ഈ വർഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന് വേദിയാകാനുള്ള ഇന്ത്യയുടെ മോഹങ്ങൾ കൊഴിയുന്നു. രാജ്യത്ത് നിയന്ത്രണാതീതമായി തുടരുന്ന കോവിഡ് വ്യാപനമാണ് ലോകകപ്പ് ഇന്ത്യക്ക് നഷ്ടമാകാൻ കാരണമാകുന്നത്. ഇന്ത്യയിൽ നിന്നും മാറ്റിയാൽ യുഎഇയിലും ഒമാനിലുമായി ലോകകപ്പ് നടത്തുന്നതിന് ബിസിസിഐ ഐസിസിയോട് തങ്ങളുടെ സമ്മതം അറിയിച്ചതായാണ് സൂചനകൾ ലഭിക്കുന്നത്. നിലവിൽ നിശ്ചയിച്ച പ്രകാരം ഈ വർഷം ഒക്ടോബറിലും നവംബറിലുമായാണു ലോകകപ്പ് നടക്കുക.
നേരത്തെ, ടി20 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുന്നതിനായി ഐസിസി ബിസിസിഐക്ക് ജൂൺ 28 വരെ സമയം നീട്ടി നൽകിയിരുന്നുവെങ്കിലും കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ ടൂർണമെൻ്റ് നടത്താൻ ഐസിസിക്ക് താൽപര്യമില്ല എന്ന് മനസ്സിലായത് കൊണ്ടാണ് ലോകകപ്പ് വേദി മാറ്റം സംബന്ധിച്ച് ബിസിസിഐ അവരുടെ നിലപാട് മാറ്റാൻ തയ്യാറായതെന്നാണ് സൂചന. ലോകകപ്പ് വേദി മാറിയാലും ടൂർണമെൻ്റ് നടത്തിപ്പ് ചുമതല ബിസിസിഐക്ക് തന്നെയായിരിക്കും. ഈ ഒരു കാര്യവും ബിസിസിഐക്ക് അവരുടെ തീരുമാനത്തിൽ അയവ് വരുത്താൻ കാരണമായി.
നേരത്തെ ഐപിഎല്ലും യുഎഇയിലേക്ക് മാറ്റിവച്ചിരുന്നു. അതുകൊണ്ട് തന്നെ ഐപിഎല്ലിനു പിന്നാലെ ലോകകപ്പ് കൂടി നടക്കുന്നതിനാൽ, യുഎഇയിലെ വേദികൾ ലോകകപ്പ് മത്സരങ്ങൾക്ക് സജ്ജമാക്കുന്നതിന് സമയം ലഭിക്കുവാൻ വേണ്ടിയാണ് ഗൾഫ് മേഖലയിലെ തന്നെ മറ്റൊരു വേദി കൂടി ഐസിസിയുടെ പരിഗണനയിൽ വന്നത്. ഒമാനിലെ മസ്കറ്റ് ആണ് ഇതിനായി ഐസിസി പരിഗണിക്കുന്നത്. അങ്ങനെയെങ്കിൽ ആദ്യഘട്ട മത്സരങ്ങൾ ഒമാനിൽ നടക്കും. തുടർന്ന് അബുദാബി, ദുബായ്, ഷാർജ എന്നിവടങ്ങളിലാകും യുഎഇയിലെ മത്സരങ്ങൾ.
നിലവിൽ, ഇന്ത്യയിലെ സ്ഥിതിഗതികൾ കണക്കിലെടുക്കുമ്പോൾ ഇന്ത്യയിൽ വെച്ച് ലോകകപ്പ് നടത്തുക പ്രയാസമായിരിക്കുമെന്നാണ് ഐസിസി ബോർഡ് അംഗങ്ങളിൽ ഭൂരിഭാഗം പേരുടേയും അഭിപ്രായം. ഇതുകൂടാതെ ഇന്ത്യയിൽ ലോകകപ്പ് നടത്തിയാൽ എത്ര ടീമുകൾ ഇതിനായി തയ്യാറാകും എന്ന് കണ്ടറിയണം. പ്രത്യേകിച്ചും ഐപിഎല്ലിൽ നിന്നും കൂടുതലും പിന്മാറിയത് വിദേശ താരങ്ങൾ ആണെന്നിരിക്കെ. പക്ഷേ ഏപ്രിലിൽ റിപ്പോർട്ടു ചെയ്തിരുന്ന കോവിഡ് കേസുകളേക്കാൾ മൂന്നിലൊന്നു മാത്രമാണ് ജൂണിൽ ഇന്ത്യയിൽ റിപ്പോർട്ടു ചെയ്യുന്നത്. എന്നാൽ വൈറസ് ബാധയുടെ മൂന്നാം തരംഗം കൂടി ഉണ്ടാകുമെന്ന പ്രവചനം നിലനിൽക്കെ ഒക്ടോബർ–നവംബർ മാസങ്ങളിൽ സ്ഥിതി വഷളായേക്കുമെന്ന സാഹചര്യത്തിലാണ് വേദിമാറ്റത്തിന് ഐസിസി നിർബന്ധിതരാകുന്നത്.
Also Read- '
അവൻ സേവാഗിനെയും ഗിൽക്രിസ്റ്റിനെയും പോലെയാണ്', റിഷഭ് പന്തിനെ പ്രശംസിച്ച് ദിനേഷ് കാർത്തിക്നേരത്തെ, ജൂൺ ഒന്നിനു ചേർന്ന ഓൺലൈൻ യോഗത്തിൽ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ ഐസിസി ഇന്ത്യയുടെ ക്രിക്കറ്റ് ബോർഡിന് ജൂൺ 28 വരെ സമയം അനുവദിച്ചിരുന്നു. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും ഓൺലൈനായി യോഗത്തിൽ പങ്കെടുത്തിരുന്നു. പിന്നീട് ബിസിസിഐ നടത്തിയ ആഭ്യന്തര ചർച്ചയിലാണ് വേദിമാറ്റത്തിന് സമ്മതം അറിയിക്കാൻ തീരുമാനിച്ചത്. ഐപിഎല്ലിന് പുറമെ ലോകകപ്പ് കൂടി ഇന്ത്യയിൽ നിന്നും മാറ്റിയത് ബിസിസിഐക്ക് ചെറിയ ക്ഷീണം ഉണ്ടാക്കുമെങ്കിലും നിലവിലെ സാഹചര്യത്തിൽ അവരുടെ മുന്നിൽ മറ്റു വഴികൾ ഇല്ല എന്ന് തന്നെ വേണം പറയാൻ. ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ല എങ്കിലും ടി20 ലോകകപ്പ് ഇന്ത്യയിൽ നടക്കില്ല എന്നത് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.