• HOME
  • »
  • NEWS
  • »
  • sports
  • »
  • IND vs SL | ടി20 പരമ്പര ശ്രീലങ്കയ്ക്ക്; അവസാന മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം

IND vs SL | ടി20 പരമ്പര ശ്രീലങ്കയ്ക്ക്; അവസാന മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം

നാല് ഓവറില്‍ വെറും ഒമ്പത് റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകള്‍ വീഴ്ത്തിയ വനിന്ദു ഹസരംഗയാണ് ഇന്ത്യന്‍ ബാറ്റിംഗ് നിരയുടെ കഥ കഴിച്ചത്.

Credit: ICC| Twitter

Credit: ICC| Twitter

  • Last Updated :
  • Share this:
    ടി20 പരമ്പരയിലെ നിര്‍ണായകമായ മത്സരത്തില്‍ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യക്ക് തോല്‍വി. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-1ന് ശ്രീലങ്ക സ്വന്തമാക്കി. ഇന്ത്യ ഉയര്‍ത്തിയ 82 റണ്‍സ് വിജയലക്ഷ്യം 14.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ആതിഥേയര്‍ മറികടന്നു. നാല് ഓവറില്‍ വെറും ഒമ്പത് റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകള്‍ വീഴ്ത്തിയ വനിന്ദു ഹസരംഗയാണ് ഇന്ത്യന്‍ ബാറ്റിംഗ് നിരയുടെ കഥ കഴിച്ചത്. ഇന്ത്യക്കായി രാഹുല്‍ ചഹറാണ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയത്.

    കുഞ്ഞന്‍ സ്‌കോര്‍ കയ്യില്‍ വച്ചുകൊണ്ട് പൊരുതാനുറച്ചു തന്നെയാണ് ഇന്ത്യന്‍ ടീം അവസാന മത്സരത്തില്‍ ഇറങ്ങിയത്. റണ്‍സ് വിട്ടു കൊടുക്കുന്നതില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ നന്നായി പിശുക്ക് കാണിച്ചു. ആറാം ഓവറില്‍ സ്‌കോര്‍ 23ല്‍ നില്‍ക്കെ ഓപ്പണര്‍ ഫെര്‍ണാണ്ടോയെ രാഹുല്‍ ചഹര്‍ പവലിയിനിലേക്ക് മടക്കി. തന്റെ അടുത്ത ഓവറില്‍ തന്നെ രാഹുല്‍ ചഹര്‍ മിനോദ് ഭാനുകയെയും വീഴ്ത്തി. 18 റണ്‍സാണ് ഭാനുക നേടിയത്. 12ആം ഓവറിലെ അവസാന പന്തില്‍ സമരവിക്രമയെ വീഴ്ത്തിക്കൊണ്ട് രാഹുല്‍ ചഹര്‍ തന്റെ മൂന്നാം വിക്കറ്റും കരസ്ഥമാക്കി.

    നിര്‍ണായക മത്സരത്തില്‍ ആതിഥേയര്‍ക്കു മുന്നില്‍ ഇന്ത്യന്‍ ടീം തകര്‍ന്നടിയുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 81റണ്‍സ് നേടാനേ ഇന്ത്യക്ക് കഴിഞ്ഞുള്ളൂ. ഇന്ത്യന്‍ ഇന്നിങ്സില്‍ റുതുരാജ് ഗെയ്ക്വാട്, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ് എന്നിവര്‍ക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. 23 റണ്‍സ് നേടിയ കുല്‍ദീപ് യാദവാണ് ടോപ് സ്‌കോറര്‍.

    മലയാളി പേസര്‍ സന്ദീപ് വാര്യര്‍ ഇന്ന് ഇന്ത്യന്‍ ജേഴ്‌സിയില്‍ അരങ്ങേറ്റം നടത്തിയിരുന്നു്. അവസാന മത്സരത്തില്‍ പരിക്കേറ്റ യുവ പേസര്‍ നവദീപ് സെയ്‌നിയ്ക്ക് പകരമാണ് സന്ദീപ് വാര്യരെ പരിഗണിച്ചത്. മൂന്ന് മലയാളികളാണ് ഇന്ന് ഒരുമിച്ച് ഇന്ത്യക്ക് വേണ്ടി കളത്തിലിറങ്ങിയത്. സന്ദീപിന് പുറമെ സഞ്ജു സാംസണ്‍, ദേവ്ദത്ത് പടിക്കല്‍ എന്നിവരാണ് ടീമിലെ മറ്റു രണ്ടു പേര്‍.

    നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് വളരെ മോശം തുടക്കമാണ് ലഭിച്ചത്. സ്‌കോര്‍ബോര്‍ഡില്‍ അഞ്ചു റണ്‍സ് ചേര്‍ക്കുമ്പോഴേക്കും നായകന്‍ ശിഖര്‍ ധവാന്‍ കൂടാരം കയറി. നേരിട്ട ആദ്യപന്തില്‍ തന്നെയായിരുന്നു ധവാന്റെ മടക്കം. പകരമെത്തിയ ദേവ്ദത്ത് പടിക്കല്‍ 15 പന്തില്‍ ഒമ്പത് റണ്‍സ് നേടി പുറത്തായി. സഞ്ജു സാംസണ്‍ ഇന്നത്തെ മത്സരത്തിലും തിളങ്ങാന്‍ കഴിഞ്ഞില്ല. റണ്‍സൊന്നും നേടാന്‍ കഴിയാതെ ഡക്കായാണ് സഞ്ജു മടങ്ങിയത്.

    സ്‌കോര്‍ 25ല്‍ എത്തിയപ്പോള്‍ ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാടും വീണു. ഇതോടെ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 25 എന്ന നിലയിലായി. നിതീഷ് റാണ ക്രീസില്‍ പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും അധികനേരം തുടരാന്‍ താരത്തിന് കഴിഞ്ഞില്ല. ശേഷമെത്തിയ ഉപനായകന്‍ ഭുവനേശ്വര്‍ കുമാര്‍ കുല്‍ദീപ് യാദവിനെയും കൂട്ടുപിടിച്ച് വിക്കറ്റ് നഷ്ടപ്പെടുത്താതെ ഇന്നിങ്സ് മുന്നോട്ട് കൊണ്ടുപോയി. എന്നാല്‍ 15ആം ഓവറില്‍ ഹസരംഗ ഭുവിയെ മടക്കി. 32 പന്തില്‍ നിന്നും 16 റണ്‍സാണ് ഭുവി നേടിയത്.
    Published by:Sarath Mohanan
    First published: