• HOME
  • »
  • NEWS
  • »
  • sports
  • »
  • Arun Lal | ആദ്യഭാര്യ അനുമതി നൽകി; മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം 66-ാം വയസ്സിൽ രണ്ടാമതും വിവാഹിതനാവുന്നു

Arun Lal | ആദ്യഭാര്യ അനുമതി നൽകി; മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം 66-ാം വയസ്സിൽ രണ്ടാമതും വിവാഹിതനാവുന്നു

38കാരിയായ ബുൾബുൾ സാഹയാണ് വധു. ഇരുവരും ദീ‍ർഘകാലമായി നല്ല സുഹൃത്തുക്കളാണ്.

Arunlal-marriage

Arunlal-marriage

  • Share this:
    ഈറോൺ റോയ് ബർമൻ

    കൊൽക്കത്ത: മൈതാനങ്ങളെ ത്രസിപ്പിച്ച ലാൽജി (Lalji) എന്ന് വിളിപ്പേരുള്ള മുൻ ഇന്ത്യൻ ക്രിക്കറ്റ് (Cricket) താരം അരുൺ ലാൽ (Arun Lal) 66-ാം വയസ്സിൽ രണ്ടാമതും വിവാഹിതനാവുന്നു. നിലവിൽ ബംഗാൾ ക്രിക്കറ്റ് ടീമിൻെറ പരിശീലകനായ അരുൺ ലാൽ മെയ് രണ്ടിനാണ് വീണ്ടും വിവാഹിതനാകുന്നത്. 38കാരിയായ ബുൾബുൾ സാഹയാണ് വധു. ഇരുവരും ദീ‍ർഘകാലമായി നല്ല സുഹൃത്തുക്കളാണ്. കൊൽക്കത്തയിലാണ് വിവാഹ ആഘോഷം നടക്കുക. ഇരുവരുടെയും അടുത്ത ബന്ധുക്കൾ, ബംഗാൾ ക്രിക്കറ്റ് ടീമിലെ താരങ്ങൾ, ബംഗാൾ ക്രിക്കറ്റ് അസോസിയേഷനിലെ പ്രമുഖ‍ർ എന്നിവരാണ് വിവാഹ ചടങ്ങിൽ പങ്കെടുക്കുക.

    ബിസിസിഐ പ്രസിഡൻറ് സൗരവ് ഗാംഗുലിയെയും വിവാഹത്തിന് ക്ഷണിച്ചിട്ടുണ്ട്. വിവാഹ ക്ഷണക്കത്ത് വിതരണം ചെയ്യുന്നതിൻെറ തിരക്കിലാണ് അരുൺ ലാൽ. റിപ്പോ‍ർട്ടുകൾ പ്രകാരം കഴിഞ്ഞ മാസം തന്നെ ബുൾബുൾ സാഹയുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. ഔദ്യോഗികമായ വിവാഹ ആഘോഷമാണ് ഇനി നടത്താനൊരുങ്ങുന്നത്. ബുൾബുളുമായുള്ള അരുൺ ലാലിൻെറ അടുപ്പം പരസ്യമായിരുന്നു. ഇക്കാര്യത്തിൽ അദ്ദേഹം ഒന്നും മറച്ച് വെച്ചിരുന്നില്ല.

