• HOME
 • »
 • NEWS
 • »
 • sports
 • »
 • ഛേത്രി ഡബിളിൽ ബംഗ്ലാദേശിനെ കീഴടക്കി ഇന്ത്യ; ഏഷ്യൻ കപ്പ് യോഗ്യത പ്രതീക്ഷകൾ സജീവം

ഛേത്രി ഡബിളിൽ ബംഗ്ലാദേശിനെ കീഴടക്കി ഇന്ത്യ; ഏഷ്യൻ കപ്പ് യോഗ്യത പ്രതീക്ഷകൾ സജീവം

മത്സരം ജയിച്ചതോടെ ഏഷ്യൻ കപ്പിൻ്റെ മൂന്നാം റൗണ്ടിലേക്ക് കടക്കാനുള്ള പ്രതീക്ഷകൾ സജീവമായി നിലനിർത്താൻ ഇന്ത്യക്കായി.

india-football

india-football

 • Last Updated :
 • Share this:
  ലോകകപ്പ്, ഏഷ്യൻ കപ്പ് സംയുക്ത യോഗ്യതാ മത്സരത്തിൽ കാത്തുകാത്തിരുന്ന വിജയം നേടി ടീം ഇന്ത്യ. ദോഹയിലുള്ള ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അയൽക്കാരായ ബംഗ്ലാദേശിനെ നേരിട്ട ഇന്ത്യ എതിരില്ലാത്ത രണ്ടു ഗോളിനാണ് ടൂർണമെൻ്റിൽ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കിയത്. ആദ്യ പകുതിയിൽ ബംഗ്ലാദേശിന്റെ ഡിഫൻസിനെ മറികടക്കാൻ ഇന്ത്യ പാടുപെട്ടെങ്കിലും രണ്ടാം പകുതിയിൽ ബംഗ്ലാദേശി പ്രതിരോധ മതിൽ തകർത്തു കൊണ്ട് ഇന്ത്യ അവിസ്മരണീയ ജയം സ്വന്തമാക്കി. കഴിഞ്ഞ മത്സരത്തിൽ നിറം മങ്ങിയതിൻ്റെ കേട് തീർക്കും വിധം ഈ മത്സരത്തിൽ അധ്വാനിച്ച് കളിച്ച ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രിയാണ് തൻ്റെ ഇരട്ട ഗോളുകൾ കൊണ്ട് തൻ്റെ ടീമിൻ്റെ രക്ഷകനായത്. മത്സരം ജയിച്ചതോടെ ഏഷ്യൻ കപ്പിൻ്റെ മൂന്നാം റൗണ്ടിലേക്ക് കടക്കാനുള്ള പ്രതീക്ഷകൾ സജീവമായി നിലനിർത്താൻ ഇന്ത്യക്കായി.

  മത്സരത്തിൽ വിജയം മാത്രം ലക്ഷ്യം വച്ച് ഇറങ്ങിയ ഇന്ത്യയുടെ തന്ത്രത്തിലും അത്ത പ്രകടമായിരുന്നു. ആക്രമണത്തിന് മുൻതൂക്കം നൽകുന്ന ഒരു ടീമിനെയാണ് പരിശീലകനായ ഇഗോർ സ്റ്റീമാച്ച് ഇറക്കിയത്. കഴിഞ്ഞ മത്സരത്തിൽ ഏഷ്യയിലെ വമ്പന്മാരായ ഖത്തറിനെതിരെ ആദ്യ 20 മിനുട്ടുകൾക്കുള്ളിൽ തന്നെ 10 പേരുമായി ചുരുങ്ങിയിട്ടും അവർക്കെതിരെ പുറത്തെടുത്ത പോരാട്ടവീര്യം ഇന്ത്യൻ താരങ്ങളുടെ ആത്മവിശ്വാസം ഉയർത്തിയത്തിൻ്റെ ലക്ഷണങ്ങൾ ഈ കളിയിൽ മുഴുവൻ പ്രകടമായിരുന്നു. താരങ്ങളുടെ ശരീരഭാഷയിൽ നിന്നും വിജയം മാത്രമാണ് അവരുടെ ലക്ഷ്യം എന്നത് വ്യക്തമായിരുന്നു.

  ആദ്യ പകുതിയിൽ ചടുലമായ മുന്നേറ്റങ്ങളുമായി കളം നിറഞ്ഞു കളിച്ച ഇന്ത്യൻ താരങ്ങൾ പലകുറി ഗോളിന് അടുത്ത് എത്തിയെങ്കിലും ലഭിച്ച അവസരങ്ങൾ ഗോളാക്കാൻ കഴിഞ്ഞില്ല. ആദ്യ പകുതിയിലെ ഏറ്റവും മികച്ച അവസരം ലഭിച്ചത് ചിംഗ്ലൻസനയ്ക്കായിരുന്നു. ബ്രാണ്ടൻ ഫെർണാണ്ടസ് എടുത്ത കോർണറിൽ നിന്ന് ഒരു ബുള്ളറ്റ് ഹെഡർ സെന തോടുത്തപ്പോൾ ഗോളെന്നുറപ്പിച്ചത് ആയിരുന്നു. എന്നാൽ ഗോൾ ലൈനിൽ നിന്ന് ഒരു ബ്ലോക്കോടെ ബംഗ്ലാദേശ് ഡിഫൻ്റർ ആയ റിയാദുൽ വളരെ വിദഗ്ധമായി പന്ത് ഗോൾ ആവാതെ തടഞ്ഞു. തുടക്കത്തിൽ ബ്രാണ്ടന്റെ തന്നെ ഒരു ത്രൂ പാസിൽ മൻവീറിനും മികച്ച അവസരം ലഭിച്ചിരുന്നു. എന്നാൽ മികച്ച ടച്ചുകൾ കണ്ടെത്താൻ കഴിയാതെ പോയത് അദ്ദേഹത്തെ ഗോളിൽ നിന്ന് അകറ്റി.

  രണ്ടാം പകുതിയിൽ ആക്രമണം ഒന്നും കൂടി ശക്തിപ്പെടുത്തി ഇന്ത്യൻ പരിശീലകൻ ആഷിഖ് കുരുണിയനേയും യാസിറിനെയും ലിസ്റ്റണെയും കളത്തിൽ ഇറക്കി. എന്നിട്ടും ഗോൾ മാത്രം വന്നില്ല. ബ്രാണ്ടന്റെ സെറ്റ് പീസുകൾ മാത്രമായിരുന്നു ഇന്ത്യക്ക് ആശ്വാസം നൽകിയിരുന്നത്. ബ്രാണ്ടൺ എടുത്ത ഒരു ഫ്രീകിക്കിൽ നിന്ന് ഛേത്രിയും ഒരു കോർണറിൽ നിന്ന് സുഭാഷിഷും രണ്ട് മികച്ച അവസരങ്ങൾ നഷ്ടപ്പെടുത്തി.

  Also Read- Euro Cup | സെർജിയോ ബുസ്ക്വറ്റ്സിന് കോവിഡ്; സ്പെയിനിന് കനത്ത തിരിച്ചടി

  മത്സരത്തിലെ 79ആം മിനുട്ടിലാണ് ഇന്ത്യൻ ആരാധകർ കാത്തിരുന്ന സുവർണ നിമിഷം പിറന്നത്. കളിയിലെ ആദ്യ ഗോൾ നേടി ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി ഇന്ത്യക്ക് ലീഡ് നൽകി. ഇന്ത്യൻ ടീം നടത്തിയ മുന്നേറ്റത്തിൽ ഇടതു വിങ്ങിൽ നിന്ന് മലയാളി താരം ആഷിഖ് കുരുണിയൻ നൽകിയ ക്രോസ് ബംഗ്ലാദേശി പ്രതിരോധ നിരയെ മറികടന്ന് മനോഹരമായി പ്ലേസ് ചെയ്ത ഒരു ഹെഡറിലൂടെ ഛേത്രി പന്ത് വലയിൽ എത്തിക്കുകയായിരുന്നു. ഇന്ത്യൻ ജെഴ്സിയിൽ താരത്തിൻ്റെ 73ആം ഗോളായിരുന്നു ഇത്. ഇതിന് പിന്നാലെ ആഷിഖിന് ഗോൾ നേടാൻ അവസരം ലഭിച്ചെങ്കിലും താരത്തിൻ്റെ ഷോട്ട് ബംഗ്ലാദേശ് ഗോൾ കീപ്പർ തടഞ്ഞിട്ടു.

  ഒരു ഗോളിൻ്റെ ലീഡ് സുരക്ഷിതമല്ല എന്നത് കൊണ്ട് ഇന്ത്യ പ്രതിരോധത്തിലേക്ക് വലിഞ്ഞു. ഇതിനായി ആദിൽ ഖാനേയും പ്രണോയ് ഹൽദറേയും ഇറക്കി ഇന്ത്യ പ്രതിരോധം ശക്തമാക്കി. സമനില ഗോൾ നേടാനായി മുന്നോട്ട് ഇറങ്ങി വന്ന ബംഗ്ലാദേശിൻ്റെ നയം ഇന്ത്യക്ക് കാര്യങ്ങൾ എളുപ്പമാക്കി. ഞൊടിയിടയിൽ നടത്തിയ ഒരു നീക്കത്തിൽ ഇന്ത്യ രണ്ടാം ഗോളും നേടി കളി സ്വന്തമാക്കി. വീണ്ടും ക്യാപ്റ്റൻ്റെ വക തന്നെയായിരുന്നു ഗോൾ. വലതു വശത്ത് നിന്നും സുരേഷിന്റെ പാസിൽ നിന്നായിരുന്നു ഇന്തയുടെ ക്യാപ്റ്റന്റെ രണ്ടാം ഗോൾ.

  ഈ വിജയത്തോടെ ഇന്ത്യ ആറ് പോയിന്റുമായി ഗ്രൂപ്പിൽ മൂന്നാമത് എത്തി. അവസാന മത്സരത്തിൽ ഇനി അഫ്ഗാനെയാണ് ഇന്ത്യ നേരിടേണ്ടത്. അതിൽ വിജയിച്ചാൽ ഇന്ത്യക്ക് ഏഷ്യൻ കപ്പിലേക്ക് യോഗ്യത നേടാൻ കഴിയും. ജൂൺ 15നാണ് ഇന്ത്യ - അഫ്ഗാനിസ്ഥാൻ മത്സരം

  Summary- Sunil Chethri's dual brace provide India a vital win over Bangladesh; Indian team keep their hopes alive for the Asian Cup qualifier Third round
  Published by:Anuraj GR
  First published: