ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്തിന് ഇത് തിരക്കുപിടിച്ച സമയമാണ്. ഇന്ത്യയ്ക്കെതിരെ നടക്കുന്ന ബോർഡർ-ഗവാസ്കർ ട്രോഫിയിൽ എങ്ങനെയെങ്കിലും ടീമിനെ തിരിച്ചെത്തിക്കണം. പരമ്പരയിൽ നിലവിൽ 1-0 ന് പുറകിലാണ് ഓസ്ട്രേലിയ.
മത്സരവും പരിശീലനവുമെല്ലാമായി തിരക്കിലാണ് ക്രിക്കറ്റ് താരം. ഇതിനിടയിലാണ് വാലന്റൈൻസ് ഡേ എത്തുന്നത്. നാട്ടിലുള്ള ഭാര്യയ്ക്ക് തിരക്കുകൾക്കിടയിലും സോഷ്യൽമീഡിയയിലൂടെ ആശംസയറിയിക്കാൻ താരം സമയം കണ്ടെത്തി. പക്ഷേ, ചെറുതായിട്ടൊരു കൈയ്യബദ്ധം പറ്റിയെന്നു മാത്രം.
Also Read- ‘മികവുറ്റ വനിതകളെല്ലാം MI കുടുംബത്തിന്റെ ഭാഗമായതിൽ ആഹ്ലാദം’: വിമൻസ് IPL ലേലത്തിൽ നിതാ അംബാനി
ട്വിറ്ററിലും ഇൻസ്റ്റഗ്രാമിലുമെല്ലാം ഭാര്യ ഡാനി വില്ലിസിനൊപ്പമുള്ള ചിത്രങ്ങൾ സ്മിത്ത് പങ്കുവെച്ചിരുന്നു. ഒപ്പം മനോഹരമായ കുറിപ്പും.
“എന്റെ സുന്ദരിയായ ഭാര്യക്ക് പ്രണയദിനാശംസകൾ. നേരിട്ടു കാണാൻ ഇനിയും കുറച്ചു ദിവസങ്ങൾ കൂടി കാത്തിരിക്കാൻ വയ്യ” എന്നായിരുന്നു സ്മിത്തിന്റെ കുറിപ്പ്. ഇതിനൊപ്പം ഭാര്യയെ ടാഗ് ചെയ്യാനും സ്മിത് മറന്നില്ല. എല്ലാം ഭംഗിയായി നടന്നു. ഇൻസ്റ്റഗ്രാമിൽ പോസ്റ്റിന് താഴെ ആരാധകർ ആശംസകളുമായി എത്തി.
View this post on Instagram
പക്ഷേ, ട്വിറ്ററിൽ തിരിച്ചായിരുന്നു സ്ഥിതി. ഭാര്യയ്ക്കുവേണ്ടിയുള്ള പ്രണയദിന സന്ദേശത്തിൽ ഓസ്ട്രേലിയൻ താരം ടാഗ് ചെയ്തത് മറ്റൊരു സ്ത്രീയെ ആയിരുന്നു. കൈയ്യബദ്ധം പറ്റിയ കാര്യം സ്മിത്ത് തിരിച്ചറിയുന്നതിനു മുമ്പ് തന്നെ ആരാധകർ കണ്ടെത്തി.
ഇതു തന്നെയാണോ താങ്കളുടെ ഭാര്യ എന്ന് ഉറപ്പില്ല എന്നായിരുന്നു ഒരാളുടെ കമന്റ്. ഭാര്യയെ അല്ല ടാഗ് ചെയ്തിരിക്കുന്നതെന്ന് തൊട്ടടുത്ത കമന്റും വന്നു. പിന്നെ തുടർച്ചെ കമന്റുകളായിരുന്നു. ഒടുവിൽ ട്വീറ്റ് തന്നെ സ്മിത്ത് പിൻവലിച്ചു.
ഇൻസ്റ്റഗ്രാമിൽ ശരിയായി ടാഗ് ചെയ്ത പോസ്റ്റ് ട്വിറ്ററിൽ കോപ്പി പേസ്റ്റ് ചെയ്തപ്പോൾ താരത്തിന് അബദ്ധം പറ്റിയതാകാമെന്നാണ് കരുതുന്നത്. അതെന്തായാലും തിരക്കിനിടയിൽ ഭർത്താവിനു പറ്റിയ ഒരു കൈയ്യബദ്ധമായി കണ്ട് താരത്തോട് ഭാര്യ ക്ഷമിച്ചു കാണും എന്നും ആരാധകർ കരുതുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.