• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

ദ ഡെത്ത് മാച്ച് - ഫുട്‌ബോളിന്‍റെ അധിനിവേശ ചെറുത്തു നില്‍പുകള്‍

news18india
Updated: July 15, 2018, 2:09 PM IST
ദ ഡെത്ത് മാച്ച് - ഫുട്‌ബോളിന്‍റെ അധിനിവേശ ചെറുത്തു നില്‍പുകള്‍
1942ലെ ദ ഡെത്ത് മാച്ചിൽ പങ്കെടുത്ത കളിക്കാർ
news18india
Updated: July 15, 2018, 2:09 PM IST
സിബി സത്യന്‍

(കളത്തിനു പുറത്തു നിന്നുള്ള ഫുട്ബോൾ കാഴ്ചകൾ, രാഷ്ട്രീയം, ദേശീയത, പ്രചോദനം തുടങ്ങി ലോകകപ്പ് ഫുട്‌ബോളുമായി ബന്ധപ്പെട്ട് ന്യൂസ് 18ല്‍ പ്രസിദ്ധീകരിക്കുന്ന 'ഓഫ് ലൈന്‍' എന്ന പരമ്പരയുടെ അവസാനഭാഗം)

ഇടത്തിന്‍റെ ആധിപത്യത്തിനു വേണ്ടിയുള്ള കളിയാണ് ഫുട്‌ബോള്‍ എന്നു പറഞ്ഞത് ജോണ്‍ ടേണ്‍ബുള്‍ ആണ്. അതിര്‍ത്തി കടന്ന് ഓരോ ഇഞ്ചിന്‍റെയും അധിനിവേശത്തിനു വേണ്ടിയുള്ള പോരാടലാണ് ഫുട്‌ബോള്‍. അതുകൊണ്ടു തന്നെയാണ് അത് വെറും കളിയല്ലാതാകുന്നതും ജീവിതവും രാഷ്ട്രവും രാഷ്ട്രീയവും പ്രചോദനവും ഒക്കെയാകുന്നതും. സ്‌പോര്‍ട്‌സ് പൊതുവേ ശക്തി തെളിയിക്കലിന്‍റെ, ചെറുത്തു നില്‍പിന്‍റെ ശക്തമായ രാഷ്ട്രീയ പ്രസ്താവനകള്‍ ആകാറുണ്ട്. ഹിറ്റ്‌ലര്‍ ഒളിപിംക്‌സില്‍ പോലും മുന്നോട്ടുവെച്ച ആര്യമേധാവിത്വവും അതിനെ സ്വര്‍ണം നേടിക്കൊണ്ട് ചെറുത്ത ജെസി ഓവന്‍സും ബാക്കിയാകുന്നത് അവിടെയാണ്. എന്നാല്‍ മറ്റെല്ലാ സ്‌പോര്‍ട്‌സിനേക്കാളുമുപരി ഫുട്‌ബോളെത്തുമ്പോള്‍ അതിന്‍റെ രാഷ്ട്രീയം കൂടുതല്‍ ശക്തമാകുന്നു. കാരണം ഫുട്‌ബോള്‍ ഐക്യത്തിന്‍റെ, ടീം വര്‍ക്കിന്‍റെ, ഒത്തൊരുമയുടെ, സൃഷ്ടി, സ്ഥിതി, സംഹാരങ്ങളുടെ നേര്‍വാക്കാണ്. അത് പ്രചോദിപ്പിക്കും പോലെ മറ്റൊന്നില്ലെന്നത് ചരിത്രത്തില്‍ എഴുതപ്പെട്ടിരിക്കുന്നു.

1938ല്‍ മുസോളിനി ഭരിക്കുന്ന ഇറ്റലിയുടെ ടീം, അജയ്യരായിരുന്ന ഹംഗറിയെ 4-2 എന്ന വ്യത്യാസത്തില്‍ തോല്‍പിച്ചു ലോകകപ്പ് നേടുമ്പോള്‍ മുസോളിനിക്ക് ലോകത്തോട് പറയാനുണ്ടായിരുന്നത് തന്‍റെ കീഴില്‍ രാജ്യം കൈവരിച്ച അഭിവൃദ്ധിയെയും തന്‍റെ വംശത്തിന്‍റെ, രാജ്യത്തിന്‍റെ മേല്‍ക്കോയ്മയെക്കുറിച്ചുമായിരുന്നു. എന്നാല്‍ കളി കഴിഞ്ഞ ശേഷം താന്‍ രക്ഷിച്ചത് ഗോളുകളെയല്ല, മറിച്ച് 11 ജീവനുകളെയാണ് എന്ന് ഹംഗേറിയന്‍ ഗോളി പറയുമ്പോഴാണ് ഫുട്‌ബോള്‍ ഒരു ലോകയുദ്ധപൂര്‍വ രാഷ്ട്രീയത്തെ പ്രതിനിധീകരിക്കുന്നത്. വിജയവും തോല്‍വിയും കേവലം കളിമിടുക്കല്ല, അതിനുമപ്പുറമെന്തോ ആയിത്തീരുന്നത്.

രണ്ടു ലോകമഹായുദ്ധങ്ങളില്‍ പരാജയപ്പെട്ട് ആത്മാഭിമാനം നഷ്ടപ്പെട്ട ഹംഗറിക്ക് 1950കളില്‍ ലോകത്തോടുള്ള മറുപടി ഫ്രാങ്ക് പുസ്‌കാസിന്‍റെ നേതൃത്വത്തിലുള്ള മാജിക്കല്‍ മഗ്യാറുകളായിരുന്നു. അവര്‍ 51 കളികള്‍ കളിച്ചതില്‍ 43 ജയിക്കുകയും ഏഴെണ്ണം സമനില പാലിക്കുകയും ചെയ്തു. 1954 ലോകകപ്പിന്‍റെ ഫൈനലില്‍ പശ്ചിമ ജര്‍മ്മനിയോട് അപ്രതീക്ഷിതമായി പരാജയപ്പെട്ടതൊഴിച്ചാല്‍ അവര്‍ പരാജയമറിഞ്ഞിട്ടില്ല. എന്നാല്‍, ഹംഗറിയില്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ 1956ല്‍ നടത്തിയ പ്രതിവിപ്ലവം അടിച്ചമര്‍ത്തുന്നതോടെ മാജിക്കല്‍ മഗ്യാറുകള്‍ ചിതറിപ്പോയി. ലോകഫുട്‌ബോളിന്‍റെ ഭൂപടത്തില്‍ ഹംഗറി വെറും നിഴല്‍ചിത്രമായി.



1969ല്‍ ലോകകപ്പ് യോഗ്യതാ മത്സരത്തെത്തുടര്‍ന്ന് ഹോണ്ടുറാസും എല്‍സാവദോറും തമ്മില്‍ നടന്ന നാലു ദിവസത്തെ യുദ്ധത്തില്‍ നൂറുകണക്കിന് ആള്‍ക്കാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ചരിത്രത്തില്‍ ഇത് സോക്കര്‍ വാര്‍ എന്നു കുപ്രസിദ്ധി നേടി. യുദ്ധത്തിന്‍റെ പിന്നാമ്പുറങ്ങളില്‍ കാരണങ്ങള്‍ പലതുണ്ടായിരുന്നെങ്കിലും പരസ്പരം കളിച്ച മൂന്നു മത്സരങ്ങള്‍ രണ്ടു രാജ്യങ്ങളിലെയും ജനതയുടെ അഭിമാനപ്രശ്‌നമാവുകയും ഓരോ മത്സരത്തിനുമൊടുവില്‍ കലാപം പൊട്ടിപ്പുറപ്പെടുകയും ചെയ്തതോടെയാണ് അത് യുദ്ധത്തിലേക്കെത്തിയത്. അവിടെ ഫുട്‌ബോള്‍ അതിര്‍ത്തികള്‍ അതിലംഘിക്കുന്ന തീവ്രദേശീയതയായിരുന്നു. കളി തോറ്റാല്‍ മോശമായി കളിച്ചവന്‍റെ കാല്‍ വെട്ടിയെടുക്കുമെന്നു കുപ്രസിദ്ധി നേടിയ ഇറാഖിലെ സദ്ദാം ഹുസൈന്‍ ഭരണകൂടം മുതല്‍ കളി തോറ്റാല്‍ ശിഷ്ടകാലം മുഴുവന്‍ ഖനികളില്‍ കഠിനാധ്വാനത്തിനു മുതല്‍ ഫയറിങ് സ്‌ക്വാഡിനു മുന്നിലേക്കു വരെ അയയ്ക്കപ്പെടുന്ന ഉത്തരകൊറിയന്‍ കളിക്കാര്‍ വരെ മുന്നോട്ടു വെയ്ക്കുന്ന രാഷ്ട്രീയത്തിന്‍റെ ഭാരം കേവലമൊരു ഫുട്‌ബോളിനു താങ്ങാവുന്നതിനുമെത്രയോ അപ്പുറമാണ്.
Loading...

എന്നാല്‍ 1942 ഫുട്‌ബോളിന്‍റെ ചരിത്രത്തില്‍ ചോരയില്‍ കുതിര്‍ന്ന ഒരു സുവര്‍ണത്താള്‍ ബാക്കി വെയ്ക്കുന്നു. അതിനെ ലോകം 'ദ ഡെത്ത് മാച്ച്' എന്നു വിളിച്ചു. 11 കളിക്കാര്‍ ഒരു കളിക്കളത്തില്‍ മരണത്തിന്‍റെ മുന്നറിയിപ്പ് തൃണവല്‍ഗണിച്ച്, കീഴടക്കപ്പെട്ട ഒരു ജനതയുടെ ആത്മാഭിമാനത്തിനു വേണ്ടി പൊരുതുകയും അതില്‍ പാതിപ്പേര്‍ പിന്നീട് രക്തനക്ഷത്രങ്ങളായി മാറുകയും ചെയ്ത ചോര പൊടിയുന്ന ചരിത്രം.

സോവിയറ്റ് യൂണിയന്‍റെ പ്രിയപ്പെട്ട കായിക വിനോദങ്ങളിലൊന്നായിരുന്നു ഫുട്‌ബോള്‍. അന്ന് ഉക്രെയിനിലെ പ്രധാനപ്പെട്ട ടീമുകളായിരുന്നു ഡൈനാമോ കീവും ലോക്കോ മോട്ടീവും. രണ്ടാം ലോകമഹായുദ്ധത്തില്‍ സോവിയറ്റ് യൂണിയനെ ആക്രമിച്ച ജര്‍മ്മന്‍ സൈന്യം ഉക്രെയിൻ കീഴടക്കിയതോടെ ഫുട്‌ബോള്‍ കളിക്കാരില്‍ മിക്കവരും ചെമ്പടയോട് ചേര്‍ന്നു യുദ്ധത്തിനിറങ്ങി. മറ്റു പലരും പലവിധ ജോലികളില്‍ ഏര്‍പ്പെട്ടു. ഉക്രെയിൻ കീഴടക്കിയ ജര്‍മ്മന്‍ സൈന്യത്തലവന്‍ അധിനിവേശ സമാധാനപ്രക്രിയയുടെ ഭാഗമായും പ്രാദേശികജനതയ്ക്ക് അവരുടെ വംശീയപിന്നോക്കാവസ്ഥ ബോധ്യപ്പെടുത്തുന്നതിന്‍റെയും ഭാഗമായി അച്ചുതണ്ടുശക്തികളും പ്രാദേശികരുമായുള്ള ഫുട്‌ബോള്‍ മത്സരങ്ങള്‍ നടത്താന്‍ തീരുമാനിച്ചു. ഡൈനാമോയുടെയും ലോക്കോമോട്ടീവിന്‍റെയും കുറച്ചു കളിക്കാര്‍ അധിനിവേശ ഉക്രെയ്‌നിലെ ഒരു ബേക്കറിയില്‍ ജോലിക്കാരായിരുന്നു. അവരെ ചേര്‍ത്ത് ഉക്രെയിൻ പ്രാദേശിക ടീമുണ്ടാക്കി. അതിന് എഫ്‌സി സ്റ്റാര്‍ട്ട് എന്നു പേരിട്ടു. ആദ്യത്തെ കളി ഹംഗേറിയന്‍ പട്ടാളത്തിന്‍റെ ടീമുമായായിരുന്നു. 6-2 ന് ഉക്രെയിൻ ടീമിനു വിജയം. തുടര്‍ന്ന് റുമാനിയന്‍ പട്ടാള ടീമുമായി. 11-0 ന് ഉക്രെയിന്‍ ടീം അവരെ തകര്‍ത്തു വിട്ടു.



യുദ്ധഭൂമിയില്‍ തങ്ങളെ കീഴടക്കിയ അച്ചുതണ്ടുശക്തികളെ ഒരു ഫുട്‌ബോള്‍ മൈതാനത്തു കീഴടക്കുന്ന ഉക്രെയിനിന്‍റെ ചുണക്കുട്ടികളെപ്പറ്റി മെല്ലെ നാടറിഞ്ഞു തുടങ്ങി. പിന്നെയത് ചുണ്ടുകളില്‍ നിന്ന് ചെവികളിലേക്കു പകര്‍ന്നൊഴുകിത്തുടങ്ങി. പ്രാദേശിക പത്രങ്ങള്‍ വാര്‍ത്തയാക്കി. തച്ചുടയ്ക്കപ്പെട്ട ഉക്രെയിന്‍റെ ആത്മവീര്യം മെല്ലെ ചാരം മാറി കനല്‍ക്കട്ടകളായി ജ്വലിച്ചു തുടങ്ങി. ജര്‍മ്മന്‍ പട്ടാളത്തിന്‍റെ ഒരു ടീമിനെ എതിരില്ലാത്ത ആറു ഗോളിന് അവര്‍ തോല്‍പിച്ചു. ജനങ്ങള്‍ സ്‌റ്റേഡിയത്തിലേക്ക് കുതിച്ചെത്തി. ജനക്കൂട്ടത്തെ നിയന്ത്രിക്കാനും ഈ ഫുട്‌ബോള്‍ മത്സരം തിരിച്ചടിക്കാതിരിക്കാനും ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് ജര്‍മ്മന്‍ സൈന്യം തടഞ്ഞു. പട്ടിണി മാത്രമുണ്ടായിരുന്ന രാജ്യത്ത് കളി കാണാനുള്ള പ്രവേശന ഫീസ് അഞ്ചു റൂബിളാക്കി ഉയര്‍ത്തി. പക്ഷേ അതൊന്നും ജനതയെ, അവരുടെ തിരിച്ചറിവുകളില്‍ നിന്ന്, വീണ്ടും കണ്ടെത്തിയ അഭിമാന ബോധത്തില്‍ നിന്നു തടഞ്ഞില്ല. തെരുവുകളില്‍ നിന്ന് തെരുവുകളിലേക്ക് വിജയഗാഥകള്‍ നാടോടിപ്പാട്ടുകള്‍ പോലെ പടര്‍ന്നു. പരാജയത്തിന്‍റെയും മരണത്തിന്‍റെയും പട്ടിണിയുടെയും നൈരാശ്യം ബാധിച്ച ഒരു ജനത അവരുടെ പടുകുഴികളില്‍ നിന്ന് പ്രതീക്ഷയുടെ കുഞ്ഞുകിരണങ്ങളിലേക്ക് എത്തിനോക്കാന്‍ തുടങ്ങിയിരുന്നു അപ്പോള്‍.

ഹംഗറി കുറേക്കൂടി മെച്ചപ്പെട്ട ടീമുമായി എത്തി. അവരെ 5-1 ന് തോല്‍പിച്ചു. അവര്‍ റീമാച്ച് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ഉക്രെയിൻ ടീം അവരുടെ ജൈത്രയാത്ര തുടരുക തന്നെയായിരുന്നു. 3-2 ന് വീണ്ടും കീഴടക്കപ്പെട്ട ജനതയുടെ ടീമിന് വിജയം. ഇതോടെ ജര്‍മ്മന്‍കാരും വിഷയത്തെ അതീവ ഗൗരവമായിത്തന്നെ എടുത്തു. അവര്‍ ശുദ്ധ ആര്യ വംശത്തിന്‍റെ പ്രതിനിധികളെ ചേര്‍ന്ന് ഫ്‌ളാക്കെല്‍ഫ് എന്ന ടീമുണ്ടാക്കി. തങ്ങളുടെ വംശമേധാവിത്വത്തിനു മുന്നില്‍ ഉക്രെയിന്‍റെ 'ഇന്‍ഫീരിയോറിറ്റി' തെളിയിച്ചെടുക്കാം എന്നവര്‍ കരുതി. ജര്‍മ്മനിയുടെ ടീമിനെതിരെ ജയിക്കുന്നതിനെതിരെ സുഹൃത്തുക്കള്‍ എഫ്‌സി സ്റ്റാര്‍ട്ടിന്‍റെ കളിക്കാരെ ഉപദേശിച്ചു. അത് തൃണവല്‍ഗണിച്ചു മുന്നോട്ടു പോയ ടീം 5-1 എന്ന സ്‌കോറിന് ഫ്‌ളാക്കെല്‍ഫിനെ നിലം പരിശാക്കി.

ഇതോടെ ജര്‍മ്മനി കടുത്ത പ്രതിസന്ധിയിലായി. വംശമേധാവിത്വ സിദ്ധാന്തം തെളിയിക്കണമെങ്കില്‍ ഉക്രെയിനിനെ തോല്‍പിച്ചേ മതിയാകൂ. അതോടെ റീമാച്ച് നടത്താന്‍ ജര്‍മ്മനി തീരുമാനിച്ചു. റിവഞ്ച് മാച്ച് എന്നുതന്നെ ജര്‍മ്മന്‍കാര്‍ അതിനെ വിളിച്ചു. പട്ടിണി കിടക്കുന്ന ഉക്രെയിനികള്‍ അവരുടെ ഭക്ഷണത്തിനു വേണ്ടിയുള്ള പണം പോലുമെടുത്ത് ഉയര്‍ന്ന വിലയുള്ള ടിക്കറ്റ് വാങ്ങി സ്‌റ്റേഡിയത്തിലേക്കു കുതിച്ചെത്തി. സ്‌റ്റേഡിയം ആയുധധാരികളായ സൈനികരെക്കൊണ്ട് നിറഞ്ഞിരുന്നു. ഒപ്പം രണ്ടായിരത്തില്‍ പരം ഉക്രെയിനികളും അവിടെയെത്തി. ആ കളി ജീവിതത്തിനും മരണത്തിനുമിടയിലുള്ളതായിരുന്നുവെന്ന് അന്തരീക്ഷം തോന്നിപ്പിച്ചു.

കളിയുമായി ബന്ധപ്പെട്ടുള്ള പോസ്റ്റർ. (ഉക്രെയിനിലെ മ്യൂസിയത്തിൽ നിന്ന്)


കളി തുടങ്ങുന്നതിനു മുമ്പ് ജര്‍മ്മന്‍ ഓഫീസറായ റഫറി ഉക്രെയിൻ ഡ്രെസിങ് റൂമിലെത്തി കളിക്കളത്തില്‍ ജര്‍മ്മന്‍ ശൈലിയില്‍ ഹെയില്‍ ഹിറ്റ്‌ലര്‍ എന്നു അഭിസംബോധന ചെയ്യാന്‍ ആവശ്യപ്പെട്ടു. അതു സമ്മതിച്ച ടീം എന്നാല്‍ കളിക്കളത്തില്‍ അസല്‍ റഷ്യന്‍ അഭിവാദനമാണ് നടത്തിയത്. കടുത്ത ടാക്‌ളിങ്ങിന് വിധേയരായ അവര്‍ക്കു വേണ്ടി ഫൗള്‍ വിസിലുകളൊന്നും മുഴങ്ങിയില്ല. എതിര്‍ടീമിന്‍റെ മുന്നേറ്റത്തില്‍ ഫൗളിന് വിധേയനായ റഷ്യന്‍ ഗോളി ട്രൂസേവിച്ച് ബോധരഹിതനായി വീണു. പക്ഷേ റഫറി കളി നിര്‍ത്തിയില്ലെന്നു മാത്രമല്ല, ഈ തക്കത്തില്‍ ജര്‍മൻ ടീം ഒരു ഗോളടിക്കുകയും ചെയ്തു. കുറേ നേരത്തിനു ശേഷം കുസ്‌മെങ്കോ നേടിയ ഒരു ഗോളിന് സമനില നേടിയ ഉക്രെയിൻ ടീം ഹാഫ് ടൈമില്‍ 3-1 നു മുന്നിലെത്തി. ഇടവേളയില്‍ വിശ്രമമുറിയിലെത്തിയ ഒരു ജര്‍മ്മന്‍ ഓഫീസര്‍ അവരോട് തോറ്റു കൊടുക്കാനും അല്ലാത്ത പക്ഷം വെടിയുണ്ടകളെ നേരിടേണ്ടി വരുമെന്നും അറിയിച്ചു. എന്നാല്‍ പരാജയപ്പെടുന്നത് ഫുട്‌ബോളിനും ഉക്രെയിന്‍റെ ആത്മാഭിമാനത്തിനും ഒടുങ്ങാത്ത കളങ്കമാകുമെന്നു ടീമംഗങ്ങള്‍ വിശ്വസിച്ചു. അവര്‍ ആവേശഭരിതരായിരുന്നു. പ്രചോദിതരായിരുന്നു. ഒരു ഭീഷണികള്‍ക്കും അവരുടെ വിജയ തൃഷ്ണയെ തടുക്കാനാകുമായിരുന്നില്ല. രണ്ടാം പകുതിയില്‍ ഇരു ടീമുകളും രണ്ടു ഗോള്‍ വീതം നേടി. അവസാനം 5-3 എന്ന സ്‌കോറിന് ഉക്രെയിന്‍ വിജയിച്ചു. വംശമേധാവിത്വത്തത്തിന്‍റെ ദന്തഗോപുരങ്ങള്‍ തകര്‍ന്നടിഞ്ഞു.

എന്നാല്‍, കഥ അവിടം കൊണ്ടവസാനിച്ചില്ല. റഷ്യന്‍ റസിസ്റ്റന്‍സിന്‍റെ പ്രവര്‍ത്തകരാണെന്നാരോപിച്ച് ടീമംഗങ്ങള്‍ ഓരോരുത്തരായി അറസ്റ്റ് ചെയ്യപ്പെട്ടു. അവര്‍ ലേബര്‍ ക്യാംപുകളിലേക്കു മാറ്റപ്പെട്ടു. അവിടെ വെച്ച് അടുത്ത ആറുമാസത്തിനുള്ളില്‍ അഞ്ചു കളിക്കാര്‍ കൊല്ലപ്പെട്ടു. രണ്ടു പേര്‍ എങ്ങിനെയോ രക്ഷപ്പെട്ടു. മറ്റുള്ളവര്‍ക്ക് എന്തു സംഭവിച്ചുവെന്നതിന് വിവരമില്ല. രണ്ടാം ലോക മഹായുദ്ധത്തിന്‍റെ ചോര വീണുണങ്ങിയ ചരിത്രത്തിന്‍റെ താളുകളില്‍ ഈ ചെറുത്തുനില്‍പ് സുവര്‍ണ ലിപികളാല്‍ രേഖപ്പെടുത്തപ്പെട്ടു.

പതിറ്റാണ്ടുകള്‍ക്കു ശേഷം ഈ കളിക്കു പലവിധ വ്യാഖ്യാനങ്ങളുണ്ടായി. ടീമംഗങ്ങളെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയിരുന്നില്ലെന്നും അത് തങ്ങളുടെ ആശയ പ്രചാരണത്തിന്‍റെ ഭാഗമായി സോവിയറ്റ് യൂണിയന്‍ മഹത്വവല്‍കരിക്കുകയായിരുന്നുവെന്നും പല ചരിത്രകാരന്‍മാരും പറഞ്ഞു. ഈ ചരിത്രത്തിന് പല വകഭേദങ്ങള്‍ പ്രചരിച്ചു. അന്ന് രക്ഷപ്പെട്ട ഗോണ്‍ചാരെങ്കോ തന്നെ പല കാലങ്ങളില്‍ വ്യത്യസ്തമായി ഇതിനെക്കുറിച്ച് പറഞ്ഞത് അതത് കാലത്തിന്‍റെ രാഷ്ട്രീയ സമ്മര്‍ദ്ദമനുസരിച്ചായിരുന്നുവെന്നു വാദങ്ങളുയര്‍ന്നു. അതിന്‍റെ ശരിയോ തെറ്റോ എന്തുമാകട്ടെ, കളിക്കാരില്‍ അഞ്ചുപേര്‍ അടുത്ത ആറുമാസത്തിനുള്ളില്‍ കോണ്‍സന്‍ട്രേഷന്‍ ക്യാംപുകളില്‍ കൊല്ലപ്പെട്ടുവെന്നത് യാഥാര്‍ഥ്യമായിത്തന്നെ നിലനില്‍ക്കുന്നു. അവരുടെ രക്തസാക്ഷിത്വത്തിനു പിന്നില്‍ ഒരു ഫുട്‌ബോള്‍ ഉണര്‍ത്തിവിട്ട ആവേശമുണ്ടായിരുന്നുവെന്ന്, കീഴടക്കപ്പട്ട ഒരു ജനതയുടെ ആത്മബോധത്തെ പാടിയുണര്‍ത്തിയ വികാരമുണ്ടായിരുന്നുവെന്ന് ഓരോ ഉക്രെയിൻകാരനും ഇന്നും വിശ്വസിക്കുന്നു. അവരുടെ ചരിത്രത്തില്‍ ഫുട്‌ബോളിന്‍റെ ചരിത്രത്തില്‍, ഒരു ലോകയുദ്ധത്തെ ചെറുത്തു നിന്ന തുകല്‍പ്പന്തില്‍ രക്തം മണക്കുന്ന ഓര്‍മ്മകള്‍ ബാക്കിയാകുന്നു.

എഫ് സി സ്റ്റാർട് കളിക്കാർക്കുള്ള സ്മാരകം


ഫുട്‌ബോള്‍ വെറുമൊരു കാല്‍പ്പന്തല്ല, അതിലുമെത്രയെത്രയോ വലുതാകുന്നു. അത് ജീവിതത്തേക്കാളും മരണത്തേക്കാളും എത്രമേലുയരെയാണെന്നത് ചരിത്രം കഥ പറയുന്നു. അതുകൊണ്ടു തന്നെയാണകണം ഇവിടെ പന്തുരുളുന്നത് ഹൃദയങ്ങളിലാകുന്നത്.

ഓഫ് ലൈനിൽ ഇതുവരെ പ്രസിദ്ധീകരിച്ച ലേഖനങ്ങൾ

ക്രൊയേഷ്യ - യുദ്ധഭൂമികളില്‍ കാൽപന്തിന്‍റെ വസന്തം തളിര്‍ക്കുമ്പോള്‍

ലയണല്‍ മെസി - കാൽപന്തിന്‍റെ സൂര്യതേജസ്

ലെവ് യാഷിന്‍ - ഇതിഹാസങ്ങളുടെ ഇതിഹാസം

ആല്‍ഫ്രഡോ ഡി സ്‌റ്റെഫാനോ - അര്‍ജന്റീനയുടെ ആദ്യ സൂപ്പര്‍ സ്റ്റാര്‍

യൊഹാന്‍ ക്രൈഫ് - ടോട്ടല്‍ ഫുട്‌ബോളിന്റെ വിപ്‌ളവം

പെലെ - കറുത്ത ദൈവത്തിന്റെ ഉയിര്‍ത്ത് പാട്ട്

ഹിഗ്വിറ്റ - ഉന്മാദിയുടെ പുൽമേടുകൾ!

ഗരിഞ്ച - ബ്രസീലിന്‍റെ മാലാഖ
First published: July 15, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

But the job is not done yet!
vote for the deserving condidate
this year

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626