• News
 • World Cup 2019
 • Sports
 • Films
 • Gulf
 • Life
 • Career
 • Crime
 • Photos
 • Video
 • Buzz
 • Live TV

ലോകകപ്പിലെ തവളക്കല്യാണങ്ങൾ

News18 Malayalam
Updated: June 27, 2018, 2:28 PM IST
ലോകകപ്പിലെ തവളക്കല്യാണങ്ങൾ
News18 Malayalam
Updated: June 27, 2018, 2:28 PM IST
മഴ പെയ്യുന്നതിന് തവളക്കല്യാണം നടത്തിയത് ചർച്ചയാകുമ്പോൾ, കാൽപന്തുകളിയിലെ താരങ്ങളുടെ വിശ്വാസങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും ഇടയിലേക്ക് ഒരെത്തിനോട്ടം.

ചില താരങ്ങൾ കഠിനാധ്വാനത്തിലൂടെയും നിരന്തരമായ പ്രയത്നത്തിലൂടെയും ലോകകപ്പ് ഉയർത്താമെന്ന് വിശ്വസിക്കുന്നു. മറ്റു ചിലരാകട്ടെ കൈയിലണിയുന്ന റിസ്റ്റ് ബാൻഡും എന്തിന് പ്രത്യേകം അടിവസ്ത്രങ്ങൾ ധരിക്കുന്നതുപോലും ഭാഗ്യം കൊണ്ടുവരുമെന്ന് വിശ്വസിക്കുന്നവരാണ്.

ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല, ഫുട്ബോൾ കളിയിലെ ഇത്തരം വിശ്വാസങ്ങൾ. നീലനിറത്തിലുള്ള അണ്ടർ പാന്റ് ധരിക്കുന്നതിന് നിർബന്ധം പിടിച്ചിരുന്ന മുൻ കൊളംബിയൻ ഗോൾകീപ്പർ റെനെ ഹിഗ്വിറ്റ മുതൽ വാഷ്റൂമിലെ ഇടതുവശത്തെ യൂറിനൽ മാത്രം ഉപയോഗിക്കുന്ന ഇപ്പോഴത്തെ ജർമൻ സ്ട്രൈക്കർ മരിയോ ഗോമസ് വരെ ഈ പട്ടിക നീളും. സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസിയും നെയ്മറും എല്ലാം ഓരോ വിശ്വാസങ്ങൾ പിന്തുടരുന്നവർ തന്നെ.

11 വയസുമുതൽ ഒരേ ഷിൻഗാർഡ് ഉപയോഗിക്കുന്ന താരം

ഇംഗ്ലണ്ടിന്റെ താരം ഡെലി അലി ഉപയോഗിക്കുന്നത് കുഞ്ഞുംനാളിൽ റഷ്യയിൽ കളിക്കുമ്പോൾ‌ ഉപയോഗിച്ചിരുന്ന അതേ ഷിൻ ഗാർഡ് (പാദകവചം) ആണ്. ഇത് അണിയുന്നത് തനിക്ക് ഭാഗ്യം കൊണ്ടുവരുമെന്നാണ് താരത്തിന്റെ വിശ്വാസം. 11 വയസുമുതൽ ഉപയോഗിക്കുന്ന ഈ ഷിൻഗാർഡ്  കേടുവന്നിട്ടും മാറ്റാൻ അലി തയാറല്ല.
ഇംഗ്ലണ്ടിന്റെ ഫിൽ ജോൺസ് മൈതാനത്തെ വെള്ളവരകളെ തൊടാതിരിക്കാൻ ശ്രമിക്കും. ബ്രസീൽ ഡിഫൻഡർ മാർസെലോ എല്ലായ്പ്പോഴും വലതുകാലെടുത്തുവെച്ചേ കളത്തിലിറങ്ങൂ. ഇടതുകാൽവെച്ച് കളത്തിലിറങ്ങിയ ഏതോ പരിശീലന മത്സരത്തിൽ തോറ്റതാണ് മാർസെലോയെ അന്ധവിശ്വാസിയാക്കിയത്.

Loading...

‌സൈഡ് ലൈനിൽ വെള്ള ഷർട്ട് മാത്രമിട്ടുനിൽക്കുന്ന കോച്ച്

മൊറോക്കോ പരിശീലകൻ ഹെർവി റെനാർഡ് സൈഡ് ലൈനിൽ നിൽക്കുമ്പോഴൊക്കെ വെള്ള ഷർട്ട് മാത്രമേ ധരിക്കാറുള്ളൂ. 2012ലെ ആഫ്രിക്കന്‌ കപ്പിൽ സാംബിയയെ അട്ടിമറി വിജയത്തിലേക്ക് നയിച്ചതുമുതൽ തുടങ്ങിയതാണ് ഈ വിശ്വാസം.
1998ലെ ലോകകപ്പിൽ ഗോൾകീപ്പർ ഫാബിയൻ ബർത്തേസിൻറെ മൊട്ടത്തലയിൽ തലോടിയശേഷമേ ഫ്രഞ്ച് കളിക്കാർ മൈതാന മധ്യത്തിലെത്തിയിരുന്നുള്ളൂ. ഇത് ഭാഗ്യം കൊണ്ടുവരുമെന്നായിരുന്നു അവരുടെ വിശ്വാസം. ബർത്തേസിന്റെ തലയിൽ ചുംബനം നൽകിയിട്ടേ ഡിഫൻഡർ ലോറന്റ് ബ്ലാങ്ക് കളിക്കാൻ ഇറങ്ങിയിരുന്നുള്ളൂ.

പാളൻ മീശയിൽ നിന്ന് ക്ലീൻഷേവിലേക്ക്

1978ലെ ലോകകപ്പിൽ തോൽവിയുടെ കയത്തിൽ നിന്ന് അത്ഭുത മുന്നേറ്റമായിരുന്നു അർജന്റീനയുടേത്. ചെറിയ ഷോർട്ടും നീളൻ മുടിയുമായി കളം നിറഞ്ഞ അർജൻറീനിയൻ സൂപ്പർ താരം മരിയോ കെംപസിന്റെ സ്റ്റൈൽ ഒട്ടേറെ ആരാധകർ പിന്തുടർന്നിരുന്നു. കുതിര ലാടം പോലെയുള്ള മീശയും ഒഴുകിനടക്കുന്ന മുടിയിഴകളുമായിരുന്നു കെംപസിനെ വ്യത്യസ്തനാക്കിയത്.
ഗ്രൂപ്പ് ഘട്ടത്തിൽ എത്ര കളിച്ചിട്ടും ഗോൾവല മാത്രം കുലുങ്ങുന്നില്ല. ലോകകപ്പിൽ നിന്ന് പുറത്തേക്ക് പോകുന്ന അവസ്ഥ. ആ സമയം രക്ഷകനായി പരിശീലകൻ ലൂയിസ് മെനോട്ടി അവതരിച്ചു. റഷ്യയിൽ പോയപ്പോൾ ക്ലീൻ ഷേവ് കാരനായ മറോഡോണ നന്നായി കളിക്കുന്നത് കണ്ടുവെന്നും എന്തുകൊണ്ട് ക്ലീൻ ഷേവ് ഒന്നു പരീക്ഷിച്ചുനോക്കികൂടായെന്നുമായിരുന്നു കെംപസിനോടുള്ള കോച്ചിന്റെ ഉപദേശം. ക്ലീൻഷേവുമായി കെംപസ് കളത്തിലിറങ്ങിയതോടെ ഭാഗ്യവും പുറകെ വന്നു. പോളണ്ടുമായുള്ള മത്സരത്തിൽ രണ്ട് ഗോളുകൾ. തൊട്ടടുത്ത മത്സരത്തിൽ പെറുവിനോടും രണ്ടടിച്ചു. ഫൈനലിൽ ഹോളണ്ടിനെ തോൽപിച്ചതിലും രണ്ട് ഗോൾ കെംപസ് വക. അർജന്റീനക്ക് ലോകകപ്പ് നേടിക്കൊടുത്തുവെന്ന് മാത്രമല്ല, സുവർണ പാദുകവും കെംപസ് സ്വന്തമാക്കി.

ടണലിൽ നിന്ന് അവസാനം പുറത്തിറങ്ങുന്ന താരം

പോർച്ചുഗൽതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കളത്തിലേക്ക് ഇറങ്ങുന്നത് ഒരു പ്രത്യേക രീതിയിലാണ്. മൈതാനത്തേക്ക് വലംകാൽ വെച്ചെ ഇറങ്ങാറുള്ളൂ. മാത്രമല്ല, മൈതാനത്തിലേക്കുള്ള ടണലിൽ നിന്ന് ഏറ്റവും അവസാനമായി ഇറങ്ങുന്ന ടീമംഗം താനായിരിക്കണമെന്നും റോണോ നിർബന്ധം പിടിക്കാറുണ്ട്. ലയണൽ മെസി കിക്കെടുക്കാനായി പന്ത് ഗ്രൗണ്ടിൽ വെക്കുന്നത് രണ്ട് കൈയും ഉപയോഗിച്ചായിരിക്കും. പന്ത് അടിക്കാനായി മുന്നോട്ടുനീങ്ങുന്ന അത്രയും സ്റ്റെപ്പ് പിറകോട്ടും വെക്കും.
ബ്രസീൽ‌ താരം നെയ്മർ ഓരോ കളിക്കും മുൻപേ അച്ഛനെ ഫോൺ വിളിക്കും. കളിക്കു മുൻപേ ഹെഡ്സെറ്റ് ഉപയോഗിച്ച് പാട്ട് കേൾക്കും. സെക്കന്റുകൾക്ക് മുൻപ് കൈകൾ മുകളിലേക്ക് ഉയർത്തി പ്രാർത്ഥിക്കും. സോഷ്യൽ മീഡിയയിൽ ഫോട്ടോ പോസ്റ്റ് ചെയ്യും.
ഉറൂഗ്വൻ താരം ലൂയി സുവാരസ് ബാഴ്സലോണക്ക് വേണ്ടി എല്ലാ മത്സരത്തിലും നീലനിറമള്ള റിസ്റ്റ് ബാൻഡണിഞ്ഞാണ് കളിക്കളത്തിലേക്കിറങ്ങുക. പുൽത്തകിടിയിൽ കാലെടുത്ത് വെക്കുന്നതിന് മുൻപ് ബാൻഡിൽ ഒന്നു ചുംബിക്കാനും മറക്കാറില്ല. വിരലുകൾക്ക് പരിക്കേറ്റതോടെയാണ് റിസ്റ്റ് ബാൻഡ് ധരിച്ചു തുടങ്ങിയതെന്ന് സുവാരസ് പറയുന്നു. പിന്നീട് പലനിറത്തിലുള്ള റിബൺ ധരിച്ചുതുടങ്ങി. ചുവപ്പ് കണ്ണേറ് തട്ടാതിരിക്കാനും പച്ച ഭാര്യ സോഫിയയുടെ സാന്നിധ്യം അനുഭവപ്പെടാനും.

കളിയുണ്ടോ, കാറിൽ പെട്രോളടിച്ചിട്ട് വരാം

സ്പെയിൻഗോളി പെപ്പെ റെനെക്കുള്ള വിശ്വാസം വിചിത്രമാണ്. ഓരോ കളിക്കുമുൻപും കാറിൽ പെട്രോളടിക്കും. ടാങ്കിൽ പെട്രോൾ ആവശ്യത്തിന് ഉണ്ടെങ്കിലും റെനെക്ക് പെട്രോളടിച്ചശേഷമേ കളിക്കളത്തിലേക്ക് പോകാനാകൂ. കളിക്ക് മുന്നേയുള്ള രാത്രിയിൽ പന്നിയുടെ തുടഭാഗം വേവിച്ചത് കഴിക്കും. കൂടെ ചുട്ട റൊട്ടിയും.
ഇംഗ്ലണ്ടിന്റെ സൂപ്പർതാരം ഹാരി കെയ്ൻ ആദ്യ ഗോളിന് ശേഷം താടിവടിക്കാറില്ല. ഇത്തവണ ലോകകപ്പിൽ ടുണീസ്യക്കെതിരായ ഗോളിനുശേഷവും അദ്ദേഹം റേസർ ബ്ലേഡ് ഉപയോഗിച്ചിട്ടേയില്ല.

കളിയോ,,, ബ്രഷ് ചെയ്തിട്ട് വരാം

കളിതുടങ്ങുന്നതിന് രണ്ട് മിനിറ്റ് മുൻപ് പല്ല് ബ്രഷ് ചെയ്യുന്നതാണ് സ്പെയിൻ താരം ജോർദെ ആൽബാസിന്റെ രീതി. പല്ല് വിളക്കിയശേഷം ഇറങ്ങിയാൽ കളിക്കളത്തിൽ വിജയം നേടാനാകുമെന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം.
കാലിലെ സോക്സുമായി ബന്ധപ്പെട്ടാണ് ഇംഗ്ലണ്ട് ഡിഫൻഡർ ഫിൽ ജോൺസിൻറെ വിശ്വാസം. ഇടത് വലതു കാലിലെ ഏത് സോക്സ് ആദ്യം ധരിക്കുമെന്നതാണ് ചോദ്യം. ചില കളികൾക്ക് മുൻപ് ഇടതുകാലിലെ സോക്സ് ആദ്യം ധരിക്കും. മറ്റു ചിലപ്പോൾ വലതുഭാഗത്തെയും. മൈതാനത്തിൽ വെളുത്ത വരയെ ചവിട്ടാറില്ല.

ദേശീയഗാനത്തിനിടെ താടി ചൊറിയൽ

ബൽജിയം ഗോൾകീപ്പർ തിബൗത്‌ കോര്‍ട്ടോയ പിന്തുടരുന്നത് വിചിത്രമായ വിശ്വാസമാണ്. ദേശീയഗാനം മുഴങ്ങുമ്പോൾ, പാൻ ക്യാമറ തന്നെ മറികടന്നുവെന്ന് മനസിലായാൽ ഉടൻ താടി ചൊറിയും.
ഇംഗ്ലണ്ട് സ്ട്രൈക്കർ ജാമി വർദി മത്സരങ്ങൾക്ക് തലേദിവസം ഒരു കുപ്പിയുടെ പകുതി വീഞ്ഞ് അകത്താക്കും. മത്സരദിനം മൂന്നു കാൻ റെഡ്ബുള്‍ വിഴങ്ങും.
First published: June 27, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...