• HOME
  • »
  • NEWS
  • »
  • sports
  • »
  • T20 World Cup |'മെന്റര്‍ സിംഗ്' ധോണി ഇന്ത്യന്‍ ക്യാമ്പിനൊപ്പം ചേര്‍ന്നു; ഇന്ത്യന്‍ ടീം ആവേശത്തില്‍

T20 World Cup |'മെന്റര്‍ സിംഗ്' ധോണി ഇന്ത്യന്‍ ക്യാമ്പിനൊപ്പം ചേര്‍ന്നു; ഇന്ത്യന്‍ ടീം ആവേശത്തില്‍

ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മെന്ററായി എത്തുന്നതിന് ധോണി ഒരു രൂപ പോലും ഫീസ് വാങ്ങുന്നില്ല.

Credit: Twitter

Credit: Twitter

  • Share this:
    ടി20 ലോകകപ്പിന് മുന്നോടിയായി മുന്‍ നായകന്‍ എംഎസ് ധോണി(MS Dhoni) ഇന്ത്യന്‍ ടീം(Indian team)ക്യാമ്പിനൊപ്പം ചേര്‍ന്നു. ധോണി ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്ന ചിത്രങ്ങള്‍ ബിസിസിഐ(BCCI) ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവെച്ചു. ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നാലാം ഐപിഎല്‍ കിരീടത്തിലേക്ക് നയിച്ച ധോണി മെന്റര്‍ എന്ന പുതിയ റോളിലാണ് ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിവന്നിരിക്കുന്നത്.

    എം എസ് ധോണിക്ക് ഗംഭീര സ്വീകരണമാണ് ബിസിസിഐ നല്‍കിയത്. പുതിയ ചുമതലയില്‍ ടീം ഇന്ത്യയില്‍ മടങ്ങിയെത്തിയ കിംഗിന് ഊഷ്മളമായ സ്വാഗതം അറിയിക്കുന്നു എന്ന കുറിപ്പോടെയാണ് ബിസിസിഐയുടെ ട്വീറ്റ്. രവി ശാസ്ത്രിയുടെ നേതൃത്വത്തിലുള്ള പരിശീലക സംഘത്തിനൊപ്പം ധോണി ആശയങ്ങള്‍ പങ്കുവെക്കുന്നത് ചിത്രത്തില്‍ കാണാം.


    ഐപിഎല്ലിന് ശേഷം ഇന്ത്യന്‍ ക്യാമ്പിലെത്തിയ താരങ്ങള്‍ ഇന്നലെ പരിശീലനം തുടങ്ങി. ഇന്ന് ലോകകപ്പിന് മുന്നോടിയായി ആദ്യ സന്നാഹ മത്സരം വിരാട് കോഹ്ലിയും സംഘവും കളിക്കും. ദുബായിലെ ഐസിസി അക്കാദമി ഗ്രൗണ്ടില്‍ വൈകിട്ട് 7.30ന് തുടങ്ങുന്ന കളിയില്‍ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികള്‍.

    മൂന്ന് ഐസിസി കിരീടങ്ങള്‍ ഉയര്‍ത്തിയ നായകനാണ് എം എസ് ധോണി. 2007ല്‍ പ്രഥമ ടി20 ലോകകപ്പ് കിരീടവും 2011ല്‍ ഏകദിന ലോകകപ്പും 2013ല്‍ ചാമ്പ്യന്‍സ് ട്രോഫിയും ഇന്ത്യക്ക് സമ്മാനിച്ചു. ഈ മൂന്ന് കിരീടങ്ങളും ഉയര്‍ത്തിയ ആദ്യ ക്യാപ്റ്റന്‍ കൂടിയാണ് ധോണി. ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മെന്ററായി എത്തുന്നതിന് ധോണി ഒരു രൂപ പോലും ഫീസ് വാങ്ങുന്നില്ല. ഇക്കാര്യം ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും സ്ഥിരീകരിച്ചിരുന്നു.

    ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ച അതേ ദിവസം തന്നെ ധോണിയെ ഇന്ത്യന്‍ ടീമിന്റെ ഉപദേഷ്ടാവായി പ്രഖ്യാപിച്ചിരുന്നു. എം എസ് ധോണി ഉപദേശകനായി ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുന്നുവെന്ന വാര്‍ത്ത ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. കഴിഞ്ഞ ആറ് ടി20 ലോകകപ്പ് എഡിഷനിലും എം എസ് ധോണിയാണ് ഇന്ത്യയെ നയിച്ചിട്ടുള്ളത്.

    Hardik Pandya |'ഇത്തവണ ധോണിയില്ല, ഫിനിഷിങ് ചുമതല എന്റെ തോളിലാണ്': ഹാര്‍ദിക് പാണ്ഡ്യ

    ഐപിഎല്ലിന്റെ കൊട്ടിക്കലാശം കഴിഞ്ഞതോടെ ക്രിക്കറ്റ് ലോകം ടി20 ലോകകപ്പിന്റെ(T20 World Cup) ആരവങ്ങളിലേക്ക് കടന്നിരിക്കുകയാണ്. ചിരവൈരികളായ പാകിസ്ഥാനെ നേരിട്ടുകൊണ്ടാണ് ഇന്ത്യ(India) തങ്ങളുടെ ലോകകപ്പ് പോരാട്ടത്തിന് തുടക്കമിടുന്നത്. ഒക്ടോബര്‍ 24നാണ് മത്സരം. എന്നാല്‍ ടീം ഇന്ത്യയുടെ സ്ഥിതി മുമ്പ് കരുതിയിരുന്നത് പോലെ അത്ര സുഖകരമല്ല. ടീം സെലക്ഷന്റെ സമയത്ത് ഫോമിലുണ്ടായിരുന്ന താരങ്ങള്‍ പലരും ഫോം നഷ്ടപ്പെട്ടു നില്‍ക്കുകയാണ്.

    ഇതില്‍ ഏറ്റവും വലിയ തലവേദന ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ(Hardik Pandya) പ്രകടനമാണ്. ഐപിഎല്ലില്‍ കാര്യമായി തിളങ്ങാന്‍ പാണ്ഡ്യയ്ക്ക് സാധിച്ചിട്ടില്ല. പരുക്കിന് ശേഷം തിരികെ വന്ന പാണ്ഡ്യ തന്റെ പഴകാല ഫോമിന്റെ നിഴല്‍ മാത്രമായിരിക്കുകയാണ്. ഈ ഐപിഎല്ലില്‍ താരം പന്തെറിയുക പോലും ചെയ്തിട്ടില്ല. പന്തെറിയുന്നില്ലെങ്കില്‍ താരത്തിന് പ്ലെയിങ് ഇലവനില്‍ സ്ഥാനം ലഭിക്കുമോ എന്നും ഉറപ്പില്ല. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ടീമില്‍ തന്റെ റോള്‍ ഫിനിഷറുടേതാണ് എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഹാര്‍ദിക് ഇപ്പോള്‍.

    'എക്കാലത്തെയും മികച്ച ഫിനിഷറാണ് ധോണിയെന്ന് ഞാന്‍ പറയും. അങ്ങനെയുള്ള എംഎസ് ധോണി ഇക്കുറിയില്ല. എല്ലാ ചുമതലകളും എന്റെ തോളിലാണ്. ഇത് ആകാംക്ഷയുണര്‍ത്തുന്ന വലിയ വെല്ലുവിളിയാണ്'- ഹാര്‍ദിക് പാണ്ഡ്യ ലോകകപ്പിന് മുന്നോടിയായി ഇഎസ്പിഎന്‍ ക്രിക്ഇന്‍ഫോയോട് പറഞ്ഞു.
    Published by:Sarath Mohanan
    First published: