കൊച്ചി: സജീവ ക്രിക്കറ്റിനോട് വിടപറയുമ്പോഴും തന്റെ വിഷമം തുറന്ന് പറയുകയാണ് ശ്രീശാന്ത് (S. Sreesanth). ഗുജറാത്തിനെതിരെ രജ്ഞി ട്രോഫിയിൽ മത്സരിച്ച് കരിയർ അവസാനിപ്പിക്കാനായിരുന്നു ആഗ്രഹം. എന്നാൽ പരിക്ക് മറയാക്കി ഗുജറാത്ത് - കേരളം മത്സരത്തിൽ നിന്നും ടീം മാനേജ്മെൻ്റ് തന്നെ തഴയുകയായിരുന്നു.
ഗുജറാത്തുമായുള്ള മത്സരം തുടങ്ങുന്നതിന് തലേ ദിവസം ടീം യോഗത്തിൽ ഇത് തൻ്റെ അവസാന മത്സരമാകുമെന്നും വിരമിക്കുകയാണെന്നും വ്യക്തമാക്കിയിരുന്നു. ഒരു മത്സരം കളിച്ച് കളിക്കളത്തിൽ നിന്നും വിരമിക്കുവാനായിരുന്നു ആഗ്രഹം. അത് കഴിയാതെ പോയതിലുള്ള ആഗ്രഹം തുറന്ന് പറയുമ്പോൾ ശ്രീശാന്ത് വികാരാധീനനായി.
തിരിച്ച് വന്നിട്ടും പരിക്ക് തന്നെ വല്ലാതെ വേട്ടയാടി. അതുകൊണ്ട് കഴിഞ്ഞ മൂന്ന് മാസമായി വിരമിക്കുന്നതിനെ കുറിച്ചുള്ള ആലോചന സജീവ പരിഗണനയിലായിരുന്നു. ഒൻപത് വർഷത്തിന് ശേഷമാണ് തനിക്ക് കളിക്കാൻ വീണ്ടും അവസരം ലഭിച്ചത്. അങ്ങനെ അവസരം ലഭിച്ചപ്പോൾ കഴിഞ്ഞ രണ്ട് വർഷം വിലക്ക് നീങ്ങിയിട്ടും കളിക്കാൻ കഴിഞ്ഞില്ല. തന്നെ സംബന്ധിച്ച് കഴിഞ്ഞ രണ്ട് വർഷം വലിയ നഷ്ടമായിരുന്നു. ഇതെല്ലാം ജീവിതത്തിലെ നിർഭാഗ്യമായിട്ടാണ് നോക്കി കാണുന്നത്.
പിന്നീട് ഐ.പി.എൽ. വന്നു. ആദ്യം പേരു പോലും വന്നില്ല. അടുത്ത വർഷം പേര് വന്നപ്പോൾ വിളിക്കപ്പെടുന്ന സാഹചര്യം ഉണ്ടായില്ല. തുടർച്ചയായ അവഗണന വന്നപ്പോൾ ഒരു കളിക്കാരൻ ചെയ്യുന്നത് മാത്രമേ താൻ ചെയ്തിട്ടുള്ളു. തന്നെ പ്രതിസന്ധി ഘട്ടത്തിൽ പിന്തുണച്ച ഒരുപാട് പേരുണ്ട്. സ്നേഹം നടിച്ച് കൂടെ കൂടിയവരുണ്ട്. പിന്തുണച്ചവരോട് നന്ദിയുണ്ട്, ദ്രോഹിച്ചവരോട് പരാതിയും, പരിഭവമില്ലെന്നും ശ്രീശാന്ത് പറഞ്ഞു.
ക്രിക്കറ്റിലെ മറക്കാൻ കഴിയാത്ത അനുഭവങ്ങൾ ഓർത്തെടുക്കാനും ശ്രീശാന്ത് മറന്നില്ല. ട്വൻ്റി 20 ലോകകപ്പിൽ അവസാന ക്യാച്ച് എടുത്ത് വിജയം അവിസ്മരണീയമാക്കിയത് ഇന്നും വലിയ സന്തോഷമാണ്. അവിടെ വരെ തന്നെ എത്തിച്ചത് ഒരുപാട് മത്സരങ്ങളിലൂടെയാണ്. അതിൽ ഏറ്റവും ഇഷ്ടപ്പെടുന്നത് ചലഞ്ചർ ട്രോഫിയിലെ തൻ്റെ പ്രകടനമാണെന്നും ശ്രീശാന്ത് വ്യക്തമാക്കി.
കളിക്കളത്തിൽ നിന്നും വിരമിക്കുമ്പോഴും ക്രിക്കറ്റുമായി ബന്ധപ്പെട്ട മേഖലകളിൽ സജീവമായി ഇനിയും ഉണ്ടാവും. അതിൻ്റെ ഭാഗമായി ക്രിക്കറ്റ് അക്കാദമികൾ സ്ഥാപിക്കുവാനാണ് തീരുമാനം. ആദ്യത്തെ അക്കാദമി കൊല്ലൂർ മൂകാംബികയിൽ ഓണത്തിന് ശേഷം തുറക്കും. ഇന്നും തനിക്ക് 132 കിലോമീറ്റർ വേഗതയിൽ പന്തെറിയുവാൻ കഴിയും. പക്ഷേ പുതിയ താരങ്ങൾ കടന്ന് വരണമെങ്കിൽ അവസരം ഉണ്ടാവണം.
അവർക്കായി വഴിമാറി കൊടുക്കേണ്ട അവസരമാണിതെന്ന് താൻ തിരിച്ചറിയുകയാണ്. താൻ ഇന്ത്യൻ ടീമിൽ എത്തപ്പെട്ടശേഷം 25 ഫ്ലാസ്റ്റ് ബോളർമാരെങ്കിലും കേരളത്തിനായി കളിച്ചു. അവർക്കെല്ലാം ഒരു പരിധി വരെ പ്രചോദമാകുവാൻ എനിക്ക് കഴിഞ്ഞെന്നാണ് വിശ്വാസം. അത് വലിയ അംഗീകാരവും നേട്ടവുമായി കാണാനാണ് ഇഷ്ടം.
തനിക്ക് ഒരു രാഷ്ട്രീയ പാർട്ടിയോടും പ്രത്യേക താൽപ്പര്യമോ എതിർപ്പോ ഇല്ല. 2016 ലെ തിരഞ്ഞെടുപ്പിൽ മത്സരിക്കുവാൻ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുമാണ് വിളിയെത്തിയത്. തൃപ്പൂണിത്തുറയിലോ, തിരുവനന്തപുരത്തോ മത്സരിക്കണമെന്നായിരുന്നു നിർദ്ദേശം. അങ്ങനെ വീട്ടുകാരുമായി ആലോചിച്ച് ഒടുവിൽ മത്സരിക്കുവാൻ തീരുമാനിച്ചു. മത്സരിച്ചപ്പോൾ ജയിക്കാനായി ആത്മാർത്ഥമായി പരിശ്രമിച്ചു. ഏതു തൊഴിൽ ചെയ്യുമ്പോഴും ആത്മാർത്ഥമായി മത്സരിക്കുക എന്നതാണ് തൻ്റെ രീതി. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ശേഷം രാഷ്ട്രീയ രംഗത്തും സജീവമായിരുന്നില്ല. ഇനി മത്സരിക്കുമോയെന്ന് ഇപ്പോൾ പറയാൻ കഴിയില്ല.
ഓണത്തോടനുബന്ധിച്ച് ആത്മകഥ പുറത്തിറക്കാനുള്ള പണിപ്പുരയിലാണ് ശ്രീശാന്ത്. പുസ്തകത്തിൽ തൻ്റെ അനുഭവങ്ങൾ തുറന്നെഴുതും. ക്രിക്കറ്റുമായുള്ള ബന്ധം തുടരും. ഒപ്പം മോഡലിങ്ങ് രംഗത്ത് സജീവമായി ഉണ്ടാകുമെന്നും ശ്രീശാന്ത് വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.