നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • WTC Final | ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കലാശപ്പോരിന് ഇന്ന് തുടക്കം; അന്തിമ ഇലവന്‍ പ്രഖ്യാപിച്ച് ഇന്ത്യ

  WTC Final | ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കലാശപ്പോരിന് ഇന്ന് തുടക്കം; അന്തിമ ഇലവന്‍ പ്രഖ്യാപിച്ച് ഇന്ത്യ

  അഞ്ച് ബോളര്‍മാരുമായാണ് ഇന്ത്യ കലാശപ്പോരിനിറങ്ങുന്നത്. ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവര്‍ ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. രണ്ടു സ്പിന്നര്‍മാരും മൂന്ന് പേസര്‍മാരുമാണ് ടീമിലുള്ളത്.

  ICC World Test Championship

  ICC World Test Championship

  • Share this:
   ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ മത്സരം ഇന്ന് ആരംഭിക്കുകയാണ്. വൈകീട്ട് ഇന്ത്യന്‍ സമയം മൂന്ന് മണിക്ക് സതാംപ്ടണിലെ റോസ്ബൗള്‍ സ്റ്റേഡിയത്തിലാണ് മത്സരം ആരംഭിക്കുന്നത്. സ്റ്റാര്‍ സ്പോര്‍ട്സ് ചാനലുകളിലും ഹോട്ട് സ്റ്റാറിലും മത്സരം തത്സമയം കാണാന്‍ കഴിയും. ഫൈനലില്‍ തുല്യ ശക്തികളായ ന്യൂസിലന്‍ഡും ഇന്ത്യയും ഏറ്റുമുട്ടുമ്പോള്‍ തീ പാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവിലെ ഐ സി സിയുടെ ടെസ്റ്റ് റാങ്കിങ്ങില്‍ ഇരു ടീമുകളും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിലാണ്. ക്രിക്കറ്റിലെ നീളം കൂടിയ ഫോര്‍മാറ്റ് ആയ ടെസ്റ്റ് ക്രിക്കറ്റിന് ഇതുവരെയും ഐ സി സിയുടെ ഒരു ടൂര്‍ണമെന്റ് ഉണ്ടായിരുന്നില്ല. നേരത്തെ കലണ്ടര്‍ വര്‍ഷത്തിന്റെ അവസാനം ഐ സി സി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ടീമിനിയാരുന്നു ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് മേസ് കൈമാറിയിരുന്നത്. പരിമിത ഓവര്‍ ഫോര്‍മാറ്റുകളില്‍ ലോകകപ്പ് നടത്തുന്ന ഐ സി സി ടെസ്റ്റ് ക്രിക്കറ്റിന്റെ പ്രചാരം കൂട്ടുന്നതിനും കൂടുതല്‍ ടീമുകളെ ടെസ്റ്റിലേക്ക് ആകര്‍ഷിക്കുന്നതിനും വേണ്ടി തുടങ്ങിയ ഈ ചാമ്പ്യന്‍ഷിപ്പ്, ഇപ്പോഴിതാ അതിന്റെ കലാശപ്പോരാട്ടത്തില്‍ എത്തി നില്‍ക്കുകയാണ്.

   ഇംഗ്ലണ്ടിലെ പേസിനെ തുണക്കുന്ന പിച്ചില്‍ ഇരു ടീമുകളിലെയും പേസര്‍മാര്‍ എന്തെല്ലാം മായാജാലങ്ങളാണ് ആവനാഴിയില്‍ ഒരുക്കിയിട്ടുള്ളതെന്ന് ആരാധകര്‍ കാത്തിരിക്കുകയാണ്. ഗംഭീരമായ പേസ് നിരയാണ് ഇരു ടീമുകള്‍ക്കുമുള്ളത്. ഇപ്പോഴിതാ ഫൈനലിനുള്ള ഇന്ത്യന്‍ ടീമിന്റെ അന്തിമ ഇലവനെയും പ്രഖ്യാപിച്ചിരിക്കുകയാണ്. അഞ്ച് ബോളര്‍മാരുമായാണ് ഇന്ത്യ കലാശപ്പോരിനിറങ്ങുന്നത്. ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവര്‍ ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. രണ്ടു സ്പിന്നര്‍മാരും മൂന്ന് പേസര്‍മാരുമാണ് ടീമിലുള്ളത്. സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ ടീമിലിടം നേടി. ഇഷാന്ത് ശര്‍മയാണ് മറ്റൊരു ബൗളര്‍. ശുഭ്മാന്‍ ഗില്ലാണ് രോഹിത് ശര്‍മയുടെ ഓപ്പണിങ് പങ്കാളി. ചേതേശ്വര്‍ പൂജാര, വിരാട് കോഹ്ലി, അജിങ്ക്യ രഹാനെ എന്നിവര്‍ക്കു പിന്നാലെ വിക്കറ്റ് കീപ്പറായി റിഷഭ് പന്തുമെത്തും.

   സതാംപ്ടണില്‍ മഴ പെയ്യുമെന്നും മൂടിക്കെട്ടി കാലവസ്ഥയായിരിക്കുമെന്നും പ്രവചനമുണ്ടായിരുന്നതിനാല്‍ ഇന്ത്യ നാലു പേസര്‍മാരുമായി ഇറങ്ങുമെന്ന് മുന്‍പ് സൂചനയുണ്ടായിരുന്നു. അതുപോലെ ഇഷാന്ത് ശര്‍മക്ക് പകരം മുഹമ്മദ് സിറാജിനെ അന്തിമ ഇലവനില്‍ കളിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ നിര്‍ണായക മത്സരത്തില്‍ ഇംഗ്ലണ്ടില്‍ ഏറെ പരിചയസമ്പത്തുള്ള ഇഷാന്തിനെ തന്നെ കളിപ്പിക്കാന്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു.

   നീണ്ട എട്ട് വര്‍ഷക്കാലമായി ഇന്ത്യക്കാര്‍ക്ക് സ്വപനമായി തീര്‍ന്നിരിക്കുന്ന ഒരു ഐ സി സി ട്രോഫി ഈ ഫൈനലിലൂടെ ഇന്ത്യയില്‍ എത്തിക്കാനാണ് കോഹ്ലിപ്പട ശ്രമിക്കുക. വിദേശത്തും സ്വദേശത്തുമായി മൂന്നു ഫോര്‍മാറ്റിലും പരമ്പരകള്‍ നേടുമ്പോഴും എം എസ് ധോണിയില്‍ നിന്ന് നായകത്വം ഏറ്റു വാങ്ങിയതില്‍ പിന്നെ കോഹ്ലിക്ക് ഐ സി സിയുടെ പ്രധാന ടൂര്‍ണമെന്റുകള്‍ ഒന്നും നേടാന്‍ കഴിയാത്തതിന്റെ കുറവും ഇതിലൂടെ തീര്‍ക്കണം. അതേസമയം ഐ സി സിയുടെ പ്രധാന ടൂര്‍ണമെന്റുകളിലെ ഫൈനലുകളില്‍ തോല്‍ക്കുന്ന ദൗര്‍ഭാഗ്യം അവസാനിപ്പിക്കാനാണ് ന്യൂസിലന്‍ഡ് വില്യംസണിന്റെ നേതൃത്വത്തില്‍ ഒരുങ്ങുന്നത്. ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പര സ്വന്തമാക്കിക്കൊണ്ടാണ് ന്യൂസിലന്‍ഡ് ഫൈനലിന് എത്തുന്നത്. അവരുടെ ബോളര്‍മാരെല്ലാം തകര്‍പ്പന്‍ ഫോമിലുമാണ്. നായകന്‍ വില്യംസണ്‍ അടക്കമുള്ള ആറ് മുന്‍നിര താരങ്ങള്‍ ഇല്ലാതെയാണ് രണ്ടാം ടെസ്റ്റില്‍ അവര്‍ ഇംഗ്ലണ്ടിനെ തകര്‍ത്തിരിക്കുന്നത്.
   Published by:Sarath Mohanan
   First published:
   )}