• HOME
  • »
  • NEWS
  • »
  • sports
  • »
  • SRI LANKA NEED 82 RUNS TO WIN THE 3RD T20 MATCH AND SERIES AGAINST INDIA

IND vs SL | നിര്‍ണായക മത്സരത്തില്‍ ശ്രീലങ്കയ്ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യ; ലങ്കയ്ക്ക് 82 റണ്‍സ് വിജയലക്ഷ്യം

റുതുരാജ് ഗെയ്ക്വാട്, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ് എന്നിവര്‍ക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. 23 റണ്‍സ് നേടിയ കുല്‍ദീപ് യാദവാണ് ടോപ് സ്‌കോറര്‍.

Sri Lankan players

Sri Lankan players

  • Share this:
    നിര്‍ണായക മത്സരത്തില്‍ ആതിഥേയര്‍ക്കു മുന്നില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ ടീം. നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 81 റണ്‍സ് നേടാനേ ഇന്ത്യക്ക് കഴിഞ്ഞുള്ളൂ. ഇന്ത്യന്‍ ഇന്നിങ്‌സില്‍ റുതുരാജ് ഗെയ്ക്വാട്, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ് എന്നിവര്‍ക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. 23 റണ്‍സ് നേടിയ കുല്‍ദീപ് യാദവാണ് ടോപ് സ്‌കോറര്‍. നാല് ഓവറില്‍ വെറും ഒമ്പത് റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകള്‍ വീഴ്ത്തിയ വനിന്ദു ഹസരംഗയാണ് ഇന്ത്യന്‍ ബാറ്റിംഗ് നിരയുടെ കഥ കഴിച്ചത്.

    പരമ്പര നിര്‍ണയിക്കുന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് വളരെ മോശം തുടക്കമാണ് ലഭിച്ചത്. സ്‌കോര്‍ബോര്‍ഡില്‍ അഞ്ചു റണ്‍സ് ചേര്‍ക്കുമ്പോഴേക്കും നായകന്‍ ശിഖര്‍ ധവാന്‍ കൂടാരം കയറി. നേരിട്ട ആദ്യപന്തില്‍ തന്നെയായിരുന്നു ധവാന്റെ മടക്കം. പകരമെത്തിയ ദേവ്ദത്ത് പടിക്കല്‍ 15 പന്തില്‍ ഒമ്പത് റണ്‍സ് നേടി പുറത്തായി. സഞ്ജു സാംസണ്‍ ഇന്നത്തെ മത്സരത്തിലും തിളങ്ങാന്‍ കഴിഞ്ഞില്ല. റണ്‍സൊന്നും നേടാന്‍ കഴിയാതെ ഡക്കായാണ് സഞ്ജു മടങ്ങിയത്.

    സ്‌കോര്‍ 25ല്‍ എത്തിയപ്പോള്‍ ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാടും വീണു. ഇതോടെ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 25 എന്ന നിലയിലായി. നിതീഷ് റാണ ക്രീസില്‍ പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും അധികനേരം തുടരാന്‍ താരത്തിന് കഴിഞ്ഞില്ല. ശേഷമെത്തിയ ഉപനായകന്‍ ഭുവനേശ്വര്‍ കുമാര്‍ കുല്‍ദീപ് യാദവിനെയും കൂട്ടുപിടിച്ച് വിക്കറ്റ് നഷ്ടപ്പെടുത്താതെ ഇന്നിങ്‌സ് മുന്നോട്ട് കൊണ്ടുപോയി. എന്നാല്‍ 15ആം ഓവറില്‍ ഹസരംഗ ഭുവിയെ മടക്കി. 32 പന്തില്‍ നിന്നും 16 റണ്‍സാണ് ഭുവി നേടിയത്.

    മലയാളി പേസര്‍ സന്ദീപ് വാര്യര്‍ ഇന്ന് ഇന്ത്യന്‍ ജേഴ്‌സിയില്‍ അരങ്ങേറ്റം നടത്തുന്നുണ്ട്. അവസാന മത്സരത്തില്‍ പരിക്കേറ്റ യുവ പേസര്‍ നവദീപ് സെയ്‌നിയ്ക്ക് പകരമാണ് സന്ദീപ് വാര്യരെ പരിഗണിച്ചരിക്കുന്നത്. മൂന്ന് മലയാളികള്‍ ഇന്ന് ഒരുമിച്ച് ഇന്ത്യക്ക് വേണ്ടി കളത്തിലിറങ്ങുകയാണ്. സന്ദീപിന് പുറമെ സഞ്ജു സാംസണ്‍, ദേവ്ദത്ത് പടിക്കല്‍ എന്നിവരാണ് ടീമിലെ മറ്റു രണ്ടു പേര്‍.

    ആദ്യ മത്സരം ഇന്ത്യ 38 റണ്‍സിന് ജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ നാല് വിക്കറ്റിന്റെ വിജയം നേടിയാണ് ശ്രീലങ്ക 1-1ന് ഇന്ത്യക്കൊപ്പമെത്തിയത്. ഇന്ന് ജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാന്‍ കഴിയും. ഏകദിന പരമ്പര നഷ്ടപ്പെടുത്തിയ ആതിഥേയര്‍ക്ക് എന്ത് വില കൊടുത്തും ഇന്നത്തെ മത്സരം ജയിക്കേണ്ടത് അഭിമാനപ്രശ്‌നമാണ്. ക്രൂണല്‍ പാണ്ഡ്യക്ക് കോവിഡ് സ്ഥിരീകരിച്ചത് ഇന്ത്യന്‍ ടീമിന് വന്‍ തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത്. ശ്രീലങ്കന്‍ പര്യടനത്തിനെത്തിയ 20 അംഗ ടീമില്‍ ക്രൂണല്‍ പാണ്ഡ്യയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട ഒമ്പത് താരങ്ങളെ മാറ്റി നിര്‍ത്തിയാണ് ഇന്ത്യ കളിക്കാനിറങ്ങിയിരിക്കുന്നത്.

    മലയാളി താരം സഞ്ജു സാംസണിന്റെ പ്രകടനം നിരാശപ്പെടുത്തുകയാണ്. മൂന്നാം ടി20യിലും തിളങ്ങാനായില്ലെങ്കില്‍ സഞ്ജുവിന് ഇനി ദേശീയ ടീമിലേക്ക് അവസരം ലഭിക്കുക പോലും പ്രയാസമാവും. രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജുവിന് ഫ്രാഞ്ചൈസി ക്രിക്കറ്റിലെ മികവ് ദേശീയ ജഴ്‌സിയില്‍ ആവര്‍ത്തിക്കാനാവുന്നില്ലെന്ന വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. അതേസമയം ബൗളിങ് നിരയുടെ പ്രകടനം ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. ഭുവനേശ്വര്‍ കുമാറും കുല്‍ദീപ് യാദവും ഫോമിലേക്കെത്തിയത് ഇന്ത്യയക്ക് ആതമവിശ്വാസം നല്‍കും്. പുതുമുഖ താരം ചേതന്‍ സക്കറിയയും ബൗളിംഗ് യൂണിറ്റിന് കരുത്തേകും.
    Published by:Sarath Mohanan
    First published:
    )}