HOME » NEWS » Sports » SRI LANKA CRICKET BOARD ANNOUNCES SQUAD FOR TOUR OF ENGLAND SAR 1

ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ച് ശ്രീലങ്കൻ ക്രിക്കറ്റ്‌ ബോർഡ്, വേതന പ്രശ്‌നത്തിൽ കരാറിൽ ഒപ്പ് വെക്കാതെ താരങ്ങൾ

ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയില്‍ ലങ്ക 2-1ന് തോൽവി സമ്മതിച്ചിരുന്നു. ജൂൺ 23നാണ് ഇംഗ്ലണ്ട് പര്യടനത്തിലെ ആദ്യ മത്സരം നടക്കുക.

News18 Malayalam | news18-malayalam
Updated: June 6, 2021, 9:26 AM IST
ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ച് ശ്രീലങ്കൻ ക്രിക്കറ്റ്‌ ബോർഡ്, വേതന പ്രശ്‌നത്തിൽ കരാറിൽ ഒപ്പ് വെക്കാതെ താരങ്ങൾ
പ്രതീകാത്മക ചിത്രം
  • Share this:
ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫലം വെട്ടിക്കുറച്ചതുമായി ബന്ധപ്പെട്ട് താരങ്ങളുടെ പ്രതിഷേധം തുടരുകയാണ്. ലങ്കയുടെ പ്രധാന താരങ്ങളായ ടെസ്റ്റ് ക്യാപ്റ്റന്‍ ദിമുത് കരുണരത്നെ, ദിനേഷ് ചണ്ഡിമല്‍, ഏയ്ഞ്ചലോ മാത്യൂസ് എന്നിവരടക്കമുള്ള താരങ്ങള്‍ പുതിയ കരാറില്‍ ഒപ്പുവെയ്ക്കാന്‍ വിസമ്മതിച്ചിട്ടുണ്ട്. 32 പേര്‍ക്ക് കഴിഞ്ഞ വര്‍ഷം കരാര്‍ നല്‍കിയിടത്ത് നിന്ന് 24 പേര്‍ക്കായി കരാര്‍ ചുരുക്കിയ ലങ്കന്‍ ബോര്‍ഡ്, താരങ്ങളുടെ വേതനവും വലിയ തോതില്‍ കുറച്ചിരുന്നു. പ്രതിഫലം 40 ശതമാനം വെട്ടിക്കുറച്ച നടപടിക്കെതിരെയാണ് താരങ്ങള്‍ പുതിയ കരാറില്‍ ഒപ്പുവെയ്ക്കാന്‍ വിസമ്മതിച്ചത്.

വരാനിരിക്കുന്ന ഇംഗ്ലണ്ട് ടൂറിനുള്ള ടീമിനെ ശ്രീലങ്ക പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ ഇംഗ്ലണ്ട് ടൂറിനുള്ള കരാറിലും ഒപ്പുവയ്ക്കില്ലെന്ന് താരങ്ങൾ അറിയിച്ചിരിക്കുകയാണ്. ഇതോടെ ലങ്കയുടെ ഇംഗ്ലണ്ട് പര്യടനവും അതിന് ശേഷം ഇന്ത്യയുടെ ലങ്കൻ പര്യടനവും അവതാളത്തിലായേക്കുമെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ ഒക്ടോബറില്‍ കരാര്‍ അവസാനിച്ച ശേഷം താരങ്ങള്‍ക്ക് ടൂര്‍ അനുസരിച്ചായിരുന്നു ബോര്‍ഡ് കരാര്‍ നല്‍കിയത്. കരാറുകളിലെ അവ്യക്തത കാരണം 38 താരങ്ങള്‍ കരാറില്‍ ഒപ്പുവയ്ക്കുന്നില്ലെന്നാണ് മീഡിയ റിലീസില്‍ അറിയിച്ചിരിക്കുന്നത്.

