HOME » NEWS » Sports » TAKE YOUR PRIVATE JET AND WITNESS DEAD BODIES ON INDIAN STREETS SLATER SLAMS AUSTRALIAN PM JK INT

പറ്റുമെങ്കില്‍ നിങ്ങളുടെ പ്രൈവറ്റ് ജെറ്റില്‍ വന്ന് ഇന്ത്യയിലെ തെരുവുകളില്‍ ശവശരീരങ്ങള്‍ കിടക്കുന്നത് കാണൂ; ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിക്കെതിരെ മൈക്കല്‍ സ്ലേറ്റര്‍

എല്ലാ ഇന്ത്യക്കാര്‍ക്ക് വേണ്ടി ഈ നിമിഷത്തില്‍ പ്രാര്‍ത്ഥിക്കുന്നെന്നും ഇന്ത്യയില്‍ ഉള്ളപ്പോഴെല്ലാം ഇന്ത്യക്കാരുടെ സ്‌നേഹം അദ്ദേഹത്തെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും സ്ലേറ്റര്‍ പറഞ്ഞു

News18 Malayalam | news18-malayalam
Updated: May 5, 2021, 11:07 PM IST
പറ്റുമെങ്കില്‍ നിങ്ങളുടെ പ്രൈവറ്റ് ജെറ്റില്‍ വന്ന് ഇന്ത്യയിലെ തെരുവുകളില്‍ ശവശരീരങ്ങള്‍ കിടക്കുന്നത് കാണൂ; ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിക്കെതിരെ മൈക്കല്‍ സ്ലേറ്റര്‍
മൈക്കല്‍ സ്ലേറ്റര്‍
  • Share this:
ഐ പി എല്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവച്ചതിനാല്‍ വിദേശതാരങ്ങളുടെ നാട്ടിലേക്കുള്ള മടങ്ങിപ്പോക്ക് അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലെ താരങ്ങള്‍ ഐ പി എല്ലിന്റെ ഭാഗമായി ഇന്ത്യയിലുണ്ടായി. എന്നാല്‍ ഇപ്പോള്‍ അവര്‍ക്ക് തിരിച്ച് നാട്ടിലെത്താന്‍ ഒട്ടേറെ പ്രതിസന്ധികള്‍ മറികടക്കേണ്ടതുണ്ട്. ഏറ്റവും കൂടുതല്‍ പ്രശ്‌നങ്ങള്‍ നേരിടുന്നത് ഓസ്‌ട്രേലിയന്‍ താരങ്ങളാണ്.

ഈയിടെ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. മുന്‍ ഓസ്‌ട്രേലിയന്‍ ഓപ്പണറും ഐ പി എല്‍ ടെലിവിഷന്‍ അവതാരകാനുമായ മൈക്കല്‍ സ്ലേറ്റര്‍ ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. അയാളുടെ 'കൈകളില്‍ രക്തക്കറയുണ്ട്' എന്നായിരുന്നു സ്ലേറ്റര്‍ പ്രധാനമന്ത്രിക്കെതിരെ പ്രതികരിച്ചത്. എന്നാല്‍ സ്ലേറ്ററുടെ അഭിപ്രായം 'അസംബന്ധം' ആണെന്ന് മോറിസണ്‍ മറുപടിയും നല്‍കി.

പതിനാലു ദിവസത്തിനുള്ളില്‍ ഇന്ത്യ സന്ദര്‍ശിച്ചവര്‍ മടങ്ങിയെത്തിയാല്‍ അഞ്ചു വര്‍ഷത്തെ ജയില്‍ ശിക്ഷ നല്‍കുമെന്നും മോറിസണ്‍ അറിയിച്ചിരുന്നു. ജയില്‍ ശിക്ഷയെന്നത് രാജ്യത്തിന്റെ താല്‍പര്യം കണക്കിലെടുത്തെന്നാണ് സ്‌കോട്ട് മോറിസണ്‍ വിശദീകരണം നല്‍കിയത്. ഓസ്‌ട്രേലിയയില്‍ കോവിഡ് മൂന്നാം തരംഗം ഉണ്ടാവാതിരിക്കാനാണ് കടുത്ത നടപടികളെന്നും മോറിസണ്‍ കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ ഇതിനെതിരെ ഒന്നുകൂടി ശക്തമായി തുറന്നടിച്ചിരിക്കുകയാണ് മൈക്കല്‍ സ്ലേറ്റര്‍.

'ഇന്ത്യയിലുള്ള ഓസ്‌ട്രേലിയക്കാരുടെ പേടിയും പരിഭ്രാന്തിയും ശെരിക്കും സത്യമാണ്. പറ്റുമെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ പ്രൈവറ്റ് ജെറ്റില്‍ ഇന്ത്യയില്‍ ഒരു സന്ദര്‍ശനം നടത്തി ഇന്ത്യയിലെ തെരുവുകളില്‍ ശവശരീരങ്ങള്‍ കിടക്കുന്നത് ഒന്ന് കാണുക'- സ്ലേറ്റര്‍ ട്വിറ്ററിലൂടെ ആഞ്ഞടിച്ചു. എല്ലാത്തിനും പുറമെ എല്ലാ ഇന്ത്യക്കാര്‍ക്ക് വേണ്ടി ഈ നിമിഷത്തില്‍ പ്രാര്‍ത്ഥിക്കുന്നെന്നും ഇന്ത്യയില്‍ ഉള്ളപ്പോഴെല്ലാം ഇന്ത്യക്കാരുടെ സ്‌നേഹം അദ്ദേഹത്തെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും സ്ലേറ്റര്‍ പറഞ്ഞു.

മെയ് മൂന്നിന് ശേഷം ഇന്ത്യയില്‍ നിന്ന് മടങ്ങിയെത്തുന്ന സ്ഥിരതാമസക്കാര്‍ക്കും പൗരന്മാര്‍ക്കും അഞ്ച് വര്‍ഷം തടവും പിഴയും ശിക്ഷയിടുമെന്ന ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ പ്രഖ്യാപനം മനുഷ്യാവകാശ ലംഘനമാണെന്ന് രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. മുമ്പ് ഐ പി എല്‍ അവസാനിക്കുമ്പോള്‍ പ്രത്യേക വിമാനത്തില്‍ തങ്ങളെ നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് മുംബൈ ഓപ്പണര്‍ ക്രിസ് ലിന്‍ ക്രിക്കറ്റ് ഓസ്ട്രേലിയയോട് ആവശ്യപ്പെട്ടിരുന്നു. ഓരോ ഐ പി എല്‍ സീസണിലെ താരങ്ങളുമായുള്ള കരാറിന് ബി സി സി ഐ ലേലത്തുകയുടെ 10% ക്രിക്കറ്റ് ഓസ്‌ട്രേലിയക്ക് നല്‍കേണ്ടതുണ്ട്. ഈ പൈസ ഇത്തവണ തങ്ങളെ നാട്ടിലെത്തിക്കാന്‍ ചെലവഴിക്കണമെന്നാണ് ലിന്‍ ആവശ്യപ്പെട്ടത്.

എന്നാല്‍ താരങ്ങള്‍ അവരുടെ സ്വന്തം നിലയിലാണ് ഐ പി എല്‍ കളിക്കാന്‍ പോയതെന്നും ഇന്ത്യയില്‍ നിന്നും ഓസ്‌ട്രേലിയയിലേക്ക് മടങ്ങുന്ന താരങ്ങള്‍ സ്വന്തം നിലയില്‍ തന്നെ തിരിച്ചുവരണമെന്നുമാണ് പ്രധാനമന്ത്രി മറുപടി നല്‍കിയത്.
Published by: Jayesh Krishnan
First published: May 5, 2021, 11:07 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories