നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • കളിക്കളങ്ങള്‍ കായികപ്രവര്‍ത്തനങ്ങള്‍ക്കു മാത്രം: കായിക വകുപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തി

  കളിക്കളങ്ങള്‍ കായികപ്രവര്‍ത്തനങ്ങള്‍ക്കു മാത്രം: കായിക വകുപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തി

  ഔട്ട് ഡോര്‍ സ്റ്റേഡിയങ്ങളില്‍ കായികേതര പരിപാടികള്‍ നടത്തുന്നതിന് സര്‍ക്കാരില്‍ നിന്നും 21 ദിവസം മുമ്പ് തന്നെ അനുമതിക്ക് അപേക്ഷിക്കേണ്ടി വരും.

  Image Shutterstock

  Image Shutterstock

  • Share this:
  തിരുവനന്തപുരം: കളിക്കളങ്ങൾ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി സംസ്ഥാന കായിക വകുപ്പ് മാർഗനിർദേശം പുറത്തിറക്കി. അത്ലറ്റിക്സ് - സൈക്ലിംങ്  ട്രാക്കുകള്‍ ഹോക്കി - ഫുട്ബോള്‍ ടര്‍ഫുകള്‍, ബാസ്ക്കറ്റ് ബോള്‍ - ടെന്നിസ്  കോര്‍ട്ടുകള്‍ എന്നീ ഔട്ട്ഡോര്‍ കളിക്കളങ്ങള്‍ കായികേതര പരിപാടികള്‍ക്ക് അനുവദിക്കുന്നതുമൂലം നാശോന്മുഖമാകുന്നുണ്ട്. ഇത്തരത്തില്‍ പരിപാടികള്‍ നടത്തുന്നത് നിയന്ത്രിക്കാനാണ് മാര്‍ഗനിര്‍ദ്ദേശം. കായിക വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കളിക്കളങ്ങൾക്കാണ് ഇത് ബാധകമാവുക.

  ഇനി ഔട്ട് ഡോര്‍ സ്റ്റേഡിയങ്ങളില്‍ കായികേതര പരിപാടികള്‍ നടത്തുന്നതിന് സര്‍ക്കാരില്‍ നിന്നും 21 ദിവസം മുമ്പ് തന്നെ അനുമതിക്ക് അപേക്ഷിക്കേണ്ടി വരും. തുടര്‍ച്ചയായി 24 മണിക്കൂറിന് മുകളില്‍ സംഘടിപ്പിക്കുന്ന പരിപാടികള്‍ക്ക് അനുമതി നല്‍കില്ല. സിന്തറ്റിക്ക് പ്രതലത്തിലോ ടര്‍ഫിലോ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനോ ഓടിക്കാനോ പാടില്ല.

  പടക്കങ്ങള്‍, കരിമരുന്ന് പ്രയോഗം മുതലായവ അനുവദിക്കുന്നതല്ല.പരിപാടി നടക്കുമ്പോള്‍ ടര്‍ഫ് / സിന്തറ്റിക്ക് ട്രാക്ക്/വുഡന്‍ ഫ്ളോറിംഗ് എന്നിവയെ സംരക്ഷിക്കാൻ സിന്തറ്റിക്ക് പരവതാനി, തടിപ്പലക മുതലായവ ഉപയോഗിക്കണം. സ്വാഭാവിക പുല്‍ത്തകിടികള്‍ 24 മണിക്കൂറിലധികം മൂടിയിടാന്‍ പാടില്ലെനും മാർഗ നിർദേശത്തിൽ വ്യക്തമാക്കുന്നു.

  കളിക്കളങ്ങളിൽ ഭക്ഷണസാധനങ്ങളും പാനീയങ്ങളും അനുവദിക്കില്ല. രാസപ്രവര്‍ത്തനമുണ്ടാക്കുന്ന വസ്തുതുക്കൾക്കും കർശന നിയന്ത്രണമുണ്ടാകും. കളിസ്ഥലത്ത് പോസ്റ്റ് സ്ഥാപിക്കാനായി മണ്ണ് കുഴിക്കാന്‍ അനുവദിക്കില്ല. പരിപാടിക്ക് ശേഷം കളിസ്ഥലം ഭംഗിയായി വൃത്തിയാക്കി തിരികെ ഏല്പിക്കണം. മണ്ണില്‍ പാടുകള്‍ അവശേഷിക്കാത്ത രീതിയില്‍ മാത്രമേ അടയാളപ്പെടുത്തലുകള്‍ പാടുള്ളൂ. ഉപയോഗിച്ച സ്ഥലം വൃത്തിയാക്കി സ്റ്റേഡിയം മാനേജ്മെന്‍റിനെ ഏല്‍പ്പിക്കേണ്ടത് പരിപാടിയുടെ സംഘാടകരുടെ ഉത്തരവാദിത്വം ആണെന്നും മാർഗ നിർദേശത്തിൽ വ്യക്തമാക്കുന്നു.

  കളിസ്ഥലത്തേക്ക് വളര്‍ത്തു മൃഗങ്ങളെ പ്രവേശിപ്പിക്കാൻ പാടില്ല. നാശ നഷ്ടങ്ങള്‍ക്ക് ഈടാക്കാന്‍ പാകത്തില്‍ സംഘാടകരില്‍ നിന്നും അഡ്വാന്‍സ് തുക വാങ്ങണം.സ്റ്റേജ്, ഇരിപ്പിടങ്ങളുടെ വിന്യാസം മുതലായവ വ്യക്തമാക്കുന്ന ഒരു സൈറ്റ് പ്ലാന്‍ സംഘാടകര്‍ പരിപാടിക്ക് മുമ്പ് തന്നെ സ്റ്റേഡിയത്തിന്‍റെ ചുമതലക്കാര്‍ക്ക് കൈമാറണം. ബുക്കിംഗ് കാലയളവില്‍ സ്റ്റേഡിയത്തിന്‍റെ ഉകരണങ്ങള്‍ക്കോ മറ്റോ കേടുപാടുണ്ടായാല്‍ സ്റ്റേഡിയം അധികാരികള്‍ അത് വിലയിരുത്തി നഷ്ടപരിഹാരം സംഘാടകരില്‍ നിന്നു ഈടാക്കേണ്ടതാണ്. പരിപാടിയുടെ ശബ്ദ വിന്യാസം പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാക്കരുത്.

  അശ്ലീലമായതൊന്നും പരിപാടിയില്‍ ഉള്‍പ്പെടുത്താന്‍ പാടില്ല.പരിപാടിക്കിടയിലെ എന്തെങ്കിലും അനിഷ്ട സംഭവമോ എമര്‍ജന്‍സിയോ ഉണ്ടായാല്‍ അത് പരിഹരിക്കാനുമുള്ള സംവിധാനങ്ങള്‍ സംഘാടകര്‍ ഒരുക്കേണ്ടതാണ്.ഇത്തരത്തില്‍ പരിപാടികള്‍ നടത്തുന്നതിനുള്ള അനുമതി സര്‍ക്കാരിന് ഉചിതമെന്ന് തോന്നിയാല്‍ പുന:പരിശോധിക്കാമെന്നും മാർഗ നിർദേശം വ്യക്തമാക്കുന്നു.
  Published by:Jayesh Krishnan
  First published:
  )}