നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • WTC Final | രസം കൊല്ലിയായി മഴ! വിജയികളെ കണ്ടെത്താന്‍ ഐ സി സി പുതിയ ഫോര്‍മുല കണ്ടെത്തണമെന്ന് ഗവാസ്‌കര്‍

  WTC Final | രസം കൊല്ലിയായി മഴ! വിജയികളെ കണ്ടെത്താന്‍ ഐ സി സി പുതിയ ഫോര്‍മുല കണ്ടെത്തണമെന്ന് ഗവാസ്‌കര്‍

  അഞ്ചാം ദിനത്തിന്റെ അവസാന മണിക്കൂറില്‍ മാത്രമാണ് റിസര്‍വ് ദിനം എടുക്കുമോ എന്ന് ഐ സി സി വ്യക്തമാക്കുക.

  sunil gavaskar

  sunil gavaskar

  • Share this:
   ഇംഗ്ലണ്ടിലെ സതാംപ്ടണില്‍ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ മത്സരത്തിലെ അഞ്ചാം ദിനത്തിലും മഴ വില്ലാനാവുകയാണ്. ഇന്ന് മത്സരം വൈകിയാണ് തുടങ്ങിയിരിക്കുന്നത്. ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് നിര്‍ണായകമായ നാലാം ദിവസത്തെ കളി പൂര്‍ണമായും മഴ മൂലം ഉപേക്ഷിക്കേണ്ടി വന്നിരുന്നു. മത്സരത്തിന്റെ ആദ്യ ദിനം മഴ മൂലം ടോസ് പോലും ചെയ്യാനാകാതെ പൂര്‍ണമായും നഷ്ടപ്പെട്ടിരുന്നു. രണ്ടാം ദിവസമാകട്ടെ വെറും 64.4 ഓവര്‍ മാത്രമാണ് കളി നടന്നത്. ഇന്ത്യയുടെ ഇന്നിംഗ്‌സ് 146/3 എന്ന നിലയില്‍ പുരോഗമിക്കുമ്പോള്‍ മത്സരം വെളിച്ചക്കുറവ് മൂലം നിര്‍ത്തി വയ്ക്കുകയായിരുന്നു. ഇത്തരം കാലാവസ്ഥയുള്ള ഇംഗ്ലണ്ടില്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിന് വേദിയായി തിരഞ്ഞെടുത്തത്തില്‍ വിമര്‍ശനങ്ങളും ശക്തമാണ്.

   ഇപ്പോഴിതാ വിജയികളെ കണ്ടെത്താന്‍ ഐ സി സി ക്ക് മുന്നില്‍ പ്രത്യേക ആവശ്യം മുന്നോട്ടുവെച്ചിരിക്കുകയാണ് ഇന്ത്യന്‍ ഇതിഹാസവും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍. ഫൈനല്‍ സമനിലയിലായാല്‍ വിജയിയെ കണ്ടെത്താന്‍ ഒരു ഫോര്‍മുല ഐ സി സി കണ്ടെത്തണം എന്നാണ് ഗാവസ്‌കറുടെ ആവശ്യം. 'ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സമനിലയിലായാല്‍ വിജയിയെ കണ്ടെത്താന്‍ ഒരു ഫോര്‍മുല വേണം. ഐ സി സിയുടെ ക്രിക്കറ്റ് കമ്മിറ്റി ഇതിനെ കുറിച്ച് ചിന്തിക്കുകയും ഒരു തീരുമാനത്തില്‍ എത്തുകയും വേണം. രണ്ട് ദിവസത്തിനുള്ളില്‍ മൂന്ന് ഇന്നിംഗ്സുകള്‍ പൂര്‍ത്തിയാക്കുക വളരെ പ്രയാസമാണ്. വളരെ മോശമായി ഇരു ടീമും ബാറ്റ് ചെയ്താല്‍ മാത്രമേ മൂന്ന് ഇന്നിംഗ്സുകള്‍ അവസാനിക്കാന്‍ സാധ്യതയുള്ളൂ'- ഗവാസ്‌കര്‍ വിശദമാക്കി.

   ഫുട്‌ബോളില്‍ ആയിരുന്നെങ്കില്‍ പെനാല്‍റ്റി ഷൂട്ടൗട്ടുണ്ടെന്നും ടെന്നീസില്‍ അഞ്ച് സെറ്റുകളും ടൈ-ബ്രേക്കറുമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മഴയും വെളിച്ചക്കുറവും സതാംപ്ടണില്‍ തുടരുന്നതിനാല്‍ റിസേര്‍വ് ഡേയെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമാണ്.

   എന്താണ് റിസേര്‍വ് ഡേ?

   മത്സരം നടക്കുന്ന അഞ്ചു ദിവസവും ഏതെങ്കിലും കാരണവശാല്‍ ഓവറുകള്‍ നഷ്ടമായാല്‍ അതിന് പകരം ആറാം ദിനത്തില്‍ കളി നടത്തുമെന്നാണ് ഐ സി സിയുടെ തീരുമാനം. ഒരു ദിവസം ആറ് മണിക്കൂര്‍വെച്ച് 30 മണിക്കൂറാണ് ടെസ്റ്റ് ഫൈനല്‍ നടക്കേണ്ടത്. മഴ, വെളിച്ചക്കുറവ് തുടങ്ങിയവ അനുഭവപ്പെട്ടാലാണ് റിസര്‍വ്വ് ദിനം ഉപയോഗിക്കുക. എന്നാല്‍ അഞ്ച് ദിവസത്തെ മത്സരത്തില്‍ ഫലം ഉണ്ടായില്ലെങ്കില്‍ ഈ റിസര്‍വ് ദിനം ഉപയോഗിക്കില്ല. അത് സമനിലയായി തന്നെ കാണുമെന്നാണ് ഐ സി സി നിയമം. മത്സരത്തിനിടെ സമയനഷ്ടമുണ്ടായാല്‍ ഐ സി സി മാച്ച് റഫറി, ടീമുകളെയും മാധ്യമങ്ങളെയും റിസര്‍വ് ദിനം എടുക്കുമോ എന്ന കാര്യം അറിയിക്കും. അഞ്ചാം ദിനത്തിന്റെ അവസാന മണിക്കൂറില്‍ മാത്രമാണ് റിസര്‍വ് ദിനം എടുക്കുമോ എന്ന് ഐ സി സി വ്യക്തമാക്കുക.

   എന്നാല്‍ വിജയിയെ കണ്ടെത്താനായി മാത്രം റിസര്‍വ് ദിനത്തിലേക്ക് മത്സരം നീട്ടില്ല. ഫൈനല്‍ ദിനങ്ങളില്‍ മത്സരം നേരത്തെ ആരംഭിച്ചും അധികസമയം പ്രയോജനപ്പെടുത്തിയും സമയനഷ്ടം പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കിലേ റിസര്‍വ് ദിനം മത്സരത്തിനായി ഉപയോഗിക്കൂ. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ആരംഭിക്കുന്നതിന് മുമ്പ് 2018 ജൂണില്‍ ഈ രണ്ട് തീരുമാനങ്ങളും കൈക്കൊണ്ടിരുന്നതായി ഐ സിസി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
   Published by:Sarath Mohanan
   First published:
   )}