ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ ഒഴിവാക്കിയേക്കുമെന്ന് സൂചന. പകരക്കാരനായി ഷര്‍ദുല്‍ താക്കൂറോ ശ്രേയസ് അയ്യരോ ടീമില്‍ ഇടം പിടിച്ചേക്കുമെന്നാണ് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
ഇരുവരും ഇന്ത്യയുടെ റിസര്‍വ് താരങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഫിറ്റ്നസ് പ്രശ്നങ്ങളുള്ള ഹാര്‍ദിക് കുറച്ചുകാലമായി പന്തെറിയാറില്ല. ബാറ്റിംഗിലും താരം മോശം പ്രകടനം തുടരുകയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഒക്ടോബര്‍ 10 വരെ ടീമുകളില്‍ മാറ്റം വരുത്താന്‍ ക്രിക്കറ്റ് ബോര്‍ഡുകള്‍ക്ക് സാധിക്കും.
കഴിഞ്ഞ കുറച്ചു മാസങ്ങളായി പരുക്കിന്റെ പിടിയിലാണു ഹാര്‍ദിക്. ട്വന്റി 20 മത്സരങ്ങളില്‍ പോലും ബോള്‍ ചെയ്യാനാകാത്തതാണ് ഹാര്‍ദികിന്റെ ടീമിലെ സ്ഥാനം ചോദ്യം ചെയ്യപ്പെടാന്‍ കാരണം. ഐപിഎലിലെ മുന്നോട്ടുള്ള പ്രകടനങ്ങള്‍ പരിഗണിച്ചാവും ടീമില്‍ മാറ്റം വരുത്തുക. വരും മത്സരങ്ങളില്‍ നന്നായി കളിച്ച് ഹാര്‍ദിക് ഫോമിലേക്കെത്തിയാല്‍ താരം തന്നെ ടീമില്‍ തുടരും. എന്നാല്‍, മോശം പ്രകടനങ്ങള്‍ തുടര്‍ന്നാല്‍ ടീമില്‍ മാറ്റം വരുത്താന്‍ മാനേജ്മെന്റ് നിര്‍ബന്ധിതരാവും. സീസണില്‍ ഇതുവരെ ഹര്‍ദ്ദിക് പന്തെറിഞ്ഞിട്ടില്ല. ശ്രീലങ്കക്കെതിരെ പന്തെറിഞ്ഞെങ്കിലും താരം ഏറെ റണ്‍സ് വഴങ്ങിയിരുന്നു.
ബാറ്റ്സ്മാനായി മാത്രമാണു കളിപ്പിക്കാനാകുന്നതെങ്കില് ഹാര്‍ദികിനു പകരം ഡല്‍ഹി ക്യാപിറ്റല്‍സ് മധ്യനിര ബാറ്റ്സ്മാന് ശ്രേയസ് അയ്യരെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയേക്കുമെന്ന തരത്തിലുള്ള സൂചനകളാണു ബിസിസിഐ വൃത്തങ്ങളില്‍നിന്നു ലഭിക്കുന്നത്. ദീപക് ചഹര്‍, ഷര്‍ദുല്‍ താക്കൂര്‍ എന്നിവരെ ടീമിലേക്ക് ഉള്‍പ്പെടുത്തുന്നതും ആലോചനയിലുണ്ട്. ശിഖര്‍ ധവാന്, യുസ്വേന്ദ്ര ചഹല്‍, സഞ്ജു സാംസണ് എന്നിവരും അവസരം കാത്ത് പുറത്ത് നില്‍ക്കുന്നുണ്ട്.
ഒക്ടോബര്‍ 17ന് യോഗ്യതാ മത്സരങ്ങളോടെയാണ് ടി20 ലോകകപ്പിന് തുടക്കമാകുന്നത്. സൂപ്പര്‍ 12 മത്സരങ്ങള്‍ ഒക്ടോബര്‍ 23 ന് ആരംഭിക്കും. നവംബര്‍ 14 നാണ് ഫൈനല്‍. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം ചിരവൈരികളായ പാകിസ്ഥാനെതിരെയാണ്. ഒക്ടോബര്‍ 24 നാണ് ഈ മത്സരം.
ഇന്ത്യയില്‍ നടക്കേണ്ടിയിരുന്ന ലോകകപ്പ്, കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് അറേബ്യന്‍ മണ്ണിലേക്ക് മാറ്റിയത്. 2016ന് ശേഷം ഇതാദ്യമായാണ് ടി20 ലോകകപ്പ് നടക്കുന്നത് എന്ന പ്രത്യേകതയുണ്ട്. 2020ല്‍ ഓസ്ട്രേലിയ ആതിഥേയത്വം വഹിക്കേണ്ടിയിരുന്ന ടൂര്‍ണമെന്റാണ് കോവിഡ് വ്യാപനം മൂലം ആദ്യം ഇന്ത്യയിലേക്ക് മാറ്റുകയും പിന്നീട് അവിടുന്ന് യുഎഇയിലേക്ക് മാറ്റുകയായിരുന്നു.
ആറ് രാജ്യങ്ങള്‍ വീതമുള്ള രണ്ട് ഗ്രൂപ്പുകളിലായാണ് ടീമുകളെ തരംതിരിച്ചിരിക്കുന്നത്. ഗ്രൂപ്പ് ഒന്ന്, രണ്ട് എന്നിങ്ങനെ തരംതിരിച്ചിട്ടുള്ള ഗ്രൂപ്പുകളില്‍, രണ്ടാമത്തെ ഗ്രൂപ്പിലാണ് ഇന്ത്യയും പാകിസ്താനും ഉള്‍പ്പെട്ടിരിക്കുന്നത്. ഇന്ത്യക്കും പാകിസ്താനും പുറമെ ന്യുസിലന്‍ഡ്, അഫ്ഗാനിസ്താന്, ഗ്രൂപ്പ് എ റണ്ണറപ്പ്, ഗ്രൂപ്പ് ബി വിജയി എന്നിവരാണ് മറ്റു ടീമുകള്‍. ഗ്രൂപ്പ് ഒന്നില്‍ നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് എ വിജയി, ഗ്രൂപ്പ് ബി റണ്ണറപ്പ് എന്നീ ടീമുകളാണ് ഉള്‍പ്പെടുന്നത്. പോയിന്റ് പട്ടികയില്‍ ആദ്യത്തെ രണ്ട് സ്ഥാനങ്ങളിലെത്തുന്നവരാണ് സെമി ഫൈനലിലേക്ക് യോഗ്യത നേടുക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.