• News
 • Films
 • Gulf
 • Sports
 • Crime
 • Video
 • Photos
 • Buzz
 • Life
 • Opinion
 • Money
 • TV Shows
 • Budget 2019
 • Live TV

ക്രൊയേഷ്യ - യുദ്ധഭൂമികളില്‍ കാൽപന്തിന്‍റെ വസന്തം തളിര്‍ക്കുമ്പോള്‍

news18india
Updated: July 10, 2018, 5:25 PM IST
ക്രൊയേഷ്യ - യുദ്ധഭൂമികളില്‍ കാൽപന്തിന്‍റെ വസന്തം തളിര്‍ക്കുമ്പോള്‍
news18india
Updated: July 10, 2018, 5:25 PM IST
#സിബി സത്യൻ

ഫ്രാന്‍സില്‍ വെച്ച് 1998ല്‍ നടന്ന ലോകകപ്പില്‍ ക്രൊയേഷ്യ എന്ന കൊച്ചു ബാള്‍ക്കന്‍ രാജ്യം ജര്‍മ്മനിയെ അട്ടിമറിച്ചു സെമിയിലെത്തുമ്പോള്‍ അവര്‍ വന്ന വഴികളില്‍ ചോരപ്പുഴകളുണ്ടായിരുന്നു. അഭയാര്‍ഥികളുടെ കണ്ണീരും ദുരിതങ്ങളും കവിളുകളിലുണങ്ങാതെ ബാക്കിയുണ്ടായിരുന്നു. കാതങ്ങള്‍ക്കിപ്പുറത്ത് ബോംബിങ്ങില്‍ തകര്‍ന്നുപോയ അവരുടെ വീടുകളില്‍, പുകയാത്ത അടുപ്പുകളില്‍, കത്തിയമര്‍ന്ന തെരുവുകളില്‍, പ്രിയപ്പെട്ടവരുടെ കുഴിമാടങ്ങളിലൊക്കെ ഒരു രാജ്യം രൂപപ്പെട്ടുവരികയായിരുന്നു. സ്വാതന്ത്ര്യം എന്ന ഒറ്റവാക്കിന് എല്ലാ ദുരന്തങ്ങള്‍ക്കുമപ്പുറത്ത് സ്വപ്‌നം കാണാനുള്ള ശേഷിയുണ്ടായിരുന്നു. ക്രൊയേഷ്യയ്ക്ക് ഫുട്‌ബോൾ രാഷ്ട്രീയവും സാഫല്യവുമായിരുന്നു. ക്രൊയേഷ്യയ്ക്ക് ഫുട്‌ബോള്‍ ദുരിതങ്ങളെ മറികടക്കാനുള്ള മൃതസഞ്ജീവനിയും സ്വപ്‌നസാഫല്യത്തിലേക്കുള്ള നേര്‍വഴിയുമായിരുന്നു. തങ്ങളിവിടെ ഉണ്ടെന്ന് എണ്ണം പറഞ്ഞ കളികളിലൂടെ അവര്‍ തെളിയിച്ചു. ഇവിടെയുണ്ടായിരുന്നുവെന്ന് പോരാട്ടവീര്യം കൊണ്ട് ഓര്‍മ്മിപ്പിച്ചു. ഇനിയുമുണ്ടാകുമെന്നതിന്ന് അട്ടിമറികളുടെ ഒരു പാരമ്പര്യം ബാക്കിവെച്ചു. ഫ്രാന്‍സിനോട് സെമിയില്‍ തോറ്റെങ്കിലും ഹോളണ്ടിനെ കീഴടക്കി മൂന്നാം സ്ഥാനക്കാരായി അന്തസോടെ മടങ്ങി. ആ നിമിഷം മുതല്‍ ഇന്നുവരെ ക്രൊയേഷ്യ ആ സ്വപ്‌നത്തിന്‍റെ ബാക്കിയാണ്.

ഡാവന്‍ സുകര്‍ എന്ന ഒറ്റയാള്‍ പോരാളിയും ഉറച്ചുനിന്ന ഒരു ടീമുമായിരുന്നു ക്രൊയേഷ്യയുടെ കരുത്ത്. അവര്‍ യുദ്ധഭൂമികള്‍ കടന്നു വന്നവരായിരുന്നു. ഗര്‍ജിക്കുന്ന പീരങ്കികള്‍ക്കും തീതുപ്പുന്ന തോക്കുകള്‍ക്കുമിടയിലൂടെ സ്വാതന്ത്ര്യത്തിന്‍റെ വാതായനങ്ങള്‍ മലര്‍ക്കെത്തുറന്ന ഒരു ജനതയുടെ പ്രതിനിധികളായിരുന്നു. അവര്‍ക്ക് അത്രയെളുപ്പം പരാജയപ്പെടാനാവില്ലെന്ന സത്യം ലോകം മനസിലാക്കിയത് ആ ലോകകപ്പോടെയായിരുന്നു. ഏഴു കളികളില്‍ നിന്ന് ആറു ഗോളുകളുമായി സുകര്‍ അക്കുറി സ്വര്‍ണബൂട്ടണിഞ്ഞു. റൊണാള്‍ഡോയ്ക്കു പിന്നില്‍ രണ്ടാമത്തെ മികച്ച കളിക്കാരനുള്ള സില്‍വര്‍ ബോള്‍ സ്വന്തമാക്കി. 1991 മുതല്‍ 95 വരെ നീണ്ട ആഭ്യന്തരയുദ്ധത്തിനു ശേഷം സ്വാതന്ത്ര്യം പ്രഖ്യാപിച്ച ഒരു ജനത ലോകചരിത്രത്തിലേക്ക് അവരുടെ ആദ്യത്തെ ഓട്ടോഗ്രാഫിട്ടു.
Loading...ബാൾക്കന്‍ മലകള്‍ക്കു കീഴെ താഴ്‌വാരങ്ങള്‍ എന്നും അശാന്തമായിരുന്നു. ഓട്ടോമന്‍ സാമ്രാജ്യത്തിന്‍റെ കടന്നുകയറ്റം മുതലിങ്ങോട്ട് ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളിലും ഈ താഴ്‌വരകളില്‍ ചോരപ്പുഴകളൊഴുകി. ഒന്നാംലോക മഹായുദ്ധത്തിനു തുടക്കമിട്ടതു തന്നെ ബാള്‍ക്കന്‍ രാജ്യങ്ങളായിരുന്നു. ഓസ്ട്രിയ -ഹംഗറി സാമ്രാജ്യത്തിന്‍റെ കിരീടാവകാശിയെ സെര്‍ബിയന്‍ വിപ്ലവകാരികള്‍ ബോസ്‌നിയന്‍ തലസ്ഥാനത്തു വെടിവെച്ചു വീഴ്ത്തുന്നതോടെയാണ് അത് ആരംഭിക്കുന്നതു തന്നെ. മറ്റ് രാജ്യങ്ങള്‍ അതില്‍ കൂട്ടുചേര്‍ന്നു ലോകം കണ്ട ഏറ്റവും വലിയ ആദ്യയുദ്ധത്തിന് വഴിയൊരുക്കി. രണ്ടാംലോക മഹായുദ്ധകാലത്ത് നാസി ജര്‍മ്മനിക്കൊപ്പം നിന്ന് യൂറോപ്പിലെ പടയൊരുക്കത്തിന് മുന്നില്‍ നിന്നതും ബാൾക്കന്‍ രാജ്യങ്ങള്‍ തന്നെയായിരുന്നു. കരിങ്കടലില്‍ അവസാനിക്കുന്ന ഡാന്യൂബ് നദിയുടെ ജലം മിക്കപ്പോഴും രക്തം കൊണ്ടു ചുവന്നു. സെര്‍ബുകളും ക്രോട്ടുകളും അല്‍ബേനിയക്കാരും പലപ്പോഴും തോള്‍ ചേര്‍ന്നും പിന്നെ തമ്മില്‍ തല്ലിയും അശാന്തിക്കാഴം കൂട്ടി.

