HOME » NEWS » Sports » SUAREZ SCORES 500 GOALS IN HIS CAREER ATLETICO MADRID DETERMINED TO WIN LA LIGA INT NAV

Luis Suarez | കരിയറിൽ 500 ഗോൾ നേട്ടവുമായി സുവാരസ്; ലാലിഗയിൽ കിരീടം നേടാൻ ഉറച്ച് അത്‌ലറ്റിക്കോ മാഡ്രിഡ്

ക്ലബ്ബിന് വേണ്ടി ഏതറ്റം വരെയും പോവുന്ന സുവാരസ് ഈ സീസണിൽ അത്‌ലറ്റിക്കോയെ സ്പാനിഷ് ലീഗ് കിരീടം ചൂടിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

News18 Malayalam | news18-malayalam
Updated: March 22, 2021, 6:25 PM IST
Luis Suarez | കരിയറിൽ 500 ഗോൾ നേട്ടവുമായി സുവാരസ്; ലാലിഗയിൽ കിരീടം നേടാൻ ഉറച്ച് അത്‌ലറ്റിക്കോ മാഡ്രിഡ്
Suarez_atletico
  • Share this:
ലോക ഫുട്ബോളിലെ വിവാദ നായകന്മാരുടെ പേരെടുത്താൽ അതിൽ മുൻനിരയിൽ തന്നെ കാണും ലൂയിസ് സുവാരസ് എന്ന ഉറുഗ്വായ് താരത്തിന്‍റെ പേര്. മികച്ച കളിക്കാരൻ ആണെങ്കിലും കളിയേക്കാൾ ഏറെ തന്‍റെ പ്രവൃത്തികളുടെ പേരിൽ ആണ് അധികവും സുവാരസ് വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നത്. ലോകകപ്പിലെ മത്സരത്തിൽ ഇറ്റാലിയൻ താരം ജോർജ് കില്ലെനിയെ കടിച്ചതുമായി ബന്ധപ്പെട്ടത് ആണ് താരത്തിന്‍റെ കുപ്രസിദ്ധി ഇത്രയേറെ വളർത്തിയത്. സംഭവത്തിന് ശേഷം താരം കുറേക്കാലം കളത്തിനു പുറത്തായിരുന്നു. ഏതായാലും തിരിച്ച് വരവിന് ശേഷം താരം നല്ലനടപ്പു സ്വീകരിച്ചിരുന്നു. കരിയറിൽ 500 ഗോളുകൾ എന്ന ഗോൾ നേട്ടത്തിലെത്തിയാണ് താരം ഇപ്പോൾ വാർത്തകളിൽ നിറഞ്ഞിരിക്കുന്നത്.

ലാലിഗയിൽ അത്‌ലറ്റിക്കോ മാഡ്രിഡിന് വേണ്ടിയാണ് താരം ഇപ്പൊൾ കളിക്കുന്നത്. ഇന്നലെ അലാവെസിനെതിരായ കളിയിൽ ഗോൾ നേടിയതോടെയാണ് സുവാരസ് ഈ നേട്ടത്തിൽ എത്തിയത്. മത്സരത്തിന്റെ 54ാം മിനുട്ടിൽ കീറൻ ട്രിപ്പിയറിന്റെ ക്രോസിൽ നിന്നാണ് സുവാരസ് തന്റെ ക്ലബ്ബിനും രാജ്യത്തിനും വേണ്ടിയുള്ള 500ാമത്തെ ഗോൾ നേടിയത്. 500 ഗോളുകൾ സ്വന്തമാക്കുന്ന ആദ്യ ഉറുഗ്വായ് താരം കൂടിയാണ് സുവാരസ്.

34 വയസുകാരനായ താരം 2005 മെയ് 3 ന് വെറും 16 വയസ്സുള്ളപ്പോഴാണ് തന്‍റെ പ്രഫഷണൽ ഫുട്ബോൾ ജീവിതം ആരംഭിച്ചത്. തന്‍റെ രാജ്യത്തെ ക്ലബായ നാസിയോണലിൽ ആണ് സുവാരസ് തന്‍റെ അരങ്ങേറ്റം കുറിച്ചത്. നാസിയോണലിൽ 2005/06 സീസണിൽ കളിച്ച താരം ക്ലബിനായി 12 ഗോളുകൾ നേടി. അതേ സീസണിൽ അദ്ദേഹം ക്ലബ്ബ് വിടുകയും ഡച്ച് ക്ലബായ ഗ്രോണിൻജെനിൽ ചേരുകയും ചെയ്തു. സീസണിൽ താരം 15 ഗോളുകൾ നേടി. അടുത്ത സീസണിൽ മറ്റൊരു ഡച്ച് ക്ലബായ അയാക്സുമായി കരാറിലേർപ്പെട്ടു. നാല് വർഷത്തോളം ഡച്ച് ലീഗിൽ കളിച്ച സുവാരസ് അയാക്സിന് വേണ്ടി 111 ഗോളുകളും 2009/10 സീസണിൽ 35 ഗോളുകളുമായി ലീഗിലെ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരവും ആയി.

Also Read- മെസ്സി ഡബിളിൽ റയൽ സോസിഡാഡിനെതിരെ വൻ ജയം; ബാഴ്സലോണ തിരിച്ചുവരുന്നു

അയാക്സിനോട് 2011ൽ വിടപറഞ്ഞ താരത്തെ സ്വന്തമാക്കിയത് ഇംഗ്ലീഷ് ക്ലബായ ലിവർപൂൾ ആയിരുന്നു. ലിവർപൂളിൽ എത്തിയതിനു ശേഷമാണ് സുവാരസിന് ഒരു താരപരിവേഷം ലഭിച്ചത്. ക്ലബ്ബിന് വേണ്ടി 82 ഗോളുകൾ അടിച്ചു കൂട്ടിയ താരം 2013-14 സീസണിൽ താരം പ്രീമിയർ ലീഗിലെ കൂടുതൽ ഗോൾ നേടിയ താരത്തിന് ലഭിക്കുന്ന ഗോ ഷൂ സ്വന്തമാക്കുകയും ചെയ്തു. സീസണിന്‍റെ അവസാനത്തിൽ താരം സ്പാനിഷ് ക്ലബായ ബാഴ്‌സിലോണയുമായി കരാർ ഒപ്പിട്ടു. തന്‍റെ തുടക്ക സീസണിൽ തന്നെ താരം ലീഗിലെ ഗോൾഡൻ ഷൂ സ്വന്തമാക്കി വരവറിയിച്ചു. ബാഴ്സയുടെ കൂടെ നീണ്ട ആറ് സീസണുകൾക്ക് ശേഷം അത്‌ലറ്റിക്കോ മാഡ്രിഡിൽ ചേർന്ന താരം അവിടെയും ഗോളടി തുടരുകയാണ്. താരം ഇതുവരെ അത്‌ലറ്റിക്കോക്കായി ഈ സീസണിൽ 19 ഗോളുകൾ നേടി. 23 ഗോളുകൾ നേടിയ സാക്ഷാൽ ലയണൽ മെസ്സി മാത്രമാണ് സുവാരസിന് മുന്നിലുള്ളത്.

ഇന്നലെ നേടിയ 1-0-ന്‍റെ വിജയത്തോടെ അത്‌ലറ്റിക്കോ മാഡ്രിഡ് ലാലിഗ പട്ടികയിൽ അവരുടെ ഒന്നാം സ്ഥാനം ഒന്ന് കൂടി ഊട്ടി ഉറപ്പിച്ചു. രണ്ടാം സ്ഥാനത്തുള്ള ബാഴ്‌സിലോണയെക്കാൾ നാല് പോയിന്റ് മുന്നിലാണ് അത്‌ലറ്റിക്കോ ഇപ്പോൾ ഉള്ളത്. അത്‌ലറ്റിക്കോക്ക് 66 ബാഴ്സക്ക് 62 റയൽ മാഡ്രിഡിന് 60 എന്നിങ്ങനെയാണ് ലീഗിലെ പോയിന്‍റ് നില. ഫോട്ടോ ഫിനിഷിലേക്ക് നീങ്ങുന്ന ലീഗിൽ സുവാരസിന്‍റെ പ്രകടനം ക്ലബ്ബിന് കിരീടപ്പോരാട്ടത്തിൽ വളരെയധികം നിർണായകമാണ്. തന്‍റെ ക്ലബ്ബിന് വേണ്ടി ഏതറ്റം വരെയും പോവുന്ന താരം ഈ സീസണിൽ അത്‌ലറ്റിക്കോയെ സ്പാനിഷ് ലീഗിലെ കിരീടം ചൂടിക്കുമോ എന്ന് നമുക്ക് നോക്കാം.

Summary- Uruguyan star striker Luis Suarez reaches the milestone of 500 career goals with Athletico Madrid with his goal against Alaves in Laliga
Published by: Anuraj GR
First published: March 22, 2021, 6:25 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories