• HOME
 • »
 • NEWS
 • »
 • sports
 • »
 • Asia Cup | 38 വർഷങ്ങൾ; കിരീട നേട്ടത്തിൽ മുന്നിൽ ഇന്ത്യ; ഏഷ്യാ കപ്പിന്റെ ചരിത്രമറിയാം

Asia Cup | 38 വർഷങ്ങൾ; കിരീട നേട്ടത്തിൽ മുന്നിൽ ഇന്ത്യ; ഏഷ്യാ കപ്പിന്റെ ചരിത്രമറിയാം

ഏഷ്യാ കപ്പിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ വിജയങ്ങൾ സ്വന്തമാക്കിയ ടീമാണ് ഇന്ത്യയുടേത്.

 • Last Updated :
 • Share this:
  ഇത്തവണത്തെ ഏഷ്യാ കപ്പിന് (Asia Cup) 2022 ഓഗസ്റ്റ് 27 മുതൽ യുഎഇയിൽ തുടക്കം കുറിക്കുകയാണ്. ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മൽസരമാണ് ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്നത്. ഓഗസ്റ്റ് 28 നാണ് ഇന്ത്യാ-പാക് മൽസരം. രോഹിത് ശർമയുടെ (Rohit Sharma) നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ആണ് നിലവിലെ ചാമ്പ്യന്മാർ. കിരീടം നിലനിർത്താനുള്ള എല്ലാ തന്ത്രങ്ങളും ഇന്ത്യ പയറ്റുമെന്നുറപ്പ്.

  1984 ലെ ഉദ്ഘാടന മൽസരത്തിനു ശേഷം ഏഴ് തവണ (ആറ് ഏകദിനങ്ങളും ഒരു ടി-20 യും) ഏഷ്യാ കപ്പ് നേടിയിട്ടുള്ള ഇന്ത്യ, ഏഷ്യാ കപ്പിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ വിജയങ്ങൾ സ്വന്തമാക്കിയ ടീമാണ്.

  ഈ സീസണിൽ, അഫ്ഗാനിസ്ഥാനും ബംഗ്ലാദേശും മികച്ച പ്രകടനം കാഴ്ച വെയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏതു ഘട്ടത്തിലും കളിയുടെ ​ഗതി മാറ്റാൻ കഴിവുള്ള ടീമുകളാണ് ഇവർ. ബംഗ്ലാദേശ് രണ്ട് തവണ കിരീടത്തിന് തൊട്ടടുത്ത് എത്തിയിരുന്നു. ഇത്തവണ കന്നി കിരീടം നേടുക എന്നതാണ് ബം​ഗ്ലാദേശിന്റെ ലക്ഷ്യം.

  ഏഷ്യാ കപ്പ് ഏകദിനങ്ങളും ടി-20 കളും റൊട്ടേഷൻ അടിസ്ഥാനത്തിൽ നടത്താൻ 2016-ൽ, അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (International Cricket Council (ICC)) തീരുമാനിച്ചിരുന്നു. 2016 ലാണ് ഏഷ്യാ കപ്പിലെ ആദ്യ ടി-20 മൽസരം നടന്നത്. ഈ വർഷവും ടി-20 മൽസരമാണ് നടക്കുക.

  read also : ഗാലറിയിൽ നിന്നും ചേട്ടാ, ചേട്ടാ വിളികൾ; സിംബാബ്‌വേയിലെ മലയാളി സ്നേഹത്തിൽ മനം നിറഞ്ഞ് സഞ്ജു

  ക്രിക്കറ്റ് ലോകത്തെ ഏറ്റവും മികച്ച ടൂർണമെന്റുകളിൽ ഒന്നാണ് ഏഷ്യാ കപ്പ്. ഇത്തവണ ആരാണ് ട്രോഫി ഉയർത്തുക എന്നറിയാനുള്ള ആകാംക്ഷയിലാണ് ക്രിക്കറ്റ് പ്രേമികൾ. 1984 ലെ ഉദ്ഘാടന മൽസരം മുതലുള്ള ഏഷ്യാ കപ്പ് ജേതാക്കളെ അറിയാം.

  1984: ഇന്ത്യ

  1984-ൽ നടന്ന ഏഷ്യാ കപ്പിന്റെ ആദ്യ സീസണിൽ യുഎഇ ആണ് ആതിഥേയത്വം വഹിച്ചത്. ഇന്ത്യ, ശ്രീലങ്ക, പാകിസ്ഥാൻ എന്നീ മൂന്ന് ടീമുകളാണ്
  ടൂർണമെന്റിൽ മാറ്റുരച്ചത്. അവസാന മത്സരത്തിൽ ഇന്ത്യ ശ്രീലങ്കയെയാണ് നേരിട്ടത്. സുനിൽ ഗവാസ്കറുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ഉദ്ഘാടന സീസണിൽ കപ്പു നേടി. ടൂർണമെന്റിൽ മുഴുവൻ ആധിപത്യം പുലർത്തിയത് ഇന്ത്യയാണ്. ഇന്ത്യൻ ക്രിക്കറ്റ് താരം സുരീന്ദർ ഖന്നയാണ് ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയത്. പ്ലെയർ ഓഫ് ദ ടൂർണമെന്റ് അവാർഡും സുരീന്ദർ ഖന്ന നേടിയിരുന്നു.

  see also : ലോക ചെസ് ചാമ്പ്യൻ മാഗ്നസ് കാൾസണെ വീണ്ടും തോൽപ്പിച്ച് ഇന്ത്യയുടെ പ്രഗ‍്‍നാനന്ദ; ഈ വർഷം മൂന്നാം തവണ

  1986: ശ്രീലങ്ക

  ഏഷ്യാ കപ്പിന്റെ രണ്ടാം സീസൺ 1986-ൽ ശ്രീലങ്കയിൽ വെച്ചാണ് നടന്നത്. ശ്രീലങ്കയുമായുള്ള ചില പ്രശ്നങ്ങലെ തുടർന്ന് ഇന്ത്യ ടൂർണമെന്റിൽ പങ്കെടുത്തില്ല. ശ്രീലങ്കക്കു പുറമേ പാകിസ്ഥാൻ, ബംഗ്ലാദേശ് ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുത്തത്. ദുലീപ് മെൻഡിസിന്റെ ക്യാപ്റ്റൻസിക്കു കീഴിലുള്ള ശ്രീലങ്കൻ ടീം ഫൈനലിൽ പാക്കിസ്ഥാനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി കപ്പ് ഉയർത്തി. ഏറ്റവും കൂടുതൽ റൺസ് നേടിയ അർജുന രണതുംഗയാണ് ടൂർണമെന്റിലെ മികച്ച കളിക്കാരനുള്ള പുരസ്കാരം നേടിയത്.

  1988: ഇന്ത്യ

  ബംഗ്ലാദേശിലെ ധാക്കയിലാണ് 1988 ലെ ഏഷ്യാ കപ്പ് നടന്നത്. ഇതിലൂടെ ഇന്ത്യ തകർപ്പൻ തിരിച്ചുവരവ് നടത്തി. ശ്രീലങ്കയെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി, ഇന്ത്യ വിജയിച്ചു. അവസാന മത്സരത്തിൽ ഒമ്പത് വിക്കറ്റ് വീഴ്ത്തിയ അയൂബ് ദിലീപ്, വെങ്‌സർക്കറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം കിരീടം ചൂടുന്നതിൽ പ്രധാന പങ്കു വഹിച്ചു. നവ്‌ജ്യോത് സിംഗ് സിദ്ദുവിനാണ് പ്ലെയർ ഓഫ് ദി ടൂർണമെന്റ് അവാർഡ് ലഭിച്ചത്.

  1990-91: ഇന്ത്യ

  1990-91 ഏഷ്യാ കപ്പിന് ആതിഥേയത്വം വഹിച്ചത് ഇന്ത്യയാണ്. ഇന്ത്യൻ ടീം മൂന്നാം തവണയും ടൂർണമെന്റിലെ ജേതാക്കളായി മാറുകയും ചെയ്തു. ഇന്ത്യയുമായുള്ള രാഷ്ട്രീയ ബന്ധം വഷളായതിനെ തുടർന്ന്, പാകിസ്ഥാൻ ടൂർണമെന്റിൽ നിന്ന് പിന്മാറിയിരുന്നു. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന ഫൈനലിൽ ശ്രീലങ്കയെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ തുടർച്ചയായ രണ്ടാം കിരീടം നേടിയത്. കപിൽ ദേവിന്റെ ബൗളിംഗിനൊപ്പം മുഹമ്മദ് അസ്ഹറുദ്ദീന്റെ ക്യാപ്റ്റൻസിയും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഒൻപത് വിക്കറ്റുമായി ടൂർണമെന്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ താരമായി കപിൽ ദേവ് മാറി.

  1995: ഇന്ത്യ

  1995ൽ ഏഷ്യാ കപ്പിൽ ഇന്ത്യ ഹാട്രിക് കിരീടമാണ് നേടിയത്. ഈ ടൂർണമെന്റ് 1993-ൽ നടക്കേണ്ടതായിരുന്നുവെങ്കിലും ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള രാഷ്ട്രീയ ബന്ധങ്ങൾ വഷളായതിനാൽ മൽസരം റദ്ദാക്കപ്പെട്ടു. ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനെന്ന നിലയിൽ അസ്ഹറുദ്ദീൻ വീണ്ടും തന്റെ കഴിവ് പ്രകടിപ്പിക്കുകയും ഫൈനലിൽ ശ്രീലങ്കയെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തുകയും ചെയ്തു.

  1997: ശ്രീലങ്ക

  1997-ൽ ശ്രീലങ്കയാണ് ഏഷ്യാ കപ്പ് സ്വന്തമാക്കിയത്. അർജുന രണതുംഗയുടെ ക്യാപ്റ്റൻസിയിൽ ആതിഥേയരായ ശ്രീലങ്ക രണ്ടാമത്തെ ഏഷ്യാ കപ്പ് ട്രോഫി നേടി. ഇന്ത്യയെ എട്ട് വിക്കറ്റിനാണ് ലങ്കൻ ടീം പരാജയപ്പെടുത്തിയത്. ടൂർണമെന്റിലുടനീളം രണതുംഗ ക്യാപ്റ്റൻസി മികവ് പ്രകടിപ്പിച്ചു. പ്ലെയർ ഓഫ് ദി ടൂർണമെന്റ് പുരസ്കാരം ലഭിച്ചതും രണതുംഗക്കാണ്.

  2000: പാക്കിസ്ഥാൻ

  ധാക്കയിലെ ബംഗബന്ധു നാഷണൽ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ശ്രീലങ്കയെ 39 റൺസിന് പരാജയപ്പെടുത്തിയാണ് ഏഷ്യാ കപ്പിലെ കന്നി കീരിടം പാകിസ്ഥാൻ സ്വന്തമാക്കിയത്. ടൂർണമെന്റിൽ പാകിസ്ഥാൻ ടീം ഓൾറൗണ്ട് പ്രകടനം പുറത്തെടുത്തിരുന്നു. 295 റൺസുമായി യൂസഫ് യൂഹാന ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമായി മാറി. അബ്ദുൾ റസാഖ് മികച്ച ബൗളിങ്ങ് പ്രകടനവും കാഴ്ച വെച്ചു

  2004: ശ്രീലങ്ക

  2004-ലെ ഏഷ്യാ കപ്പ് മുൻ സീസണുകളിൽ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു. ആദ്യമായി ടൂർണമെന്റിൽ ആറ് ടീമുകൾ പങ്കെടുത്തു. ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, യുഎഇ, ഹോങ്കോംഗ് എന്നീ ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരച്ചത്. കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ, ഇന്ത്യയെ 25 റൺസിന് പരാജയപ്പെടുത്തി മാർവൻ അടപ്പട്ടു നേതൃത്വം നൽകിയ ശ്രീലങ്ക മൂന്നാം തവണയും ഏഷ്യാ കപ്പ് സ്വന്തമാക്കി.

  2008: ശ്രീലങ്ക

  2008ൽ മഹേല ജയവർധനയുടെ ക്യാപ്റ്റൻസിയിൽ ശ്രീലങ്ക ഏഷ്യാ കപ്പ് കിരീടം നിലനിർത്തി. ഫൈനലിൽ ലങ്കൻ ടീം വീണ്ടും ഇന്ത്യയെ തോൽപിച്ചു. പാകിസ്ഥാനിലെ കറാച്ചി നാഷണൽ സ്റ്റേഡിയത്തിലാണ് ഫൈനൽ നടന്നത്. 17 വിക്കറ്റ് വീഴ്ത്തിയ അജന്ത മെൻഡിസ് പ്ലെയർ ഓഫ് ദ ടൂർണമെന്റായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, 378 റൺസ് നേടിയ സനത് ജയസൂര്യ ടോപ് സ്‌കോററായി മാറി.

  2010: ഇന്ത്യ

  2010ൽ, എംഎസ് ധോണിയുടെ നേതൃത്വത്തിലുള്ള ടീം ഇന്ത്യ തങ്ങളുടെ അഞ്ചാം ഏഷ്യാ കപ്പ് കിരീടം നേടി. ഒൻപതു പോയിന്റുമായി പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തിയ ഇന്ത്യ, ഫൈനലിൽ ആതിഥേയരായ ശ്രീലങ്കയെ 81 റൺസിനാണ് പരാജയപ്പെടുത്തിയത്. ദാംബുള്ളയിലെ രംഗിരി ദാംബുള്ള ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് ഫൈനൽ നടന്നത്. ഫൈനലിൽ 66 റൺസ് നേടിയ ദിനേശ് കാർത്തിക്കിന്റെ പ്രകടനമാണ് നിർണായകമായി മാറിയത്.

  2012: പാകിസ്ഥാൻ

  ഏഷ്യാ കപ്പ് 2012 എക്കാലത്തെയും അവിസ്മരണീയമായ സീസണുകളിലൊന്നാണ്. പാക്കിസ്ഥാനെ 50 ഓവറിൽ 236/9 എന്ന നിലയിൽ ഒതുക്കിയ ബംഗ്ലാദേശ് തങ്ങളുടെ കന്നി കിരീടം ലക്ഷ്യമാക്കിയാണ് ഇറങ്ങിയതെങ്കിലും വെറും 2 റൺസിന് പരാജയപ്പെട്ടു. തമീം ഇഖ്ബാൽ (60), ഷാക്കിബ് അൽ ഹസൻ (68) എന്നിവർ ബംഗ്ലാദേശിനെ ഫിനിഷ് ലൈനിലെത്തിച്ചെങ്കിലും തലനാരിഴക്ക് കപ്പ് നഷ്ടമായി. മിസ്ബാ-ഉൾ-ഹഖിന്റെ നേതൃത്വത്തിലുള്ള പാകിസ്ഥാൻ തങ്ങളുടെ രണ്ടാമത്തെ ഏഷ്യാ കപ്പ് കിരീടം നേടി.

  2014: ശ്രീലങ്ക

  2014-ൽ ശ്രീലങ്കൻ നായകൻ ആഞ്ചലോ മാത്യൂസ് രാജ്യത്തിനായി അഞ്ചാം ഏഷ്യാ കപ്പ് കിരീടം നേടി. മിർപൂരിലെ ഷേർ-ഇ-ബംഗ്ല നാഷണൽ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ പാക്കിസ്ഥാനെ അഞ്ച് വിക്കറ്റിനാണ് ശ്രീലങ്ക പരാജയപ്പെടുത്തിയത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ലസിത് മലിംഗ ടൂർണമെന്റിലെ താരമായി. 279 റൺസ് നേടിയ ലഹിരു തിരിമന്നയാണ് ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം. അദ്ദേഹത്തിന്റെ കളിയിലെ മികവിന് പ്ലെയർ ഓഫ് ദ ടൂർണമെന്റ് പുരസ്‌കാരം ലഭിച്ചു.

  2016: ഇന്ത്യ

  2016-ൽ എംഎസ് ധോണിയുടെ നേതൃത്വത്തിലുള്ള ഇന്ത്യ, ഏഷ്യാ കപ്പിലെ ആദ്യ ടി-20 ഐ കിരീടം നേടി. ക്യാപ്റ്റനെന്ന നിലയിൽ ധോണിയുടെ രണ്ടാമത്തെ ഏഷ്യാ കപ്പ് വിജയമായിരുന്നു ഇത്. ധാക്കയിലെ മിർപൂരിലുള്ള ഷേർ-ഇ-ബംഗ്ല നാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ എട്ട് വിക്കറ്റിനാണ് ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയത്. ഏഴ് പന്തുകൾ ബാക്കി നിൽക്കെയാണ്, ഇന്ത്യ അനായാസ ജയം സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യ ആറാമത്തെ ഏഷ്യാ കപ്പ് കിരീടം നേടുകയും ചെയ്തു.

  2018: ഇന്ത്യ

  2018-ലെ ഏഷ്യാ കപ്പ്, ടൂർണമെന്റിൽ ഇന്ത്യ ഏഷ്യാ കപ്പ് കിരീടം നിലനിർത്തി. 50 ഓവർ ഫോർമാറ്റിൽ നടന്ന മൽസരത്തിൽ, ബംഗ്ലാദേശിനെ തന്നെയാണ് ഇന്ത്യ ഫൈനലിൽ നേരിട്ടത്. ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രോഹിത് ശർമയും സംഘവും ബംഗ്ലാദേശിനെ മൂന്ന് വിക്കറ്റിന് പരാജയപ്പെടുത്തി. 223 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ, ഏഴാം തവണയും ഏഷ്യാ കപ്പ് കിരീടം ഉയർത്തി.

  2022 ൽ ആരു നേടും?

  കോവിഡ് മഹാമാരിയെത്തുടർന്ന് 2020 ൽ നടക്കേണ്ടിയിരുന്ന ടൂർണമെന്റ് 2021-ലേക്ക് മാറ്റിയിരുന്നു. പിന്നീട് അത് 2022 ലേക്കു മാറ്റി. 2023-ൽ പാകിസ്ഥാൻ ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുമെന്നും 2022-ൽ ശ്രീലങ്കയിലായിരിക്കും മൽസരമെന്നുമാണ് മുൻപ് തീരുമാനിച്ചിരുന്നത്. എന്നാൽ, ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ടൂർണമെന്റ് യുഎഇയിലേക്ക് മാറ്റുകയായിരുന്നു. ഏഷ്യാ കപ്പ് 2022 ന്റെ ഫൈനൽ സെപ്തംബർ 11 നാണ് നടക്കുക. ഇന്ത്യ അടുത്ത ഏഷ്യാ കപ്പ് കിരീടത്തിൽ മുത്തമിടുമോ, ലങ്കൻ ടീം വിജയപട്ടികയിൽ മറ്റൊരു പൊൻ തൂവൽ കൂടി ചേർക്കുമോ, പുതിയ കിരീട ജേതാക്കൾ ഉയർന്നു വരുമോ എന്ന് കാത്തിരുന്നു കാണാം.

  keywords: Asia Cup, Cricket, Asia Cup history, ഏഷ്യാ കപ്പ്, ഏഷ്യാ കപ്പ് ചരിത്രം, ക്രിക്കറ്റ്

  link: https://www.news18.com/cricketnext/news/the-glorious-38-years-of-asia-cup-a-look-back-at-title-winners-from-1984-to-2018-5810353.html
  Published by:Amal Surendran
  First published: