ചെന്നൈ: കോവിഡ് വ്യാപനം രൂക്ഷമായ തമിഴ്നാടിന് കൈത്താങ്ങായി ഐ പി എൽ ടീമായ ചെന്നൈ സൂപ്പര്‍ കിംഗ്സ്. തമിഴ്നാട്ടില്‍ ഓക്സിജന്‍ ക്ഷാമം അനുഭവപ്പെടുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വന്നതോടെ 450 ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ കൈമാറിയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് പ്രതിബദ്ധത കാട്ടിയത്. ഇവ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് ടീം മാനേജ്മെന്റ് കൈമാറി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായ ഭൂമിക ട്രസ്റ്റ് എന്ന സന്നദ്ധ സംഘടനയുടെ നേതൃത്വത്തിലാണ് ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ വിതരണം ചെയ്യുക.
തമിഴ്നാട്ടിലെ ജനങ്ങള്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ഹൃദയമിടിപ്പാണെന്നും മഹാമാരിക്കെതിരായ പോരാട്ടത്തില്‍ ജനങ്ങള്‍ക്ക് ഒപ്പമുണ്ടെന്നും ചെന്നൈ സൂപ്പര്‍ കിംഗ്സ് സിഇഒ കെ. എസ് വിശ്വനാഥന് മാധ്യമങ്ങൾക്ക് വിതരണം ചെയ്ത കുറിപ്പിലൂടെ അറിയിച്ചു. ജീവന്‍രക്ഷാ ചികിത്സയില്‍ ഓക്സിജന്റെ പ്രധാന്യം എത്രത്തോളം വലുതാണെന്നാണ് വിവിധ സംസ്ഥാനങ്ങളിലെ സാഹചര്യങ്ങള്‍ കാണിച്ചുതന്നത്. തമിഴ്നാട്ടിൽ ഓക്സിജന്‍ ലഭിക്കാതെ രോഗികള്‍ മരിക്കുന്ന സാഹചര്യമുണ്ടായി. ഇതേ തുടർന്നാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ നല്കാന് തീരുമാനിച്ചത്. 'മാക്സ് പോട്' എന്ന പേരില്‍ വലിയ രീതിയിലുള്ള കോവിഡ് ബോധവത്ക്കരണ പ്രചാരണവും ചെന്നൈ സൂപ്പർ കിങ്സ് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
രാജ്യത്ത് കോവിഡ് ഗണ്യമായി വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ട് കോടി രൂപയുടെ ധനസഹായം നല്കി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് വിരാട് കോഹ്ലിയും ഭാര്യ അനുഷ്ക ശര്‍മയും രംഗത്തെത്തിയിരുന്നു. ധനശേഖരണ പ്ലാറ്റ്ഫോം ആയ കെറ്റോ ഇന്ത്യ വഴി ഏഴ് കോടി രൂപ സമാഹരിക്കാനാണ് കോഹ്ലിയും അനുഷ്കയും ലക്ഷ്യമിട്ടിരുന്നത്.
ഈ വര്‍ഷത്തെ ഐ.പി.എല്‍. സീസണ് കോവിഡ് രോഗബാധയെ തുടര്‍ന്ന് നിര്‍ത്തിവച്ചതിന്റെ തൊട്ട് പിന്നാലെയാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പണം സംഭാവന ചെയ്ത് കോഹ്ലിയും അനുഷ്കയും രംഗത്തെത്തിയത്. റോയല്‍ ചലഞ്ചേഴ്സ് ക്യാപ്റ്റന്‍ കൂടിയായ കോഹ്ലി ചൊവ്വാഴ്ചയാണ് ബയോ ബബിൾ വിട്ട് മുംബൈയിലേക്ക് മടങ്ങിയത്.
രണ്ട് കോടി രൂപ നല്‍കിക്കൊണ്ട് ഇരുവരും '#ഇന്ദിസ്ടുഗതര്' (#InThisTogether) എന്ന ഒരു ധനസമാഹരണ ക്യാംപയിനാണ് തുടക്കമിട്ടത്. എല്ലാവരും ഈ പ്രതിസന്ധി ഘട്ടത്തില്‍ ഇന്ത്യയെ സഹായിക്കാന്‍ ഒരുമിച്ച് നില്‍ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇരുവരും വീഡിയോയും പുറത്ത് വിട്ടിരുന്നു. ക്യാംപയിന് പൊതുജനങ്ങളില്‍ നിന്ന് മികച്ച പ്രതികരണമാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്.
അതേസമയം വിരാട് കോഹ്ലി അറിയിക്കുന്നത് പ്രകാരം ഏഴ് കോടി രൂപ ലക്ഷ്യമിട്ടുള്ള ഫണ്ട് ശേഖരണം തുടങ്ങി 24 മണിക്കൂറിനുള്ളില്‍ 3.6 കോടി ലഭിച്ചിട്ടുണ്ട്. ഇക്കാര്യം കോഹ്ലിയും അനുഷ്കയും സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് അറിയിച്ചത്. ഏഴ് കോടി രൂപയെന്ന ലക്ഷ്യത്തില്‍ എത്തിച്ചേരാനും രാജ്യത്തെ സഹായിക്കാനും പോരാട്ടം നമുക്ക് തുടരാമെന്നും കോഹ്ലി ട്വിറ്ററിൽ കുറിച്ചു.
നേരത്തെ ഐ.പി.എൽ. കളിച്ച ചില താരങ്ങളും രാജസ്ഥാന് റോയല്‍സ് അടക്കമുള്ള ഫ്രാഞ്ചൈസികളും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പണം സംഭാവന ചെയ്തിരുന്നു. ഏറെ അവശത അനുഭവിക്കുന്ന കോവിഡ് രോഗികള്‍ക്ക് ഓക്സിജന്‍ അടക്കമുള്ള ചികിത്സാ സൗകര്യങ്ങള്‍ ഉടനടി എത്തിക്കാനാണ് ധനസമാഹരണത്തില്‍ കൂടി ലഭിക്കുന്ന തുക ചെലവഴിക്കുക എന്നാണ് കോഹ്ലി- അനുഷ്ക ദമ്പതികള്‍ വ്യക്തമാക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.