ദീർഘകാലം പുറത്തിരുന്നതിന് ശേഷം ക്രിക്കറ്റിലേക്കും പിന്നാലെ രഞ്ജി ട്രോഫിയിലേക്കുള്ള (Ranji Trophy) തിരിച്ചുവരവ് മത്സരത്തിൽ നേടിയ വിക്കറ്റ് വ്യത്യസ്‌തമായ രീതിയിൽ ആഘോഷിക്കുന്ന ശ്രീശാന്തിന്റെ (S Sreesanth) വീഡിയോ വൈറലാകുന്നു. രഞ്ജി ട്രോഫി എലീറ്റ് ഗ്രൂപ്പ് എ മത്സരത്തിൽ മേഘാലയയുടെ വിക്കറ്റ് വീഴ്ത്തിയതിന് ശേഷമായിരുന്നു ശ്രീശാന്തിന്റെ ആഘോഷം. മത്സരത്തിൽ വിക്കറ്റ് നേടിയതിന് ശേഷം നടത്തിയ ആഘോഷത്തിന്റെ വീഡിയോ ശ്രീശാന്ത് തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
ഫെബ്രുവരി 17 മുതൽ 20 വരെ രാജ്കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ മേഘാലയയ്‌ക്കെതിരായ (Kerala vs Meghalaya) മത്സരം ബാറ്റർമാരുടെയും ബൗളർമാരുടെയും ഓൾ റൗണ്ട് പ്രകടനത്തിന്റെ ബലത്തിൽ കേരളം ഇന്നിങ്സിനും 166 റൺസിനും ജയിച്ചിരുന്നു.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മേഘാലയയുടെ ആര്യൻ ബോറയെ പുറത്താക്കിയാണ് ശ്രീശാന്ത് ഒമ്പത് വർഷത്തിന് ശേഷം രഞ്ജി ട്രോഫിയിലെ തന്റെ ആദ്യ വിക്കറ്റ് സ്വന്തമാക്കിയത്. ബാറ്റിംഗ് തകർച്ച നേരിടുകയായിരുന്ന മേഘാലയയ്ക്ക് വേണ്ടി ബാറ്റിങ്ങിൽ എട്ടാമനായി കളത്തിലേക്ക് എത്തിയ ബോറയെ ശ്രീശാന്ത് വിക്കറ്റ് കീപ്പർ വിഷ്ണു വിനോദിന്റെ കൈകളിലേക്ക് എത്തിക്കുകയായിരുന്നു. വിക്കറ്റ് വീഴ്ത്തിയതിന് പിന്നാലെ പിച്ചിൽ കമിഴ്ന്ന് കിടന്നായിരുന്നു ശ്രീശാന്തിന്റെ വിക്കറ്റ് ആഘോഷം. വലിയൊരു ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവിൽ വിക്കറ്റ് ലഭിച്ച സന്തോഷത്തിൽ പിച്ചിനെ പ്രണമിക്കുകയായിരുന്നു താനെന്ന് ശ്രീശാന്ത് വീഡിയോ പങ്കുവെച്ചുകൊണ്ട് ട്വിറ്ററിൽ കുറിച്ചു.
പിന്നാലെ അതേ ഓവറിൽ ചെങ്‌കം സാങ്‌മയെ പുറത്താക്കിക്കൊണ്ട് ശ്രീശാന്ത് മേഘാലയയുടെ ഇന്നിങ്സിന് വിരാമമിടുകയും ചെയ്തു. സാങ്മയേയു൦ ശ്രീശാന്ത് വിഷ്ണു വിനോദിന്റെ കൈകളിൽ എത്തിക്കുകയായിരുന്നു.
Also read-
Kerala Blasters | 'ബോംബെക്കാരാ ജാവോ എന്ന് പറയണം..ജാവോ'; ബ്ലാസ്റ്റേഴ്‌സ് ജയത്തിൽ ട്രെൻഡിങ്ങായി ഭീഷ്മപർവ്വം ഡയലോഗ്ഒന്നാം ഇന്നിങ്സിൽ മേഘാലയയെ 148 റൺസിന് പുറത്താക്കിയ കേരളം തകർപ്പൻ ബാറ്റിങ് പ്രകടനം നടത്തി ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 505 റൺസെടുത്ത് കൂറ്റൻ ലീഡ് നേടുകയായിരുന്നു. രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിന് ഇറങ്ങിയ മേഘാലയ 191 റൺസിന് പുറത്തായതോടെ കേരളം ഇന്നിങ്സിനും 166 റൺസിനും ജയിക്കുകയായിരുന്നു. മത്സരത്തിലാകെ ആറു വിക്കറ്റ് വീഴ്ത്തി ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം ഗംഭീരമാക്കിയ 17 വയസ്സുകാരൻ ഏദൻ ആപ്പിൾ ടോമായിരുന്നു കളിയിലെ കേമൻ.
മേഘാലയയ്‌ക്കെതിരെ വിക്കറ്റ് വീഴ്ത്തി രഞ്ജിയിൽ തിരിച്ചുവരവ് നടത്തിയ ശ്രീശാന്തിന് പക്ഷെ പരിക്ക് മൂലം പിന്നീടുള്ള മത്സരങ്ങളിൽ കളിക്കാൻ കഴിഞ്ഞില്ല. പരിക്കേറ്റതോടെ നാട്ടിലേക്ക് മടങ്ങിയ ശ്രീശാന്ത് ഇപ്പോൾ കൊച്ചിയിൽ ചികിസയിലാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.