• HOME
  • »
  • NEWS
  • »
  • sports
  • »
  • ബയോ ബബിള്‍ ലംഘിച്ച് ലണ്ടന്‍ തെരുവില്‍ സിഗരറ്റ് വലിച്ച് ലങ്കന്‍ താരങ്ങള്‍, മൂന്ന് പേര്‍ക്കും സസ്പെന്‍ഷന്‍

ബയോ ബബിള്‍ ലംഘിച്ച് ലണ്ടന്‍ തെരുവില്‍ സിഗരറ്റ് വലിച്ച് ലങ്കന്‍ താരങ്ങള്‍, മൂന്ന് പേര്‍ക്കും സസ്പെന്‍ഷന്‍

ഇംഗ്ലണ്ട് പര്യടനത്തിനിടെ ബയോ ബബിള്‍ ലംഘിച്ച് തെരുവില്‍ കറങ്ങി നടന്ന മൂന്ന് ലങ്കന്‍ താരങ്ങളെ ശ്രീലങ്കന്‍ ടീം മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തു.

  • Share this:
    ഇംഗ്ലണ്ട് പര്യടനത്തിനിടെ ബയോ ബബിള്‍ ലംഘിച്ച് തെരുവില്‍ കറങ്ങി നടന്ന മൂന്ന് ലങ്കന്‍ താരങ്ങളെ ശ്രീലങ്കന്‍ ടീം മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തു. ഇവരെ ഉടന്‍ നാട്ടിലേക്ക് തിരിച്ചയക്കാനും ശ്രീലങ്കന്‍ ടീം മാനേജ്‌മെന്റ് തീരുമാനിച്ചിട്ടുണ്ട്. ശ്രീലങ്കന്‍ ടീം വൈസ് ക്യാപ്റ്റന്‍ കുശാല്‍ മെന്‍ഡിസ്, വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ നിരോഷന്‍ ഡിക്വെല്ല ധനുഷ്‌ക ഗുണതിലക എന്നിവരാണ് കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന്റെ പേരില്‍ നടപടി നേരിട്ടിരിക്കുന്നത്. ഇതോടെ ഇംഗ്ലണ്ടിനെതിരായ ശേഷിക്കുന്ന ഏകദിന പരമ്പരയിലെ മത്സരങ്ങളില്‍ ഈ താരങ്ങള്‍ക്ക് കളിക്കാന്‍ സാധിക്കില്ല. ബയോ ബബിള്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പുറത്തുപോയ കാര്യം മൂവരും തുറന്നു സമ്മതിച്ചു.

    സംഭവത്തില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് അധികൃതര്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്. ബയോ ബബിള്‍ വിട്ട് ലണ്ടനിലെ പൊതുവഴിയില്‍ സിഗരറ്റ് വലിച്ചുനടക്കുന്ന മൂന്ന് ശ്രീലങ്കന്‍ താരങ്ങളുടെ വീഡിയോ ഈയിടെ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. കുശാല്‍ മെന്‍ഡിസും നിരോഷന്‍ ഡിക്വെല്ലയെയും ലണ്ടനിലെ മാര്‍ക്കറ്റിലൂടെ കറങ്ങി നടക്കുന്ന ചിത്രങ്ങളാണ് കൂടുതലായും പ്രചരിച്ചത്. ഗുണതിലകയും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നെങ്കിലും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോയയില്‍ ഗുണതിലക ഉണ്ടായിരുന്നില്ല.



    ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ ലങ്കന്‍ ടീം സമ്പൂര്‍ണ പരാജയം ഏറ്റു വാങ്ങിയിരുന്നു. ഇതിനു പിന്നാലെ നാളെ ആരംഭിക്കുന്ന ഏകദിന പരമ്പരക്കായുളള തയാറെടുപ്പിലായിരുന്നു ലങ്കന്‍ ടീം. ഡര്‍ഹാമിലാണ് ഏകദിന പരമ്പര തുടങ്ങുന്നത്. കാര്‍ഡിഫിലാണ് ടി20 പരമ്പര നടന്നിരുന്നത്. ഇവിടെ ലങ്കന്‍ താരങ്ങള്‍ക്ക് പുറത്തുപോകാന്‍ അനുവാദമുണ്ടായിരുന്നു. എന്നാല്‍ ഡര്‍ഹാമില്‍ കോവിഡ് രോഗബാധിതരുടെ എണ്ണം കൂടുതലായതിനാല്‍ കര്‍ശന നിയന്ത്രണങ്ങളാണ് താരങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്നത്.

    ടി20 പരമ്പരയിലെ മൂന്ന് മത്സരങ്ങളും തോറ്റ ശ്രീലങ്കന്‍ ടീമിന് കളിക്കാരുടെ ഭാഗത്തു നിന്നുള്ള ഈ പെരുമാറ്റം വളരെ വലിയ മാനക്കേടാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ മത്സരങ്ങള്‍ക്ക് ശേഷം സ്വന്തം നാട്ടില്‍ ഇന്ത്യയെയാണ് ശ്രീലങ്കയ്ക്ക് നേരിടാനുള്ളത്. ഇന്ത്യയുടെ സീനിയര്‍ താരങ്ങള്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെയും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയുടെയും ഭാഗമായിരിക്കുന്ന സാഹചര്യത്തില്‍ ബി സി സി ഐ ശ്രീലങ്കയിലേക്ക് ഇന്ത്യയുടെ രണ്ടാംനിര ടീമിനെയാണ് അയക്കുന്നത്. ശിഖാര്‍ ധവാനാണ് ശ്രീലങ്കയ്ക്കെതിരെയുള്ള ഇന്ത്യന്‍ ടീമിനെ നയിക്കുക.

    ശ്രീലങ്കന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കുന്നത് ഇന്ത്യയുടെ ബാറ്റിങ് ഇതിഹാസമായ രാഹുല്‍ ദ്രാവിഡാണ്. ഇന്ത്യക്ക് ലങ്കയില്‍ വെച്ച് മൂന്ന് വീതം ഏകദിനങ്ങളും ട്വന്റി20 മത്സരങ്ങളുമാണുള്ളത്. ജൂലൈ 13നാണ് ആദ്യ ഏകദിനം പിന്നാലെ ജൂലൈ 16നും 18നുമായി രണ്ട്, മൂന്ന് ഏകദിനങ്ങള്‍ സംഘടിപ്പിക്കും. ജൂലൈ 21ന് ആദ്യ ടി20യും തുടര്‍ന്ന് ജൂലൈ 23നും 25നും ബാക്കി രണ്ടും എന്നിങ്ങനെയാണ് മത്സരക്രമം. മലയാളി താരങ്ങളായ സഞ്ജു വി സാംസണും ദേവ്ദത്ത് പടിക്കലും ടീമില്‍ ഇടം നേടിയിട്ടുണ്ട്. ദേവ്ദത്ത് പടിക്കലിന് ആദ്യമായാണ് ഇന്ത്യന്‍ ജേഴ്സിയില്‍ കളിക്കാന്‍ വിളിയെത്തിയിരിക്കുന്നത്. പടിക്കലിനൊപ്പം ഐ പി എല്ലിലെ രാജസ്ഥാന്‍ റോയല്‍സിന്റെ പേസര്‍ ചേതന്‍ സക്കറിയ, കെ ഗൗതം, നിതീഷ് റാണ എന്നിവര്‍ പുതുമുഖങ്ങളായി ലങ്കയിലേക്ക് പറക്കുന്നുണ്ട്.
    Published by:Sarath Mohanan
    First published: