• HOME
 • »
 • NEWS
 • »
 • sports
 • »
 • T20 World Cup |ടോസ് ഇന്ത്യക്ക്; സ്‌കോട്ട്‌ലന്‍ഡിനെ ബാറ്റിംഗിനയച്ചു, ഇന്ത്യന്‍ ടീമില്‍ ഒരു മാറ്റം

T20 World Cup |ടോസ് ഇന്ത്യക്ക്; സ്‌കോട്ട്‌ലന്‍ഡിനെ ബാറ്റിംഗിനയച്ചു, ഇന്ത്യന്‍ ടീമില്‍ ഒരു മാറ്റം

വിജയ മാര്‍ജിന്‍ കുറച്ചുകൂടി മെച്ചപ്പെട്ടാല്‍ മാത്രമേ ഇന്ത്യക്ക് റണ്‍റേറ്റില്‍ കാര്യമായ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയുകയുള്ളൂ.

 • Share this:
  ടി20 ലോകകപ്പിലെ(T20 World Cup) സൂപ്പര്‍ 12 പോരാട്ടത്തില്‍ സ്‌കോട്ട്‌ലന്‍ഡിനെതിരെ(Scotland) ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി ബൗളിങ് തിരഞ്ഞെടുത്തു. ഇന്ത്യന്‍(India) ടീമില്‍ ഒരു മാറ്റമാണുള്ളത്. ഷര്‍ദുല്‍ താക്കൂറിന് പകരം വരുണ്‍ ചക്രവര്‍ത്തി ടീമിലിടം നേടി. ഈ ലോകകപ്പില്‍ ഇതാദ്യമായാണ് ഇന്ത്യയ്ക്ക് ടോസ് ലഭിക്കുന്നത്.

  ഇന്ത്യന്‍ ടീം:

  രോഹിത് ശര്‍മ്മ, കെ എല്‍ രാഹുല്‍, വിരാട് കോഹ്ലി(ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രവിചന്ദ്ര അശ്വിന്‍, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംമ്ര.


  ടി20 ലോകകപ്പില്‍ ടീം ഇന്ത്യയുടെ നാലാം മത്സരമാണിത്. ഇന്ത്യന്‍ സമയം രാത്രി 7.30ന് ദുബായിലാണ് ഇന്ത്യന്‍ ടീമിന്റെ സെമി സാധ്യതകളില്‍ ഏറെ നിര്‍ണായകമായ പോരാട്ടം. നെറ്റ് റണ്‍റേറ്റ് നിര്‍ണായകമായതിനാല്‍ അതിവേഗ സ്‌കോറിംഗ് തന്നെ ഇന്നും ഇന്ത്യ ലക്ഷ്യമിടും. വലിയ മാര്‍ജിനിലുള്ള ജയമാണ് ഇന്ത്യ ലക്ഷ്യംവെക്കുന്നത്. സ്‌കോട്ലന്‍ഡ് കളിച്ച മൂന്ന് മത്സരങ്ങളും പരാജയപ്പെട്ടിരുന്നു. 2007ലെ പ്രഥമ ലോകകപ്പിലെ ഇന്ത്യ- സ്‌കോട്ലന്‍ഡ് മത്സരം മഴകാരണം ഉപേക്ഷിച്ചതിനുശേഷം ടി20യില്‍ ഇരുടീമുകളും നേര്‍ക്കുനേര്‍ വരുന്നത് ഇതാദ്യമാണ് എന്ന സവിശേഷതയുണ്ട്.


  വിജയ മാര്‍ജിന്‍ കുറച്ചുകൂടി മെച്ചപ്പെട്ടാല്‍ മാത്രമേ ഇന്ത്യക്ക് റണ്‍റേറ്റില്‍ കാര്യമായ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയുകയുള്ളൂ. അഫ്ഗാനെതിരായ വിജയം നെറ്റ് റണ്‍റേറ്റ് മൈനസില്‍ നിന്നും പ്ലസിലെത്തിക്കാന്‍ ഇന്ത്യയെ സഹായിച്ചിരുന്നു. മാത്രമല്ല പോയിന്റ് പട്ടികയില്‍ ഒരു സ്ഥാനം ടീം മെച്ചപ്പെടുത്തുകയും ചെയ്തിരുന്നു. ഇന്ത്യ അടങ്ങിയ ഗ്രൂപ്പില്‍ നിന്നും പാകിസ്ഥാന്‍ സെമി യോഗ്യത ഉറപ്പിച്ചുകഴിന്നതിനാല്‍ ബാക്കിയുള്ള ഒരു സ്ഥാനത്തിനായാണ് പോരാട്ടം. ഇതില്‍ ഇന്ത്യക്ക് ന്യൂസിലന്‍ഡ്, അഫ്ഗാനിസ്ഥാന്‍ എന്നിവര്‍ ഉയര്‍ത്തുന്ന വെല്ലുവിളി മറികടക്കണം. ടീമുകള്‍ക്കും ഇന്ത്യയെക്കാള്‍ മികച്ച റണ്‍റേറ്റ് സ്വന്തമായുള്ളതിനാല്‍ വമ്പന്‍ മാര്‍ജിനിലുള്ള ജയം നേടുക എന്നത് മാത്രമേ ഇന്ത്യയെ സഹായിക്കൂ.

  ആദ്യത്തെ രണ്ട് മത്സരങ്ങളിലും തകര്‍ന്നടിഞ്ഞ ഇന്ത്യ, അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ ഉഗ്രന്‍ തിരിച്ചുവരവാണ് നടത്തിയത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരു പോലെ തിളങ്ങിയ താരങ്ങള്‍ മത്സരത്തിന്റെ ഒരു ഘട്ടത്തില്‍ പോലും പിന്നോട്ട് പോകുന്നത് കാണാന്‍ കഴിഞ്ഞില്ല. കളിക്കാരുടെ ശരീരഭാഷയില്‍ ആത്മവിശ്വാസം പ്രകടമായിരുന്നു. സ്‌കോട്‌ലന്‍ഡിനെതിരെയും ഇതു നിലനിര്‍ത്താന്‍ തന്നെയായിരിക്കും ഇന്ത്യയുടെ ശ്രമം. നിര്‍ണായക ഘട്ടത്തില്‍ ടീം ഒന്നാകെ മികവിലേക്ക് ഉയര്‍ന്നത് ഇന്ത്യന്‍ ആരാധകര്‍ക്കും മാനേജ്‌മെന്റിനും ആശ്വാസമായിട്ടുണ്ട്.

  സ്‌കോട്‌ലന്‍ഡിനെ സൂക്ഷിക്കണം

  സൂപ്പര്‍ 12ല്‍ കളിച്ച മൂന്നു മല്‍സരങ്ങളിലും പരാജയപ്പെട്ട സ്‌കോട്‌ലന്‍ഡിന്റെ സെമി പ്രതീക്ഷ ഇതിനകം അവസാനിച്ചതാണെങ്കിലും സ്‌കോട്ടിഷ് ടീമിനെ അങ്ങനെ എഴുതിത്തള്ളാന്‍ കഴിയില്ല. ഒരുപിടി മികച്ച താരങ്ങള്‍ അവരുടെ സംഘത്തിലുണ്ട്. ക്യാപ്റ്റന്‍ കൈല്‍ കോട്‌സര്‍ അഗ്രസീവായി ബാറ്റ് ചെയ്യുന്ന ഓപ്പണറാണ്. ഓള്‍റൗണ്ടര്‍ റിച്ചി ബെറിങ്ടണ്‍ അവരുടെ ടീമിലെ നിര്‍ണായക താരങ്ങളിലൊരാളാണ്. മറ്റൊരു ഓള്‍റൗണ്ടറായിട്ടുള്ള മൈക്കല്‍ ലീസ്‌കിനെയും സൂക്ഷിക്കണം. വിക്കറ്റ് കീപ്പര്‍ മാത്യു ക്രോസാണ് ശ്രദ്ധിക്കേണ്ട മറ്റൊരു താരം. വെടിക്കെട്ട് ശൈലിയില്‍ ബാറ്റ് ചെയ്യുന്ന ക്രോസ് ഇന്ത്യന്‍ ബൗളിങ് നിരയ്ക്കു ഭീഷണിയായേക്കും.

  മികച്ച പ്രകടനം നടത്തിയാല്‍ മാത്രമേ ഇന്ത്യക്ക് സ്‌കോട്ടിഷ് പടയെ തോല്‍പ്പിക്കാന്‍ കഴിയുകയുള്ളൂ. ജയം ഒഴികെ മറ്റെന്തും ഇന്ത്യയുടെ സെമി സാധ്യതകളെ ബാധിക്കുമെന്നതിനാല്‍ കൈമെയ് മറന്ന് ജയത്തിനായി പോരാടുക എന്നത് മാത്രമാണ് വിരാട് കോഹ്ലിക്കും സംഘത്തിനും മുന്നിലുള്ള ഏക പോംവഴി.
  Published by:Sarath Mohanan
  First published: