കഴിഞ്ഞ ദിവസം ബംഗ്ലാദേശിനെതിരെ നടന്ന ലോകകപ്പ് ഏഷ്യൻ കപ്പ് സംയുക്ത യോഗ്യതാ മത്സരത്തിൽ ടീം ഇന്ത്യക്ക് വിജയം സമ്മാനിച്ചത് ഇന്ത്യൻ ക്യാപ്റ്റനായ സുനിൽ ഛേത്രിയുടെ തകർപ്പൻ പ്രകടനമായിരുന്നു. ഛേത്രി നേടിയ ഇരട്ട ഗോളുകളുടെ ബലത്തിൽ ഇന്ത്യ മത്സരത്തിൽ ബംഗ്ലാദേശിനെ തോൽപ്പിക്കുകയും ഒപ്പം തന്നെ യോഗ്യതാ റൗണ്ടിൽ തങ്ങളുടെ ആദ്യ ജയം നേടുകയും ചെയ്തിരുന്നു. മത്സരത്തിൽ നേടിയ ജയം ഇന്ത്യക്ക് ഏഷ്യൻ കപ്പിലേക്കുള്ള യോഗ്യതാ സാധ്യതകൾ സജീവമായി നിലനിർത്തുന്നതിലും സഹായകമായിരുന്നു.
മത്സരത്തിൽ നേടിയ രണ്ട് ഗോളുകൾ ഛേത്രിക്ക് ഒരു വ്യക്തിഗത നേട്ടം കൂടി നേടിക്കൊടുത്തിരുന്നു. രണ്ടു ഗോളുകൾ നേടിയതോടെ ഇന്ത്യൻ ജേഴ്‌സിയിൽ 74 ഗോളുകളായ ഛേത്രി സാക്ഷാൽ ലയണൽ മെസ്സിയെ പിന്നിലാക്കി ലോകത്തെ സജീവമായി ഫുടബോൾ കളിക്കുന്ന താരങ്ങളിൽ രാജ്യത്തിനായി ഏറ്റവും ഗോളുകൾ നേടുന്ന താരം എന്ന പട്ടികയിൽ ക്രിസ്റ്റിയാനോ റൊണാൾഡോക്ക് പിന്നിൽ രണ്ടാം സ്ഥാനത്ത് എത്തി. റൊണാൾഡോ തന്റെ ദേശിയ ജേഴ്‌സിയിൽ 103 ഗോളുകളാണ് നേടിയിട്ടുള്ളത്. മെസ്സിയുടെ ഗോൾ നേട്ടം 72ആണ്.
ക്രിക്കറ്റിൽ ലോക ശക്തികളിൽ ഒരു ടീമാണ് ഇന്ത്യയെങ്കിലും ഫുടബോളിൽ ഇന്ത്യക്ക് ഏഷ്യൻ രാജ്യങ്ങളിൽ പോലും വലിയ മേധാവിത്വമില്ല എന്നതിനാൽ ഫുട്ബോളിനെ അകമഴിഞ്ഞ് സ്നേഹിക്കുന്ന ഇന്ത്യയിലെ ഫുട്‍ബോൾ പ്രേമികൾക്ക് ഇത് ആഘോഷിക്കാൻ ഉള്ള മുഹൂർത്തമായിരുന്നു. ഇതേ തുടർന്ന് ഛേത്രിയും മെസ്സിയും തമ്മിൽ താരതമ്യം ചെയ്തുകൊണ്ടുള്ള ചർച്ചകൾ സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്നു. ഇത് ശ്രദ്ധയിൽ പെട്ട ഇന്ത്യൻ ക്യാപ്റ്റൻ ഇപ്പോഴിതാ അതിനുള്ള പ്രതികരണവുമായി വന്നരിക്കുകയാണ്. അഖിലേന്ത്യ ഫുട്‍ബോൾ ഫെഡറേഷൻ ഒരുക്കിയ അഭിമുഖത്തിലൂടെയാണ് ഛേത്രി തന്റെ പ്രതികരണം അറിയിച്ചത്.
Also read- ഇസ്രയേലിനെ തകർത്ത് റൊണാൾഡോയും കൂട്ടരും; ഗോളടിയിൽ സർവകാല റെക്കോർഡിനരികെ താരം
മെസ്സിയുമായി അങ്ങനെ ഒരു താരതമ്യം നടത്തേണ്ടതില്ല എന്ന് പറഞ്ഞ താരം ഫുട്‍ബോളിൽ നിന്നും വിരമിക്കുന്നതിനെ പറ്റി നിലവിൽ ആലോചിക്കുന്നില്ല എന്നും ഫുടബോൾ ആസ്വദിച്ച് കളിക്കാൻ പറ്റുന്നിടത്തോളം കാലം കളത്തിൽ തുടരുമെന്നും അതിനു സാധിക്കാത്ത നിമിഷത്തിൽ മാത്രമേ കളി നിർത്തുന്നതിനെ കുറിച്ച് ചിന്തിക്കുകയുള്ളൂ എന്നും വ്യക്തമാക്കി. 'മെസ്സിയുമായി അങ്ങനെ ഒരു താരതമ്യവും നടത്തേണ്ടതില്ല. മെസ്സിയുമായി താരതമ്യം നടത്തുന്നു എന്നത് സന്തോഷമുള്ള കാര്യം തന്നെ പക്ഷെ ആ താരതമ്യത്തിൽ ഒരു കാര്യവുമില്ല എന്നത് ഫുട്ബോൾ എന്താണെന്ന് കൃത്യമായി മസ്സിലാക്കുന്നവർക്ക് അറിയാം. എന്നേക്കാൾ മികച്ച ആയിരക്കണക്കിന് താരങ്ങൾ ലോകത്തുണ്ട്. അവരെല്ലാം മെസ്സിയെ ആരാധിക്കുന്നത് പോലെ ഞാനും ആരാധിക്കുന്നു.' ഛേത്രി പറഞ്ഞു.
36ആം വയസ്സിലും ഫിറ്റ്നസ് നിലനിർത്തുന്നതിനെ കുറിച്ച് ചോദ്യം ഉയർന്നപ്പോൾ, ഇന്ത്യൻ ജേഴ്‌സിയിൽ കളിക്കുക എന്ന വലിയ ലക്ഷ്യമാണ് തന്റെ കഠിനാദ്ധ്വാനത്തിന്റെ രഹസ്യം എന്ന് പറഞ്ഞ താരം ഇന്ത്യക്ക് വേണ്ടി കളിയ്ക്കാൻ കിട്ടുന്ന ഒരവസരം പോലും നഷ്ടമാക്കില്ല എന്നും അതിനായി തന്റെ പരിശീലനവും ഭക്ഷണ രീതികളും ദിനചര്യകളും എല്ലാം ക്രമീകരിച്ചു വച്ചിരിക്കുന്നതിനാൽ ഫിറ്റ്നസ് നിലനിർത്തുക വലിയ ബുദ്ധിമുട്ടുള്ള കാര്യമായി തോന്നുന്നില്ല എന്നും കൂട്ടിച്ചേർത്തു. പ്രായമാകുന്തോറും സ്വയം പ്രചോദിപ്പിച്ചു നിർത്തുക എന്നത് മാത്രമാണ് തനിക്ക് മുന്നിലുള്ള ഏക വെല്ലുവിളി എന്നും താരം പറഞ്ഞു.
ഈ മാസം 15ന് അഫ്‌ഗാനിസ്ഥാനെതിരായ ലോകകപ്പ് യോഗ്യതാ പോരാട്ടവും അത് കഴിഞ്ഞാൽ തന്റെ ക്ലബ്ബായ ബെംഗളൂരു എഫ് സിക്കൊപ്പമുള്ള എഎഫ്‌സി ചാമ്പ്യൻഷിപ്പ് മത്സരങ്ങളുമാണ് താരത്തിന് മുന്നിലുള്ളത്. ഇതിനായുള്ള തയ്യാറെടുപ്പുകളിലാണ് താരം.
Summary
Indian Captain Sunil Chhetri says that he would continue to play for India till he loses interest for the game
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: 2022 FIFA World Cup, Indian football Team, Lionel messi, Sunil Chhetri