൽകിയിട്ടുമുണ്ട്. ഏറ്റവും കുറഞ്ഞ 1000 രൂപയുടെ ടിക്കറ്റെടുക്കുന്നവർ 1445 രൂപ നൽകണം. അതായത് 445 രൂപ നികുതിയായി നൽകണം. 2000 രൂപയുടെ ടിക്കറ്റിന് നികുതി ഉൾപ്പടെ 2860 രൂപയാകും. രാജ്യത്തെ മറ്റ് സ്ഥലങ്ങളിൽനിന്ന് വ്യത്യസ്തമായി ഉയർന്ന നികുതി ഈടാക്കിയത് കാര്യവട്ടം ഏകദിനത്തിന്‍റെ ടിക്കറ്റ് നിരക്ക് ഗണ്യമായി ഉയരാൻ ഇടയാക്കിയതെന്നാണ് സൂചന.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: India Vs Sri Lanka, Karyavattom oneday, Minister V Abdurahman