നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Copa America|കോപ്പ അമേരിക്ക: പത്ത് പേരായി ചുരുങ്ങിയിട്ടും ചിലെയെ തോൽപ്പിച്ചു; ബ്രസീൽ സെമിയിൽ

  Copa America|കോപ്പ അമേരിക്ക: പത്ത് പേരായി ചുരുങ്ങിയിട്ടും ചിലെയെ തോൽപ്പിച്ചു; ബ്രസീൽ സെമിയിൽ

  ഗബ്രിയേൽ ജിസ്യൂസ് ചുവപ്പു കാർഡ് കണ്ട് പുറത്ത് പോയതിനെ തുടർന്ന് പത്ത് പേരുമായി ചുരുങ്ങിയിട്ടും ചിലെ ഉയർത്തിയ വെല്ലുവിളി മറികടന്നാണ് ബ്രസീൽ സെമിയിലേക്ക് യോഗ്യത നേടിയത്. സെമിയിൽ പെറുവാണ് ബ്രസീലിൻ്റെ എതിരാളികൾ.

  ലുകാസ് പക്വേറ്റയാണ് മത്സരത്തിലെ ഗോൾ സ്കോറർ. 
Credits: Copa America|Twitter

  ലുകാസ് പക്വേറ്റയാണ് മത്സരത്തിലെ ഗോൾ സ്കോറർ. Credits: Copa America|Twitter

  • Share this:


   കോപ്പ അമേരിക്ക ക്വാർട്ടർ ഫൈനൽ മൽസരത്തിൽ ചിലെയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് ബ്രസീൽ സെമിയിൽ. രണ്ടാം പകുതിയുടെ തുടക്കത്തിൽ ബ്രസീൽ താരമായ ഗബ്രിയേൽ ജിസ്യൂസ് ചുവപ്പു കാർഡ് കണ്ട് പുറത്ത് പോയതിനെ തുടർന്ന് പത്ത് പേരുമായി ചുരുങ്ങിയിട്ടും ചിലെ ഉയർത്തിയ വെല്ലുവിളി മറികടന്നാണ് ബ്രസീൽ സെമിയിലേക്ക് യോഗ്യത നേടിയത്. സെമിയിൽ പെറുവാണ് ബ്രസീലിൻ്റെ എതിരാളികൾ. ലുകാസ് പക്വേറ്റയാണ് മത്സരത്തിലെ ഗോൾ സ്കോറർ.    നിർണായകമായ മത്സരത്തിൽ തൻ്റെ ടീമിലെ മുൻനിര താരങ്ങളെയെല്ലാം അണിനിരത്തിയാണ് ബ്രസീൽ പരിശീലകനായ ടിറ്റെ ടീമിനെ ഇറക്കിയത്. മറുവശത്ത് ചിലെ നിരയിൽ പരുക്ക് മാറി എത്തിയ അലക്സിസ് സാഞ്ചസായിരുന്നു ശ്രദ്ധേയ മാറ്റം.

   കളിയിൽ ആദ്യ പകുതി ആരംഭിച്ചത് മുതൽ മികച്ച മുന്നേറ്റങ്ങളുമായി ബ്രസീൽ കളം നിറഞ്ഞെങ്കിലും അവർക്ക് ഗോൾ നേടാൻ കഴിഞ്ഞില്ല. ബ്രസീൽ മുന്നേറ്റങ്ങളുടെ മുനയൊടിക്കാൻ ചിലെക്ക് കഴിഞ്ഞതിനാലാണ് അവർക്ക് ഗോൾ നേടാൻ കഴിയാതെ പോയത്. ഇതിന് പുറമെ ലഭിച്ച സുവർണാവസരങ്ങൾ ബ്രസീൽ പാഴക്കുകയും ചെയ്തു. 22ാം മിനിറ്റിൽ നെയ്മറുടെ ക്രോസിൽ നിന്ന് ഇത്തരത്തിൽ ഗോൾ നേടാനുള്ള അവസരം റോബർട്ടോ ഫിർമിനോ നഷ്ടപ്പെടുത്തി.

   ഇതിനിടയിൽ ബ്രസീലിയൻ ഗോൾമുഖത്തേക്ക് മുന്നേറ്റങ്ങൾ നടത്താനും ചിലെക്ക് കഴിഞ്ഞു. 27ാം മിനിറ്റിൽ നടത്തിയ മികച്ച മുന്നേറ്റത്തിനൊടുവിൽ എഡ്വാർഡോ വാർഗാസിന്റെ ഷോട്ട് ബ്രസീൽ ഗോൾകീപ്പർ എദേഴ്സൺ രക്ഷപ്പെടുത്തി. 37ാം മിനിറ്റിൽ ഗബ്രിയേൽ ജിസ്യുസിന്റെ ക്രോസ് സ്വീകരിച്ച് നെയ്മർ തൊടുത്ത ഷോട്ട് പുറത്തേക്ക് പോവുകയും ചെയ്തു. പിന്നാലെ രണ്ടാം പകുതിക്കായി ഇരു ടീമുകളും പിരിഞ്ഞു.   രണ്ടാം പകുതിയിൽ ഫിർമിനോയെ പിൻവലിച്ച് ലുകാസ് പക്വേറ്റയെ ഇറക്കിയ ടിറ്റെയുടെ തന്ത്രം ബ്രസീലിന് ഗുണം ചെയ്തു. കളി തുടങ്ങി രണ്ടാം മിനിറ്റിൽ തന്നെ ബ്രസീൽ കളിയിൽ ലീഡ് നേടി. 46ാം മിനിറ്റിൽ നെയ്മറും പക്വേറ്റയും ചേർന്ന് നടത്തിയ മുന്നേറ്റത്തിനോടുവിൽ ചിലെ ഗോൾമുഖത്തിന് മുന്നിൽ നിന്നും നെയ്മറുടെ പാസ് സ്വീകരിച്ച പക്വേറ്റ തൊടുത്ത ക്ലോസ് റേഞ്ചർ ചിലെ ഗോളി ക്ലോഡിയോ ബ്രാവോയെ മറികടന്ന് വലയിലെത്തി.

   ഗോൾ നേടിയതിൻ്റെ ആഹ്ളാദം പക്ഷേ ബ്രസീലിന് അധികനേരത്തേക്ക് തുടരാൻ കഴിഞ്ഞില്ല. 48ാം മിനിറ്റിൽ ചിലെ താരമായ യുജെനിയോ മെനയ്ക്കെതിരെ ഗബ്രിയേൽ ജിസ്യൂസ് അപകടകരമായ ഫൗൾ നടത്തിയതിന് താരത്തിനെതിരെ റഫറി ചുവപ്പു കാർഡ് പുറത്തെടുത്തത് ബ്രസീലിനെ പ്രതിരോധത്തിലാക്കി.

   പത്ത് പേരായി ചുരുങ്ങിയ ബ്രസീൽ നിരയ്ക്കെതിരെ അവസരം മുതലെടുത്ത് ചിലെ ആക്രമണങ്ങൾ ശക്തമാക്കി. 69ാം മിനിറ്റിൽ ചിലെ താരമായ ബെൻ ബ്രെരട്ടന്റെ ഹെഡർ ക്രോസ്ബാറിലിടിച്ച് മടങ്ങിയത് ബ്രസീലിന് രക്ഷയായി. 78ാം മിനിറ്റിൽ വാർഗാസിന്റെ ഗോളെന്നുറച്ച ഷോട്ട് രക്ഷപ്പെടുത്തി ഗോൾകീപ്പർ എദേഴ്സൺ ടീമിനെ രക്ഷിച്ചെടുത്തു. പത്ത് പേരായി ചുരുങ്ങിയതിൻ്റെ പകപ്പ് കളിയിൽ പ്രകടിപ്പിക്കാതെ പ്രതിരോധത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച അവർ ചിലെയെ ഗോൾ നേടുന്നതിൽ നിന്നും അകറ്റി നിർത്തി സെമി ഫൈനലിലേക്കുള്ള ടിക്കറ്റും ഉറപ്പിച്ചു.   നേരത്തെ നടന്ന പെറു പാരഗ്വായ് ക്വാർട്ടർ ഫൈനൽ മത്സരം നിശ്ചിത സമയത്ത് സമനിലയായതിനെ തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടിരുന്നു. ഇതിൽ 4-3 എന്ന സ്കോറിന് പാരഗ്വായെ പരാജയപ്പെടുത്തി പെറു സെമിയിലേക്ക് മുന്നേറി. ആവേശകരമായ മത്സരത്തിൽ നിശ്ചിത സമയത്ത് ഇരു ടീമുകളും മൂന്ന് ഗോളുകൾ വീതം നേടി സമനില പാലിച്ച് നിന്നതിനെ തുടർന്നാണ് കളി ഷൂട്ടൗട്ടിലേക്ക് നീണ്ടത്.   Summary

   Ten men Brazil beats Chile by single goal margin and advances to Semi final
   Published by:Naveen
   First published:
   )}