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം യൂറോപ്പ് ഏറെക്കുറെ ശാന്തമായിരുന്നെങ്കിലും ബാള്‍ക്കന്‍ മലനിരകള്‍ക്കു താഴെ ചിതറിത്തെറിച്ച യൂഗോസ്‌ളാവ്യ പിന്നെയും രക്തസാക്ഷികളെയും അഭയാര്‍ഥികളെയും സൃഷ്ടിച്ചു. ആറു രാജ്യങ്ങളായി ചിതറിത്തെറിച്ച യൂഗോസ്‌ളാവ്യയില്‍ സെര്‍ബുകളും ക്രോട്ടുകളും ബോസ്‌നിയക്കാരും അല്‍ബേനിയന്‍ വംശജരും പരസ്പരം തമ്മിലടിച്ചു. ഏതാണ്ട് ഒരുലക്ഷത്തിനാല്‍പതിനായിരം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട ആഭ്യന്തര യുദ്ധങ്ങളുടെ തുടര്‍ച്ച. 24 ലക്ഷം പേര്‍ വീടുകള്‍ നഷ്ടപ്പെട്ട് അഭയാര്‍ഥികളായി. ബോസ്‌നയയിലാണ് ഏറ്റവുമധികം അതിക്രമങ്ങള്‍ അരങ്ങേറിയത്. സ്വതന്ത്ര കൊസോവോയ്ക്കു വേണ്ടിയുള്ള യുദ്ധത്തില്‍ നിരവധിപേര്‍ക്കു ജീവന്‍ നഷ്ടപ്പെട്ടു.ഇന്നത്തെ ക്രൊയേഷ്യന്‍ ടീമിലെ മികച്ച താരങ്ങള്‍ പലരും അവരുടെ ബാല്യം ചിലവഴിച്ചത് സമീപ രാജ്യങ്ങളിലായിരുന്നു. യുദ്ധം ചിതറിത്തെറുപ്പിച്ച രാജ്യം. ശിഥിലമായ കുടുംബങ്ങള്‍. അവരില്‍ പലര്‍ക്കും ക്രൊയേഷ്യ അവ്യക്തമായ ഓര്‍മ്മ മാത്രമായിരുന്നു. മധ്യനിരയിലെ കരുത്തരായ ഇവാന്‍ റാകിടിച്ച് അടക്കമുള്ളവര്‍ സ്വിറ്റ് സര്‍ലണ്ടിലാണ് വളര്‍ന്നത്. പക്ഷേ ക്രൊയേഷ്യയിലേക്ക്, പിറന്ന നാട്ടിലേക്ക് തിരിച്ചെത്തുകയായിരുന്നു. ഇന്ന് ക്രൊയേഷ്യൻ ടീം ലൂക്കാ മോഡ്രിച്ച് എന്ന താരത്തിന്‍റെ നേതൃത്വത്തില്‍ പ്രതിബന്ധങ്ങളെ തച്ചുതകര്‍ത്ത് വീണ്ടും സെമിയിലെത്തുമ്പോള്‍ ചരിത്രം മറ്റൊരു തിരുത്തലിന്‍റെ വക്കിലാണ്. ഇതേ ക്രയേഷ്യൻ യുദ്ധത്തിൽ മോഡ്രിച്ചിനു നഷ്ടപ്പെട്ടത് സ്വന്തം മുത്തച്ഛനെയാണ്. ബോംബിംങ്ങിൽ നഷ്ടപ്പെട്ടത് ജനിച്ച വീടും. അഭയാർഥിയായി കൂടിയ ഹോട്ടലിന്‍റെ പാർക്കിങ്ങിലായിരുന്നു മോഡ്രിച്ചിന്‍റെ ഫുട്ബോളിന്‍റെ ബാല്യം.

ശിഥിലമായ യൂഗോസ്‌ളാവ്യ ഉയര്‍ത്തിയ രാഷ്ട്രീയം അവിടം കൊണ്ടും അവസാനിക്കുന്നില്ല. സെര്‍ബുകളും ക്രോട്ടുകളും പുല്‍മൈതാനിയില്‍ ഏറ്റുമുട്ടുമ്പോള്‍ അവിടെ രക്തമണമുള്ള ഓർമകളുണ്ട്. ഗ്രൂപ്പ് തലത്തില്‍ സെര്‍ബിയയ്‌ക്കെതിരെ ഗോളടിച്ച ശേഷം ആഹ്ളാദത്തില്‍ ഇരട്ടക്കഴുകന്മാരുടെ കൈ ആംഗ്യം കാട്ടിയ സ്വിറ്റ് സര്‍ലണ്ടിന്‍റെ ഷഖീരിയും ജാക്കയും ഈ രാഷ്ട്രീയത്തിന്‍റെ ബാക്കിയാണ്. അല്‍ബേനിയയുടെ ദേശീയ ചിഹ്നമാണ് ഇരട്ടക്കഴുകന്മാര്‍. സെര്‍ബിയ ഇനിയുമംഗീകരിക്കാത്ത, എന്നാല്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ച കൊസോവയിലെ അല്‍ബേനിയന്‍ വംശജരാണ് ഇരുവരും. യുദ്ധത്തിന്‍റെ പലായനക്കെടുതിയുടെ ബാക്കിപത്രങ്ങള്‍. അവര്‍ കളിക്കുന്നതു സ്വിറ്റസര്‍ലണ്ടിനു വേണ്ടിയാണെങ്കിലും വംശഹത്യ ചെയ്യപ്പെട്ട തന്‍റെ വംശജരുടെ ഓര്‍മ്മകള്‍ക്കു വേണ്ടി, ശബ്ദം നഷ്ടപ്പെട്ടവര്‍ക്കു ശബ്ദമാകുന്നതിനു വേണ്ടി, ഫുട്‌ബോളിന്‍റെ വിലക്കുകള്‍ക്കപ്പുറത്ത് അവര്‍ മുന്നോട്ടു വെയ്ക്കുന്ന ഒരു കൈ ആംഗ്യം തീര്‍ക്കുന്ന രാഷ്ട്രീയം വളരെ വലുതാണ്. അത് ഉയിര്‍ത്തെഴുന്നേല്‍പിക്കുന്നത് ഒരു വംശത്തെയാണ്. ഒരിക്കല്‍ കൊസോവയും ഫുട്‌ബോളിന്‍റെ ഈ വലിയ അരങ്ങത്തെത്തുമ്പോള്‍ അവര്‍ക്കു വഴികാട്ടിയായി രണ്ടുപേര്‍ ചേര്‍ന്നു തീര്‍ത്ത ഒരു സന്ദേശം ചരിത്രത്തില്‍ ബാക്കി നില്‍ക്കും.പ്രീക്വാര്‍ട്ടറില്‍ സ്വീഡന്‍റെ പ്രതിരോധത്തിനു മുന്നില്‍ ഷക്കീരിയും ജാക്കയുമടങ്ങുന്ന സ്വിറ്റ് സര്‍ലണ്ട് പരാജയപ്പെട്ടു. പക്ഷേ അതിര്‍ത്തികള്‍ക്കു വേണ്ടി പൊരുതിയവരുടെ ഗോളിയാണ് ക്രൊയേഷ്യയുടെ ഡാനിയല്‍ സുബാസിച്ച്, ക്രൊയേഷ്യയുടെ ഇന്നത്തെ ഹീറോ. പെനാല്‍റ്റി ഷൂട്ടൗട്ടുകളെ കുട്ടിക്കളിയാക്കി പ്രീ ക്വാര്‍ട്ടറും ക്വാര്‍ട്ടറും കടത്തിവിട്ട സുബാസിച്ച് 1990 ലെ അര്‍ജന്റൈന്‍ ഗോളി സെര്‍ജിയോ ഗോയ്‌ക്കോഷ്യയെ ഓര്‍മ്മിപ്പിക്കുന്നു. പ്രീക്വാര്‍ട്ടറില്‍ ഡെന്‍മാർക്കിനെതിരെ മൂന്നു പെനാല്‍റ്റി ഷോട്ടുകളാണ് സുബാസിച്ച് തടഞ്ഞിട്ടത്. ക്വാര്‍ട്ടറില്‍ റഷ്യയ്‌ക്കെതിരെ ഒന്നും. 1990 ലോകകപ്പില്‍ ക്വാര്‍ട്ടറിലും സെമിയിലും സമാനമായ പ്രകടനം അര്‍ജന്‍റീനയ്ക്കു വേണ്ടി നടത്തിയ ഗോയ്‌ക്കോഷ്യയാണ് മറഡോണയ്ക്കപ്പുറം അന്ന് ടീമിനെ ഫൈനലിലെത്തിച്ചത്. അന്ന് ഷൂട്ട് ഔട്ടില്‍ പുറത്തു പോയ രാജ്യങ്ങളിലൊന്ന് യൂഗോസ്‌ളാവ്യ ആണെന്നത് ചരിത്രത്തിന്‍റെ മറ്റൊരു തമാശയായിരിക്കാം. പക്ഷേ, ഫൈനലില്‍ അര്‍ജന്‍റീനയെ ഭാഗ്യം തുണച്ചില്ല. കളിക്കിടയില്‍ ജര്‍മ്മനിക്കു ലഭിച്ച പെനാല്‍റ്റിക്കു മുന്നില്‍ ഗോയ്‌ക്കോഷ്യ പരാജയപ്പെട്ടു.

സുബാസിച്ച് സമാന പ്രകടനത്തിലൂടെ രണ്ടു കടമ്പ കടത്തിവിട്ടുകഴിഞ്ഞു. ഇനി രണ്ടു കൂടി ബാക്കി. ക്രൊയേഷ്യ കപ്പില്‍ മുത്തമിട്ടു ചരിത്രം സൃഷ്ടിക്കുമോ.. ബാള്‍ക്കൻ താഴ്‌വാരങ്ങളിലെ ശവക്കല്ലറകളില്‍ പോലും പ്രതീക്ഷകള്‍ പുഷ്പിക്കുന്നുണ്ട്. സ്വപ്‌നങ്ങള്‍ തളിര്‍ക്കുന്നുണ്ട്. വസന്തഗീതങ്ങള്‍ മുഴങ്ങാന്‍ തുടങ്ങുന്നുണ്ട്.
First published: July 10, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