• News
 • Films
 • Gulf
 • Sports
 • Crime
 • Video
 • Photos
 • Buzz
 • Life
 • Opinion
 • Money
 • TV Shows
 • Budget 2019
 • Live TV

അർജന്റീനക്കാരുടെ കണ്ണീരിൽ കുതിർന്ന രാവ്


Updated: June 22, 2018, 6:28 PM IST
അർജന്റീനക്കാരുടെ കണ്ണീരിൽ കുതിർന്ന രാവ്

Updated: June 22, 2018, 6:28 PM IST

 • #ഗൗരീശങ്കരൻ പി


Loading...

നാവു നുണയുകയാണ് ഐസ് ലൻഡ്! നൈജീരിയ്ക്കെതിരേ ഒരു ജയവും ക്രോയേഷ്യയോടു സമനിലയും പിടിച്ചാൽ പ്രീക്വാർട്ടർ ബർത്ത്. യോഗ്യത നേടാനുള്ള ശ്രമത്തിൽ 12 വട്ടം പരാജയപ്പെട്ടിട്ടും തളരാതെ പൊരുതി റഷ്യയിൽ അരങ്ങേറ്റ ലോകകപ്പ് കളിക്കുന്ന കുഞ്ഞുരാഷ്ട്രത്തെ കാത്തിരിക്കുന്നത് അപൂർവനേട്ടം. അരങ്ങേറ്റത്തിൽ തന്നെ നോക്കൗട്ട് റൗണ്ടിലേക്ക് മുന്നേറുക കുഞ്ഞുകളിയല്ല.

ട്രിനിഡാ‍ഡ് ആൻഡ് ടുബാഗോയുടെ റെക്കോർഡ് തകർത്ത് ലോകകപ്പ് ഫൈനൽ റൗണ്ട് കളിക്കുന്ന ഏറ്റവും ചെറിയ രാജ്യമെന്ന കൗതുകം സൃഷ്ടിച്ച ഐസ് ലൻഡിന് അപൂർവ അവസരമാണ് അർജന്റീന വച്ചു നീട്ടുന്നത്.

മെസ്സിക്കൊപ്പം ലോകമെമ്പാടുമുള്ള ആരാധകരും തലകുനിച്ച രാത്രിയുടെ ഞെട്ടലിൽ നിന്ന് അർജന്റീന ഉണർന്നു കാണില്ല. ക്രോയേഷ്യയാവട്ടെ ഒരു മൽസരം ബാക്കി നിൽക്കെ വമ്പൻമാരെ വീഴ്ത്തി പ്രീക്വാർട്ടർ ബർത്ത് ഉറപ്പിച്ച ആവേശത്തിലും. അരങ്ങേറ്റത്തിൽ തന്നെ സെമിയിലേക്കു കുതിക്കുകയും മൂന്നാം സ്ഥാനവുമായി മടങ്ങുകയും ചെയ്ത ക്രോയേഷ്യക്ക് നേട്ടങ്ങൾ പുത്തരിയല്ല.

ക്രോയേഷ്യയുടെ റെബിച്ചിന്‍റെ മുന്നിലേക്ക് പന്തു തട്ടിവിട്ട ഗോളി വില്ലി കബയ്യാറോ കാട്ടിയത് സ്കൂൾ ടീമുകളെ നാണിപ്പിക്കുന്ന മണ്ടത്തരം (അതോ അഹങ്കാരമോ). ഗോളൊഴിഞ്ഞ ആദ്യപകുതിക്കു ശേഷം 53-ാം മിനിറ്റിൽ വീണു കിട്ടിയ അവസരം റെബിച്ച് പാഴാക്കിയില്ല.

80-ാം മിനിറ്റ്. 25 വാര അകലെ നിന്ന് റയൽ മാഡ്രിഡിന്റെ മിന്നും താരം തൊടുത്ത മിസൈൽ വീണ്ടും വല കുലുക്കി. അതു കാണാൻ വയ്യ എന്ന മട്ടിൽ തല കുനിച്ച് നടന്നു നീങ്ങിയ മെസ്സി കളി പറഞ്ഞു. ക്രോയേഷ്യ ജയവും നോക്കൗട്ടിലേക്കുള്ള മുന്നേറ്റവും ഉറപ്പിച്ചു. തീർന്നില്ല. സ്റ്റോപ്പേജ് ടൈം. ഫൈനൽ വിസിലിനു നിമിഷങ്ങൾ മാത്രം. കളി കഴിഞ്ഞു പോകാൻ തയാറെടുത്ത അർജന്റീനയോട് എന്നാൽ ഇതു കൂടി കൊണ്ടു പോ എന്ന മട്ടിൽ ഒന്നു കൂടി പൊട്ടിച്ചത് റാക്കിറ്റിച്ച്! 0-3. 1958ൽ ചെക്കോസ്ലോവേക്യ 6-1നു തകർത്തു വിട്ട ശേഷം ഗ്രൂപ്പ് ഘട്ടത്തിലെ അവരുടെ ഏറ്റവും വലിയ തോൽവി.

ആരാധകർക്കു സഹിക്കാനാവാത്ത നിമിഷങ്ങൾ. വീർത്ത മുഖവുമായി തല കുനിച്ച് നടന്നു നീങ്ങുന്ന മെസ്സി. ഔപചാരികതകൾ പോലും താങ്ങാനാവാതെ ഓടിമറഞ്ഞ കോച്ച് സാംപാവോലി. സങ്കടം സഹിക്കവയ്യാതെ പിതാവിന്റെ മടിയിലേക്കു ചാഞ്ഞ് പൊട്ടിക്കരയുന്ന ബാലൻ…

മറുവശത്ത് ആഘോഷം പൊടിപൊടിക്കുകയായിരുന്നു. ആരാധകർക്കരികിലേക്ക് കുതിച്ചെത്തി ആഹ്ളാദം പങ്കിട്ട ക്രോയാറ്റുകൾ അർഹിച്ച ആഘോഷം. ഇതുവരെ കണ്ടതിൽ ഏറ്റവും മികച്ച കൂട്ടായ്മ അർഹിച്ച ജയം.

ചങ്കു തകർന്ന് അന്തം വിട്ടു നിൽക്കുകയാണ് അർജന്റീന. 1974നു ശേഷം ആദ്യമായാണ് ഗ്രൂപ്പിലെ ആദ്യ രണ്ടു മൽസരത്തിലും ജയം മുഖം തിരിച്ചു നിൽക്കുന്നത്. മെസ്സിയുടെ അവസ്ഥ അതിലും കഷ്ടം. പന്ത് കാണാൻ പോലും കിട്ടിയില്ല. ഗോൾ മെഷിൻ വലയ്ക്കു നേരെ പന്ത് തൊടുത്തത് ഒറ്റത്തവണ. ലോകകപ്പ് ജയമെന്ന മെസ്സിയുടെ മോഹങ്ങൾ നൂൽപ്പാലത്തിലായി. നൈജീരിയയെ തോൽപ്പിക്കണം. ഐസ് ലൻഡ് തോൽക്കണം…

ദക്ഷിണ അമേരിക്കൻ ടീമുകൾക്കെതിരെ ആദ്യ ജയമാണ് ക്രോയേഷ്യയെ തേടി എത്തിയത്. ക്രോയേഷ്യ ആദ്യ രണ്ട് മൽസരം ജയിക്കുന്നത് ഇതു രണ്ടാം തവണ മാത്രം. യുഗോസ്ലോവ്യയുടെ ഭാഗമായല്ലാതെ ക്രോയേഷ്യ എന്ന സ്വതന്ത്ര രാജ്യമായി 1998ൽ ആദ്യലോകകപ്പ് ഫൈനൽ റൗണ്ട് കളിച്ച ടീം ആദ്യ രണ്ടു മൽസരവും ജയിച്ചിരുന്നു. ആ യാത്ര സെമി വരെ നീണ്ടു. ലൂസേഴ്സ് ഫൈനലിൽ നെതർലൻഡ്സിനെ കീഴടക്കി മൂന്നാം സ്ഥാനവും നേടി.

ഇക്കുറിയും തുടക്കം തകർത്തു. മോദ്രിച്ചും റാക്കറ്റിച്ചും ഉഗ്രൻ താളത്തിൽ. ഒപ്പം മാൻസുകിച്ച്, പെറിസിച്ച്, ക്രമാരിച്ച്, റെബിച്ച് … വമ്പൻമാർ സൂക്ഷിക്കുക. ക്രോയാറ്റുകളെ പേടിക്കണം.
First published: June 22, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