• HOME
  • »
  • NEWS
  • »
  • sports
  • »
  • ആകെ കളിക്കുന്നത് രണ്ട് പേര്‍ മാത്രം; ബാക്കിയൊന്നും കാര്യമില്ല; ഇംഗ്ലണ്ടിനെതിരെ തുറന്നടിച്ച് സുനില്‍ ഗവാസ്‌കര്‍

ആകെ കളിക്കുന്നത് രണ്ട് പേര്‍ മാത്രം; ബാക്കിയൊന്നും കാര്യമില്ല; ഇംഗ്ലണ്ടിനെതിരെ തുറന്നടിച്ച് സുനില്‍ ഗവാസ്‌കര്‍

നായകന്‍ ജോ റൂട്ടും സീനിയര്‍ പേസര്‍ ജെയിംസ് ആന്‍ഡേഴ്സണും മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ മികച്ച രീതിയില്‍ കളിക്കുന്നതെന്ന് ഗവാസ്‌കര്‍ പറഞ്ഞു.

News18

News18

  • Last Updated :
  • Share this:
    ലോര്‍ഡ്‌സ് ടെസ്റ്റിലെ ഇന്ത്യന്‍ ടീമിന്റെ ആവേശകരമായ ജയത്തിന് ശേഷം ഇംഗ്ലണ്ട് ടീമിനെതിരെ തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍. നായകന്‍ ജോ റൂട്ടും സീനിയര്‍ പേസര്‍ ജെയിംസ് ആന്‍ഡേഴ്സണും മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ മികച്ച രീതിയില്‍ കളിക്കുന്നതെന്ന് ഗവാസ്‌കര്‍ പറഞ്ഞു.

    'ജോ റൂട്ടിനെയും ആന്‍ഡേഴ്സനെയും മാത്രമാണ് ഇംഗ്ലണ്ട് ടീമിലെ മറ്റുള്ള താരങ്ങള്‍ ആശ്രയിക്കുന്നത്. ടെക്നിക്കലി മികവൊന്നും ഇല്ലാത്ത ഓപ്പണര്‍മാരാണ് അവരുടേത്. മൂന്നാം നമ്ബര്‍ ബാറ്റ്സ്മാന്‍ ഹസീബ് ഹമീദ് അസ്വസ്ഥനാണ്. അതുകൊണ്ട് എല്ലാവരും ജോ റൂട്ടിലേക്ക് നോക്കുന്നു. ജോണി ബെയര്‍സ്റ്റോ കളിച്ചാല്‍ കളിച്ചു, ഇല്ലെങ്കില്‍ നിരാശപ്പെടുത്തും. ജോസ് ബട്ലര്‍ നല്ലൊരു വൈറ്റ് ബോള്‍ ക്രിക്കറ്ററാണ്.'- ഗവാസ്‌കര്‍ പറഞ്ഞു.

    'ടെസ്റ്റിന് അനുയോജ്യനായ താരമാണോ ബട്ലര്‍ എന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്. ബൗളര്‍മാരില്‍ ആന്‍ഡേഴ്സണ്‍ മാത്രമാണ് മികച്ച പ്രകടനം കാഴ്ച വെക്കുന്നത്. ഇംഗ്ലണ്ട് ഇങ്ങനെ കളിച്ചാല്‍ ഇന്ത്യ അനായാസം ടെസ്റ്റ് പരമ്പര സ്വന്തമാക്കും.'- ഗവാസ്‌കര്‍ പറഞ്ഞു.

    അതേസമയം മത്സരത്തിലെ തോല്‍വിക്ക് ശേഷം മാധ്യമങ്ങളോട് ഒന്നും അവസാനിച്ചിട്ടില്ലെന്നും പരമ്പരയില്‍ ഇംഗ്ലണ്ട് ശക്തമായി തിരിച്ചുവരുമെന്നും ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 'ഇന്ത്യ മികച്ച കളിയാണ് പുറത്തെടുത്തത്. ഒരു നായകനെന്ന നിലയില്‍ ഈ തോല്‍വിയുടെ ഭാരം എന്റെ തോളിലാണെന്നാണ് ഞാന്‍ കരുതുന്നത്. ലോര്‍ഡ്‌സില്‍ അവസാന ദിവസത്തെ കടമ്പ കടക്കുവാന്‍ സാധിക്കാത്തതില്‍ നിരാശയുണ്ട്. എന്നാല്‍ ഒന്നും അവസാനിച്ചിട്ടില്ല. പരമ്പരയില്‍ ഇനിയും മത്സരങ്ങള്‍ ബാക്കിയുണ്ടെന്ന് ഓര്‍ക്കണം'- ജോ റൂട്ട് പറഞ്ഞു.

    വിജയം സ്വന്തമാക്കാനാകുമെന്ന അതിശക്തമായ സാഹചര്യത്തില്‍ നിന്നാണ് ഇംഗ്ലണ്ട് തോല്‍വിയിലേക്ക് വീണതെന്നും ഷമിയുടെയും ബുംറയുടെയും കൂട്ടുകെട്ടാണ് കളി മാറ്റിയതെന്നും റൂട്ട് സൂചിപ്പിച്ചു. പരിഭ്രാന്തരാകാതെ ഇരിക്കുകയാണ് പ്രധാനം എന്നും ജോ റൂട്ട് വ്യക്തമാക്കി. അഞ്ച് മത്സരങ്ങളുടെ പരമ്പര കളിച്ച് നല്ല പരിചയമുള്ള ടീമാണ് ഇംഗ്ലണ്ടെന്നും ശക്തമായ തിരിച്ചുവരവ് നടത്തുവാന്‍ ടീമിനാകുമെന്നും ഇംഗ്ലണ്ട് നായകന്‍ വ്യക്തമാക്കി.

    ലോര്‍ഡ്സ് ടെസ്റ്റില്‍ ഐതിഹാസിക ജയമാണ് വിരാട് കോഹ്ലിയും സംഘവും കരസ്ഥമാക്കിയിരിക്കുന്നത്. ഒരു ഘട്ടത്തില്‍ തോല്‍വി മുന്നില്‍ക്കണ്ടതിന് ശേഷമാണ് ഇന്ത്യന്‍ സംഘം ക്രിക്കറ്റിന്റെ തറവാട്ടുമുറ്റത്ത് വെന്നിക്കൊടി പാറിച്ചത്. ക്രിക്കറ്റിന്റെ തറവാട്ടുമുറ്റത്ത് ആതിഥേയരായ ഇംഗ്ലണ്ടിനെ 151 റണ്‍സിനാണ് ഇന്ത്യ മുട്ടുകുത്തിച്ചത്. ഇതോടെ അഞ്ച് മത്സര പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി.

    ലോര്‍ഡ്‌സില്‍ ഇന്ത്യന്‍ ടീമിന് ഐതിഹാസിക ജയം സമ്മാനിച്ചപ്പോള്‍ അതില്‍ എടുത്ത് പറയേണ്ടത് ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമിയുടെയും ജസ്പ്രീത് ബുംറയുടെയും സംഭാവനയാണ്. അഞ്ചാം ദിനത്തില്‍ തുടക്കത്തിലെ തിരിച്ചടിക്ക് ശേഷം ഗംഭീര പോരാട്ടം കാഴ്ചവെച്ച ഇന്ത്യന്‍ വാലറ്റത്തിന്റെ മികച്ച പ്രകടനമാണ് ഇന്ത്യയുടെ ലീഡ് 250 കടക്കാന്‍ സഹായിച്ചത്. ഇംഗ്ലണ്ട് ബൗളര്‍മാരെ വശം കെടുത്തുന്ന പ്രകടനമാണ് ഷമിയും ബുംറയും പുറത്തെടുത്തത്. ഇരുവരും ചേര്‍ന്ന് ഒമ്പതാം വിക്കറ്റില്‍ 89 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.
    Published by:Sarath Mohanan
    First published: