• HOME
  • »
  • NEWS
  • »
  • sports
  • »
  • T Natarajan |ഗ്രാമത്തില്‍ ക്രിക്കറ്റ് ഗ്രൗണ്ടൊരുക്കി നടരാജന്‍; സ്വപ്നസാക്ഷാത്കാരമെന്ന് താരം

T Natarajan |ഗ്രാമത്തില്‍ ക്രിക്കറ്റ് ഗ്രൗണ്ടൊരുക്കി നടരാജന്‍; സ്വപ്നസാക്ഷാത്കാരമെന്ന് താരം

പരിമിത സാഹചര്യങ്ങളിലുള്ള ക്രിക്കറ്റ് പ്രതിഭകള്‍ക്ക് വളര്‍ന്നുവരാനുള്ള ആദ്യ പടിയെന്ന നിലയിലാണ് ഇത്തരമൊരു സ്റ്റേഡിയം സൃഷ്ടിച്ചതെന്നാണ് നടരാജന്‍ പറയുന്നത്.

  • Last Updated :
  • Share this:
    തമിഴ്നാട് പ്രീമിയര്‍ ലീഗ് ഇന്ത്യന്‍ ക്രിക്കറ്റിന് സമ്മാനിച്ച അതുല്യ പ്രതിഭയാണ് സ്റ്റാര്‍ പേസര്‍ തങ്കരശു നടരാജന്‍(T Natarajan). ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഗംഭീര പ്രകടനമാണ് നടരാജന് ഇന്ത്യന്‍ ടീമിലേക്കുള്ള കടന്നുവരവ് അനായാസമാക്കിയത്. ഇന്ത്യന്‍ ടീമിലെത്തിയ ശേഷം കണ്ണടച്ച് തുറക്കുന്ന വേഗത്തില്‍ മൂന്ന് ഫോര്‍മാറ്റിലും അരങ്ങേറ്റം നടത്താനും താരത്തിന് ഭാഗ്യം ലഭിച്ചു.

    പരിക്കിനെത്തുടര്‍ന്ന് നിലവില്‍ ഇന്ത്യന്‍ ടീമിന് പുറത്താണെങ്കിലും വളരെപെട്ടെന്ന് ആരാധക മനസില്‍ ഇടം പിടിക്കാന്‍ അദ്ദേഹത്തിനായിരുന്നു. പരിമിതമായ സാഹചര്യങ്ങളില്‍ നിന്ന് തന്റെ പ്രകടനമികവുകൊണ്ട് വളര്‍ന്നുവന്ന നടരാജന്‍ ഇപ്പോഴിതാ തന്റെ സ്വപ്ന സാക്ഷാത്കാരം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്.

    സ്വന്തം ഗ്രാമത്തില്‍(village) എല്ലാ സൗകര്യങ്ങളോടുകൂടിയ ക്രിക്കറ്റ് ഗ്രൗണ്ട്(Cricket ground) ഒരുക്കിയിരിക്കുകയാണ് നടരാജന്‍. 'നടരാജന്‍ ക്രിക്കറ്റ് ഗ്രൗണ്ട്' എന്നാണ് ഈ മൈതാനത്തിന് പേര് നല്‍കിയിരിക്കുന്നത്. പരിമിത സാഹചര്യങ്ങളിലുള്ള ക്രിക്കറ്റ് പ്രതിഭകള്‍ക്ക് വളര്‍ന്നുവരാനുള്ള ആദ്യ പടിയെന്ന നിലയിലാണ് ഇത്തരമൊരു സ്റ്റേഡിയം സൃഷ്ടിച്ചതെന്നാണ് നടരാജന്‍ പറയുന്നത്.


    2020 ഡിസംബറില്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച നട്ടു ഈ വര്‍ഷം ഡിസംബറില്‍ നാട്ടില്‍ ക്രിക്കറ്റ് മൈതാനം ഒരുക്കിയിരിക്കുകയാണ്. തന്റെ ഏറ്റവും വലിയ സ്വപ്നത്തിന്റെ സാക്ഷാത്കാരമാണിതെന്നാണ് നടരാജന്‍ പറഞ്ഞത്. മൈതാനത്തിന്റെ ചിത്രം ഉള്‍പ്പെടെ സ്വന്തം ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് താരം പുതിയ മൈതാനത്തെക്കുറിച്ച് ആരാധകരുമായി പങ്കുവെച്ചത്.

    ഇടം കൈയന്‍ പേസര്‍മാരുടെ അഭാവമുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് വലിയ പ്രതീക്ഷ നല്‍കുന്ന താരമാണ് നടരാജന്‍. അരങ്ങേറിയ ഒരു വര്‍ഷത്തിനുള്ളില്‍ത്തന്നെ തന്റെ മികവ് ലോകത്തിന് മുന്നില്‍ കാണിച്ചു കൊടുക്കാന്‍ നടരാജനായെങ്കിലും പരിക്ക് വില്ലനായതോടെ ഏറെ നാളുകളായി ടീമിന് പുറത്താണ്. വരാനിരിക്കുന്ന ഐപിഎല്‍ സീസണില്‍ കളിച്ച് ഗംഭീര തിരിച്ചുവരവാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്. സണ്‍റൈസേഴ്സ് ഹൈദരാബാദിലൂടെ ഐപിഎല്ലിലേക്കെത്തിയ നട്ടു തുടര്‍ച്ചയായി യോര്‍ക്കര്‍ എറിയാനുള്ള മികവിലൂടെയാണ് ആരാധകശ്രദ്ധ പിടിച്ചുപറ്റിയത്.

    30കാരനായ നടരാജന്‍ ഒരു ടെസ്റ്റില്‍ നിന്ന് മൂന്ന് വിക്കറ്റും രണ്ട് ഏകദിനത്തില്‍ നിന്ന് മൂന്ന് വിക്കറ്റും നാല് ടി20യില്‍ നിന്ന് ഏഴ് വിക്കറ്റുമാണ് നേടിയത്. ഓസ്ട്രേലിയന്‍ പര്യടനത്തിലൂടെയാണ് മൂന്ന് ഫോര്‍മാറ്റിലും അദ്ദേഹം അരങ്ങേറിയത്. ഒരു പര്യടനത്തില്‍ത്തന്നെ മൂന്ന് ഫോര്‍മാറ്റിലും അരങ്ങേറുന്ന ആദ്യത്തെ ഇന്ത്യന്‍ താരം കൂടിയാണ് നടരാജന്‍.
    Published by:Sarath Mohanan
    First published: