• HOME
  • »
  • NEWS
  • »
  • sports
  • »
  • IND vs SL | ഇന്ത്യയെ വരിഞ്ഞ് മുറുക്കി ശ്രീലങ്ക, 133 റണ്‍സ് വിജയലക്ഷ്യം

IND vs SL | ഇന്ത്യയെ വരിഞ്ഞ് മുറുക്കി ശ്രീലങ്ക, 133 റണ്‍സ് വിജയലക്ഷ്യം

40 റണ്‍സ് നേടിയ നായകന്‍ ശിഖര്‍ ധവാനാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ശ്രീലങ്കയ്ക്കായി അഖില ധനഞ്ജയ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.

Sri Lankan players

Sri Lankan players

  • Share this:
ശ്രീലങ്കന്‍ പര്യടനത്തിലെ നിര്‍ണായകമായ രണ്ടാം ടി20 മത്സരത്തില്‍ ഇന്ത്യയെ വരിഞ്ഞു മുറുക്കി ശ്രീലങ്കന്‍ ടീം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യന്‍ ടീമിന് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. കോവിഡ് ബാധിച്ച ക്രൂണല്‍ പാണ്ഡ്യയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട എട്ട് താരങ്ങളെ മാറ്റി നിര്‍ത്തി നാല് പുതുമുഖ താരങ്ങളുമായാന്ന് ഇന്ത്യ ഇന്ന് ഇറങ്ങിയിരിക്കുന്നത്. 40 റണ്‍സ് നേടിയ നായകന്‍ ശിഖര്‍ ധവാനാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ശ്രീലങ്കയ്ക്കായി അഖില ധനഞ്ജയ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യന്‍ ടീമിനായി ഓപ്പണര്‍മാരായ ശിഖര്‍ ധവാനും റുതുരാജ് ഗെയ്ക്വാടും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. സ്‌കോര്‍ 49ല്‍ നില്‍ക്കുമ്പോള്‍ അരങ്ങേറ്റക്കാരന്‍ റുതുരാജ് ഗെയ്ക്വാടിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 21 റണ്‍സ് നേടിയാണ് താരം പുറത്തായത്. പകരമെത്തിയ അടുത്ത അരങ്ങേറ്റക്കാരന്‍ ദേവ്ദത്ത് പടിക്കല്‍ ധവാനൊപ്പം പതിയെ സ്‌കോര്‍ മുന്നോട്ട് നയിച്ചു. എന്നാല്‍ നായകന്‍ ശിഖര്‍ ധവാന് സ്ഥിരതയാര്‍ന്ന പ്രകടനവുമായി ഒരുപാട് നേരം ക്രീസില്‍ തുടരാന്‍ കഴിഞ്ഞില്ല. സ്‌കോര്‍ 81ല്‍ നില്‍ക്കെ ധവാനെ അഖില ധനഞ്ജയ ബൗള്‍ഡാക്കി.

പിന്നീട് രണ്ട് മലയാളി താരങ്ങള്‍ ക്രീസില്‍ ഒരുമിച്ചു. എന്നാല്‍ അധിക നേരം ഇവര്‍ക്ക് കൂട്ടുകെട്ട് മുന്നോട്ട് കൊണ്ടുപോകാന്‍ കഴിഞ്ഞില്ല. സ്‌കോര്‍ 99ല്‍ എത്തിയപ്പോള്‍ ദേവ്ദത്ത് പടിക്കലും വീണു. 23 പന്തില്‍ 29 റണ്‍സാണ് താരം നേടിയത്. തൊട്ടടുത്ത ഓവറില്‍ സഞ്ജുവും കൂടാരം കയറി. വെറും ഏഴ് റണ്‍സ് മാത്രമാണ് താരത്തിന് സ്‌കോര്‍ബോര്‍ഡിലേക്ക് സംഭാവന ചെയ്യാന്‍ കഴിഞ്ഞത്. നിതീഷ് റാണയും പരാജയമായിരുന്നു. ഒമ്പത് റണ്‍സാണ് റാണ നേടിയത്.

ഏകദിന പരമ്പരയ്ക്ക് പിന്നാലെ ടി20 പരമ്പരയും പോക്കറ്റിലാക്കാനാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. ആദ്യ മത്സരത്തില്‍ നേടിയ 38 റണ്‍സ് വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ തട്ടകത്തില്‍ ഏകദിനത്തിന് പിന്നാലെ ടി20 പരമ്പരയും നഷ്ടപ്പെടാതിരിക്കാനുള്ള ശ്രമത്തിലാണ് ശ്രീലങ്ക. ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടി20യില്‍ ഇന്ത്യ ഗംഭീര ജയമാണ് നേടിയത്. ആതിഥേയരായ ശ്രീലങ്കയെ 38 റണ്‍സിനാണ് ഇന്ത്യയുടെ ചുണക്കുട്ടികള്‍ തകര്‍ത്തെറിഞ്ഞത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന ഇന്ത്യ 165 റണ്‍സ് വിജയ ലക്ഷ്യം ശ്രീലങ്കയ്ക്ക് മുമ്പില്‍ വെച്ചപ്പോള്‍ 18.3 ഓവറില്‍ 126 റണ്‍സിനാണ് ശ്രീലങ്ക കൂടാരം കയറിയത്. നാല് വിക്കറ്റ് വീഴ്ത്തിയ ഉപനായകന്‍ ഭുവനേശ്വര്‍ കുമാറാണ് ശ്രീലങ്കയെ തകര്‍ത്തത്. കളിയിലെ താരവും ഭുവിയായിരുന്നു.

അതേസമയം ബൗളിങ് നിരയുടെ പ്രകടനം ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. ഭുവനേശ്വര്‍ കുമാറും യുസ്വേന്ദ്ര ചഹലും ഫോമിലേക്കെത്തിയത് ഇന്ത്യയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ട്. അരങ്ങേറ്റ താരം ചേതന്‍ സക്കറിയയും ബൗളിംഗ് യൂണിറ്റിന് കരുത്തേകും. ശ്രീലങ്കയെ സംബന്ധിച്ച് ബാറ്റിങ്ങിലാണ് മുഴുവന്‍ പ്രശ്‌നങ്ങളും. ബൗളിങ് നിര ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുമ്പോള്‍ മാച്ച് വിന്നിങ് ഇന്നിങ്സ് കാഴ്ചവെക്കുന്നതില്‍ ബാറ്റിങ് നിര പരാജയപ്പെടുന്നു. ഇത് ശ്രീലങ്കയെ സംബന്ധിച്ച് വലിയ തലവേദനയാണ്. ടി20 ലോകകപ്പ് കളിക്കാന്‍ യോഗ്യതാ മത്സരം കളിക്കേണ്ട അവസ്ഥയിലുള്ള ശ്രീലങ്കയ്ക്ക് ഇന്ത്യക്കെതിരായ ടി20 പരമ്പര നേടേണ്ടത് നിലനില്‍പ്പിന്റെ പ്രശ്നം കൂടിയാണ്.
Published by:Sarath Mohanan
First published: