HOME » NEWS » Sports » SRI LANKA PLANS TO FIELD SECOND LEVEL TEAM AGAINST INDIA DUE TO CONTRACT ISSUES WITH PLAYERS

കരാര്‍ ഒപ്പിട്ടാല്‍ മാത്രം ടീമില്‍ കളിക്കാം; ഇന്ത്യക്കെതിരെ രണ്ടാം നിര ടീമിനെ തന്നെ അണി നിരത്താന്‍ ശ്രീലങ്കയും

കരാര്‍ ഒപ്പുവയ്ക്കാത്ത ഒരാളെയും സെലക്ഷന് പരിഗണിക്കില്ലെന്ന് സെലക്ടര്‍മാരുടെ ചെയര്‍മാന്‍ പ്രമോദയ വിക്രമസിംഗേ വ്യക്തമാക്കി.

News18 Malayalam | news18-malayalam
Updated: July 4, 2021, 10:52 PM IST
കരാര്‍ ഒപ്പിട്ടാല്‍ മാത്രം ടീമില്‍ കളിക്കാം; ഇന്ത്യക്കെതിരെ രണ്ടാം നിര ടീമിനെ തന്നെ അണി നിരത്താന്‍ ശ്രീലങ്കയും
Sri Lankan players
  • Share this:
ശ്രീലങ്കന്‍ ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫലം വെട്ടിക്കുറച്ചതുമായി ബന്ധപ്പെട്ട് താരങ്ങളുടെ പ്രതിഷേധം തുടരുകയാണ്. ഇംഗ്ലണ്ടിനെതിരായ മത്സരങ്ങള്‍ക്ക് യാത്രയാകുന്നതിന് മുമ്പ് പുതിയ കരാര്‍ ഒപ്പുവയ്ക്കില്ലെന്ന് 28 താരങ്ങള്‍ ഉറപ്പിച്ചു പറഞ്ഞിരുന്നു. ഇംഗ്ലണ്ടിലേക്ക് പുറപ്പെടുന്നതിന് മുന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് താരങ്ങളെ ഹോട്ടല്‍ താജ് സമുദ്രയിലേക്ക് ചര്‍ച്ചക്കായി വിളിച്ചുവെങ്കിലും അവര്‍ കരാറില്‍ ഒപ്പിടില്ലെന്ന നിലപാട് എടുക്കുകയായിരുന്നു. വാര്‍ഷിക കരാര്‍ പുതുക്കാതെ ഒരു താത്കാലിക കരാര്‍ പ്രകാരമാണ് ഇംഗ്ലണ്ട് പര്യടനത്തിനായി ശ്രീലങ്കന്‍ ടീമംഗങ്ങള്‍ യാത്രയായത്.

ജൂലൈയില്‍ ഇന്ത്യയ്ക്കെതിരായ ഏകദിന, ട്വന്റി20 പരമ്പരകളില്‍ കളിക്കാനുള്ള ഹ്രസ്വകാല കരാറിനും താരങ്ങള്‍ വിസമ്മതിച്ചാല്‍ രണ്ടാം നിര താരങ്ങളെ വച്ച് ഇന്ത്യയ്ക്കെതിരായ പരമ്പരയ്ക്കുള്ള ടീമിനെ തിരഞ്ഞെടുക്കുമെന്ന് ശ്രീലങ്കന്‍ ബോര്‍ഡ് സൂചന നല്‍കിയിരിക്കുകയാണ്. പ്രധാന താരങ്ങള്‍ കരാര്‍ ഒപ്പു വയ്ക്കുവാന്‍ വിസമ്മതിച്ച സാഹചര്യത്തിലാണ് നിലപാട് കടുപ്പിച്ച് ലങ്കന്‍ ബോര്‍ഡ് രംഗത്തെത്തിയിരിക്കുന്നത്. കരാര്‍ ഒപ്പുവയ്ക്കാത്ത ഒരാളെയും സെലക്ഷന് പരിഗണിക്കില്ലെന്ന് സെലക്ടര്‍മാരുടെ ചെയര്‍മാന്‍ പ്രമോദയ വിക്രമസിംഗേ വ്യക്തമാക്കി.

കരാര്‍ ഒപ്പുവയ്ക്കാതെ ഒരു ഡിക്ലറേഷന്‍ എഴുതിയാണ് ലങ്കന്‍ താരങ്ങള്‍ ഇംഗ്ലണ്ടിലേക്ക് യാത്രയായത്. അതിനും തയ്യാറാകാത്ത താരങ്ങളെ സ്‌ക്വാഡിലേക്ക് പരിഗണിച്ചതുമില്ല. ലസിത് എംബുല്‍ദേനിയ, വിശ്വ ഫെര്‍ണാണ്ടോ, ലഹിരു കുമര, അഷന്‍ ബണ്ടാര, കസുന്‍ രജിത എന്നിവരെയാണ് ഇത്തരത്തില്‍ ഒഴിവാക്കപ്പെട്ടത്. എന്നാല്‍ ഇംഗ്ലണ്ട് പര്യടനം പൂര്‍ത്തിയാകുന്നതോടെ വാര്‍ഷിക കരാര്‍ പുതുക്കുന്ന കാര്യത്തില്‍ ബോര്‍ഡും താരങ്ങളും തമ്മില്‍ യോജിപ്പിലെത്തുമെന്നാണ് പ്രതീക്ഷ.

യുവ താരങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കി 2023 ലോകകപ്പ് മുന്നില്‍ക്കണ്ട് ഒരു പുതിയ ഏകദിന ടീമിനെ കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ശ്രീലങ്കന്‍ ക്രിക്കറ്റ്. ഇതിന്റെ ഭാഗമായി പല സീനിയര്‍ താരങ്ങളേയും ടീമില്‍ നിന്ന് ഒഴിവാക്കാനൊരുങ്ങുന്ന അവര്‍ നിലവില്‍ ഏകദിന, ടെസ്റ്റ് ടീമുകളുടെ നായകനായ കരുണരത്‌നയെ ഏകദിന ടീമിന്റെ നായകസ്ഥാനത്തുനിന്നും മാറ്റിക്കൊണ്ട് കുശാല്‍ പെരേരക്ക് സ്ഥാനം നല്‍കിയിരിക്കുന്നത്. ലങ്കന്‍ ക്രിക്കറ്റിലെ ആഭ്യന്തര പ്രശ്നം ഇന്ത്യയുമായുള്ള പരിമിത ഓവര്‍ പരമ്പരകളെ ബാധിക്കുമോ എന്നാണ് ഇന്ത്യന്‍ ആരാധകരെ ആശങ്കപ്പെടുത്തുന്നത്.

ശ്രീലങ്കന്‍ പര്യടനത്തിനായി ബിസിസിഐ രണ്ടാം നിര ടീമിനെ അയച്ചുവെന്ന വിമര്‍ശനം നിലനില്‍ക്കെയാണ് ആതിഥേയരുടെ ഇപ്പോഴത്തെ നീക്കം എന്നതും ശ്രദ്ധേയമാണ്. ഇംഗ്ലണ്ട് പര്യടനത്തിന് മികച്ച താരങ്ങളെ ഉള്‍പ്പെടുത്തി ശക്തമായ ടീമിനെ അയച്ചപ്പോള്‍ ലങ്കന്‍ പര്യടനത്തിന് ദുര്‍ബലരായ ടീമിനെയാണ് ഇന്ത്യ അയച്ചതെന്ന് ശ്രീലങ്കക്ക് ലോകകപ്പ് നേടിക്കൊടുത്ത അവരുടെ മുന്‍ ക്യാപ്റ്റന്‍ രണതുംഗ വിമര്‍ശിച്ചിരുന്നു. എന്നാല്‍ ഒരേ സമയം രണ്ട് വ്യത്യസ്ത പരമ്പരകള്‍ക്കായി രണ്ട് ടീമുകളെ അയച്ചത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഗുണനിലവാരത്തെയാണ് തുറന്ന് കാട്ടുന്നത് എന്ന് പറഞ്ഞുകൊണ്ട് പ്രശംസയുമായി പല ക്രിക്കറ്റ് താരങ്ങളും രംഗത്തെത്തി.

വിരാട് കോഹ്ലി, രോഹിത് ശര്‍മ എന്നിങ്ങനെ ഇന്ത്യയുടെ മുന്‍നിര താരങ്ങള്‍ എല്ലാം ഇംഗ്ലണ്ട് പര്യടനത്തില്‍ ആയതിനാലും കോവിഡ് ക്വാറന്റീന്‍ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ബുദ്ധിമുട്ട് നേരിടുമെന്നതിനാലുമാണ് ലഭ്യമായ മറ്റ് താരങ്ങളെ വെച്ച് ടീം രൂപീകരിച്ച് ലങ്കന്‍ പര്യടനത്തിന് അയക്കാന്‍ ബിസിസിഐ തീരുമാനിച്ചത്. താരതമ്യേന പുതുമുഖ താരങ്ങളാണ് ഇന്ത്യന്‍ ടീമില്‍ ഉള്ളതെങ്കിലും ഇന്ത്യക്ക് വേണ്ടി ദീര്‍ഘകാലമായി പരിമിത ഓവര്‍ ക്രിക്കറ്റ് കളിക്കുന്ന ഒരുപിടി സീനിയര്‍ താരങ്ങളും ടീമിലുണ്ട്.
Published by: Sarath Mohanan
First published: July 4, 2021, 10:52 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories