തിരുവനന്തപുരം: കഴിഞ്ഞ ദിവസമാണ് കേരളത്തിന്റെ അഭിമാനമായ കായികതാരം പയ്യോളി എക്സ്പ്രസ്സ് പിടി ഉഷയെ രാജ്യസഭയിലേക്ക് നാമനിർദേശം ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓട്ടക്കാരിയായ പി.ടി.ഉഷയെ തേടിയെത്തിയ അംഗീകാരത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അഭിനന്ദനം എത്തിയപ്പോൾ ജന്മനാടായ കേരളത്തിൽ മാത്രം തണുത്ത പ്രതികരമായിരുന്നു.
പി ടി ഉഷ രാജ്യസഭയുടെ ഭാഗമാകുന്നതില്‍ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രിയും അഭിനന്ദനമറിയിച്ച് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനും ട്വീറ്റ് ചെയ്തു. കൂടാതെ, പിടി ഉഷയ്ക്ക് ആശംസകളുമായി രാജ്യസഭാ എംപിയും മാധ്യമപ്രവർത്തകനുമായ ജോൺ ബ്രിട്ടാസും ഫെയ്സ്ബുക്കിലൂടെ ആശംസകൾ നേർന്നു.
എന്നാൽ കേരളത്തിന്റെ കായികമന്ത്രിയുടെ ഭാഗത്തു നിന്ന് ഇതുവരെ യാതൊരു പ്രതികരണവുമുണ്ടായിട്ടില്ല. മുഖ്യമന്ത്രിയുടെ ട്വീറ്റ് മാത്രമാണ് സംസ്ഥാന സർക്കാറിന്റെ ഭാഗത്തുനിന്നുണ്ടായത്. സംസ്ഥാന കായിക മന്ത്രി വി അബ്ദുറഹ്മാന്റെ ഔദ്യോഗിക സോഷ്യൽമീഡിയ അക്കൗണ്ടുകളിലൊന്നും പിടി ഉഷയെ കുറിച്ച് ഇതുവരെ യാതൊരു പ്രതികരണവുമില്ല.
കായിക മന്ത്രിയെ കൂടാതെ, സംസ്ഥാന സ്പോർട്സ് കൗൺസിൽ, കേരള ഒളിമ്പിക് അസോസിയേഷൻ മുഖ്യഭാരവാഹികൾ, യു.ഡി.എഫ് നേതാക്കൾ എന്നിവരും പ്രതികരിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
Also Read-
പി ടി ഉഷ, ഇളയരാജ, ബാഹുബലിയുടെ എഴുത്തുകാരൻ വി വിജയേന്ദ്ര പ്രസാദ് എന്നിവർ രാജ്യസഭയിലേക്ക്
അതേസമയം, പി.ടി ഉഷയുടെ സംഘപരിവാർ ബന്ധമാണ് കേരളത്തിലെ തണുത്ത പ്രതികരണത്തിന് പിന്നിലെന്നാണ് സൂചന. ബിജെപി നേതാക്കളാണ് സജീവമായി പ്രതികരിച്ചത്. കൂടാതെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ഉഷയും നന്ദി അറിയിച്ചിരുന്നു. എം.പിയായി നാമനിർദേശം നൽകിയതിൽ സന്തോഷമുണ്ടെന്നും ഏത് ചുമതലയും ഉത്തരവാദിത്തത്തോടെ നിർവഹിക്കുമെന്നുമായിരുന്നു ഉഷയുടെ പ്രതികരണം.
ഉഷയ്ക്ക് പുറമേ, സംഗീതജ്ഞൻ ഇളയരാജ, ബാഹുബലി അടക്കമുള്ള സിനിമകളുടെ എഴുത്തുകാരൻ വി വിജയേന്ദ്ര പ്രസാദ്, സാമൂഹികപ്രവര്‍ത്തകനും ധര്‍മസ്ഥല ക്ഷേത്രത്തിന്റെ കാര്യക്കാരനുമായ വീരേന്ദ്ര ഹെഗ്ഡെ എന്നിവരേയും നാമനിർദേശം ചെയ്തിട്ടുണ്ട്.
1985 ലും 1986 ലും ലോക അത്ലറ്റിക്സിലെ മികച്ച പത്തുതാരങ്ങളിൽ ഒരാൾ ഉഷയായിരുന്നു. ഉഷയ്ക്കു മുമ്പും പിന്നീടും ഇന്ത്യയിൽ നിന്നൊരാളും ഈ ലിസ്റ്റിൽ ഇടംനേടിയിട്ടില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.