Copa America| കോവിഡ് പ്രതിസന്ധി വിട്ടൊഴിയാതെ കോപ്പ അമേരിക്ക; കൂടുതൽ കളിക്കാരിലേക്ക് രോഗം വ്യാപിക്കുന്നു; വിമർശനങ്ങൾ ശക്തം
Copa America| കോവിഡ് പ്രതിസന്ധി വിട്ടൊഴിയാതെ കോപ്പ അമേരിക്ക; കൂടുതൽ കളിക്കാരിലേക്ക് രോഗം വ്യാപിക്കുന്നു; വിമർശനങ്ങൾ ശക്തം
നിരവധി താരങ്ങളെ കോവിഡ് മൂലം നഷ്ടമായ വെനേസ്വലയുടെ ഫുട്ബോൾ ടീമിൻ്റെ പരിശീലകനായ ജോസ് പെരേരോ ബ്രസീലിനെതിരായ മത്സരത്തിലെ തോൽവിക്ക് ശേഷം കോവിഡ് മഹാമാരി ടൂർണമെന്റിനെ ബാധിച്ചു കഴിഞ്ഞുവെന്നു വ്യക്തമാക്കിയിരുന്നു
കോപ്പ അമേരിക്ക ടൂർണമെൻ്റിനെ വിടാതെ പിന്തുടർന്ന് കോവിഡ് പ്രതിസന്ധി. ടൂർണമെൻ്റ് തുടങ്ങുന്നതിന് മുൻപ് ഒരുപാട് പ്രതിസന്ധികൾ അഭിമുഖീകരിച്ച കോപ്പ ഒരു വിധത്തിൽ അതെല്ലാം മറികടന്ന് മുന്നോട്ട് പോയെങ്കിലും വീണ്ടും ടൂർണമെൻ്റിൻ്റെ നടത്തിപ്പിന് വെല്ലുവിളിയായി കോവിഡ് പ്രതിസന്ധി രൂപപ്പെട്ടിരിക്കുകയാണ്.
അർജന്റീനയിലും കൊളംബിയയിലുമായി നടത്താൻ തീരുമാനിച്ചിരുന്ന ടൂർണമെന്റ് കോവിഡ് വ്യാപനവും മറ്റു കാരണങ്ങളും കൊണ്ട് പിന്നീട് ബ്രസീലിലേക്ക് മാറ്റിയെങ്കിലും അവിടെയും വിവാദങ്ങൾക്ക് കുറവുണ്ടായിരുന്നില്ല. ആതിഥേയരായ ബ്രസീൽ ഫുട്ബോൾ ടീം ടൂർണമെൻ്റിൽ കളിക്കില്ല എന്ന് ആദ്യം പറഞ്ഞെങ്കിലും പിന്നീട് അത് തിരുത്തി കളിക്കാൻ തീരുമാനിക്കുകയായിരുന്നു. പക്ഷേ ടൂർണമെന്റ് അവരുടെ രാജ്യത്തു സംഘടിപ്പിക്കുന്നതിനെതിരെയുള്ള വിയോജിപ്പ് നിലനിർത്തിക്കൊണ്ട് തന്നെയാണ് അവർ ടൂർണമെൻ്റിൽ പങ്കെടുക്കുന്നത്.
ആദ്യം ഉണ്ടായ വിവാദങ്ങൾക്കെല്ലാം താൽക്കാലിക പരിഹാരമുണ്ടാക്കി ടൂർണമെന്റ് ആരംഭിച്ച് ഏതാനും മത്സരങ്ങൾ പൂർത്തിയായെങ്കിലും ഇപ്പോഴും ഇത് സംബന്ധിച്ച പ്രതിസന്ധികൾ പൂർണമായും അവസാനിച്ചിട്ടില്ല. ഇതിലേക്ക് വിരൽ ചൂണ്ടുന്നതാണ് കോപ്പ അമേരിക്ക ടൂർണമെന്റുമായി ബന്ധപ്പെട്ടു മാത്രം റിപ്പോർട്ട് ചെയ്ത 52 കോവിഡ് കേസുകൾ. ഇത് സംബന്ധിച്ച് ടൂർണമെന്റിൽ കളിക്കുന്ന ടീമുകളുടെ താരങ്ങളും പരിശീലകരുമടക്കമുള്ളവർ ഇപ്പോഴും തങ്ങളുടെ ആശങ്ക പ്രകടമാക്കുന്നുണ്ട്.
ടൂർണമെൻ്റിലെ ഉദ്ഘാടന മത്സരത്തിൽ ബ്രസീലിനെതിരെ കളിക്കുന്നതിനു മുൻപു തന്നെ വെനേസ്വലയുടെ 13 താരങ്ങൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതേതുടർന്ന് പുതിയ താരങ്ങളെ വെച്ച് ടീം ഒന്നടങ്കം അഴിച്ചു പണിയേണ്ട സാഹചര്യവും ടീമിനുണ്ടായി. വെനസ്വലക്കു പുറമെ ബൊളീവിയ, കൊളംബിയ, പെറു എന്നീ ടീമുകളും കോവിഡ് ഭീഷണി നേരിടുന്നുണ്ട്.
നിരവധി താരങ്ങളെ കോവിഡ് മൂലം നഷ്ടമായ വെനേസ്വലയുടെ ഫുട്ബോൾ ടീമിൻ്റെ പരിശീലകനായ ജോസ് പെരേരോ ബ്രസീലിനെതിരായ മത്സരത്തിലെ തോൽവിക്ക് ശേഷം കോവിഡ് മഹാമാരി ടൂർണമെന്റിനെ ബാധിച്ചു കഴിഞ്ഞുവെന്നു വ്യക്തമാക്കിയിരുന്നു. എതിരില്ലാത്ത മൂന്നു ഗോളുകളുടെ തോൽവിയാണു ബ്രസീലിനെതിരെ വഴങ്ങിയതെങ്കിലും പ്രതികൂല സാഹചര്യത്തിലും ടീം മികച്ച പ്രകടനമാണ് പുറത്തെടുത്തത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം ബൊളീവിയയുടെ പ്രധാന താരമായ മാഴ്സലോ മാർട്ടിൻസ് കോവിഡ് സ്ഥിരീകരിച്ചതിനു ശേഷം ലാറ്റിനമേരിക്കൻ ഫുട്ബോൾ ഫെഡറേഷനായ കോനെംബോളിനെ നിശിതമായി വിമർശിച്ചിരുന്നു. തൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ വിമർശനം നടത്തിയ അദ്ദേഹം ഇത്തരമൊരു പ്രതിസന്ധി രൂപപ്പെടാൻ കാരണം ഫെഡറേഷൻ്റെ പിഴവാണെന്നും, പണക്കൊതിക്ക് പിന്നാലെ പോയി അതിലൂടെ ഒരു മനുഷ്യൻ്റെ ജീവൻ നഷ്ടമായാൽ എന്താണ് ചെയ്യാൻ കഴിയുക എന്നും താരം ചോദിച്ചു.
അതേസമയം, ഇത്തരം വിവാദങ്ങൾ ഉയരുന്നതിനിടയിലും മികച്ച സുരക്ഷയാണ് കോപ്പ അമേരിക്കക്ക് വേണ്ടി ഒരുക്കിയിട്ടുള്ളതെന്നാണ് ടൂർണമെൻ്റ് സംഘാടകരായ ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ ആവർത്തിക്കുന്നത്. പക്ഷേ യാഥാർഥ്യം അതിൽ നിന്നും ഒരുപാട് അകലെയാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കോവിഡ് ബാധ കാരണം പുതിയ താരങ്ങളെ ടീമിനൊപ്പം കൂട്ടിച്ചേർക്കുന്നതുൾപ്പെടെ ബയോ ബബിളിന് പുറത്തേക്ക് നീളുന്ന കാര്യങ്ങൾ കോവിഡ് വ്യാപനം കൂട്ടാനുള്ള സാധ്യതകളാണ് തുറക്കുന്നത്.
കോവിഡ് ബാധിച്ച് ഏതാണ്ട് അഞ്ചു ലക്ഷത്തോളം പേർക്ക് ജീവൻ നഷ്ടമായ ബ്രസീലിൽ പരിശീലനം നടത്തില്ലെന്ന് അർജന്റീന നേരത്തെ തീരുമാനിച്ചിരുന്നു. അർജന്റീനയിൽ തന്നെയുള്ള ഒരു സ്ഥലത്ത് ടീമിൻ്റെ ബേസ് ക്യാമ്പ് ഒരുക്കി അവിടെ പരിശീലനം നടത്തുന്ന ടീം മത്സരങ്ങൾക്ക് മുൻപാണ് ബ്രസീലിലെത്തുന്നത്. എങ്കിൽ പോലും കോവിഡ് ബാധയേൽക്കുമെന്ന ഭീഷണി താരങ്ങൾക്കുണ്ടെന്നത് ടൂർണമെന്റ് നേരിടുന്ന പ്രതിസന്ധി വ്യക്തമാക്കുന്നു.
ഇത്തരം വിവാദങ്ങൾ മുറുകുമ്പോഴും ടൂർണമെൻ്റുമായി മുന്നോട്ട് എന്ന് തന്നെയാണ് സംഘാടകർ സ്വീകരിക്കുന്ന നിലപാട്. രണ്ട് ദിവസമായി മത്സരങ്ങൾ ഇല്ലാതിരുന്ന ടൂർണമെൻ്റിൽ വീണ്ടും മത്സരങ്ങൾ ആരംഭിക്കുകയാണ്. ഇന്ത്യൻ സമയം നാളെ പുലർച്ചെ 2.30ന് കൊളംബിയയും വെനേസ്വലയും ഏറ്റുമുട്ടുന്നുണ്ട്, ഇതിന് ശേഷം 5.30ന് ബ്രസീലും പെറുവും ഏറ്റുമുട്ടും.
Summary
Tensions continue to rise around Copa America as Covid crisis deepens, spreading into more teams
Published by:Naveen
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.