    ബംഗാൾ സൗരാഷ്ട്രക്കെതിരെ രഞ്ജി ട്രോഫി ഫൈനൽ കളിച്ചപ്പോൾ ഗ്യാലറിയിൽ അരുൺ ലാലിനൊപ്പം ബുൾബുളുമുണ്ടായിരുന്നു. ബംഗാൾ ക്രിക്കറ്റ് അസോസിയേഷനിലുള്ള പല‍ർക്കും ഇരുവരുടെയും ബന്ധത്തെക്കുറിച്ച് അടുത്തറിയാമായിരുന്നു. ലാൽജിയുടെ ആദ്യഭാര്യയുടെ സമ്മതത്തോടെയാണ് അദ്ദേഹം രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നതെന്ന് അടുത്ത സുഹൃത്തുക്കൾ പറഞ്ഞു. ഔദ്യോഗികമായി ബന്ധം വേ‍ർപിരിഞ്ഞെങ്കിലും ആദ്യഭാര്യ റീനയ്ക്കൊപ്പമാണ് ലാൽജി ഇപ്പോഴും താമസിക്കുന്നത്. റീന നിലവിൽ അസുഖബാധിതയാണ്. ബുൾബുളിന് റീനയുടെ അസുഖത്തെക്കുറിച്ച് അറിയാമെന്നും അവരെ ശുശ്രൂഷിക്കുന്നതിനായി ഇടയ്ക്ക് വീട്ടിൽ സന്ദ‍ർശിക്കാറുണ്ടെന്നും ലാൽജിയുടെ സുഹൃത്തുക്കൾ വ്യക്തമാക്കി.

    ഡൽഹിയിൽ ജനിച്ച അരുൺ ലാലിൻെറ കായിക ജീവിതവും സംഭവബഹുലമായിരുന്നു. ഡൽഹിയിൽ നിന്ന് തന്നെയാണ് ക്രിക്കറ്റ് കരിയ‍ർ ആരംഭിക്കുന്നത്. ഡൽഹിക്ക് വേണ്ടി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിച്ച അദ്ദേഹം പിന്നീട് കൊൽക്കത്തയിലേക്ക് മാറി. പിന്നീട് ബംഗാളിന് വേണ്ടിയാണ് കളിച്ചത്. ആദ്യ സീസണിൽ തന്നെ രഞ്ജി ട്രോഫി ഫൈനലിൽ അരുൺ ലാൽ പുറത്താവാതെ നേടിയ അ‍ർദ്ധസെഞ്ച്വറിയുടെ മികവിൽ ബംഗാൾ കിരീടം നേടി. ക്വാ‍ർട്ടറിൽ മുംബൈക്കെതിരെ 189 റൺസും നേടിയിരുന്നു. ആ പ്രകടനം ഇന്ത്യൻ ടീമിലേക്കുള്ള വഴി തുറന്നു.

    Also Read- Nurse| ഓടുന്ന ബസ് യാത്രയിലും രക്ഷകയായി ഷീബ; യാത്രക്കിടെ കുഴഞ്ഞുവീണ യുവാവിന് പുതുജീവൻ

    കൊൽക്കത്തയാണ് അരുൺ ലാലിന് എല്ലാം നൽകിയത്. ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം അദ്ദേഹം കമൻററിയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. 2016ൽ അദ്ദേഹത്തിന് താടിയെല്ലിന് ക്യാൻസ‍ർ സ്ഥിരീകരിച്ചിരുന്നു. എന്നാൽ വിട്ടുകൊടുക്കാൻ അദ്ദേഹം തയ്യാറായില്ല. കൃത്യമായ ചികിത്സയും നിശ്ചയദാ‍ർഢ്യവും അദ്ദേഹത്തെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വന്നു. ക്യാൻസ‍ർ മാറിയതിന് ശേഷമാണ് പരിശീലകനാകുന്നത്. രഞ്ജിയിൽ കഴിഞ്ഞ വ‍ർഷം അദ്ദേഹം ബംഗാളിനെ ഫൈനലിലെത്തിച്ചു. ലാൽജി ജീവിതത്തിൽ പുതിയൊരു ഇന്നിങ്സ് തുടങ്ങുകയാണ്. ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്ന കാര്യത്തിൽ അദ്ദേഹം മിടുക്കനാണെന്ന് ക്രിക്കറ്റ് കരിയ‍ർ തന്നെ സാക്ഷ്യപ്പെടുത്തുന്നു. അസുഖ ബാധിതയായ ആദ്യഭാര്യയുടെ ഉത്തരവാദിത്വവും അരുൺ ലാൽ ഏറ്റെടുത്തിരിക്കുകയാണ്.
    Published by:Anuraj GR
    First published: