HOME » NEWS » Sports » TEAM INDIA LED BY DHAWAN LEAVES FOR SL TOUR

IND vs SL: ടീം ഇന്ത്യ 2.0! യുവനിരയുമായി ലങ്കയിലേക്ക് പറന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം

മൂന്ന് മത്സരങ്ങൾ വീതം അടങ്ങുന്ന ടി20 ഏകദിന പരമ്പരകളാണ് ശ്രീലങ്കയും ഇന്ത്യയും തമ്മിൽ കളിക്കുക. ജൂലൈ 13 മുതൽ 25 വരെയാണ് ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനം നിശ്ചയിച്ചിരിക്കുന്നത്.

News18 Malayalam | news18-malayalam
Updated: June 28, 2021, 6:11 PM IST
IND vs SL: ടീം ഇന്ത്യ 2.0! യുവനിരയുമായി ലങ്കയിലേക്ക് പറന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം
Indian Cricket team
  • Share this:


യുവത്വത്തിന്റെ ഊർജവുമായി ശ്രീലങ്കയിലേക്ക് പറന്ന് ഇന്ത്യയുടെ രണ്ടാം നിര ക്രിക്കറ്റ് ടീം. ടീമിലെ സീനിയർ താരമായ ശിഖർ ധവാന് കീഴിൽ ശ്രീലങ്കയിൽ നിശ്ചിത ഓവർ മത്സര പരമ്പരകളാണ് ടീം ഇന്ത്യ കളിക്കുക. മൂന്ന് മത്സരങ്ങൾ വീതം അടങ്ങുന്ന ടി20 ഏകദിന പരമ്പരകളാണ് ശ്രീലങ്കയും ഇന്ത്യയും തമ്മിൽ കളിക്കുക. ജൂലൈ 13 മുതൽ 25 വരെയാണ് ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനം നിശ്ചയിച്ചിരിക്കുന്നത്.

ലങ്കയിലേക്കു പുറപ്പെടുന്നതിനു മുമ്പ് ധവാന് കീഴിലുള്ള 20 അംഗ ഇന്ത്യന്‍ സംഘത്തിന്റെ ചിത്രം ബിസിസിഐ ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്. യുവത്വവും ഒപ്പം അനുഭവസമ്പത്തും കൂടിച്ചേർന്ന ഒരു സംഘമാണ് ശ്രീലങ്കയിൽ പര്യടനത്തിന് പോകുന്നത്. ധവാനെക്കൂടാതെ ഭുവനേശ്വര്‍ കുമാര്‍, ഹാര്‍ദിക് പാണ്ഡ്യ, യുസ്വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, മനീഷ് പാണ്ഡെ എന്നിവരാണ് ടീമിലെ പരിചയമ്പന്നരായ താരങ്ങള്‍. ടീമിന്റെ വൈസ് ക്യാപ്റ്റന്‍ ഭുവിയാണ്.വിരാട് കോഹ്‌ലിക്ക് കീഴിൽ ഇന്ത്യയുടെ ടെസ്റ്റ് ടീം ഇംഗ്ലണ്ട് പര്യടനത്തിലായതിനാലാണ് ലഭ്യമായ മറ്റ് ഇന്ത്യൻ താരങ്ങളെ ഉൾപ്പെടുത്തിയാണ് ശ്രീലങ്കൻ പര്യടനത്തിനായി ഇന്ത്യൻ ടീം ഒരുങ്ങിയിരിക്കുന്നത്. അതിനാൽ തന്നെ ഇന്ത്യയുടെ സീനിയർ ടീമിലേക്ക് അവസരം കാത്തുനിൽക്കുകയായിരുന്നു ഒരു സംഘം യുവതാരങ്ങൾക്ക് രാജ്യാന്തര തലത്തിൽ അവയുടെ കഴിവുകൾ തെളിയിക്കാനുള്ള അവസരം കൂടിയാണ് ഈ പരമ്പര. ടീമിന്റെ മുഖ്യ പരിശീലകനായി വരുന്നത് ഇന്ത്യയുടെ ഇതിഹാസ താരമായ രാഹുൽ ദ്രാവിഡാണ്. ഇംഗ്ലണ്ടിലേക്ക് പോയ ഇന്ത്യൻ സംഘത്തിനൊപ്പമാണ് ഇന്ത്യയുടെ മുഖ്യ പരിശീലക സംഘവുമുള്ളത് എന്നതിനാൽ മറ്റൊരു പരിശീലക സംഘത്തെ തിരഞ്ഞെടുക്കുകയായിരുന്നു ബിസിസിഐ. അങ്ങനെയാണ് ദ്രാവിഡിന് സീനിയർ ടീമിനെ പരിശീലിപ്പിക്കാനുള്ള അവസരം ഒരുങ്ങിയത്.

നിരവധി യുവതാരങ്ങൾ ഉള്ള ഇന്ത്യൻ സംഘത്തിൽ മറുനാടന്‍ മലയാളി താരം ദേവ്ദത്ത് പടിക്കല്‍, ചേതന്‍ സക്കറിയ, ഋതുരാജ് ഗെയ്ക്ക്വാദ്, നിതീഷ് റാണ, വരുണ്‍ ചക്രവര്‍ത്തി, കൃഷ്ണപ്പ ഗൗതം എന്നിവരാണ് ഇന്ത്യൻ നിരയിലെ പുതുമുഖങ്ങൾ. ഇവരില്‍ എല്ലാവര്‍ക്കും ലങ്കയില്‍ അവസരം നല്‍കുകയെന്നത് അപ്രായോഗികമാണന്നും പരമ്പര ലക്ഷ്യമിട്ട് ഏറ്റവും മികച്ച ടീമിനെയായിരിക്കും ഇറക്കുകയെന്നും ദ്രാവിഡ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും മികച്ച പ്രകടനം നടത്തുന്ന സൂര്യകുമാര്‍ യാദവ്, മനീഷ് പാണ്ഡെ എന്നിവരെ സംബന്ധിച്ച് വളരെ നിര്‍ണായകമായ പര്യടനമായിരിക്കും ഇത്. ധവാനോടൊപ്പം ഇന്ത്യൻ ഇന്നിങ്‌സ് ഓപ്പൺ ചെയ്യാൻ അവസരം കാത്തുനിൽക്കുകയാണ് പൃഥ്വി ഷായും ദേവ്‌ദത്ത് പടിക്കലും ഋതുരാജ് ഗെയ്ക്ക്വാദും. ഇതിൽ ഐപിൽഎല്ലിൽ ധവാനോടൊപ്പം ഇന്നിങ്‌സ് ഓപ്പൺ ചെയ്ത് പരിചയമുള്ള പൃഥ്വിക്ക് തന്നെയാകും പ്രഥമ പരിഗണനയെങ്കിലും ദേവ്ദത്തും ഋതുരാജും പ്രതീക്ഷ കൈവിട്ടിട്ടില്ല. വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കു മലയാളി താരം സഞ്ജു സാംസണും ഇഷാന്‍ കിഷനും തമ്മിലാണ് മല്‍സരം. ഇരുവരും മികച്ച പ്രകടനകൾ പുറത്തെടുക്കാൻ ശേഷിയുള്ള താരങ്ങളാണെന്നതിനാൽ ആരാകും ഇന്ത്യയുടെ കീപ്പർ എന്നത് പറയാൻ കഴിയില്ല.

ഇന്ത്യയുടെ ബൗളിംഗ് നിരക്ക് നേതൃത്വം നൽകുക ടീമിന്റെ വൈസ് ക്യാപ്റ്റൻ കൂടിയായ ഭുവനേശ്വർ കുമാർ ആയിരിക്കും. പേസ് ബൗളിങ്ങിൽ താരത്തിന് കൂട്ടായി ദീപക് ചാഹർ ടീമിലെ ഓൾ റൗണ്ടറായ ഹാർദിക് പാണ്ഡ്യ, നവദീപ് സെയ്‌നി ഐപിഎല്ലിലൂടെ പേരെടുത്ത യുവ പുതുമുഖ പേസർ ചേതൻ സക്കറിയ എന്നിവരുണ്ട്. ടീമിലെ സ്പിൻ വിഭാഗത്തിൽ കുല്‍ ചാ സഖ്യമെന്നറിയപ്പെടുന്ന കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍ എന്നിവരും രാഹുൽ ചാഹർ, വരുൺ ചക്രവർത്തി, ക്രുനാൽ പാണ്ഡ്യ എന്നിവരുണ്ട്. ശ്രീലങ്കയിലെ സാഹചര്യത്തിൽ ടീമിൽ രണ്ട് സ്പിന്നർമാരെ ടീമിൽ ഉൾപ്പെടുത്താനുള്ള സാധ്യതയുണ്ട്. ഇന്ത്യൻ ടീമിനൊപ്പം ഉണ്ടെങ്കിലും കളിക്കാൻ അവസരം ലഭിക്കാതിരുന്ന കുൽദീപ് യാദവിന്‌ ടീമിലേക്ക് തിരിച്ചുവരാനല്ല അവസരമാകും ഈ പരമ്പരയിലൂടെ ഒരുങ്ങുന്നത്.

ഇന്ത്യന്‍ ടീം

ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), പൃഥ്വി ഷാ, ദേവ്ദത്ത് പടിക്കല്‍, ഋതുരാജ് ഗെയ്ക്വാദ്, സൂര്യകുമാര്‍ യാദവ്, മനീഷ് പാണ്ഡെ, നിതീഷ് റാണ, ഹാര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, കൃഷ്ണപ്പ ഗൗതം, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), യുസ്വേന്ദ്ര ചഹല്‍, രാഹുല്‍ ചാഹര്‍, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ഭുവനേശ്വര്‍ കുമാര്‍ (വൈസ് ക്യാപ്റ്റന്‍), ദീപക് ചാഹര്‍, നവദീപ് സെയ്‌നി, ചേതന്‍ സക്കറിയ.

summary

Team India 2.0 led by Shikhar Dhawan leaves for the Sri Lankan tour
Published by: Naveen
First published: June 28, 2021, 6:11 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories