HOME » NEWS » Sports » SWITZERLAND DEFEATS FRANCE IN PENALTY SHOOTOUT AND ENTERS INTO EURO CUP QUARTERFINALS

Euro Cup | ഷൂട്ട് ഔട്ടില്‍ ലോക ചാമ്പ്യന്‍മാരെ അട്ടിമറിച്ച് സ്വിറ്റ്‌സര്‍ലന്‍ഡ് ക്വാര്‍ട്ടറിലേക്ക്

അവസാന കിക്കെടുത്ത ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയ്ക്ക് പിഴയ്ക്കുകയായിരുന്നു. വിജയത്തോടെ ക്വാര്‍ട്ടറില്‍ എത്തിയ സ്വിറ്റ്‌സര്‍ലന്‍ഡിന് ഇനി സ്‌പെയ്‌നാണ് അടുത്ത എതിരാളികള്‍.

News18 Malayalam | news18-malayalam
Updated: June 29, 2021, 3:48 AM IST
Euro Cup | ഷൂട്ട് ഔട്ടില്‍ ലോക ചാമ്പ്യന്‍മാരെ അട്ടിമറിച്ച് സ്വിറ്റ്‌സര്‍ലന്‍ഡ് ക്വാര്‍ട്ടറിലേക്ക്
Credit: Google | Reuters
  • Share this:
യൂറോ മത്സരങ്ങള്‍ പ്രീ ക്വാര്‍ട്ടര്‍ ഘട്ടത്തിലേക്ക് കടന്നതോടെ ടീമുകള്‍ ആവേശം ഇരട്ടിപ്പിക്കുകയാണ്. ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ ഫ്രാന്‍സും സ്വിറ്റ്‌സര്‍ലന്‍ഡും നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും മൂന്ന് ഗോളിന് സമനിലയില്‍ പിരിയുകയായിരുന്നു. ഇതോടെ പെനാല്‍റ്റി ഷൂട്ട് ഔട്ടിലേക്ക് നീണ്ട മത്സരത്തില്‍ 5-4ന് വിജയിച്ചാണ് സ്വിറ്റ്‌സര്‍ലന്‍ഡ് ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. അവസാന കിക്കെടുത്ത ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയ്ക്ക് പിഴയ്ക്കുകയായിരുന്നു. യാന്‍ സൊമ്മറിന്റെ തകര്‍പ്പന്‍ സേവ് സ്വിറ്റ്‌സര്‍ലന്‍ഡിന്റെ വിജയം ഉറപ്പിക്കുകയായിരുന്നു.

അവസാന മത്സരത്തില്‍ തുര്‍ക്കിയെ തോല്‍പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് സ്വിറ്റ്സര്‍ലന്‍ഡ് ഇന്നിറങ്ങിയത്. മത്സരത്തിന്റെ 15ആം മിനിട്ടില്‍ തന്നെ ലോക ചാമ്പ്യന്‍മാരെ ഞെട്ടിച്ചുകൊണ്ട് സ്വിറ്റ്‌സര്‍ലന്‍ഡ് ഫ്രാന്‍സിന്റെ ഗോള്‍ വല കുലുക്കി. സെഫറോവിച്ചിന്റെ തകര്‍പ്പന്‍ ഹെഡര്‍ ഫ്രാന്‍സ് ഗോള്‍ കീപ്പര്‍ ഹ്യുഗോ ലോറിസിനെ കാഴ്ചക്കാരനാക്കി ഗോള്‍ വര കടക്കുകയായിരുന്നു. സ്റ്റീവന്‍ സൂബെറാണ് ഗോളിന് വഴിയൊരുക്കിയത്.

ആദ്യ പകുതിയില്‍ എടുത്ത് പറയത്തക്ക രീതിയിലുള്ള മുന്നേറ്റങ്ങള്‍ ഒന്നും തന്നെ ഫ്രാന്‍സിന്റെ ഭാഗത്തു നിന്നും ഉണ്ടായില്ല. കിലിയന്‍ എംബാപ്പെയുടെ ചില ഒറ്റയാന്‍ പോരാട്ടങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ ടീമിന് ഗോളവസരങ്ങള്‍ ഒന്നും തന്നെ ആദ്യ പകുതിയില്‍ സൃഷ്ടിക്കാനായില്ല. എംബാപ്പയ്ക്കാകട്ടെ നല്ല രീതിയില്‍ അവസരങ്ങള്‍ ഫിനിഷ് ചെയ്യുന്നതില്‍ പിഴക്കുകയായിരുന്നു. ഇതോടെ സ്വിസ് താരങ്ങള്‍ ഒരു ഗോള്‍ ലീഡോടെ ആദ്യ പകുതി അവസാനിപ്പിച്ചു.

രണ്ടാം പകുതി ആരംഭിച്ച് നാലാം മിനിട്ടില്‍ ലീഡുയര്‍ത്താന്‍ ലഭിച്ച ഒരു സുവര്‍ണാവസരം സ്വിസ് താരങ്ങള്‍ ബോക്‌സിനുള്ളില്‍ പാഴാക്കി. തൊട്ട് പിന്നാലെ തങ്ങള്‍ക്ക് ലഭിച്ച ഒരു പെനാല്‍റ്റി അവസരം സ്വിസ് ടീം പാഴാക്കി. റോഡ്രിഗസ് എടുത്ത പെനാല്‍റ്റി കിക്ക് ഹ്യൂഗോ ലോറിസ് തകര്‍പ്പന്‍ സേവിലൂടെ തടഞ്ഞിട്ടു. ഇവിടെ നിന്നും പുതുജീവന്‍ ലഭിച്ച ഫ്രഞ്ച് പട തങ്ങളുടെ യഥാര്‍ത്ഥ ശക്തി പുറത്തെടുക്കുകയായിരുന്നു. 56 ആം മിനിട്ടില്‍ സമനില ഗോളിനുള്ള എംബാപ്പെയുടെ ശ്രമം ഇഞ്ചുകളുടെ വ്യത്യാസത്തില്‍ നഷ്ടമായി. എന്നാല്‍ അടുത്ത രണ്ട് മിനിട്ടുകളില്‍ രണ്ട് ഗോളുകള്‍ നേടിക്കൊണ്ട് ഫ്രാന്‍സ് മത്സരം കൈപ്പൊടിയിലൊതുക്കി.

രണ്ട് ഗോളുകളും നേടിയത് കരിം ബെന്‍സിമ ആയിരുന്നു. 57ആം മിനിട്ടിലെ ഫ്രാന്‍സിന്റെ ആദ്യ ഗോളിന് വഴിയൊരുക്കിയത് എംബാപ്പെയായിരുന്നു. സ്വിസ് ഗോള്‍കീപ്പര്‍ യാന്‍ സോമറിന് തടയാന്‍ അവസരം ലഭിക്കും മുമ്പ് ബെന്‍സിമ പന്ത് വലയിലേക്ക് ചിപ് ചെയ്തു. 59ആം മിനിട്ടില്‍ എംബാപ്പെയും ഗ്രീസ്മാനും ബെന്‍സിമയും ചേര്‍ന്നുള്ള മുന്നേറ്റമാണ് ഗോളിന് വഴിയൊരുക്കിയത്. 75ആം മിനിട്ടില്‍ പോള്‍ പോഗ്ബയിലൂടെ ഫ്രാന്‍സ് മൂന്നാം ഗോളും നേടി. ബോക്‌സിന് വെളിയില്‍ നിന്നും ഒരു കര്‍വിങ് ലോങ്ങ് റേഞ്ചറിലൂടെയായിരുന്നു പോഗ്ബയുടെ സുന്ദര ഗോള്‍.

എന്നാല്‍ അവസാന പത്തു മിനിട്ടുകളില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് മത്സരത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു. മത്സരം അവസാനിക്കാന്‍ ഒമ്പത് മിനിട്ട് ശേഷിക്കെ സ്വിറ്റ്‌സര്‍ലന്‍ഡ് രണ്ടാം ഗോള്‍ നേടി. സെഫറോവിച്ച് തന്നെയായിരുന്നു ഇത്തവണയും സ്വിസ് ടീമിനായി ഗോള്‍ നേടിയത്. ഹെഡറിലൂടെ തന്നെയാണ് സെഫറോവിച്ച് ഈ ഗോളും നേടിയത്. 90ആം മിനിട്ടില്‍ മാരിയോ ഗവ്രാനോവിച്ചിലൂടെ സ്വിറ്റ്‌സര്‍ലന്‍ഡ് മൂന്നാം ഗോള്‍ നേടി മത്സരം സമനിലയിലാക്കി. ഇതോടെ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീളുകയായിരുന്നു. എന്നാല്‍ എക്‌സ്ട്രാ ടൈമിലും ഇരു ടീമുകളും ഗോള്‍ രഹിത സമനിലയില്‍ പിരിയുകയായിരുന്നു.

ഷൂട്ട് ഔട്ടില്‍ സ്വിസ് ടീമിനായി ഗവ്രാനോവിച്ച്, ഫാബിയാന്‍ ഷാര്‍, അകാന്‍ജി, വാര്‍ഗാസ്, അഡ്മിര്‍ മെഹ്മെദി എന്നിവര്‍ ലക്ഷ്യം കണ്ടു. ഫ്രാന്‍സിനായി പോഗ്ബ, ജിറൂദ്, മാര്‍ക്കസ് തുറാം, കിംപെംബെ എന്നിവര്‍ക്ക് ലക്ഷ്യം കാണാനായപ്പോള്‍ അഞ്ചാം കിക്കെടുത്ത എംബാപ്പെയ്ക്ക് പിഴയ്ക്കുകയായിരുന്നു. വിജയത്തോടെ ക്വാര്‍ട്ടറില്‍ എത്തിയ സ്വിറ്റ്‌സര്‍ലന്‍ഡിന് ഇനി സ്‌പെയ്‌നാണ് അടുത്ത എതിരാളികള്‍.
Published by: Sarath Mohanan
First published: June 29, 2021, 3:47 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories