നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • T20 World Cup |'നടന്നത് ലോകകപ്പിലെ ആദ്യ മത്സരമാണ്, അവസാനത്തേതല്ല': ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി

    T20 World Cup |'നടന്നത് ലോകകപ്പിലെ ആദ്യ മത്സരമാണ്, അവസാനത്തേതല്ല': ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി

    'എതിരാളി നിങ്ങളെക്കാള്‍ നന്നായി കളിച്ചു എന്ന വസ്തുത അംഗീകരിക്കുന്നതില്‍ യാതൊരു നാണക്കേടും തോന്നേണ്ടതില്ല.'- വിരാട് പറഞ്ഞു.

    Virat Kohli

    Virat Kohli

    • Share this:
      ടി20 ലോകകപ്പിലെ(T20 World Cup) ഗ്ലാമര്‍ പോരാട്ടത്തില്‍ ഇന്ത്യക്കെതിരെ(India) ആധികാരിക ജയമാണ് പാകിസ്ഥാന്‍(Pakistan) സ്വന്തമാക്കിയത്. ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെയായിരുന്നു പാകിസ്ഥാന്റെ ജയം. മത്സരത്തില്‍ ഇന്ത്യക്കെതിരെ ജയം നേടിയതോടെ ലോകകപ്പ് വേദിയില്‍ ഇന്ത്യക്കെതിരെ ഇതുവരെ ജയം നേടിയിട്ടില്ല എന്ന റെക്കോര്‍ഡ് കൂടി അവര്‍ തിരുത്തിക്കുറിച്ചിരുന്നു.

      ഇപ്പോഴിതാ കഴിഞ്ഞത് ടി20 ലോകകപ്പിലെ ആദ്യ മത്സരമാണെന്നും അവസാനത്തേതല്ലെന്നും വിമര്‍ശകരെ ഓര്‍മിപ്പിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി. 'ഗെയിമിനെ ബഹുമാനിക്കുന്ന ടീമാണ് ഞങ്ങളുടേത്. ഒരു തോല്‍വി എന്നത് ലോകത്തിന്റെ അവസാനമാണ് എന്ന് ഞങ്ങള്‍ കരുതുന്നില്ല. ഞങ്ങള്‍ ഇന്ന് മോശമായിട്ടാണ് കളിച്ചത്. പാകിസ്ഥാന്‍ തീര്‍ച്ചയായും ക്രെഡിറ്റ് അര്‍ഹിക്കുന്നു. നിങ്ങളുടെ എതിരാളി നിങ്ങളെക്കാള്‍ നന്നായി കളിച്ചു എന്ന വസ്തുത അംഗീകരിക്കുന്നതില്‍ യാതൊരു നാണക്കേടും തോന്നേണ്ടതില്ല. തെറ്റുകള്‍ മനസിലാക്കി, അത് തിരുത്തി കൊണ്ട് പോസിറ്റീവായി മുന്‍പോട്ടു പോകാനാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്.'- വിരാട് പറഞ്ഞു.

      ദുബായില്‍ നടന്ന മത്സരത്തില്‍ 10 വിക്കറ്റിന് ഇന്ത്യയെ തോല്‍പ്പിച്ചതോടെ ലോകകപ്പില്‍ ഒരു ടീമിനെതിരെ 10 വിക്കറ്റ് ജയം നേടുന്ന നാലാമത്തെ ടീം എന്ന നേട്ടമാണ് പാകിസ്ഥാന്‍ സ്വന്തമാക്കിയത്. 2007ല്‍ ശ്രീലങ്കയ്ക്കെതിരെ ഓസ്ട്രേലിയയും, 2012ല്‍ സിംബാബ്വെയ്ക്കെതിരെ ദക്ഷിണാഫ്രിക്കയും, ഈ ലോകകപ്പിലെ യോഗ്യത മത്സരത്തില്‍ പാപുവ ന്യൂ ഗിനിയയ്ക്കെതിരെ ഒമാനുമാണ് പാകിസ്ഥാന് മുന്‍പ് ഈ നേട്ടം കൈവരിച്ച ടീമുകള്‍.

      അതേസമയം, ഇതില്‍ ഏറ്റവും വലിയ ജയം പാകിസ്ഥാന്റേത് തന്നെയാണ്. ഇന്ത്യ കുറിച്ച 152 റണ്‍സ് വിജയലക്ഷ്യം 17.5 ഓവറിലാണ് പാകിസ്ഥാന്‍ മറികടന്നത്. ക്യാപ്റ്റന്‍ ബാബര്‍ അസമിന്റെയും (Babar Azam) (52 പന്തില്‍ 68) മുഹമ്മദ് റിസ്വാന്റെയും (Mohammad Rizwan) (55 പന്തില്‍ 72) അര്‍ധസെഞ്ചുറി പ്രകടനങ്ങളാണ് അവരുടെ ജയം എളുപ്പമാക്കിയത്.

      ഈ പ്രകടനവും റെക്കോര്‍ഡാണ്. പുരുഷന്മാരുടെ ടി20 ലോകകപ്പില്‍ ഒന്നാം വിക്കറ്റില്‍ ഏറ്റവുമുയര്‍ന്ന കൂട്ടുകെട്ടാണ് ബാബറും റിസ്വാനും ഇന്നലെ പടുത്തുയര്‍ത്തിയത്. 2007 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ വെസ്റ്റിന്‍ഡീസിന്റെ ക്രിസ് ഗെയ്ലും ഡെവോണ്‍ സ്മിത്തും കുറിച്ച 145 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇന്നലത്തെ പ്രകടനത്തിലൂടെ പാകിസ്ഥാന്റെ ഓപ്പണിങ് ബാറ്റര്‍മാര്‍ തിരുത്തിയത്. അതേസമയം, ടി20 ലോകകപ്പില്‍ ഏത് വിക്കറ്റിലെയും ഉയര്‍ന്ന രണ്ടാമത്തെ കൂട്ടുകെട്ട് എന്ന റെക്കോര്‍ഡ് കൂടി ബാബര്‍ അസം - മുഹമ്മദ് റിസ്വാന്‍ സഖ്യം ഇന്നലെ സ്വന്തമാക്കി. ഇന്നലെ 152 റണ്‍സാണ് അവര്‍ കൂട്ടിച്ചേര്‍ത്തത്. ലോകകപ്പില്‍ 2010ല്‍ വെസ്റ്റിന്‍ഡീസിനെതിരെ ശ്രീലങ്കയുടെ മഹേള ജയവര്‍ധനെ - കുമാര്‍ സംഗക്കാര സഖ്യം രണ്ടാം വിക്കറ്റില്‍ കുറിച്ച 166 റണ്‍സാണ് റെക്കോര്‍ഡ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്.

      ഇന്ത്യ ഉയര്‍ത്തിയ 152 റണ്‍സ് ലക്ഷ്യം വിജയകരമായി മറികടന്ന പാകിസ്ഥാന്‍, പുരുഷ ടി20 യില്‍ വിക്കറ്റ് നഷ്ടപ്പെടുത്താതെ പിന്തുടര്‍ന്ന് ജയിക്കുന്ന രണ്ടാമത്തെ ഉയര്‍ന്ന സ്‌കോര്‍ എന്ന റെക്കോര്‍ഡ് നേട്ടം കൂടി സ്വന്തമാക്കി. 2016 ല്‍ പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 169 റണ്‍സ് വിജയലക്ഷ്യം ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ പിന്തുടര്‍ന്ന് ജയിച്ച ന്യൂസിലന്‍ഡ് ടീമാണ് ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.
      Published by:Sarath Mohanan
      First published:
      )}