നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ഓസീസിനെതിരായ ടെസ്റ്റ് മത്സരത്തിന് അഫ്ഗാന്‍ ടീമിന് താലിബാന്റെ അനുമതി; പിന്നാലെ ഇന്ത്യക്കെതിരെയും മത്സരം

  ഓസീസിനെതിരായ ടെസ്റ്റ് മത്സരത്തിന് അഫ്ഗാന്‍ ടീമിന് താലിബാന്റെ അനുമതി; പിന്നാലെ ഇന്ത്യക്കെതിരെയും മത്സരം

  ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തേയും, അതിന് ശേഷം 2022 ന്റെ ആദ്യം ഇന്ത്യക്കെതിരെ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയേയും താലിബാന്‍ പിന്തുണക്കുന്നു.

  News18

  News18

  • Share this:
   ഓസ്ട്രേലിയക്കെതിരെയുള്ള ടെസ്റ്റ് മത്സരത്തില്‍ പങ്കെടുക്കുന്നതിന് അഫ്ഗാന്‍ ക്രിക്കറ്റ് ടീമിന് അനുമതി നല്‍കി താലിബാന്‍. നവംബര്‍ 27 മുതല്‍ ഓസ്‌ട്രേലിയയിലെ ഹൊബാര്‍ട്ടിലാണ് ഏക ടെസ്റ്റ് നടക്കുക. താലിബാന്‍ ഭരണമേറ്റെടുത്തശേഷം അഫ്ഗാന്‍ ക്രിക്കറ്റ് ടീം കളിക്കുന്ന ആദ്യ രാജ്യാന്തര മത്സരമാകും ഇത്.

   അഫ്ഗാന്‍ പുരുഷ ക്രിക്കറ്റ് ടീമില്‍ തങ്ങളുടെ ഇടപെടല്‍ ഉണ്ടാകില്ലെന്ന് താലിബാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. സമീപകാലത്ത് അഫ്ഗാന്‍ ക്രിക്കറ്റ് ടീം മികച്ച നേട്ടമാണ് ഉണ്ടാക്കിയതെന്നും താലിബാന്‍ പ്രതികരിച്ചിരുന്നു. ടെസ്റ്റ് മത്സരം മുന്‍നിശ്ചയപ്രകാരം നടക്കുമെന്ന് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡും സ്ഥിരീകരിച്ചിട്ടുണ്ട്. യു എ ഇയില്‍ നടക്കുന്ന ഐസിസി ടി20 ലോകകപ്പിന് പിന്നാലെയാണ് ഓസ്‌ട്രേലിയ- അഫ്ഗാനിസ്ഥാന്‍ ടെസ്റ്റ് മത്സരം.

   ഇതിന് പിന്നാലെ ഇന്ത്യക്കെതിരെ അഫ്ഗാന്‍ കളിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വരുന്നത്. അടുത്ത വര്‍ഷം ആദ്യം അഫ്ഗാനിസ്ഥാന്‍ ടീം ടെസ്റ്റ് കളിക്കാനായി ഇന്ത്യയിലേക്ക് എത്താന്‍ ഏറെ സാധ്യതയുണ്ടെന്ന് അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഹമീദ് ഷിന്‍വാരി ദേശിയ മാധ്യമത്തോട് പ്രതികരിച്ചു. താലിബാന്‍ ഭരണകൂടം ക്രിക്കറ്റിനെ പിന്തുണയ്ക്കുന്നു. അഫ്ഗാന്റെ ക്രിക്കറ്റ് ഷെഡ്യൂളുകളില്‍ മാറ്റമുണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

   'താലിബാന്‍ സര്‍ക്കാര്‍ ക്രിക്കറ്റിനെ പിന്തുണക്കുന്നു. ഞങ്ങളുടെ എല്ലാ ക്രിക്കറ്റും ഷെഡ്യൂള്‍ പ്രകാരം നടക്കും. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തേയും, അതിന് ശേഷം 2022 ന്റെ ആദ്യം ഇന്ത്യക്കെതിരെ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയേയും താലിബാന്‍ പിന്തുണക്കുമെന്ന് താലിബാന്‍ കള്‍ച്ചറല്‍ കമ്മീഷന്‍ വ്യക്താവ് ഞങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്.'- കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കവെ അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ ഹമീദ് ഷിന്‍വാരി പറഞ്ഞു.

   എന്നാല്‍, വനിതാ ക്രിക്കറ്റിന്റെ ഭാവിയെക്കുറിച്ച് ചോദിച്ചപ്പോള്‍, 'ഞങ്ങള്‍ക്ക് ഇപ്പോള്‍ അറിയില്ല. അത് സര്‍ക്കാര്‍ തീരുമാനിക്കും.' എന്നായിരുന്നു ഷിന്‍വാരിയുടെ മറുപടി. 2001ല്‍ താലിബാന്‍ ഭരണം അവസാനിച്ചതിന് ശേഷമാണ് അഫ്ഗാന്‍ ക്രിക്കറ്റ് ടീമിന് രൂപം നല്‍കുന്നത്. 2020ല്‍ 25 വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് സെന്‍ട്രല്‍ കോണ്‍ട്രാക്റ്റ് നല്‍കിയിരുന്നു. എന്നാല്‍ വനിതാ ക്രിക്കറ്റ് അഫ്ഗാനില്‍ തുടരുമോ എന്ന ചോദ്യത്തിന് ഇനിയും ഉത്തരമായിട്ടില്ല.

   പാകിസ്ഥാന് എതിരെ ഏകദിന പരമ്പര നിശ്ചയിച്ചിരുന്നു എങ്കിലും താലിബാന്‍ ഭരണം ഏറ്റെടുത്തതിന് പിന്നാലെയുള്ള സംഭവങ്ങളെ തുടര്‍ന്ന് മാറ്റി വെക്കുകയായിരുന്നു. ശ്രീലങ്കയാണ് അഫ്ഗാന്‍- പാകിസ്ഥാന്‍ ഏകദിന പരമ്പരയുടെ വേദിയായി നിശ്ചയിച്ചിരുന്നത്. 2017ല്‍ അഫ്ഗാനിസ്ഥാന് ഐസിസി ടെസ്റ്റ് ക്രിക്കറ്റ് പദവി നല്‍കിയതോടെയാണ് ടീം കൂടുതല്‍ പുരോഗതി നേടിയത്.

   മറ്റു രാജ്യാന്തര മത്സരങ്ങളെ കുറിച്ചും ആലോചിക്കുകയാണെന്ന് ഷിന്‍വാരി പറഞ്ഞു. 'അഫ്ഗാനിസ്ഥാന്‍, വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക എന്നിവരടങ്ങുന്ന ഒരു ടി 20 ത്രിരാഷ്ട്ര പരമ്പരയ്ക്കായി ശ്രമിക്കുന്നുണ്ട്. മിക്കവാറും അത് ടി 20 ലോകകപ്പിന് മുന്‍പായി യുഎഇയില്‍ നടക്കും.'
   Published by:Sarath Mohanan
   First published:
   )}