• HOME
  • »
  • NEWS
  • »
  • sports
  • »
  • SUNIL GAVASKAR SAYS HE WAS DISAPPOINTED AGAIN IN SHOT SELECTION OF VIRAT KOHLI

കോഹ്ലി പാഠം പഠിക്കുന്നില്ല, ഷോട്ട് സെലക്ഷനില്‍ വീണ്ടും നിരാശപ്പെടുത്തിയെന്ന് സുനില്‍ ഗവാസ്‌കര്‍

ഓഫ് സ്റ്റമ്പിന് പുറത്തു വരുന്ന പന്തുകളില്‍ ഷോട്ടുകള്‍ക്ക് ശ്രമിച്ച് വിക്കറ്റ് കീപ്പര്‍ക്കോ, സ്ലിപ്പിലോ ക്യാച്ച് നല്‍കി മടങ്ങുന്ന വിരാട് കോഹ്ലി പിന്നെയും നിരാശപ്പെടുത്തി എന്നാണ് ഗവാസ്‌കര്‍ പറയുന്നത്.

News18

News18

  • Share this:
    ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ഇതുവരെ കഴിഞ്ഞ മൂന്ന് ടെസ്റ്റുകളിലും അനാവശ്യ ഷോട്ടുകള്‍ക്ക് ശ്രമിച്ച് വിക്കറ്റ് നഷ്ടപ്പെടുത്തിയ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിക്കെതിരെ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍ രംഗത്ത്. ഓഫ് സ്റ്റമ്പിന് പുറത്തു വരുന്ന പന്തുകളില്‍ ഷോട്ടുകള്‍ക്ക് ശ്രമിച്ച് വിക്കറ്റ് കീപ്പര്‍ക്കോ, സ്ലിപ്പിലോ ക്യാച്ച് നല്‍കി മടങ്ങുന്ന വിരാട് കോഹ്ലി പിന്നെയും നിരാശപ്പെടുത്തി എന്നാണ് ഗവാസ്‌കര്‍ പറയുന്നത്.

    അതേസമയം, ക്രീസിന് പുറത്തു നിന്ന് കോഹ്ലി ബാറ്റു ചെയ്യുന്നതില്‍ ഒരു തെറ്റുമില്ലെന്നും പക്ഷെ ഓഫ് സ്റ്റമ്പിന് പുറത്തുകൂടെ പോവുന്ന എല്ലാ പന്തും കളിക്കാന്‍ ശ്രമിക്കുന്നതാണ് അദ്ദേഹത്തിന്റെ പ്രശ്നമെന്നും ഗവാസ്‌കര്‍ പറഞ്ഞു. ലീഡ്സ് ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ ഏഴ് റണ്‍സെടുത്ത് കോഹ്ലി സമാന രീതിയില്‍ പുറത്തായപ്പോള്‍ ഗവാസ്‌കര്‍ ഉപദേശവുമായി രംഗത്തെത്തിയിരുന്നു. കോഹ്ലി ഉടന്‍ തന്നെ സച്ചിന്‍ തെണ്ടുല്‍ക്കറെ വിളിക്കണമെന്നും ഫോം നഷ്ടം മറികടക്കാന്‍ എന്താണ് ചെയ്യേണ്ടതെന്ന കാര്യം അദ്ദേഹത്തോട് ചോദിക്കണമെന്നുമാണ് ഗവാസ്‌കര്‍ നിര്‍ദേശിച്ചത്. സിഡ്നിയില്‍ മുന്‍പ് സച്ചിന്‍ ചെയ്തതു പോലെ താന്‍ കവര്‍ ഡ്രൈവ് കളിക്കില്ലെന്ന് കോഹ്ലി സ്വയം തീരുമാനിക്കണമെന്നും ഇതിനൊപ്പം ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തിരുന്നു.

    'ഓഫ് സ്റ്റമ്പിന് പുറത്തുപോവുന്ന എല്ലാ പന്തും കളിക്കാന്‍ ശ്രമിക്കുകയും അടിസ്ഥാന പാഠം പോലും മറന്ന് പന്തിനെ ശക്തമായി പ്രതിരോധിക്കാന്‍ ശ്രമിക്കുകയും ചെയ്യുമ്പോഴാണ് പന്ത് എഡ്ജ് ചെയ്ത് കീപ്പറുടെ കൈകളിലോ സ്ലിപ്പിലോ എത്തുന്നത്. അതുകൊണ്ടുതന്നെ ഷോട്ട് സെലക്ഷനില്‍ കോഹ്ലി എന്നെ തീര്‍ത്തും നിരാശപ്പെടുത്തി. എന്നാല്‍ അദ്ദേഹം ക്രീസിന് പുറത്തുനിന്ന് ബാറ്റ് ചെയ്യുന്നതിനെ കുറ്റം പറയാനാവില്ല. കാരണം ടെസ്റ്റില്‍ 8000 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ടെങ്കില്‍ അതില്‍ 6500 റണ്‍സും ഇങ്ങനെ നേടിയതായിരിക്കും. അതുകൊണ്ടുതന്നെ അതില്‍ മാറ്റമൊന്നും വരുത്തേണ്ട കാര്യമില്ല.'- ഗവാസ്‌കര്‍ പറഞ്ഞു.

    'ഏതൊക്കെ പന്തുകള്‍ കളിക്കണം ഏതൊക്കെ വിടണം എന്ന ഷോട്ട് സെലക്ഷന്‍ നടത്തേണ്ടതുണ്ട്. അക്കാര്യത്തില്‍ കോഹ്ലി വീണ്ടും വീണ്ടും നിരാശപ്പെടുത്തുകയാണ്. ചില പന്തുകള്‍ കളിക്കേണ്ട കാര്യം പോലുമില്ല. നാലാം സ്റ്റമ്പില്‍ വരുന്ന പന്ത് കളിച്ചുവെങ്കില്‍ പോട്ടെയെന്ന് വെക്കാം. ഇത് അഞ്ചും ആറും സ്റ്റംപുകളില്‍ വരുന്ന പന്തുകോള്‍ പോലും കളിക്കാന്‍ ശ്രമിക്കുകയാണ്. അത്തരം പന്തുകളില്‍ ബാറ്റുവെക്കേണ്ട ആവശ്യമേയില്ല. പന്തുകള്‍ കളിക്കാതെ വിടുന്നതില്‍ ഒരു പ്രശ്നവും വിചാരിക്കേണ്ട കാര്യമില്ലെന്ന് കോഹ്ലി മനസിലാക്കണം. കാരണം, ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്‍മാര്‍ പോലും ഇംഗ്ലണ്ടില്‍ പലവട്ടം ബീറ്റണാവാറുണ്ട്. ശരീരത്തിനോട് ചേര്‍ന്ന് കളിക്കാന്‍ ശ്രമിച്ചിട്ട് പന്ത് ബീറ്റണാവുന്നതില്‍ തെറ്റില്ല.'- ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

    കവര്‍ ഡ്രൈവ് കളിക്കുന്ന കാര്യത്തില്‍ ലോകത്തെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരിലൊരാളാണെങ്കിലും കഴിഞ്ഞ കുറച്ച് നാളുകളായി ഈ ഷോട്ട് അത്ര പൂര്‍ണതയോടെ കളിക്കാന്‍ കോഹ്ലിക്ക് കഴിയുന്നില്ല. ഈ സാഹചര്യത്തില്‍ കുറച്ച് നാളത്തേക്ക് കവര്‍ ഡ്രൈവ് കളിക്കുന്നത് കോഹ്ലി നിര്‍ത്തിവെക്കണമെന്നാണ് ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടുന്നത്.
    Published by:Sarath Mohanan
    First published:
    )}