നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • IND vs SL | ദേവ്ദത്ത് പടിക്കലിന് അരങ്ങേറ്റം; ടോസ്സ് നേടിയ ശ്രീലങ്ക ബൗളിംഗ് തിരഞ്ഞെടുത്തു

    IND vs SL | ദേവ്ദത്ത് പടിക്കലിന് അരങ്ങേറ്റം; ടോസ്സ് നേടിയ ശ്രീലങ്ക ബൗളിംഗ് തിരഞ്ഞെടുത്തു

    ദേവ്ദത്ത് പടിക്കല്‍, റുതുരാജ് ഗെയ്ക്വാട്, ചേതന്‍ സക്കറിയ, നിതീഷ് റാണ എന്നിവര്‍ക്കാണ് ഇന്നത്തെ മത്സരത്തില്‍ അവസരം ലഭിച്ചിരിക്കുന്നത്.

    Image: Twitter

    Image: Twitter

    • Share this:
      ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിംഗിനയച്ചു. കോവിഡ് ബാധിച്ച ക്രൂണല്‍ പാണ്ഡ്യയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ളവരെ മാറ്റി നിര്‍ത്തിക്കൊണ്ടാണ് ഇന്ത്യ അന്തിമ ഇലവനെ തിരഞ്ഞെടുത്തിരിക്കുന്നത്. നാല് ഇന്ത്യന്‍ താരങ്ങളാണ് ഇന്ന് ഇന്ത്യന്‍ ജേഴ്‌സിയില്‍ അരങ്ങേറ്റം നടത്തുന്നത്. ദേവ്ദത്ത് പടിക്കല്‍, റുതുരാജ് ഗെയ്ക്വാട്, ചേതന്‍ സക്കറിയ, നിതീഷ് റാണ എന്നിവര്‍ക്കാണ് ഇന്നത്തെ മത്സരത്തില്‍ അവസരം ലഭിച്ചിരിക്കുന്നത്. പൃഥ്വി ഷാ, സൂര്യകുമാര്‍ യാദവ് തുടങ്ങി ക്രൂണല്‍ പാണ്ഡ്യയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട എട്ട് താരങ്ങളെ മാറ്റി നിര്‍ത്തിയാണ് ഇന്ത്യ ഇന്ന് കളിക്കാനിറങ്ങുന്നത്.

      ഏകദിന പരമ്പരയ്ക്ക് പിന്നാലെ ടി20 പരമ്പരയും പോക്കറ്റിലാക്കാനാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. ആദ്യ മത്സരത്തില്‍ നേടിയ 38 റണ്‍സ് വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ തട്ടകത്തില്‍ ഏകദിനത്തിന് പിന്നാലെ ടി20 പരമ്പരയും നഷ്ടപ്പെടാതിരിക്കാനുള്ള ശ്രമത്തിലാണ് ശ്രീലങ്ക. ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടി20യില്‍ ഇന്ത്യ ഗംഭീര ജയമാണ് നേടിയത്. ആതിഥേയരായ ശ്രീലങ്കയെ 38 റണ്‍സിനാണ് ഇന്ത്യയുടെ ചുണക്കുട്ടികള്‍ തകര്‍ത്തെറിഞ്ഞത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന ഇന്ത്യ 165 റണ്‍സ് വിജയ ലക്ഷ്യം ശ്രീലങ്കയ്ക്ക് മുമ്പില്‍ വെച്ചപ്പോള്‍ 18.3 ഓവറില്‍ 126 റണ്‍സിനാണ് ശ്രീലങ്ക കൂടാരം കയറിയത്. നാല് വിക്കറ്റ് വീഴ്ത്തിയ ഉപനായകന്‍ ഭുവനേശ്വര്‍ കുമാറാണ് ശ്രീലങ്കയെ തകര്‍ത്തത്. കളിയിലെ താരവും ഭുവിയായിരുന്നു.

      മലയാളി താരം സഞ്ജു സാംസണിന്റെ പ്രകടനം നിരാശപ്പെടുത്തുന്നുണ്ട്. രണ്ടാം ടി20യിലും തിളങ്ങാനായില്ലെങ്കില്‍ സഞ്ജുവിന് ഇനി ദേശീയ ടീമിലേക്ക് അവസരം ലഭിക്കുക പോലും പ്രയാസമാവും. രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജുവിന് ഫ്രാഞ്ചൈസി ക്രിക്കറ്റിലെ മികവ് ദേശീയ ജഴ്‌സിയില്‍ ആവര്‍ത്തിക്കാനാവുന്നില്ലെന്ന വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.

      അതേസമയം ബൗളിങ് നിരയുടെ പ്രകടനം ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. ഭുവനേശ്വര്‍ കുമാറും യുസ്വേന്ദ്ര ചഹലും ഫോമിലേക്കെത്തിയത് ഇന്ത്യയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. വരുണ്‍ ചക്രവര്‍ത്തി, ക്രുണാല്‍ പാണ്ഡ്യ എന്നിവര്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുമ്പോള്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയുടെ പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തുകയാണ്.

      ശ്രീലങ്കയെ സംബന്ധിച്ച് ബാറ്റിങ്ങിലാണ് മുഴുവന്‍ പ്രശ്നങ്ങളും. ബൗളിങ് നിര ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുമ്പോള്‍ മാച്ച് വിന്നിങ് ഇന്നിങ്‌സ് കാഴ്ചവെക്കുന്നതില്‍ ബാറ്റിങ് നിരക്ക് പരാജയപ്പെടുന്നു. ഇത് ശ്രീലങ്കയെ സംബന്ധിച്ച് വലിയ തലവേദനയാണ്. ടി20 ലോകകപ്പ് കളിക്കാന്‍ യോഗ്യതാ മത്സരം കളിക്കേണ്ട അവസ്ഥയിലുള്ള ശ്രീലങ്കയ്ക്ക് ഇന്ത്യക്കെതിരായ ടി20 പരമ്പര നേടേണ്ടത് നിലനില്‍പ്പിന്റെ പ്രശ്‌നം കൂടിയാണ്.

      ഇന്ത്യന്‍ ടീം

      റുതുരാജ് ഗെയ്ക്വാട്, ശിഖര്‍ ധവാന്‍, ദേവ്ദത്ത് പടിക്കല്‍, സഞ്ജു സാംസണ്‍, നിതീഷ് റാണ, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, രാഹുല്‍ ചഹര്‍, നവദീപ് സെയ്നി, ചേതന്‍ സക്കറിയ, വരുണ്‍ ചക്രവര്‍ത്തി
      Published by:Sarath Mohanan
      First published:
      )}