• HOME
  • »
  • NEWS
  • »
  • sports
  • »
  • വനിതകളുടെ എലൈറ്റ് നീന്തൽ മത്സരങ്ങളിൽ ട്രാൻസ്‌ജെൻഡർ താരങ്ങൾ മത്സരിക്കരുത്; വിലക്കുമായി FINA

വനിതകളുടെ എലൈറ്റ് നീന്തൽ മത്സരങ്ങളിൽ ട്രാൻസ്‌ജെൻഡർ താരങ്ങൾ മത്സരിക്കരുത്; വിലക്കുമായി FINA

ഹംഗറിയിലെ ബുഡാപെസ്റ്റിൽ ചേർന്ന അസാധാരണ ജനറൽ കോൺഗ്രസിലാണ് തീരുമാനം. 152 ഫിന അംഗങ്ങളിൽ നിന്ന് 71% വോട്ടുകൾ നേടിയാണ് പുതിയ നയം പാസായത്.

ഫയൽ ചിത്രം (Image Credits: Athit Perawongmetha/Reuters)

ഫയൽ ചിത്രം (Image Credits: Athit Perawongmetha/Reuters)

  • Share this:
    വനിതകളുടെ എലൈറ്റ് നീന്തൽ മത്സരങ്ങളിൽ (Women's Swimming Events) പങ്കെടുക്കുന്നതിൽ നിന്നും ട്രാൻസ്‌ജെൻഡർ താരങ്ങൾക്ക് (Trans Swimmers) വിലക്ക്. നീന്തലിന്റെ അന്താരാഷ്ട്ര ഭരണസമിതിയായ ഫിനയാണ് (FINA) വിലക്ക് ഏർപ്പെടുത്തിയത്. വനിതാ താരങ്ങളേക്കാൾ കായികക്ഷമത ട്രാൻസ് താരങ്ങൾക്കുണ്ടെന്നതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഹംഗറിയിലെ ബുഡാപെസ്റ്റിൽ ചേർന്ന അസാധാരണ ജനറൽ കോൺഗ്രസിലാണ് തീരുമാനം. 152 ഫിന അംഗങ്ങളിൽ നിന്ന് 71% വോട്ടുകൾ നേടിയാണ് പുതിയ നയം പാസായത്. അതേസമയം, ട്രാൻസ്‌ജെൻഡർ വിഭാഗക്കാർക്കായി ഒരു ഓപ്പൺ കാറ്റഗറി ഏർപ്പെടുത്താൻ വേണ്ടിയുള്ള ശ്രമങ്ങൾ തുടങ്ങുമെന്നും ഭരണസമിതി തീരുമാനമെടുത്തു.

    ആർക്കും അന്യമായി ഒരു മുൻതൂക്കവും ലഭിക്കാത്ത തരത്തിൽ എല്ലാ വിഭാഗക്കാരെയും ഒരുമിച്ച് ഉൾക്കൊളളിച്ച് മത്സരങ്ങൾ നടത്താനായുള്ള ശ്രമങ്ങൾ കായികരംഗത്ത് നടക്കുന്നതിനിടെ ട്രാൻസ്‌ജെൻഡർ വിഭാഗക്കാരുടെ അവകാശങ്ങൾ ഒരു പ്രധാന ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്.

    'മത്സരിക്കാനുള്ള അത്‌ലറ്റുകളുടെ അവകാശങ്ങൾ ഞങ്ങൾക്ക് സംരക്ഷിക്കേണ്ടതുണ്ട്, എന്നാൽ അതോടൊപ്പം തന്നെ മത്സരബുദ്ധിയോടെ താരങ്ങൾ പോരാടുന്ന ഇവന്റുകളിൽ, പ്രത്യേകിച്ച് ഫിനയിലെ വനിതാ വിഭാഗത്തിലെ മത്സരങ്ങളിൽ തുല്യത ഉറപ്പാക്കുക എന്നുള്ളതും ഞങ്ങളുടെ കടമയാണ്,' - ഫിന പ്രസിഡന്റ് ഹുസൈൻ അൽ മുസല്ലം പറഞ്ഞു.

    'എല്ലാ കായികതാരങ്ങളെയും സ്വീകരിക്കുക എന്നതാണ് ഫിനയുടെ നയം. ഒരു ഓപ്പൺ കാറ്റഗറി സൃഷ്ടിക്കുന്നതിലൂടെ എല്ലാ താരങ്ങൾക്കും എലൈറ്റ് വിഭാഗത്തിൽ മത്സരിക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. ഇത്തരമൊരു തീരുമാനം മറ്റാരും ഇതുവരെ എടുത്തിട്ടില്ല. അതിനാൽ ഈ പുതിയ നീക്കത്തിൽ ഫിന മാർഗദർശിയാകേണ്ടതുണ്ട്. ഈ പുതിയ നീക്കം ഫലവത്താക്കുന്നതിനുള്ള ശ്രമത്തിൽ എല്ലാ കായിക താരങ്ങളും ഉൾപ്പെടണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.' - അദ്ദേഹം കൂട്ടിച്ചേർത്തു.

    മെഡിസിൻ, നിയമം, കായികം എന്നീ മേഖലകളിലെ പ്രമുഖർ ഉൾപ്പെട്ട ട്രാൻസ്‌ജെൻഡർ ടാസ്‌ക് ഫോഴ്‌സിൽ നിന്ന് ഫിന അംഗങ്ങൾ റിപ്പോർട്ട് തേടിയതിന് ശേഷമാണ് ഈ കടുപ്പമേറിയ നിയമം ഫിന പാസാക്കിയത്.

    കഴിഞ്ഞ നവംബറിൽ അന്താരാഷ്‌ട്ര ഒളിമ്പിക്‌സ് കമ്മിറ്റി നൽകിയ ശുപാർശകളെ തുടർന്ന് നയം രൂപീകരിക്കാൻ ഒരുമിച്ച് പ്രവർത്തിക്കുന്ന ഒരു അത്‌ലറ്റ് ഗ്രൂപ്പ്, ഒരു സയൻസ് ആൻഡ് മെഡിസിൻ ഗ്രൂപ്പ്, നിയമ, മനുഷ്യാവകാശ ഗ്രൂപ്പ് എന്നീ മൂന്ന് സ്പെഷ്യലിസ്റ്റ് ഗ്രൂപ്പുകളിൽ നിന്നുള്ള അവതരണങ്ങൾ കേട്ടതിന് ശേഷമാണ് ഫിന വോട്ടെടുപ്പ് നടത്തിയത്.

    'ഒരു കായികതാരത്തോടും ഉയർന്ന തലത്തിൽ മത്സരിക്കാൻ കഴിയില്ലെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല, ഞങ്ങളുടെ മീറ്റുകളിൽ ഒരു ഓപ്പൺ കാറ്റഗറി സജ്ജീകരിക്കാൻ ഞാൻ ഒരു വർക്കിംഗ് ഗ്രൂപ്പ് രൂപീകരിക്കും. അത്തരത്തിൽ ഒരു നീക്കം നടത്തുന്ന ആദ്യത്തെ ഫെഡറേഷൻ ഞങ്ങളായിരിക്കും.' - അൽ-മുസല്ലം പറഞ്ഞു.

    ഫിനയ്ക്ക് കീഴിലുള്ള മത്സരങ്ങളിൽ പങ്കെടുക്കാനുള്ള പുതിയ യോഗ്യതാ നയം പ്രകാരം, പുരുഷന്മാരുടെ പ്രായപൂർത്തി ഘട്ടത്തിന്റെ രണ്ടാം ഘട്ടമായ ടാനർ സ്റ്റേജ് 2 മൂലമുള്ള മാറ്റങ്ങൾ സംഭവിച്ചിട്ടില്ലെങ്കിലോ അല്ലെങ്കിൽ 12 വയസിൽ മേൽപ്പറഞ്ഞ മാറ്റങ്ങൾ സംഭവിച്ചിട്ടില്ലെങ്കിലോ അവർക്ക് മത്സരങ്ങൾക്ക് ഇറങ്ങാം എന്നാണ് വ്യക്തമാക്കുന്നത്.
    Published by:Naveen
    First published: