ഒളിമ്പിക്സ് മെഡല്‍ സ്വന്തമാക്കുന്ന കേരളത്തില്‍ നിന്നുള്ള രണ്ടാമത്തെ താരമെന്ന ബഹുമതിയുടെ നിറവില്‍ ഇന്ത്യന്‍ ഹോക്കി ടീം ഗോള്‍ കീപ്പര്‍ പി. ആര്. ശ്രീജേഷ് ചിരിക്കുമ്പോള്‍, ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് അത് അഭിമാനചിത്രമാകുന്നു.
എന്നാല്‍ ശ്രീജേഷിന് മുന്‍ഗാമിയായി ഒളിമ്പിക്സില്‍ മെഡല്‍ നേടിയ മറ്റൊരു മലയാളി കൂടിയുണ്ട്. കണ്ണൂരുകാരനായ മാനുവല്‍ ഫ്രെഡെറിക്. 1972 ലെ മ്യൂണിക് ഒളിമ്പിക്സില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ഹോക്കി ടീമിലെ ഗോള്‍ കീപ്പറയായിരുന്നു കണ്ണൂര്‍ നഗരത്തിലെ ബര്‍ണശേരിക്കാരനായ ഈ എഴുപത്തിനാലുകാരന്. ഇപ്പോള്‍ കണ്ണൂരിലും ബാംഗ്ലൂരിലുമായി മാറി മാറി താമസിച്ചു വരികയാണ് ഇദ്ദേഹം. 1972ലെ ഒളിമ്പിക്സില്‍ ഇന്ത്യ ഹോക്കിയില്‍ മെഡല്‍ സ്വന്തമാക്കിയപ്പോള്‍ മാനുവലാണ് വല കാത്തത്.
സ്കൂള്‍ കാലത്ത് ഫുട്ബോളിലൂടെ സ്പോര്‍ട്സ് രംഗത്തേക്ക് വന്ന മാനുവല്‍ തന്റെ പന്ത്രണ്ടാം വയസില്‍ ഹോക്കിയിലേക്ക് ചുവടുമാറി. പതിനഞ്ചാം വയസില്‍ ഇന്ത്യന്‍ സൈന്യത്തില്‍ ചേര്‍ന്നതാണ് കണ്ണൂര്‍ സ്വദേശിയായ മാനുവല്‍ ഫ്രെഡെറികിന്റെ കരിയറിലെ വഴിത്തിരിവായത്. സൈനിക ക്യാമ്പിലെ പരിശീലനം മാനുവലിനെ നിലവാരമുള്ള ഹോക്കി താരമാക്കിമാറ്റുകയായിരുന്നു. പിന്നീട് 1971ല്‍ അദ്ദേഹം അന്താരാഷ്ട്ര ഹോക്കിയില്‍ അരങ്ങേറി. തൊട്ടടുത്ത വര്‍ഷം തന്നെ ഒളിമ്പിക്സ് മെഡലും നേടി.
മ്യൂണിക്ക് ഒളിമ്പിക്സ് തനിക്ക് സന്തോഷത്തിനൊപ്പം ഭീതിയും സമ്മാനിച്ചതായിരുന്നു എന്ന് മാനുവല്‍ ഫ്രെഡെറിക് അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. തീവ്രവാദികളുടെ അക്രമത്തില്‍ കളിക്കാരാകെ വെറുങ്ങലിച്ചു പോയ ഒളിംമ്പിക്സായിരുന്നു അത്. മുറിക്കകത്ത് മാത്രം അടച്ചിരുന്ന് കളിക്കാനായി മാത്രം പുറത്തിറങ്ങിയ നാളുകളായിരുന്നു അതെന്ന് അദ്ദേഹം ഓര്‍മ്മിക്കുന്നു.
ഒളിമ്പിക് കളിക്കളത്തില്‍ തന്നെ 'ടൈഗര്‍' എന്ന വിളിപേരുള്ള ഇദ്ദേഹത്തിന് അര്‍ഹിക്കുന്ന അംഗീകാരം ലഭിച്ചിട്ടില്ല. 21 അന്താരാഷ്ട്ര ടൂര്‍ണമെന്റുകളുടെ ഗോള്‍ വലയമാണ് അദ്ദേഹം തീര്‍ത്തിട്ടുള്ളത്, 1973ല്‍ ഇന്ത്യ ഹോളണ്ട് ലോകകപ്പില്‍ വെള്ളിനേടിയപ്പോഴും, അര്‍ജന്റീന ലോകക്കപ്പില്‍ നാലാം സ്ഥാനം നേടിയപ്പോഴും അദ്ദേഹം ടീമില്‍ ഉണ്ടായിരുന്നു. അന്ന് ഒളിമ്പിക്സ് മെഡല്‍ നേടിയ ടീമിലെ എട്ടു താരങ്ങള്‍ക് അര്‍ജുന അവര്‍ഡും, രണ്ടു താരങ്ങള്‍ക്ക് പത്മശ്രീ ലഭിച്ചിട്ടും മാനുവലിനെ മാത്രം ഭരണാധികാരികള്‍ മറക്കുകയാണ് ഉണ്ടായത്.
18 വര്‍ഷം ബാംഗ്ലൂര്‍ എച്ച്.എ.എല്ലിന്റെ പരിശീലകനായിരുന്ന അദ്ദേഹം ഇപ്പോള്‍ വാര്‍ധക്യകാല അസുഖങ്ങളുള്ളതിനാല്‍ ഏറെക്കാലമായി ബാംഗ്ലൂരില്‍ കുടുംബത്തോടൊപ്പമാണ് താമസം. കണ്ണൂരിലെ സ്പോര്‍ട്സ് പ്രേമികള്‍ നിവേദനം നല്‍കിയതിനെ തുടര്‍ന്ന് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 20 ലക്ഷം രൂപ അനുവദിക്കുകയും, രണ്ടു വര്‍ഷം മുന്‍പ് പിണറായി സര്‍ക്കാര്‍ പയ്യാമ്പലം പള്ളിയാംമൂലയില്‍ അദ്ദേഹത്തിന് പുതിയ വീടുവെച്ചു നല്‍കുകയും ചെയ്തിരുന്നു.
ഹെല്‍മെറ്റ് പോലും അണിയാതെ യാതൊരു സുരക്ഷാ ക്രമീകരണങ്ങളുമില്ലാതെ രാജ്യത്തിന് വേണ്ടി ഗോള്‍വലയം തീര്‍ത്ത മാനുവലിനെ സംസ്ഥാന ഹോക്കി അസോസിയേഷന് ഇത്രകാലവും അവഗണിക്കുകയായിരുന്നുവെന്ന് സ്പോര്‍ട്സ് എഴുത്തുകാരനും നിരീക്ഷകനുമായ അഡ്വ.ദേവദാസ് പറഞ്ഞു.
ഇതു വരെ കണ്ണൂര്‍ ജില്ലാ ഭരണകൂടമോ സംസ്ഥാന സര്‍ക്കാരോ മാനുവലിനെ പത്മപുരസ്കാരത്തിനടക്കം പേര് നിര്‍ദ്ദേശിച്ചിട്ടില്ലെന്നും ഈ അവഗണന ഇനിയും തുടരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.