ഇംഗ്ലണ്ടിലേക്ക് 24 അംഗ സ്‌ക്വാഡിനെയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ ബംഗ്ലാദേശ് പരമ്പരയില്‍ ടീമിലില്ലാതിരുന്ന അവിഷ്ക ഫെര്‍ണാണ്ടോ, നുവാന്‍ പ്രദീപ്, ഒഷാഡ ഫെര്‍ണാണ്ടോ, കസുന്‍ രജിത എന്നിവര്‍ ടീമിലേക്ക് മടങ്ങിയെത്തുന്നുണ്ട്. ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയില്‍ ലങ്ക 2-1ന് തോൽവി സമ്മതിച്ചിരുന്നു. ജൂൺ 23നാണ് ഇംഗ്ലണ്ട് പര്യടനത്തിലെ ആദ്യ മത്സരം നടക്കുക. പര്യടനത്തില്‍ മൂന്ന് വീതം ഏകദിനങ്ങളും ടി20യുമാണുള്ളത്. ടി20 മത്സരങ്ങളാണ് ആദ്യം നടക്കുക. ജൂണ്‍ 29ന് ഏകദിന പരമ്പര ആരംഭിക്കും.

Also Read-വിക്കറ്റ് കീപ്പിങ്ങ്, ബാറ്റിങ്ങ്, ക്യാപ്റ്റൻസി! ധോണിയെ സമ്മതിക്കണം, മനസ്സ് തുറന്ന് വിരാട് കോഹ്ലി

പുതിയ കേന്ദ്ര കരാര്‍ ഒപ്പിടില്ലെന്ന താരങ്ങളുടെ നിലപാട് ഒരു പ്രശ്നം തന്നെയാണന്ന് അഭിപ്രായപ്പെട്ട് അടുത്തിടെ ഏകദിന ടീമിന്റെ ക്യാപ്റ്റനായി നിയമിച്ച കുശാല്‍ പെരേരയും രംഗത്തെത്തിയിട്ടുണ്ട്. ശ്രീലങ്കയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ കുശല്‍ പെരേര ടീമിനെ ഏകദിനങ്ങളിലും ടി20യിലും നയിക്കുമെന്നാണ് ലങ്കൻ ക്രിക്കറ്റ് ബോർഡ് അറിയിക്കുന്നത്. ബോര്‍ഡിന്റെ നടപടി താരങ്ങള്‍ക്കിടയില്‍ വലിയ തോതില്‍ അതൃപ്തിയുണ്ടാക്കിയിട്ടുണ്ടെങ്കിലും ടീമിന്റെ ശ്രദ്ധ ക്രിക്കറ്റില്‍ തന്നെയായിരിക്കുമെന്ന് കുശാല്‍ പെരേര ഈയിടെ വ്യക്തമാക്കിയിരുന്നു.

യുവ താരങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കി 2023 ലോകകപ്പ് മുന്നില്‍ക്കണ്ട് ഒരു പുതിയ ഏകദിന ടീമിനെ കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ശ്രീലങ്കന്‍ ക്രിക്കറ്റ്. ഇതിന്റെ ഭാഗമായി പല സീനിയര്‍ താരങ്ങളേയും ടീമില്‍ നിന്ന് ഒഴിവാക്കാനൊരുങ്ങുന്ന അവര്‍ നിലവില്‍ ഏകദിന, ടെസ്റ്റ് ടീമുകളുടെ നായകനായ കരുണരത്‌നയെ ഏകദിന ടീമിന്റെ നായകസ്ഥാനത്തുനിന്നും മാറ്റിക്കൊണ്ട് കുശാൽ പെരേരക്ക് സ്ഥാനം നൽകിയിരിക്കുന്നത്. ലങ്കൻ ക്രിക്കറ്റിലെ ആഭ്യന്തര പ്രശ്നം ഇന്ത്യയുമായുള്ള പരിമിത ഓവർ പരമ്പരകളെ ബാധിക്കുമോ എന്ന ആശങ്കയും ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്കുണ്ട്.

News summary: Sri Lankan cricket players refuses to sign new pay contracts ahead of upcoming England tour.
Published by: Anuraj GR
First published: June 6, 2021, 9:25 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories